Skip to content
Opens in a new window
Listen to this chapter • 2:48

[1] എന്റെ കണ്ണ് ഇതെല്ലാം കണ്ടു; എന്റെ ചെവി അത് കേട്ട് ഗ്രഹിച്ചിരിക്കുന്നു.

[2] നിങ്ങൾ അറിയുന്നത് ഞാനും അറിയുന്നു; ഞാൻ നിങ്ങളേക്കാൾ ഒട്ടും കുറഞ്ഞവനല്ല.

[3] സർവ്വശക്തനായ ദൈവത്തോട് ഞാൻ സംസാരിക്കുവാൻ ഭാവിക്കുന്നു; ദൈവത്തോട് വാദിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.

[4] നിങ്ങൾ വ്യാജത്തെ സത്യംകൊണ്ട് വെള്ള പൂശുന്നവർ; നിങ്ങളെല്ലാവരും മുറിവൈദ്യന്മാർ തന്നെ.

[5] നിങ്ങൾ ഒന്നും മിണ്ടാതിരുന്നാൽ കൊള്ളാം; അത് നിങ്ങൾക്ക് ജ്ഞാനമായിരിക്കും.

[6] എന്റെ ന്യായവാദം കേട്ടുകൊൾവിൻ; എന്റെ അധരങ്ങളുടെ വ്യവഹാരം ശ്രദ്ധിക്കുവിൻ.

[7] നിങ്ങൾ ദൈവത്തിനുവേണ്ടി നീതികേട് സംസാരിക്കുന്നുവോ? നിങ്ങൾ ദൈവത്തിനുവേണ്ടി വ്യാജം പറയുന്നുവോ?

[8] അവിടുത്തെ പക്ഷം പിടിക്കുന്നുവോ? ദൈവത്തിനുവേണ്ടി വാദിക്കുന്നുവോ?

[9] അവിടുന്ന് നിങ്ങളെ പരിശോധിച്ചാൽ എന്തെങ്കിലും നന്മ കാണുമോ? മർത്യനെ തോല്പിക്കുമ്പോലെ നിങ്ങൾ ദൈവത്തെ തോല്പിക്കുമോ?

[10] ഗൂഢമായി പക്ഷപാതം കാണിച്ചാൽ അവിടുന്ന് നിങ്ങളെ ശാസിക്കും നിശ്ചയം.

[11] ദൈവത്തിന്റെ മഹിമ നിങ്ങളെ ഭയപ്പെടുത്തുകയില്ലയോ? ദൈവത്തിന്റെ ഭീതി നിങ്ങളുടെമേൽ വീഴുകയില്ലയോ?

[12] നിങ്ങളുടെ ജ്ഞാപകവാക്യങ്ങൾ ചാരമായ പഴമൊഴികളാണ്; നിങ്ങളുടെ കോട്ടകൾ മൺകോട്ടകൾ തന്നേ.

[13] നിങ്ങൾ മിണ്ടാതിരിക്കുവിൻ; ഞാൻ പറഞ്ഞുകൊള്ളട്ടെ; പിന്നെ എനിയ്ക്ക് വരുന്നത് വരട്ടെ.

[14] ഞാൻ എന്റെ മാംസത്തെ പല്ലുകൊണ്ട് കടിച്ചുപിടിക്കുന്നതും എന്റെ ജീവനെ ഉപേക്ഷിച്ചുകളയുന്നതും എന്തിന്?.

[15] അങ്ങ് എന്നെ കൊന്നാലും ഞാൻ അങ്ങയെത്തന്നെ കാത്തിരിക്കും; ഞാൻ എന്റെ നടപ്പ് അങ്ങയുടെ മുമ്പാകെ തെളിയിക്കും.

[16] വഷളൻ അങ്ങയുടെ സന്നിധിയിൽ വരുകയില്ല എന്നുള്ളത് തന്നെ എനിക്കൊരു രക്ഷയാകും.

[17] എന്റെ വാക്ക് ശ്രദ്ധയോടെ കേൾക്കുവിൻ; ഞാൻ പ്രസ്താവിക്കുന്നത് നിങ്ങളുടെ ചെവിയിൽ കടക്കട്ടെ;

[18] ഇതാ, ഞാൻ എന്റെ ന്യായങ്ങളെ ഒരുക്കിയിരിക്കുന്നു. ഞാൻ നീതീകരിക്കപ്പെടും എന്ന് ഞാൻ അറിയുന്നു.

[19] എന്നോട് വാദിക്കുവാൻ തുനിയുന്നതാര്? ഞാൻ ഇപ്പോൾ മിണ്ടാതിരുന്ന് എന്റെ പ്രാണൻ ഉപേക്ഷിക്കാം.

[20] രണ്ടു കാര്യം മാത്രം എന്നോട് ചെയ്യരുതേ; എന്നാൽ ഞാൻ അങ്ങയുടെ സന്നിധി വിട്ട് ഒളിക്കുകയില്ല.

[21] അങ്ങയുടെ കൈ എന്നിൽനിന്ന് പിൻവലിക്കണമേ; അങ്ങയുടെ ഭയങ്കരത്വം എന്നെ ഭ്രമിപ്പിക്കരുതേ.

[22] പിന്നെ അവിടുന്ന് വിളിച്ചാലും; ഞാൻ ഉത്തരം പറയും; അല്ലെങ്കിൽ ഞാൻ സംസാരിക്കാം; അവിടുന്ന് ഉത്തരം അരുളേണമേ.

[23] എന്റെ അകൃത്യങ്ങളും പാപങ്ങളും എത്ര? എന്റെ അതിക്രമവും പാപവും എന്നെ ഗ്രഹിപ്പിക്കണമേ.

[24] തിരുമുഖം മറച്ചുകൊള്ളുന്നതും എന്നെ ശത്രുവായി വിചാരിക്കുന്നതും എന്തിന്?

[25] പാറിപ്പോകുന്ന ഇലയെ അങ്ങ് പേടിപ്പിക്കുമോ? ഉണങ്ങിയ പതിരിനെ പിന്തുടരുമോ?

[26] കയ്പായുള്ളത് അവിടുന്ന് എനിയ്ക്ക് എഴുതിവച്ച് എന്റെ യൗവ്വനത്തിലെ അകൃത്യങ്ങൾ എന്നെ അനുഭവിക്കുമാറാക്കുന്നു.

[27] എന്റെ കാൽ അങ്ങ് ആമത്തിൽ ഇട്ടു; എന്റെ നടപ്പൊക്കെയും കുറിച്ചുവെക്കുന്നു. എന്റെ കാലടികളുടെ ചുറ്റും വര വരയ്ക്കുന്നു.

[28] ഞാൻ ചീഞ്ഞഴുകിയ വസ്ത്രംപോലെയും പുഴു അരിച്ച വസ്ത്രംപോലെയും ഇരിക്കുന്നു.

ഇയ്യോബ് — Chapters