Skip to content
Opens in a new window
Listen to this chapter • 9:38

[1] യേശു അവിടം വിട്ട് യെഹൂദ്യയിലേക്കും യോര്‍ദ്ദാന്‍റെ മറുകരയിലേക്കും പോയി. പിന്നെയും പലരും അവന്‍റെ അടുത്തേക്കു വന്നു. അവരെ പതിവുപോലെ അവന്‍ പഠിപ്പിച്ചു.

[2] ഏതാനും പരീശന്മാര്‍ യേശുവിനടുത്തേക്കു വന്നു. യേശുവിനെക്കൊണ്ട് തെറ്റായ എന്തെങ്കിലും പറയിക്കാനവര്‍ ശ്രമിച്ചു. അവര്‍ യേശുവിനോടു ചോദിച്ചു, “ഒരുവന്‍ തന്‍റെ ഭാര്യയുമായി വിവാഹമോചനം നടത്തുന്നതു ശരിയാണോ?”

[3] യേശു ചോദിച്ചു, “മോശെ എന്താണു നിങ്ങളോടു കല്പിച്ചിരിക്കുന്നത്.”

[4] പരീശന്മാര്‍ പറഞ്ഞു, “ഒരു വിവാഹമോചനപത്രം എഴുതി ഭാര്യയെ ഉപേക്ഷിക്കാന്‍ മോശെ ഒരു ഭര്‍ത്താവിനെ അനുവദിച്ചു.”

[5] യേശു പറഞ്ഞു, “നിങ്ങള്‍ക്കു കരിങ്കല്ലുപോലത്തെ ഹൃദയമുള്ളതുകൊണ്ടാണ് മോശെ ആ കല്പന എഴുതിയത്.

[6] പക്ഷെ ദൈവം ലോകം സൃഷ്ടിച്ചപ്പോള്‍ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.

[7] അതിനാലാണ് ഒരുവന്‍ അപ്പനമ്മമാരെ വെടിഞ്ഞ് ഭാര്യയോടു ചേരുന്നത്.

[8] അവര്‍ ഇരുവരും ഒന്നാകുകയും വേണം. അതിനാല്‍ ആരും രണ്ടല്ല, ഒന്നാണ്.

[9] ദൈവം അവരെ ഒന്നാക്കി. അതുകൊണ്ട് മനുഷ്യന്‍ അവരെ വേര്‍പെടുത്തരുത്.”

[10] അല്പസമയം കഴിഞ്ഞ് യേശുവും ശിഷ്യന്മാരും വീട്ടിലുണ്ടായിരുന്നു. ശിഷ്യന്മാര്‍ വിവാഹമോചനത്തെപ്പറ്റി യേശുവിനോടു വീണ്ടും ചോദിച്ചു.

[11] യേശു പറഞ്ഞു, “സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ ഭാര്യയ്ക്കെതിരായി പാപം ചെയ്യുന്നു. അവന്‍ വ്യഭിചാരത്തെ സംബന്ധിച്ച പാപം ചെയ്യുന്നു.

[12] ഭര്‍ത്താവിനെ ഉപേക്ഷിച്ച് മറ്റൊരുവനെ വിവാഹം കഴിക്കുന്ന ഭാര്യയും വ്യഭിചാരിണിയാണ്.”

[13] യേശുവിന്‍റ സ്പര്‍ശനം ഏറ്റുവാങ്ങുന്നതിന് ആളുകള്‍ അവരുടെ കുഞ്ഞുങ്ങളെ കൊണ്ടുവന്നു. എന്നാല്‍ ശിഷ്യന്മാര്‍ അവരെ ശകാരിച്ചു.

