Skip to content
Opens in a new window
Listen to this chapter • 7:50

[1] യേശുവും ശിഷ്യന്മാരും കടലിനു മറുകരയിലെ ഗദരദേശത്തു എത്തി.

[2] യേശു കരയിലിറങ്ങിയപ്പോള്‍ ഒരാള്‍ ശവക്കല്ലറകളില്‍നിന്നും ഇറങ്ങി അവന്‍റെ അടുത്തെത്തി. അയാളെ അശുദ്ധാത്മാവ് ബാധിച്ചിരുന്നു.

[3] ശവകുടീരങ്ങളിലാണ് അയാള്‍ വസിച്ചിരുന്നത്. ആര്‍ക്കും അയാളുടെ കൈകളും കാലുകളും ബന്ധിക്കാനായില്ല. ചങ്ങലകള്‍കൊണ്ടുപോലും അതു സാധ്യമായില്ല.

[4] ഒരുപാടു തവണ ആള്‍ക്കാര്‍ അയാളെ ബന്ധിക്കാന്‍ ചങ്ങലകളുപയോഗിച്ചു. പക്ഷേ അയാള്‍ കൈയിലെയും കാലിലെയും ചങ്ങലകള്‍ പൊട്ടിച്ചു. അയാളെ നിയന്ത്രിക്കാന്‍ ആര്‍ക്കും കരുത്തുണ്ടായില്ല.

[5] രാപ്പകല്‍ അയാള്‍ ശവക്കല്ലറകള്‍ക്കു ചുറ്റിലും മലകളിലും സഞ്ചരിച്ചു. അയാള്‍ അലറുകയും കല്ലുകള്‍കൊണ്ട് സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തിരുന്നു.

[6] യേശുവിനെ അയാള്‍ അകലെനിന്നേ കണ്ടു. അയാള്‍ ഓടിയെത്തി യേശുവിനു മുന്നില്‍ കുനിഞ്ഞു.

[7] യേശു അയാളോടു പറഞ്ഞു: “ അശുദ്ധാത്മാവേ, ഇയാളില്‍ നിന്നും പുറത്തു വരൂ.” അയാള്‍ ഉച്ചത്തില്‍ അലറി, മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ, യേശുവേ, എന്നെക്കൊണ്ട് നിനക്കെന്താണു വേണ്ടത്? എന്നെ ചോദ്യം ചെയ്യുകയില്ലെന്നു ദൈവനാമത്തില്‍ സത്യം ചെയ്യണമേയെന്നു ഞാന്‍ അപേക്ഷിക്കുന്നു.”

[9] യേശു അയാളോടു ചോദിച്ചു, “നിന്‍റെ പേരെന്താണ്?” അയാള്‍ മറുപടി പറഞ്ഞു, “എന്‍റെ പേര് ലെഗ്യോന്‍ എന്നാണ്. കാരണം എന്നില്‍ അനേകം അശുദ്ധാത്മാക്കളുണ്ട്.”

[10] അയാളിലെ അശുദ്ധാത്മാക്കള്‍ തങ്ങളെ ആ പ്രദേശത്തുനിന്നും പുറന്തള്ളരുതെന്ന് വീണ്ടും വീണ്ടും യേശുവിനോടപേക്ഷിച്ചു.

[11] ഒരു വലിയ പന്നിക്കൂട്ടം അവിടെ മലഞ്ചെരുവില്‍ മേയുന്നുണ്ടായിരുന്നു.

[12] അശുദ്ധാത്മാക്കള്‍ യേശുവിനോടു യാചിച്ചു, “ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയച്ചാലും, ഞങ്ങള്‍ അവയില്‍ പ്രവേശിക്കട്ടെ.”

[13] യേശു അവരെ അതിനനുവദിച്ചു. അശുദ്ധാത്മാക്കള്‍ അയാളെ ഉപേക്ഷിച്ച് പന്നികളിലേക്കു പ്രവേശിച്ചു. അപ്പോള്‍ പന്നിക്കൂട്ടം മലമുനമ്പുകളിലൂടെ തടാകത്തിലേക്കു ചാടിയിറങ്ങി. അവ മുങ്ങിച്ചത്തു. രണ്ടായിരത്തോളം പന്നികള്‍ ആ കൂട്ടത്തിലുണ്ടായിരുന്നു.

[14] പന്നികളെ മേയിച്ചിരുന്നവര്‍ ഓടിപ്പോയി. അവര്‍ നഗരങ്ങളിലും, ഗ്രാമങ്ങളിലും ചെന്ന് സംഭവിച്ചതെല്ലാം എല്ലാവരോടും പറഞ്ഞു. ആള്‍ക്കാര്‍ സംഭവിച്ചതെന്താണെന്നു കാണുവാന്‍ പുറത്തേക്കിറങ്ങി.

[15] അവര്‍ യേശുവിന്‍റെ അടുത്തെത്തി, അനേകം അശുദ്ധാത്മാക്കള്‍ ബാധിച്ചവനെ അവര്‍ വസ്ത്രം ധരിച്ചവനായി കണ്ടു. അവന്‍റെ മനസ്സ് നേരെയായിരുന്നു. ജനങ്ങള്‍ ഭയന്നു.

