[1] ഞാൻ എന്റെ കണ്ണുമായി ഒരു നിയമം ചെയ്തു; പിന്നെ ഞാൻ ഒരു കന്യകയെ നോക്കുന്നതെങ്ങനെ?
[2] എന്നാൽ മേലിൽനിന്ന് ദൈവം നല്കുന്ന ഓഹരിയും ഉയരത്തിൽനിന്ന് സർവ്വശക്തൻ തരുന്ന അവകാശവും എന്ത്?
[3] നീതികെട്ടവന് അപായവും ദുഷ്പ്രവൃത്തിക്കാർക്ക് വിപത്തുമല്ലയോ?
[4] എന്റെ വഴികൾ ദൈവം കാണുന്നില്ലയോ? എന്റെ കാലടികളെല്ലാം എണ്ണുന്നില്ലയോ?
[5] ഞാൻ കപടത്തിൽ നടന്നുവെങ്കിൽ, എന്റെ കാൽ വഞ്ചനയ്ക്ക് ഓടിയെങ്കിൽ -
[6] ദൈവം എന്റെ പരമാർത്ഥത അറിയേണ്ടതിന് ഒത്ത ത്രാസിൽ എന്നെ തൂക്കിനോക്കുമാറാകട്ടെ -
[7] എന്റെ കാലടി വഴിവിട്ട് മാറിയെങ്കിൽ, എന്റെ ഹൃദയം എന്റെ കണ്ണിനെ പിന്തുടർന്നുവെങ്കിൽ, വല്ല കറയും എന്റെ കൈയ്ക്ക് പറ്റിയെങ്കിൽ,
[8] ഞാൻ വിതച്ചത് മറ്റൊരുവൻ തിന്നട്ടെ; എന്റെ വിളകൾ നിർമ്മൂലമാക്കപ്പെടട്ടെ.
[9] എന്റെ ഹൃദയം ഒരു സ്ത്രീയിൽ ഭ്രമിച്ചുപോയെങ്കിൽ, കൂട്ടുകാരന്റെ വാതില്ക്കൽ ഞാൻ പതിയിരുന്നു എങ്കിൽ,
[10] എന്റെ ഭാര്യ മറ്റൊരുത്തന് മാവ് പൊടിക്കട്ടെ; അന്യർ അവളുടെമേൽ പതുങ്ങട്ടെ.
[11] അത് മഹാപാതകമല്ലയോ, ന്യായാധിപന്മാർ ശിക്ഷിക്കേണ്ട കുറ്റമത്രേ;
[12] അത് നരകപര്യന്തം ദഹിപ്പിക്കുന്ന തീയാകുന്നു; അത് ഞാൻ നേടിയതെല്ലാം നിർമ്മൂലമാക്കും.
[13] എന്റെ ദാസനോ ദാസിയോ എന്നോട് വാദിച്ചിട്ട് ഞാൻ അവരുടെ ന്യായം തള്ളിക്കളഞ്ഞെങ്കിൽ,
[14] ദൈവം എന്നെ കുറ്റം വിധിക്കുവാൻ എഴുന്നേല്ക്കുമ്പോൾ ഞാൻ എന്ത് ചെയ്യും? അവിടുന്ന് ന്യായം വിധിക്കുവാൻ വരുമ്പോൾ ഞാൻ എന്തുത്തരം പറയും?
[15] ഗർഭത്തിൽ എന്നെ ഉരുവാക്കിയവനല്ലയോ അവരെയും ഉരുവാക്കിയത്? ഉദരത്തിൽ ഞങ്ങളെ നിർമ്മിച്ചത് ഒരുവനല്ലയോ?
[16] ദരിദ്രന്മാരുടെ ആഗ്രഹം ഞാൻ മുടക്കിയെങ്കിൽ, വിധവയുടെ കണ്ണിനെ ഞാൻ ക്ഷീണിപ്പിച്ചെങ്കിൽ,
[17] അനാഥന് കൊടുക്കാതെ ഞാൻ തനിയെ എന്റെ ആഹാരം കഴിച്ചെങ്കിൽ -
[18] ബാല്യംമുതൽ ഞാൻ അപ്പൻ എന്നപോലെ അവനെ വളർത്തുകയും ജനിച്ചത് മുതൽ അവളെ പരിപാലിക്കയും ചെയ്തുവല്ലോ -
[19] ഒരുവൻ വസ്ത്രമില്ലാതെ നശിച്ചുപോകുന്നതോ ദരിദ്രൻ പുതപ്പില്ലാതെ ഇരിക്കുന്നതോ ഞാൻ കണ്ടിട്ട്
[20] അവന്റെ മനസ്സ് എന്നെ അനുഗ്രഹിച്ചില്ലെങ്കിൽ, എന്റെ ആടുകളുടെ രോമംകൊണ്ട് അവന് കുളിർ മാറിയില്ലെങ്കിൽ,
[21] പട്ടണവാതില്ക്കൽ എനിയ്ക്ക് സഹായം ഉണ്ടെന്ന് കണ്ടിട്ട് ഞാൻ അനാഥന്റെ നേരെ കയ്യോങ്ങിയെങ്കിൽ,
[22] എന്റെ ഭുജം തോൾപലകയിൽനിന്ന് വീഴട്ടെ; എന്റെ കയ്യുടെ സന്ധിബന്ധം വിട്ടുപോകട്ടെ.