[14] യേശു അതെല്ലാം കാണുന്നുണ്ടായിരുന്നു. കുട്ടികളെ കൊണ്ടുവരുന്നത് ശിഷ്യന്മാര്‍ വിലക്കുന്നത് അവനിഷ്ടമില്ലായിരുന്നു. യേശു അവരോടു പറഞ്ഞു, “കുട്ടികള്‍ എന്‍റെ അടുത്തേക്കു വരട്ടെ. അവരെ തടയരുത്, എന്തെന്നാല്‍ ദൈവ രാജ്യം കുട്ടികളെപ്പോലെയുള്ളവര്‍ക്കാണ്.

[15] ഞാന്‍ നിങ്ങളോടു സത്യം പറയുന്നു. ഒരു കുഞ്ഞ് സാധനങ്ങള്‍ സ്വീകരിക്കുന്നതുപോലെ നിങ്ങള്‍ ദൈവരാജ്യത്തെ സ്വീകരിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും അതിലേക്കു പ്രവേശനമുണ്ടാകയില്ല.”

[16] പിന്നീട് യേശു കുഞ്ഞുങ്ങളെ കൈയിലെടുത്തു. അവന്‍ അവരുടെമേല്‍ കൈവച്ച് അവരെ അനുഗ്രഹിച്ചു.

[17] യേശു പോകാനൊരുങ്ങവേ ഒരാള്‍ ഓടി വന്ന് യേശുവിനു മുമ്പില്‍ മുട്ടുകുത്തി. അയാള്‍ ചോദിച്ചു, “നല്ലവനായ ഗുരോ, നിത്യജീവന്‍ കിട്ടാന്‍ ഞാനെന്തു ചെയ്യണം.”

[18] യേശു പറഞ്ഞു, “നീയെന്താണ് എന്നെ നല്ലവനെന്നു വിളിച്ചത്. ആരും നല്ലവനല്ല. ദൈവം മാത്രമേ നല്ലവനായുള്ളൂ.

[19] പക്ഷേ നിന്‍റെ ചോദ്യത്തിനു ഞാനുത്തരം തരാം. കൊല്ലരുത്, വ്യഭിചരിക്കരുത്, മോഷ്ടിക്കരുത്, കള്ളം പറയരുത്, വഞ്ചിക്കരുത്, കള്ളസാക്ഷി പറയരുത്, അന്യരുടെ മുതല്‍ ചതിവായി എടുക്കരുത്. അപ്പനമ്മമാരെ ബഹുമാനിക്കുക … എന്നീ കല്പനകള്‍ നിനക്കറിയില്ലേ?”

[20] അയാള്‍ പറഞ്ഞു, “ഗുരോ, ചെറുപ്പം മുതല്‍ക്കു തന്നെ ഞാന്‍ ഈ കല്പനകള്‍ അനുസരിക്കുന്നുണ്ട്.”

[21] യേശു അയാളെ നോക്കി, അവന് അയാളോടു സ്നേഹം തോന്നി. യേശു പറഞ്ഞു, “നീ ഒരു കാര്യം കൂടി ചെയ്യേണ്ടതുണ്ട്. പോയി നിനക്കുള്ളതെല്ലാം വില്‍ക്കുക. കിട്ടുന്ന പണം പാവപ്പെട്ടവര്‍ക്കു ദാനം ചെയ്യുക. സ്വര്‍ഗ്ഗത്തില്‍ നിനക്കായി ഒരു നിധി ഒരുക്കും. എന്നിട്ട് എന്നോടൊപ്പം വരിക.”

[22] യേശുവിന്‍റെ ഈ വാക്കുകള്‍ കേട്ട് ദുഃഖിതനായി അയാള്‍ പോയി. അയാള്‍ വലിയ ധനികനും സമ്പത്തു സൂക്ഷിക്കാനാഗ്രഹിക്കുന്നവനും ആകയാലാണ് ദുഃഖിച്ചത്.

[23] യേശു ശിഷ്യന്മാരെ നോക്കി പറഞ്ഞു, ധനികര്‍ക്കു ദൈവ രാജ്യത്തിലേക്കു പ്രവേശിക്കുക വിഷമമായിരിക്കും.