[16] യേശുവിന്‍റെ പ്രവൃത്തികള്‍ കണ്ടവരില്‍ ചിലര്‍ അവിടെയുണ്ടായിരുന്നു. ഭൂതങ്ങള്‍ ബാധിച്ചവനു സംഭവിച്ചതെല്ലാം അവര്‍ മറ്റുള്ളവര്‍ക്കു വിവരിച്ചു കൊടുത്തു. പന്നികളെപ്പറ്റിയും അവര്‍ പറഞ്ഞു.

[17] അനന്തരം ആ നാട്ടുകാര്‍ യേശുവിനോടു അവരുടെ സ്ഥലം വിട്ടുപോകാന്‍ യാചിച്ചു.

[18] യേശു വഞ്ചിയില്‍ കയറി പോകാന്‍ തയ്യാറെടുക്കുകയായിരുന്നു. ഭൂത ബാധയകന്നവന്‍ തന്നെയും കൂടെക്കൊണ്ടു പോകണമെന്ന് യേശുവിനോടു യാചിച്ചു.

[19] പക്ഷേ യേശു അയാളെ അതിനനുവദിച്ചില്ല. അവന്‍ പറഞ്ഞു, “വീട്ടിലേക്കു പോയി കുടുംബത്തോടും സുഹൃത്തുക്കളോടും ചേരുക. കര്‍ത്താവ് നിനക്കായി ചെയ്തത് അവരോടു പറയുക. കര്‍ത്താവ് നിന്നോടു കരുണ കാട്ടിയെന്നും അവരോടു പറയുക.”

[20] അയാള്‍ മടങ്ങി ദെക്കപ്പൊലി പ്രദേശം മുഴുക്കെയുള്ള ആളുകളോട് യേശു തനിക്കായി ചെയ്തതെല്ലാം പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു.

[21] യേശു വഞ്ചിയില്‍ കയറി മറുകരയിലെത്തി. അവിടെ കടല്‍ക്കരയില്‍വച്ചു തന്നെ ഒരുപാടുപേര്‍ യേശുവിനു ചുറ്റും കൂടി.

[22] യെഹൂദപ്പള്ളിയിലെ ഒരു തലവന്‍ അവിടെയെത്തി. യായീറൊസ് എന്നായിരുന്നു അയാളുടെ പേര്. യേശുവിനെ കണ്ട അയാള്‍ അവനു മുമ്പില്‍ മുട്ടുകുത്തി,

[23] അയാള്‍ യേശുവിനോടു തുടരെത്തുടരെ യാചിച്ചു. അയാള്‍ പറഞ്ഞു, “എന്‍റെ കുഞ്ഞുമകള്‍ മരിക്കാറായിരിക്കുന്നു. ദയവായി അങ്ങ് വന്ന് അവളെ സ്പര്‍ശിക്കൂ. എന്നാല്‍ അവള്‍ സുഖപ്പെട്ടു ജീവിക്കും.”

[24] യേശു യായീറൊസിന്‍റെ ഒപ്പം പോയി. ഒരുപാടുപേര്‍ അവനെ അനുഗമിച്ചു. അവര്‍ എല്ലാ ഭാഗത്തു നിന്നും അവനെ ഞെരുക്കുന്നുണ്ടായിരുന്നു.

[25] അവരോടൊപ്പം ഒരു സ്ത്രീയുണ്ടായിരുന്നു. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി അവള്‍ക്കു രക്തസ്രാവമുണ്ടായിരുന്നു.

[26] അത് അവളെ വളരെ കഷ്ടപ്പെടുത്തിയിരുന്നു. അനവധി വൈദ്യന്മാര്‍ അവളെ ചികിത്സിച്ചു. ഒട്ടേറെ പണം ചെലവായി. പക്ഷേ യാതൊരു ഫലവും ഉണ്ടായില്ല. മാത്രവുമല്ല, രോഗം വഷളാവുകയും ചെയ്തു.

[27] അവള്‍ യേശുവിനെപ്പറ്റി കേട്ടു. അതിനാലവള്‍ ജനക്കൂട്ടത്തിലൂടെ യേശുവിനെ അനുഗമിച്ചുകൊണ്ട് അവന്‍റെ വസ്ത്രത്തില്‍ തൊട്ടു.

[28] അവള്‍ വിചാരിച്ചു, “എനിക്ക് അവന്‍റെ വസ്ത്രത്തിലെങ്കിലും തൊടാനായാല്‍ എന്‍റെ രോഗം ഭേദമാകും.”

[29] അവള്‍ അവന്‍റെ വസ്ത്രത്തില്‍ തൊട്ടപ്പോള്‍ അവളുടെ രക്തസ്രാവം നിലച്ചു. തനിക്കു സുഖപ്പെട്ടതായി അവളുടെ ഉള്ളറിഞ്ഞു.

[30] യേശുവിന് ശക്തി പുറത്തേക്കു പ്രസരിച്ചതായി തോന്നി. അവന്‍ തിരിഞ്ഞുനിന്നു ചോദിച്ചു, “ആരാണെന്‍റെ വസ്ത്രത്തില്‍ തൊട്ടത്?”

