[1] യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. ഇവിടെ നില്‍ക്കുന്നവരില്‍ ചിലര്‍ മരിക്കുംമുമ്പ് ദൈവരാജ്യം വരുന്നതു കാണും. ദൈവരാജ്യം പ്രതാപത്തോടെ വരും.”
[2] ആറു ദിവസം കഴിഞ്ഞ് പത്രൊസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരോടൊപ്പം യേശു ഉയര്‍ന്ന മലമുകളിലേക്കു പോയി. അവിടെ അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശിഷ്യന്മാര്‍ നോക്കിനില്‍ക്കേ യേശുവിനു മാറ്റമുണ്ടായി.
[3] അവന്‍റെ വസ്ത്രം തിളങ്ങുന്ന വെണ്‍മയുള്ളതായി. ഒരാള്‍ക്കും നല്‍കാന്‍ കഴിയാത്തത്ര വെണ്‍മ.
[4] അപ്പോള്‍ യേശുവിനോടൊപ്പം അവിടെ രണ്ടുപേര്‍ പ്രത്യക്ഷപ്പെട്ടു. അവര്‍ സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ മോശെയും ഏലീയാവുമായിരുന്നു.
[5] പത്രൊസ് യേശുവിനോടു പറഞ്ഞു, “ഗുരോ, നമ്മള്‍ ഇവിടെയായതു നന്നായി. ഞങ്ങള്‍ ഇവിടെ മൂന്നു കൂടാരങ്ങളുണ്ടാക്കാം. ഒന്ന് നിനക്കും ഒന്നു മോശെയ്ക്കും ഒന്ന് ഏലീയാവിനും.”
[6] പത്രൊസിന് എന്തു പറയണമെന്ന് അറിവില്ലായിരുന്നു. കാരണം അവനും മറ്റു രണ്ടു ശിഷ്യന്മാരും വല്ലാതെ ഭയന്നിരുന്നു.
[7] അപ്പോള്‍ ഒരു മേഘം വന്ന് അവരെ മൂടി. മേഘത്തില്‍ നിന്ന് ഒരു അശരീരി മുഴങ്ങി, “യേശു എന്‍റെ പുത്രനാകുന്നു. ഞാനവനെ സ്നേഹിക്കുന്നു. അവനെ അനുസരിക്കുക.”
[8] പത്രൊസും യാക്കോബും യോഹന്നാനും നോക്കിയപ്പോള്‍ മറ്റാരെയും അവര്‍ കണ്ടില്ല. യേശു മാത്രമേ അവരോടൊപ്പമുണ്ടായിരുന്നുള്ളൂ.
[9] യേശുവും ശിഷ്യന്മാരും മലയിറങ്ങുകയായിരുന്നു. അവന്‍ ശിഷ്യന്മാരോടാജ്ഞാപിച്ചു, “മലമുകളില്‍ നിങ്ങള്‍ കണ്ടതൊന്നും ആരോടും പറയരുത്. മനുഷ്യ പുത്രന്‍റെ ഉയിര്‍ത്തെഴുന്നേല്പുവരെ കാക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാവരോടും പറയാം. എന്താണു കണ്ടതെന്ന്.”
[10] അതിനാലവര്‍ യേശുവിനെ അനുസരിച്ച് കണ്ടതൊന്നും ആരോടും പറഞ്ഞില്ല. പക്ഷേ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് അവന്‍ പറഞ്ഞതിന്‍റെ പൊരുളിനെപ്പറ്റി അവര്‍ ചര്‍ച്ച ചെയ്തു.
[11] ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു, “എന്താണ് ഏലീയാവ് ആദ്യം വരട്ടെ എന്നു ശാസ്ത്രിമാര്‍ പറയുന്നത്.”
[12] യേശു പറഞ്ഞു, “ഏലീയാവ് ആദ്യം വരണമെന്നവര്‍ പറഞ്ഞതു ശരിയാണ്. എല്ലാം നേരെയാക്കുന്നത് ഏലീയാവാണ്. പക്ഷെ മനുഷ്യപുത്രന്‍ പലതും സഹിക്കുകയും അവജ്ഞയാല്‍ തിരസ്കരിക്കപ്പെടുകയും വേണമെന്ന് തിരുവെഴുത്ത് പറഞ്ഞതെന്തുകൊണ്ട്?