[24] അതു കേട്ട് ശിഷ്യന്മാര്‍ അത്ഭുതപ്പെട്ടു. പക്ഷെ യേശു പിന്നെയും പറഞ്ഞു, “എന്‍റെ മക്കളേ, ദൈവ രാജ്യത്തിലേക്കുള്ള പ്രവേശനം ദുഷ്കരമാണ്.

[25] ധനികന് ദൈവ രാജ്യത്തില്‍ പ്രവേശിക്കുക എന്നത് വളരെ ക്ലേശകരമാണ്. ഒരു ഒട്ടകത്തിന് സൂചിക്കുഴയിലൂടെ കടക്കുക അതിലും എളുപ്പമായിരിക്കും.”

[26] ശിഷ്യന്മാര്‍ അത്ഭുതത്തോടെ പരസ്പരം ചോദിച്ചു, “എങ്കില്‍ പിന്നെ ആരു രക്ഷിക്കപ്പെടും.”

[27] യേശു ശിഷ്യന്മാരെ നോക്കി പറഞ്ഞു, “മനുഷ്യര്‍ക്കു അസാദ്ധ്യമാണ്. എന്നാല്‍ ദൈവത്തിനത് സാദ്ധ്യമാണ്. ദൈവത്തിന് എല്ലാം സാദ്ധ്യമാണ്.”

[28] പത്രൊസ് യേശുവിനോടു പറഞ്ഞു, “നിന്നെ പിന്തുടരാന്‍ ഞങ്ങള്‍ എല്ലാം ഉപേക്ഷിച്ചു.”

[29] യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയാം. എനിക്കും സുവിശേഷത്തിനും വേണ്ടി സ്വന്തം വീടും സഹോദരീ സഹോദരന്മാരെയും അപ്പനമ്മമാരെയും കുട്ടികളെയും വയലുമെല്ലാം ഉപേക്ഷിച്ചവര്‍ക്ക്

[30] അവരുപേക്ഷിച്ചതിലുമധികം ലഭിക്കും. ഈ ലോകത്ത് അനേകം വീടുകളും സഹോദരീ സഹോദരന്മാരും അപ്പനമ്മമാരും കുട്ടികളും വയലുകളുമെല്ലാം ലഭിക്കും. അതോടൊപ്പം പീഢനങ്ങളുമുണ്ടാവുമെന്നു മാത്രം. പക്ഷേ വരാനിരിക്കുന്ന ലോകത്തിലവന് ചില പ്രതിഫലങ്ങള്‍ ലഭിക്കും. അതു നിത്യജീവനായിരിക്കും.

[31] ഉയര്‍ന്ന സ്ഥാനത്തുള്ളവര്‍ താഴത്തായെന്നും വരാം. താഴെയുള്ളവന് ഉന്നതസ്ഥാനവും കിട്ടും.”

[32] യേശുവും കൂട്ടരും യെരൂശലേമിലേക്കു പോകുകയായിരുന്നു. യേശു അവര്ക്കു മുന്പേ നടന്നു, അവന്റെ ശിഷ്യന്മാര്‍ അത്ഭുതപ്പെട്ടു. യേശുവിനു പിന്നാലെ വന്ന മറ്റുള്ളവര്‍ ഭയന്നു. യേശു പന്ത്രണ്ട് അപ്പൊസ്തലന്മാരെയും വിളിച്ച് അവരോടു മാത്രം സംസാരിച്ചു. യെരൂശലേമില്‍ അവനെന്തു സംഭവിക്കുമെന്ന് അവന്‍ അവരോടു പറഞ്ഞു.

[33] യേശു പറഞ്ഞു, “നമ്മള്‍ യെരൂശലേമിലേക്കു പോകുകയാണ്. മനുഷ്യ പുത്രന്‍ മഹാപുരോഹിതന്മാര്‍ക്കും ശാസ്ത്രിമാര്‍ക്കുമായി ഏല്പിക്കപ്പെടും. മനുഷ്യ പുത്രനെ വധിക്കണമെന്ന് മഹാപുരോഹിതരും ശാസ്ത്രിമാരും പറയും. അവര്‍ മനുഷ്യ പുത്രനെ ജാതികള്‍ക്കു നല്‍കും.