[31] ശിഷ്യന്മാര്‍ യേശുവിനോടു പറഞ്ഞു, “ജനങ്ങള്‍ നിന്നെ ഞെരുക്കുന്നതു നീ കാണുന്നു. പക്ഷേ നീ ചോദിക്കുന്നു, ‘ആരാണെന്നെ തൊട്ടതെന്ന്?’”

[32] പക്ഷേ യേശു തന്നെ സ്പര്‍ശിച്ച ആളെ കാണാനായി ചുറ്റും നോക്കി.

[33] തനിക്കു സുഖപ്പെട്ടുവെന്ന് ആ സ്ത്രീയറിഞ്ഞു. അതിനാലവള്‍ യേശുവിനു മുന്നില്‍ വന്ന് മുട്ടുകുത്തി. അവള്‍ ഭയംകൊണ്ട് വിറയ്ക്കുന്നുണ്ടായിരുന്നു. നടന്നതെല്ലാം അവള്‍ യേശുവിനോടു പറഞ്ഞു,

[34] യേശു അവളോടു പറഞ്ഞു, “മകളേ നിന്‍റെ വിശ്വാസം നിന്നെ സുഖപ്പെടുത്തി. സമാധാനത്തോടെ പോകൂ. ഇനിയും ഈ രോഗത്താല്‍ നിനക്കു കഷ്ടപ്പെടേണ്ടി വരില്ല.”

[35] യേശു അപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. യെഹൂദപ്പള്ളിയിലെ തലവനായ യായീറൊസിന്‍റെ വീട്ടില്‍നിന്നും ചിലര്‍ അവിടെയെത്തി. അവര്‍ പറഞ്ഞു, “നിന്‍റെ മകള്‍ മരിച്ചു. ഇനിയും ഗുരുവിനെ ബുദ്ധിമുട്ടിച്ചിട്ടു കാര്യമില്ല.”

[36] പക്ഷേ യേശു അവര്‍ പറഞ്ഞത് അത്ര കാര്യമാക്കിയില്ല. യേശു യായീറൊസിനോടു പറഞ്ഞു, “ഭയപ്പെടാതെ, വിശ്വാസം മുറുകെ പിടിക്കൂ.”

[37] തന്നോടൊപ്പം പോകാന്‍ അവന്‍ ആരെയും അനുവദിച്ചില്ല. പത്രൊസ്, യാക്കോബ്, അയാളുടെ സഹോദരന്‍ യോഹന്നാന്‍ എന്നിവരെ മാത്രം കൂട്ടി.

[38] അവന്‍ യായീറൊസിന്‍റെ വീട്ടിലേക്കു പോയി. അവിടെ ഒരുപാടുപേര്‍ ഉച്ചത്തില്‍ കരയുന്നതവന്‍ കണ്ടു. അവര്‍ വളരെയധികം ബഹളം വെച്ചിരുന്നു.

[39] യേശു വീട്ടില്‍ കയറി അവരോടു പറഞ്ഞു, “നിങ്ങളെന്താണു കരഞ്ഞു ശബ്ദമുണ്ടാക്കുന്നത്. കുട്ടി മരിച്ചിട്ടില്ല. അവള്‍ ഉറങ്ങുക മാത്രമാണ്.”

[40] പക്ഷേ എല്ലാവരും യേശുവിനെ പരിഹസിച്ചു. യേശു എല്ലാവരോടും വീടു വിട്ടുപോകാന്‍ പറഞ്ഞു, യേശു കുട്ടി കിടക്കുന്ന മുറിയിലേക്കു കയറി. കുട്ടിയുടെ മാതാപിതാക്കളെയും തന്‍റെ മൂന്നു ശിഷ്യന്മാരെയും അവന്‍ മുറിയില്‍ തന്നോടൊപ്പം കൊണ്ടുപോയി.

[41] അനന്തരം അവന്‍ പെണ്‍കുട്ടിയുടെ കരം പിടിച്ചു പറഞ്ഞു, “തലീഥാകൂമീ” (ബാലികേ, ഞാന്‍ നിന്നോടു പറയുന്നു, “എഴുന്നേറ്റു നില്‍ക്കൂ” എന്നാണിതിനര്‍ത്ഥം)

[42] കുട്ടി എഴുന്നേറ്റു നടക്കുവാന്‍ തുടങ്ങി. (അവള്‍ക്കു പന്ത്രണ്ടു വയസ്സായിരുന്നു) മാതാപിതാക്കളും ശിഷ്യന്മാരും അത്ഭുതപ്പെട്ടു.

[43] ഇക്കാര്യം ആരോടും പറയരുതെന്ന് യേശു കുട്ടിയുടെ മാതാപിതാക്കള്‍ക്കു താക്കീതു നല്‍കി. അനന്തരം കുട്ടിയ്ക്ക് ഭക്ഷണം നല്‍കാന്‍ അവന്‍ അവരോടു പറഞ്ഞു.

മര്‍ക്കൊസ് — Chapters