[13] ഞാന്‍ നിങ്ങളോടു പറയുന്നു. ഏലിയാവു വന്നുകഴിഞ്ഞു, ആളുകള്‍ ചെയ്യാവുന്ന എല്ലാ ദുഷ്-പ്രവൃത്തികളും അയാളുടെമേല്‍ പ്രവൃത്തിച്ചു കഴിഞ്ഞു. ഇതെല്ലാം അവനു സംഭവിക്കുമെന്ന് തിരുവെഴുത്തുകളില്‍ പറയുന്നുണ്ട്.”
[14] അനന്തരം യേശുവും പത്രൊസും യാക്കോബും യോഹന്നാനും മറ്റു ശിഷ്യന്മാടെ അടുക്കലേക്കു പോയി. അവര്‍ക്കു ചുറ്റും അനേകംപേര്‍ ഇരിക്കുന്നത് അവര്‍ കണ്ടു. ശാസ്ത്രിമാര്‍ ആ ശിഷ്യന്മാരോടു തര്‍ക്കിക്കുന്നുണ്ടായിരുന്നു.
[15] യേശുവിനെ ജനങ്ങള്‍ കണ്ടപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു. അവനെ സ്വീകരിക്കാന്‍ അവര്‍ ഓടിയെത്തി.
[16] യേശു ചോദിച്ചു, “എന്താണു നിങ്ങള്‍ ശാസ്ത്രിമാരുമായി തര്‍ക്കിക്കുന്നത്?”
[17] ഒരാള്‍ പറഞ്ഞു, “ഗുരോ, ഞാനെന്‍റെ മകനെ നിന്‍റെ അടുക്കലേക്കു കൊണ്ടുവന്നു. അവനെ ഒരു അശുദ്ധാത്മാവ് ബാധിച്ചിരുന്നു. അത് അവനെ ഊമനാക്കി.
[18] പിശാച് അവനെ ആക്രമിക്കുകയും നിലത്തുരുട്ടിയിടുകയും ചെയ്യുന്നു. അവന്‍റെ വായില്‍നിന്ന് പത വരികയും പല്ലുകടിക്കുകയും മരവിച്ചുപോവുകയും ചെയ്യുന്നു. നിന്‍റെ ശിഷ്യന്മാരോട് അശുദ്ധാത്മാവിനെ ഓടിക്കാന്‍ ഞാനാവശ്യപ്പെട്ടു. പക്ഷേ അവര്‍ക്കതിനു കഴിഞ്ഞില്ല.”
[19] യേശു പറഞ്ഞു, “നിങ്ങള്‍ക്കു വിശ്വാസമില്ല. എത്രനാള്‍ ഞാന്‍ നിങ്ങളോടടൊത്തുണ്ടാകണം. ഞാനെത്രനാള്‍ നിങ്ങളോടൊത്തു ക്ഷമയോടെ കഴിയും? കുട്ടിയെ കൊണ്ടുവരൂ.”
[20] അവര്‍ കുട്ടിയെ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നു. യേശുവിനെ കണ്ടപ്പോള്‍ അശുദ്ധാത്മാവ് കുട്ടിയെ ആക്രമിച്ചു. കുട്ടി താഴെ വീണുരുണ്ടു. അവന്‍റെ വായില്‍നിന്ന് നുരയും പതയും വന്നു.
[21] യേശു കുട്ടിയുടെ പിതാവിനോടു ചോദിച്ചു, “ഇവനിങ്ങനെയായിട്ട് എത്രകാലമായി.” കുട്ടിയുടെ പിതാവു പറഞ്ഞു, “ചെറുപ്പം മുതല്‍ക്കു തന്നെ.
[22] അശുദ്ധാത്മാവ് ചിലപ്പോള്‍ അവനെ തീയിലും വെള്ളത്തിലും തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചിട്ടുണ്ട്. നിനക്കു കഴിയുമെങ്കില്‍ ഞങ്ങളുടെമേല്‍ ദയ ചൊരിഞ്ഞ് ഞങ്ങളെ രക്ഷിക്കണേ.”
[23] യേശു കുട്ടിയുടെ പിതാവിനോടു പറഞ്ഞു, “നിനക്കു കഴിയുമെങ്കിലെന്നോ? വിശ്വസിക്കുന്നവന് എല്ലാം സാദ്ധ്യമാണ്.”
[24] പിതാവു വിളിച്ചു പറഞ്ഞു, “ഞാന്‍ വിശ്വസിക്കുന്നു. കൂടുതല്‍ വിശ്വസിക്കാന്‍ എന്നെ സഹായിക്കൂ.”