[34] അവര്‍ അവനെ പരിഹസിക്കുകയും അവന്‍റെമേല്‍ തുപ്പുകയും ചെയ്യും. അവര്‍ അവനെ ചാട്ടകൊണ്ട് അടിക്കുകയും വധിക്കുകയും ചെയ്യും. പക്ഷെ തന്‍റെ മരണത്തിനുശേഷം മൂന്നാം ദിവസം അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.”

[35] അപ്പോള്‍ സെബെദിയുടെ പുത്രന്മാരായ യാക്കോബും യോഹന്നാനും യേശുവിനെ സമീപിച്ചു. അവര്‍ പറഞ്ഞു, “ഗുരോ, ഞങ്ങള്‍ക്കായി ചിലതു ചെയ്തു തരാന്‍ അപേക്ഷിക്കട്ടെ.”

[36] യേശു ചോദിച്ചു, “എന്താണു നിങ്ങള്‍ക്കായി ഞാന്‍ ചെയ്യേണ്ടത്.”

[37] സെബെദിയുടെ പുത്രന്മാര്‍ പറഞ്ഞു, “നീ നിന്‍റെ രാജ്യത്ത് മഹത്വത്തോടെ ഇരിക്കും. അപ്പോള്‍ ഞങ്ങളില്‍ ഒരാളെ നിന്‍റെ വലത്തും, മറ്റൊരാളെ ഇടത്തും ഇരിക്കാന്‍ അനുവദിച്ചാലും.”

[38] യേശു പറഞ്ഞു, “നിങ്ങള്‍ ആവശ്യപ്പെട്ടതെന്താണെന്നു നിങ്ങള്‍ തന്നെ അറിയുന്നില്ല. ഞാന്‍ സ്വീകരിക്കുന്ന കഷ്ടത നിങ്ങള്‍ക്കും സ്വീകരിക്കാമോ? ഞാന്‍ സ്വീകരിക്കേണ്ട സ്നാനവും നിങ്ങള്‍ക്കു സ്വീകരിക്കാമോ?”

[39] അവര്‍ പറഞ്ഞു, “ഞങ്ങള്‍ക്കു കഴിയും.” യേശു അവരോടു പറഞ്ഞു, “നിങ്ങള്‍ ഞാന്‍ സഹിക്കുന്നതെന്തും സഹിക്കും, ഞാന്‍ സ്വീകരിക്കേണ്ട സ്നാനം നിങ്ങള്‍ സ്വീകരിക്കും.

[40] പക്ഷെ എന്‍റെ ഇടത്തും വലത്തും ഇരിക്കുന്നവരെ തിരഞ്ഞെടുക്കാന്‍ എനിക്കാവില്ല. അതു ചിലര്‍ക്കു ലഭിക്കും. ആ സ്ഥാനങ്ങള്‍ അവര്‍ക്കുവേണ്ടി ഒരുക്കപ്പെട്ടതാണ്.”

[41] മറ്റു പത്തു ശിഷ്യന്മാരും ഇതു കേട്ടു. അവര്‍ക്കു യാക്കോബിനോടും യോഹന്നാനോടും അമര്‍ഷം തോന്നി.

[42] എല്ലാ ശിഷ്യന്മാരെയും യേശു വിളിച്ചു കൂട്ടി. അവന്‍ പറഞ്ഞു, “ജാതികള്‍ക്ക് അവര്‍ ഭരണാധികാരികളെന്ന് അംഗീകരിക്കുന്ന ചിലയാളുകളുണ്ട്. അവര്‍ തങ്ങളുടെ അധികാരം ജനങ്ങളുടെമേല്‍ കാണിക്കും. അവരുടെ പ്രധാന നേതാക്കള്‍ തങ്ങളുടെ അധികാരം ജനങ്ങളുടെമേല്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നു.

