Skip to content
Opens in a new window
Listen to this chapter • 3:32

[1] അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

[2] “എന്റെ വാക്ക് ശ്രദ്ധയോടെ കേൾക്കുവിൻ; അത് നിങ്ങൾക്ക് ആശ്വാസമായിരിക്കട്ടെ.

[3] നില്‍ക്കുവിൻ, ഞാനും സംസാരിക്കട്ടെ; ഞാൻ സംസാരിച്ച് കഴിഞ്ഞ് നിനക്ക് പരിഹസിക്കാം.

[4] ഞാൻ സങ്കടം പറയുന്നത് മനുഷ്യനോടോ? ഞാൻ അക്ഷമനാകാതിരിക്കുന്നതെങ്ങനെ?

[5] എന്നെ നോക്കി ഭയപ്പെടുവിൻ; കൈകൊണ്ട് വായ് പൊത്തിക്കൊള്ളുവിൻ.

[6] ഓർക്കുമ്പോൾ ഞാൻ ഞെട്ടിപ്പോകുന്നു; എന്റെ ദേഹത്തിന് വിറയൽ പിടിക്കുന്നു.

[7] ദുഷ്ടന്മാർ ജീവിച്ചിരുന്ന് വാർദ്ധക്യം പ്രാപിക്കുകയും അവർക്ക് ബലം വർദ്ധിക്കുകയും ചെയ്യുന്നത് എന്ത്?

[8] അവരുടെ സന്താനം അവരോടുകൂടി അവരുടെ മുമ്പിലും അവരുടെ വംശം അവർ കാൺകെയും ഉറച്ച് നില്ക്കുന്നു.

[9] അവരുടെ വീടുകൾ ഭയംകൂടാതെ സുഖമായിരിക്കുന്നു; ദൈവത്തിന്റെ വടി അവരുടെ മേൽ വരുന്നതുമില്ല.

[10] അവരുടെ കാള ഇണചേരുന്നു, നിഷ്ഫലമാകുന്നില്ല; അവരുടെ പശു പ്രസവിക്കുന്നു, കിടാവ് വളർച്ചയെത്താതെ നഷ്ടമാകുന്നതുമില്ല.

[11] അവർ കുഞ്ഞുങ്ങളെ ആട്ടിൻകൂട്ടത്തെപ്പോലെ പുറത്തയയ്ക്കുന്നു; അവരുടെ കുഞ്ഞുങ്ങൾ നൃത്തം ചെയ്യുന്നു.

[12] അവർ തപ്പോടും കിന്നരത്തോടുംകൂടി പാടുന്നു; കുഴലിന്റെ നാദത്തിൽ സന്തോഷിക്കുന്നു.

[13] അവർ സുഖമായി ദിവസങ്ങൾ ചിലവഴിക്കുന്നു; ശാന്തമായി പാതാളത്തിലേക്ക് ഇറങ്ങുന്നു.

[14] അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക; അവിടുത്തെ വഴികളെ അറിയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല;

[15] ഞങ്ങൾ സർവ്വശക്തനെ സേവിക്കുവാൻ അവിടുന്ന് ആര്? ദൈവത്തോട് പ്രാർത്ഥിച്ചാൽ എന്ത് പ്രയോജനം?’ എന്നു പറയുന്നു.

[16] എന്നാൽ അവരുടെ ഭാഗ്യം അവർക്ക് കൈവശമല്ലേ? ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു.

[17] ദുഷ്ടന്മാരുടെ വിളക്ക് കെട്ടുപോകുന്നതും അവർക്ക് ആപത്ത് വരുന്നതും ദൈവം കോപത്തിൽ കഷ്ടങ്ങൾ വിഭാഗിച്ച് കൊടുക്കുന്നതും എത്ര പ്രാവശ്യം!

[18] അവർ കാറ്റിന് മുമ്പിൽ വൈക്കോൽപോലെയും കൊടുങ്കാറ്റ് പറപ്പിക്കുന്ന പതിർപോലെയും ആകുന്നു.

[19] ദൈവം അവന്റെ അകൃത്യം അവന്റെ മക്കൾക്കായി സംഗ്രഹിച്ചു വയ്ക്കുന്നു; അവൻ അത് അനുഭവിക്കേണ്ടതിന് അവന് തന്നെ പകരം കൊടുക്കട്ടെ.

[20] അവന്റെ കണ്ണ് സ്വന്ത നാശം കാണട്ടെ; അവൻ തന്നെ സർവ്വശക്തന്റെ ക്രോധം കുടിക്കട്ടെ;

[21] അവന്റെ മാസങ്ങളുടെ എണ്ണം ഇല്ലാതെ ആയാൽ തന്റെശേഷം തന്റെ ഭവനത്തോട് അവനെന്ത് താത്പര്യം?

[22] ആരെങ്കിലും ദൈവത്തിന് ബുദ്ധി ഉപദേശിക്കുമോ? അവൻ ഉന്നതന്മാരെ ന്യായം വിധിക്കുന്നുവല്ലോ.

[23] ഒരുവൻ കേവലം സ്വൈരവും സ്വസ്ഥതയുമുള്ളവനായി തന്റെ പൂർണ്ണക്ഷേമത്തിൽ മരിക്കുന്നു.

[24] അവന്റെ തൊട്ടികൾ പാലുകൊണ്ട് നിറഞ്ഞിരിക്കുന്നു; അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു.

[25] മറ്റൊരാൾ മനോവേദനയോടെ മരിക്കുന്നു; നന്മയൊന്നും അനുഭവിക്കുവാൻ ഇടവരുന്നതുമില്ല.

[26] അവർ ഒരുപോലെ പൊടിയിൽ കിടക്കുന്നു; കൃമി അവരെ മൂടുന്നു.

[27] ഞാൻ നിങ്ങളുടെ വിചാരങ്ങളെയും നിങ്ങൾ എന്റെ നേരെ നിരൂപിക്കുന്ന ഉപായങ്ങളെയും അറിയുന്നു.

[28] “രാജകുമാരന്റെ ഭവനം എവിടെ? ദുഷ്ടന്മാർ വസിച്ചിരുന്ന കൂടാരം എവിടെ” എന്നല്ലയോ നിങ്ങൾ പറയുന്നത്?

[29] വഴിപോക്കരോട് നിങ്ങൾ ചോദിച്ചിട്ടില്ലയോ? അവരുടെ അടയാളങ്ങളെ അറിയുന്നില്ലയോ?

[30] അനർത്ഥദിവസത്തിൽ ദുഷ്ടൻ ഒഴിഞ്ഞുപോകുന്നു; ക്രോധദിവസത്തിൽ അവർക്ക് വിടുതൽ കിട്ടുന്നു.

[31] അവന്റെ നടപ്പിനെക്കുറിച്ച് ആര് അവന്റെ മുഖത്തു നോക്കി പറയും? അവൻ ചെയ്തതിന് തക്കവണ്ണം ആര് അവന് പകരംവീട്ടും?

[32] എന്നാലും അവനെ ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നു; അവന്റെ കല്ലറയ്ക്കൽ കാവൽനില്ക്കുന്നു.

[33] താഴ്വരയിലെ മണ്‍കട്ട അവന് മധുരമായിരിക്കും; അവന്റെ പിന്നാലെ സകലമനുഷ്യരും ചെല്ലും; അവന് മുമ്പ് പോയവർ അനേകം പേരാണ്.

[34] നിങ്ങൾ വൃഥാ എന്നെ ആശ്വസിപ്പിക്കുന്നത് എങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളിൽ കപടമല്ലാതെ ഒന്നുമില്ല”.

ഇയ്യോബ് — Chapters