[25] സംഭവിക്കുന്നതെന്തെന്നു കാണാന്‍ ആളുകള്‍ ഓടിക്കൂടി. യേശു അശുദ്ധാത്മാവിനോടു സംസാരിച്ചു. യേശു പറഞ്ഞു, “ഈ കുട്ടിയെ ഊമനും ബധിരനുമാക്കിയ അശുദ്ധാത്മാവേ, ഞാന്‍ നിന്നോടു കല്പിക്കുന്നു, കുട്ടിയില്‍നിന്ന് പുറത്തു വരിക. ഇനി ഒരിക്കലും തിരിച്ചു വരരുത്.”
[26] അശുദ്ധാത്മാവു നിലവിളിച്ചു. അതു കുട്ടിയെ നിലത്തു തള്ളിയിട്ട് പുറത്തേക്കു വന്നു. കുട്ടി മരിച്ചതുപോലെ കാണപ്പെട്ടു. വളരെ ആളുകള്‍ പറഞ്ഞു, “അവന്‍ മരിച്ചു.”
[27] യേശു അവനെ കൈക്കു പിടിച്ച് എഴുന്നേല്പിച്ചു നിര്‍ത്തി.
[28] യേശു വീടിനുള്ളിലേക്കു പോയി. ശിഷ്യന്മാര്‍ മാത്രമേ അവനോടൊപ്പമുണ്ടായിരുന്നുള്ളൂ. അവര്‍ ചോദിച്ചു, “ആ അശുദ്ധാത്മാവിനെ ഓടിക്കാന്‍ ഞങ്ങള്‍ക്കു കഴിയാഞ്ഞതെന്താണ്?”
[29] യേശു പറഞ്ഞു, “അത്തരം അശുദ്ധാത്മാവിനെ പ്രാര്‍ത്ഥന കൊണ്ടേ ഓടിക്കാനാവൂ.”
[30] അനന്തരം യേശുവും ശിഷ്യന്മാരും അവിടം വിട്ടു. ഗലീലയിലൂടെ സഞ്ചരിച്ചു. തങ്ങള്‍ എവിടെയാണെന്ന് ആരുമറിയരുതെന്ന് യേശു ആഗ്രഹിച്ചു.
[31] തന്‍റെ ശിഷ്യന്മാരെ മാത്രം പഠിപ്പിക്കാന്‍ യേശു ആഗ്രഹിച്ചു. യേശു അവരോടു പറഞ്ഞു, “മനുഷ്യപുത്രന്‍ അവനെ കൊല്ലുവാനുള്ളവര്‍ക്ക് ഏല്പിക്കപ്പെടും. അവര്‍ അവനെ കൊല്ലും. മൂന്നു ദിവസം കഴിഞ്ഞ് അവന്‍ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേല്‍ക്കും.”
[32] പക്ഷേ യേശു എന്താണു പറഞ്ഞതെന്ന് അവര്‍ക്കു മനസ്സിലായില്ല. അതു ചോദിച്ചറിയാന്‍ അവര്‍ക്കു ഭയമായിരുന്നു.
[33] യേശുവും ശിഷ്യന്മാരും കഫര്‍ന്നഹൂമിലേക്കു പോയി. അവര്‍ ഒരു വീട്ടിലേക്കു കയറി. യേശു ശിഷ്യന്മാരോടു ചോദിച്ചു, “വഴിക്കുവെച്ച് നിങ്ങള്‍ എന്തോ തര്‍ക്കിക്കുന്നതു കേട്ടല്ലോ. എന്തിനെപ്പറ്റിയായിരുന്നു അത്?”
[34] എന്നാലവര്‍ മറുപടിയായി ഒന്നും പറഞ്ഞില്ല. എന്തെന്നാല്‍ അവരില്‍ ആരാണേറ്റവും വലിയവനെന്നതായിരുന്നു അവരുടെ തര്‍ക്കവിഷയം.
[35] യേശു നിലത്തിരുന്ന് പന്ത്രണ്ടു അപ്പൊസ്തലന്മാരെയും വിളിച്ചു. യേശു പറഞ്ഞു, “ഏറ്റവും വലിയവനാകാന്‍ ആഗ്രഹിക്കുന്നവന്‍ മറ്റെല്ലാവരെയും തന്നെക്കാള്‍ വലിയവരായി കാണണം. അവന്‍ മറ്റെല്ലാവരുടെയും സേവകനുമായിരിക്കണം.”