[43] എന്നാല്‍ നിങ്ങളുടെയിടയില്‍ ഇതുണ്ടാകരുത്. നിങ്ങളില്‍ ആര്‍ക്കെങ്കിലും വലിയവനാകണമെന്നുണ്ടെങ്കില്‍ അവന്‍ നിങ്ങളുടെ ദാസനാകണം.

[44] നിങ്ങളില്‍ ആര്‍ക്കെങ്കിലും ഒന്നാമനാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവന്‍ എല്ലാവരുടെയും അടിമയാകണം.

[45] അതുപോലെ മനുഷ്യപുത്രന്‍ വന്നത് മറ്റുള്ളവരാല്‍ സേവിക്കപ്പെടാനല്ല. പക്ഷേ മനുഷ്യപുത്രന്‍ വന്നത് മറ്റുള്ളവരെ സേവിക്കാനാണ്. അനേകം പേരെ രക്ഷിക്കാനായി സ്വന്തം ജീവന്‍ നല്‍കാനാണ്.”

[46] അനന്തരം അവര്‍ യെരീഹോപട്ടണത്തിലേക്കു വന്നു. യേശുവും ശിഷ്യന്മാരും മറ്റനേകം പേരോടൊപ്പം അവിടം വിട്ടുപോവുകയായിരുന്നു. ബര്‍ത്തിമായി (തിമായിയുടെ പുത്രന്‍) എന്നു പേരായ ഒരു അന്ധന്‍ വഴിയരികില്‍ ഇരിക്കുകയായിരുന്നു. അയാള്‍ ഒരു യാചകനായിരുന്നു.

[47] നസ്രെത്തില്‍നിന്ന് യേശു വരുന്നെന്ന് വഴിയാത്രക്കാര്‍ പറഞ്ഞ് അയാള്‍ കേട്ടു. അവന്‍ വിളിച്ചു കൂവാന്‍ തുടങ്ങി, “യേശുവേ, ദാവീദു പുത്രാ, ദയവായി എന്നോടു കരുണ കാട്ടൂ.”

[48] അനേകം പേര്‍ അന്ധനെ ശാസിച്ചു. അവര്‍ അവനോടു മൌനമായിരിക്കാന്‍ പറഞ്ഞു. പക്ഷെ അയാള്‍ കൂടുതല്‍ കൂടുതല്‍ വിളിച്ചു കൂവി, “ദാവീദിന്‍റെ പുത്രാ, ദയവായി എന്നോടു കരുണ കാട്ടൂ.”

[49] യേശു യാത്ര നിര്‍ത്തി പറഞ്ഞു, “അയാളോടു ഇവിടെ വരാന്‍ പറയൂ.” അതിനാല്‍ അവര്‍ അന്ധനെ വിളിച്ചു. അവര്‍ പറഞ്ഞു, “സന്തോഷമായിരിക്കൂ, എഴുന്നേല്‍ക്കൂ, യേശു നിന്നെ വിളിക്കുന്നു.”

[50] അന്ധന്‍ ചാടിയെഴുന്നേറ്റു. അയാള്‍ തന്‍റെ മേല്‍വസ്ത്രം അവിടെയിട്ട് യേശുവിന്‍റെ അടുത്തേക്കുപോയി.

[51] യേശു അയാളോടു ചോദിച്ചു, “ഞാന്‍ നിനക്കായി എന്താണു ചെയ്യേണ്ടത്?” അന്ധന്‍ പറഞ്ഞു, “ഗുരോ, എനിക്കു കാഴ്ച പ്രാപിക്കണം.”

[52] യേശു പറഞ്ഞു, “പോകൂ നിന്‍റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു.” അന്ധനു കാഴ്ച തിരിച്ചു കിട്ടി. അവന്‍ യേശുവിന്‍റെ മാര്‍ഗ്ഗം പിന്തുടര്‍ന്നു.

മര്‍ക്കൊസ് — Chapters