[23] ദൈവം അയച്ച വിപത്ത് എനിക്ക് ഭയങ്കരമായിരുന്നു; അവിടുത്തെ പ്രഭാവം നിമിത്തം എനിക്ക് ഒന്നിനും കഴിവില്ലാതെയായി.
[24] ഞാൻ പൊന്ന് എന്റെ ശരണമാക്കിയെങ്കിൽ, തങ്കത്തോട് നീ എന്റെ ആശ്രയം എന്ന് പറഞ്ഞുവെങ്കിൽ,
[25] എന്റെ ധനം വളരെയായിരിക്കുകകൊണ്ടും എന്റെ കൈ അധികം സമ്പാദിച്ചിരിക്കുകകൊണ്ടും ഞാൻ സന്തോഷിച്ചുവെങ്കിൽ,
[26] സൂര്യൻ ജ്വലിക്കുന്നതോ ചന്ദ്രൻ ശോഭയോടെ പ്രകാശിക്കുന്നതോ കണ്ടിട്ട്
[27] എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും എന്റെ വായ് എന്റെ കൈ ചുംബിക്കുകയും ചെയ്തുവെങ്കിൽ,
[28] അത് ന്യായാധിപന്മാർ ശിക്ഷിക്കേണ്ട കുറ്റം അത്രേ; അതിനാൽ ഉയരത്തിലെ ദൈവത്തെ ഞാൻ നിഷേധിച്ചു എന്നു വരുമല്ലോ.
[29] എന്റെ വൈരിയുടെ നാശത്തിൽ ഞാൻ സന്തോഷിക്കുകയോ, അവന്റെ അനർത്ഥത്തിൽ ഞാൻ നിഗളിക്കുകയോ ചെയ്തു എങ്കിൽ -
[30] അവന്റെ പ്രാണനാശം ഇച്ഛിച്ച് ശാപം ചൊല്ലി പാപം ചെയ്യുവാൻ എന്റെ നാവിനെ ഒരിക്കലും സമ്മതിച്ചിട്ടില്ല -
[31] അവന്റെ മേശയിൽ നിന്ന് മാംസം തിന്ന് തൃപ്തി വരാത്തവർ ആര്?
[32] എന്നിങ്ങനെ എന്റെ കൂടാരത്തിലെ ആളുകൾ പറഞ്ഞില്ലെങ്കിൽ - പരദേശി തെരുവീഥിയിൽ രാപാർക്കേണ്ടിവന്നിട്ടില്ല; വഴിപോക്കന് ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു -
[33] ഞാൻ ആദാമിനെപ്പോലെ എന്റെ ലംഘനം മറച്ച് എന്റെ അകൃത്യം മനസ്സിൽ ഒളിപ്പിച്ചെങ്കിൽ,
[34] മഹാപുരുഷാരത്തെ ശങ്കിക്കുകകൊണ്ടും കുടുംബങ്ങളുടെ നിന്ദ എന്നെ ഭ്രമിപ്പിക്കുകകൊണ്ടും ഞാൻ വാതിലിന് പുറത്തിറങ്ങാതെ മിണ്ടാതിരുന്നു എങ്കിൽ -
[35] അയ്യോ, എന്റെ സങ്കടം കേൾക്കുന്നവൻ ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു! ഇതാ, എന്റെ ഒപ്പ്! സർവ്വശക്തൻ എനിക്ക് ഉത്തരം നല്കുമാറാകട്ടെ. എന്റെ പ്രതിയോഗി എഴുതിയ കുറ്റപത്രം കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു!
[36] അത് ഞാൻ എന്റെ ചുമലിൽ വഹിക്കുമായിരുന്നു; ഒരു കിരീടമായിട്ട് അത് അണിയുമായിരുന്നു.
[37] എന്റെ കാലടികളുടെ കണക്ക് ഞാൻ അവനെ ബോധിപ്പിക്കും; ഒരു പ്രഭു എന്നപോലെ ഞാൻ അവനോട് അടുക്കും.
[38] എന്റെ നിലം എനിക്കെതിരെ നിലവിളിക്കുകയോ അതിന്റെ ഉഴവു ചാലുകൾ ഒന്നിച്ച് കരയുകയോ ചെയ്തുവെങ്കിൽ,
[39] വിലകൊടുക്കാതെ ഞാൻ അതിന്റെ വിളവ് തിന്നുകയോ അതിന്റെ ഉടമകളുടെ പ്രാണൻ പോകുവാൻ സംഗതിയാക്കുകയോ ചെയ്തു എങ്കിൽ,
[40] കോതമ്പിന് പകരം കാരമുള്ളും യവത്തിന് പകരം കളയും മുളച്ചുവളരട്ടെ”. ഇയ്യോബിന്റെ വചനങ്ങൾ അവസാനിച്ചു.