[36] അപ്പോള്‍ യേശു ഒരു കൊച്ചുകുഞ്ഞിനെ എടുത്ത് അവരുടെ മദ്ധ്യത്തില്‍ നിര്‍ത്തി. പിന്നീട് ശിശുവിനെ കയ്യിലെടുത്ത് ഇങ്ങനെ പറഞ്ഞു,
[37] “ഇത്തരം കുഞ്ഞുങ്ങളെ എന്‍റെ നാമത്തില്‍ സ്വീകരിക്കുന്നവന്‍ എനിക്കു സ്വീകാര്യനാണ്. എന്നെ അംഗീകരിക്കുന്നവന്‍ എന്നെ അയച്ചവനെയും അംഗീകരിക്കുന്നു.”
[38] യോഹന്നാന്‍ പറഞ്ഞു, “ഗുരോ, നിന്‍റെ നാമത്തില്‍ ഭൂതങ്ങളെ ഒഴിപ്പിക്കുന്ന ഒരുവനെ ഞങ്ങള്‍ കണ്ടു. അവന്‍ ഞങ്ങളിലൊരുവന്‍ അല്ലായിരുന്നു. അതിനാല്‍ ഞങ്ങളവനെ തടയാന്‍ ശ്രമിച്ചു.”
[39] യേശു പറഞ്ഞു, “അവനെ തടയരുത്. എന്‍റെ നാമത്തില്‍ ഒരത്ഭുതം ചെയ്യുന്നവന് അതിനുശേഷം പെട്ടെന്ന് എന്നെപ്പറ്റി ദുഷിച്ചു പറയാനാവില്ല.
[40] നമുക്കെതിരല്ലാത്തവന്‍ നമ്മുടെയാളാണ്.
[41] ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. നിങ്ങള്‍ ക്രിസ്തുവിന്‍റെ ആളാകയാല്‍ ആരെങ്കിലും നിങ്ങള്‍ക്ക് ഒരു കോപ്പ വെള്ളം തന്നു സഹായിച്ചാല്‍ അയാള്‍ക്കു തക്ക പ്രതിഫലം ലഭിക്കും.”
[42] “എന്നില്‍ വിശ്വസിക്കുന്ന കൊച്ചുകുട്ടിയെപ്പോലും പാപത്തിലേക്കു വീഴാന്‍ കാരണമാക്കുന്നവനു കഷ്ടം. അവനെ കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ താഴ്ത്തുന്നതാണു ഭേദം.
[43] നിങ്ങളുടെ കൈ നിങ്ങളെക്കൊണ്ടു പാപം ചെയ്യിച്ചാല്‍ അതു മുറിച്ചു കളയുക. ശരീരത്തിലെ അവയവം നഷ്ടപ്പെട്ടാലും സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നത് നന്ന്. രണ്ടു കൈകളോടെ നരകത്തില്‍ പോകുന്നതിലും നല്ലത് ഇതാണ്. ആ നരകത്തില്‍ അണയാത്ത തീയുണ്ട്.
[45] നിങ്ങളുടെ കാല്‍ പാപം ചെയ്യുന്നുവെങ്കില്‍ അതു വെട്ടിക്കളയുക. രണ്ടു കാലുകളോടുംകൂടി നരകത്തില്‍ പോകുന്നതിലും ഭേദം ശരീരത്തിന്‍റെ ഒരു ഭാഗമില്ലാതെ യഥാര്‍ത്ഥജീവിതത്തില്‍ പ്രവേശിക്കുന്നതാണ്.
[47] പാപത്തില്‍ വീഴാന്‍ കണ്ണു കാരണമായാല്‍ അതു ചൂഴ്ന്നെടുക്കുക. ദൈവ രാജ്യത്തില്‍ ഒറ്റക്കണ്ണനായി പ്രവേശിക്കുന്നതാണ് രണ്ടു കണ്ണുകളോടെയും നരകത്തില്‍ പോകുന്നതിലും ഭേദം.
[48] നരകത്തില്‍ ആളുകളെ തിന്നുന്ന പുഴു ചാവുന്നില്ല. അവിടെ തീയൊരിക്കലും അണയുന്നുമില്ല.
[49] “എല്ലാവരും തീയാല്‍ ശിക്ഷിക്കപ്പെടും.
[50] “ഉപ്പ് നല്ലതാണ്, പക്ഷേ അതിന്‍റെ ഉപ്പുരസം നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്കതിന്‍റെ ഉപ്പുരസം മടക്കിക്കൊടുക്കാനാവില്ല. അതിനാല്‍ നന്മയോടെ ജീവിക്കുക. പരസ്പരം സമാധാനം പുലര്‍ത്തുക.”