Skip to content
Opens in a new window
Listen to this chapter • 2:58

[1] അതിന് തേമാന്യനായ എലീഫസ് ഉത്തരം പറഞ്ഞത്:

[2] “മനുഷ്യൻ ദൈവത്തിന് ഉപകാരമായിവരുമോ? ജ്ഞാനിയായവൻ തനിക്ക് തന്നേ ഉപകരിക്കുകയുള്ളൂ.

[3] നീ നീതിമാനായാൽ സർവ്വശക്തന് പ്രയോജനമുണ്ടോ? നീ നിഷ്കളങ്കനായി നടക്കുന്നതിനാൽ ദൈവത്തിന് ലാഭമുണ്ടോ?

[4] നിന്റെ ഭക്തിനിമിത്തമോ ദൈവം നിന്നെ ശാസിക്കുകയും നിന്നെ ന്യായവിസ്താരത്തിൽ വരുത്തുകയും ചെയ്യുന്നത്?

[5] നിന്റെ ദുഷ്ടത വലിയതല്ലയോ? നിന്റെ അകൃത്യങ്ങൾക്ക് അന്തവുമില്ല.

[6] നിന്റെ സഹോദരനോട് നീ വെറുതെ പണയം വാങ്ങി, നഗ്നന്മാരുടെ വസ്ത്രം ഉരിഞ്ഞെടുത്തിരിക്കുന്നു.

[7] ക്ഷീണിച്ചവന് നീ വെള്ളം കൊടുത്തില്ല; വിശന്നവന് നീ ആഹാരം മുടക്കിക്കളഞ്ഞു.

[8] ബലവാനായവന് ദേശം കൈവശമായി, മാന്യനായവൻ അതിൽ പാർത്തു.

[9] വിധവമാരെ നീ വെറുങ്കയ്യായി അയച്ചു; അനാഥന്മാരുടെ കൈകൾ നീ ഒടിച്ചുകളഞ്ഞു.

[10] അതുകൊണ്ട് നിന്റെ ചുറ്റും കെണികൾ ഇരിക്കുന്നു; പെട്ടെന്ന് ഭയം നിന്നെ ഭ്രമിപ്പിക്കുന്നു.

[11] അല്ല, നീ അന്ധകാരത്തെയും നിന്നെ മൂടുന്ന പെരുവെള്ളത്തെയും കണുന്നില്ലയോ?

[12] ദൈവം സ്വർഗ്ഗോന്നതത്തിൽ ഇല്ലയോ? നക്ഷത്രങ്ങൾ എത്ര ഉയർന്നിരിക്കുന്നു എന്നു നോക്കുക.

[13] എന്നാൽ നീ: ‘ദൈവം എന്തറിയുന്നു? കൂരിരുട്ടിൽ അവിടുന്ന് ന്യായംവിധിക്കുമോ?

[14] നമ്മെ കാണാത്തവിധം മേഘങ്ങൾ അവിടുത്തേക്ക് മറ ആയിരിക്കുന്നു; ആകാശവിതാനത്തിൽ അവിടുന്ന് സഞ്ചരിക്കുന്നു’ എന്നു പറയുന്നു.

[15] ദുഷ്ടമനുഷ്യർ നടന്നിരിക്കുന്ന പഴയ വഴി നീ പ്രമാണിക്കുമോ?

[16] കാലം തികയും മുമ്പെ അവർ പിടിപെട്ടുപോയി; അവരുടെ അടിസ്ഥാനം നദിപോലെ ഒഴുകിപ്പോയി.

[17] അവർ ദൈവത്തോട്: ‘ഞങ്ങളെ വിട്ടുപോകുക; സർവ്വശക്തൻ ഞങ്ങളോട് എന്ത് ചെയ്യും’ എന്നു പറഞ്ഞു.

[18] അവിടുന്ന് അവരുടെ വീടുകളെ നന്മകൊണ്ട് നിറച്ചു; ദുഷ്ടന്മാരുടെ ആലോചന എന്നോട് അകന്നിരിക്കുന്നു.

[19] നീതിമാന്മാർ അവരുടെ നാശം കണ്ട് സന്തോഷിക്കുന്നു; കുറ്റമില്ലാത്തവൻ അവരെ പരിഹസിച്ചു:

[20] ‘ഞങ്ങളുടെ എതിരാളികൾ മുടിഞ്ഞുപോയി; അവരുടെ ശേഷിപ്പെല്ലാം തീയ്ക്കിരയായി’ എന്നു പറയുന്നു.

[21] നീ ദൈവത്തോട് രമ്യതപ്പെട്ട് സമാധാനമായിരിക്കുക; എന്നാൽ നിനക്ക് നന്മവരും.

[22] അവിടുത്തെ വായിൽനിന്ന് ഉപദേശം കൈക്കൊൾക; ദൈവത്തിന്റെ വചനങ്ങളെ നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക.

[23] സർവ്വശക്തനിലേക്ക് തിരിഞ്ഞാൽ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേട് നിന്റെ കൂടാരങ്ങളിൽനിന്ന് അകറ്റിക്കളയും.

[24] നിന്റെ പൊന്ന് പൊടിയിലും ഓഫീർതങ്കം തോട്ടിലെ കല്ലിനിടയിലും ഇട്ടുകളയുക.

[25] അപ്പോൾ സർവ്വശക്തൻ നിനക്ക് പൊന്നും വിലയേറിയ വെള്ളിയും ആയിരിക്കും.

[26] അന്ന് നീ സർവ്വശക്തനിൽ ആനന്ദിക്കും; ദൈവത്തിങ്കലേക്ക് നിന്റെ മുഖം ഉയർത്തും.

[27] നീ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് നിന്റെ പ്രാർത്ഥന കേൾക്കും; നീ നിന്റെ നേർച്ചകൾ കഴിക്കും.

[28] നീ ഒരു കാര്യം നിരൂപിക്കും; അത് നിനക്ക് സാധിക്കും; നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.

[29] ദൈവം അഹംഭാവികളെ താഴ്ത്തുന്നു. താഴ്മയുള്ളവനെ അവിടുന്ന് രക്ഷിക്കും.

[30] നിർദ്ദോഷിയല്ലാത്തവനെപ്പോലും അവിടുന്ന് വിടുവിക്കും; നിന്റെ കൈകളുടെ വെടിപ്പിനാൽ അവൻ വിടുവിക്കപ്പെടും.

ഇയ്യോബ് — Chapters