Skip to content
Opens in a new window
Listen to this chapter • 3:13

[1] അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:

[2] “നിങ്ങൾ എത്ര നാൾ എന്റെ മനസ്സ് വ്യസനിപ്പിക്കുകയും വാക്കുകളാൽ എന്നെ തകർക്കുകയും ചെയ്യും?

[3] ഇപ്പോൾ പത്ത് പ്രാവശ്യം നിങ്ങൾ എന്നെ നിന്ദിച്ചിരിക്കുന്നു; എന്നോട് ദ്രോഹം ചെയ്യുവാൻ നിങ്ങൾക്ക് ലജ്ജയില്ല.

[4] ഞാൻ തെറ്റിപ്പോയത് സത്യം എങ്കിൽ എന്റെ തെറ്റ് എനിക്ക് തന്നെ അറിയാം.

[5] നിങ്ങൾ സാക്ഷാൽ എനിക്ക് വിരോധമായി വലിപ്പം ഭാവിച്ച് എന്റെ അപമാനത്തെക്കുറിച്ച് എന്നെ ആക്ഷേപിക്കുന്നു എങ്കിൽ

[6] ദൈവം എന്നെ മറിച്ചുകളഞ്ഞ് തന്റെ വലയിൽ എന്നെ കുടുക്കിയിരിക്കുന്നു എന്നറിയുവിൻ.

[7] അയ്യോ, ബലാല്ക്കാരം എന്ന് ഞാൻ നിലവിളിക്കുന്നു; കേൾക്കുവാനാരുമില്ല; രക്ഷക്കായി ഞാൻ മുറയിടുന്നു; ന്യായം കിട്ടുന്നതുമില്ല.

[8] എനിക്ക് കടന്നുപോകുവാനാവാത്തവിധം യഹോവ എന്റെ വഴി കെട്ടിയടച്ചു, എന്റെ പാതകൾ ഇരുട്ടാക്കിയിരിക്കുന്നു.

[9] എന്റെ തേജസ്സ് യഹോവ എന്റെ മേൽനിന്ന് ഉരിഞ്ഞെടുത്തു; എന്റെ തലയിലെ കിരീടം നീക്കിക്കളഞ്ഞു.

[10] അവിടുന്ന് എന്നെ ചുറ്റും ക്ഷയിപ്പിച്ചു; എന്റെ കഥകഴിഞ്ഞു; ഒരു വൃക്ഷത്തെപ്പോലെ എന്റെ പ്രത്യാശ പറിച്ചുകളഞ്ഞിരിക്കുന്നു.

[11] അവിടുന്ന് തന്റെ കോപം എന്റെ മേൽ ജ്വലിപ്പിച്ച് എന്നെ തനിക്ക് ശത്രുവായി എണ്ണുന്നു.

[12] അവിടുത്തെ പടക്കൂട്ടങ്ങൾ ഒന്നിച്ചുവരുന്നു; അവർ എന്റെ നേരെ അവരുടെ വഴി നിരത്തുന്നു; എന്റെ കൂടാരത്തിനു ചുറ്റും പാളയമിറങ്ങുന്നു.

[13] അവർ എന്റെ സഹോദരന്മാരെ എന്നോട് അകറ്റിക്കളഞ്ഞു; എന്റെ പരിചയക്കാർ എനിക്ക് അന്യരായിത്തീർന്നു.

[14] എന്റെ ബന്ധുജനങ്ങൾ ഒഴിഞ്ഞുമാറി; എന്റെ ഉറ്റ സ്നേഹിതന്മാർ എന്നെ മറന്നുകളഞ്ഞു.

[15] എന്റെ വീട്ടിൽ വസിക്കുന്നവരും എന്റെ ദാസികളും എന്നെ അന്യനായി എണ്ണുന്നു; ഞാൻ അവർക്ക് പരദേശിയായി തോന്നുന്നു.

[16] ഞാൻ എന്റെ ദാസനെ വിളിച്ചു; അവൻ വിളി കേൾക്കുന്നില്ല. എന്റെ വായ്കൊണ്ട് ഞാൻ അവനോട് യാചിക്കേണ്ടിവരുന്നു.

[17] എന്റെ ശ്വാസം എന്റെ ഭാര്യയ്ക്ക് അസഹ്യവും എന്റെ യാചന എന്റെ കൂടപ്പിറപ്പുകൾക്ക് അറപ്പും ആയിരിക്കുന്നു.

[18] കൊച്ചുകുട്ടികൾപോലും എന്നെ നിരസിക്കുന്നു; ഞാൻ സംസാരിക്കുമ്പോൾ അവർ എന്നെ കളിയാക്കുന്നു.

[19] എന്റെ പ്രാണസ്നേഹിതന്മാർ എല്ലാവരും എന്നെ വെറുക്കുന്നു; എനിക്ക് പ്രിയരായവർ വിരോധികളായിത്തീർന്നു.

[20] എന്റെ അസ്ഥി ത്വക്കിനോടും മാംസത്തോടും പറ്റിയിരിക്കുന്നു; പല്ലിന്റെ മോണയോടെ മാത്രം ഞാൻ അവശേഷിച്ചിരിക്കുന്നു.

[21] സ്നേഹിതന്മാരെ, എന്നോട് കൃപ തോന്നണമേ, കൃപ തോന്നണമേ; ദൈവത്തിന്റെ കൈ എന്നെ തൊട്ടിരിക്കുന്നു.

[22] ദൈവം എന്നപോലെ നിങ്ങളും എന്നെ ഉപദ്രവിക്കുന്നതെന്ത്? എന്റെ മാംസം തിന്ന് തൃപ്തിവരാത്തത് എന്ത്?

[23] അയ്യോ എന്റെ വാക്കുകൾ ഒന്ന് എഴുതിയെങ്കിൽ, ഒരു പുസ്തകത്തിൽ കുറിച്ചുവച്ചെങ്കിൽ കൊള്ളാമായിരുന്നു.

[24] അവയെ ഇരുമ്പാണിയും ഈയവുംകൊണ്ട് പാറയിൽ സദാകാലത്തേക്ക് കൊത്തിവച്ചെങ്കിൽ കൊള്ളാമായിരുന്നു.

[25] എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവിടുന്ന് ഒടുവിൽ പൊടിമേൽ നില്‍ക്കുമെന്നും ഞാൻ അറിയുന്നു.

[26] എന്റെ ത്വക്ക് ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും.

[27] ഞാൻ തന്നെ അവിടുത്തെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണ് അവിടുത്തെ കാണും; എന്റെ ഹൃദയം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.

[28] നാം എങ്ങനെ അവനെ ഉപദ്രവിക്കുമെന്നും അതിന്റെ കാരണം അവനിൽ കാണുന്നു എന്നും നിങ്ങൾ പറയുന്നുവെങ്കിൽ

[29] വാളിനെ പേടിക്കുവിൻ; ക്രോധം വാളിന്റെ ശിക്ഷയ്ക്ക് കാരണം; ഒരു ന്യായവിധി ഉണ്ടെന്ന് അറിഞ്ഞുകൊള്ളുവിൻ”.

ഇയ്യോബ് — Chapters