Skip to content
Opens in a new window
Listen to this chapter • 6:45

[1] മറ്റൊരിക്കല്‍ കടല്‍ക്കരയില്‍വച്ച് യേശു ഉപദേശിക്കാന്‍ തുടങ്ങി. ഒട്ടേറെപ്പേര്‍ യേശുവിനു ചുറ്റും നിരന്നു. അതിനാലവന്‍ കടലില്‍ കിടന്നിരുന്ന ഒരു വഞ്ചിയില്‍ കയറി ഇരുന്നു. ജനങ്ങളെല്ലാം വെള്ളത്തിനു സമീപം കടല്‍ക്കരയില്‍ നിന്നു.

[2] യേശു വഞ്ചിയില്‍നിന്നുകൊണ്ട് അവരെ ഉപദേശിച്ചു. അവന്‍ ഉപമകളിലൂടെ പല കാര്യങ്ങളും പഠിപ്പിച്ചു. യേശു പറഞ്ഞു,

[3] “ശ്രദ്ധിക്കൂ, ഒരു കര്‍ഷകന്‍ വിത്തു വിതയ്ക്കാന്‍ പോയി.

[4] വിതയ്ക്കുന്നതിനിടയില്‍ ചില വിത്തുകള്‍ വഴിയരുകില്‍ വീണു. പക്ഷികള്‍ വന്ന് അവയെല്ലാം കൊത്തിത്തിന്നു.

[5] ചില വിത്തുകള്‍ പാറസ്ഥലത്തു വീണു. അവിടെ മണ്ണു കുറവായിരുന്നു. ആഴം കുറഞ്ഞ സ്ഥലമായിരുന്നതിനാല്‍ അവിടെ വീണ വിത്തുകള്‍ വേഗം വളര്‍ന്നു.

[6] പക്ഷേ സൂര്യനുദിച്ചപ്പോള്‍ അവ കരിഞ്ഞു പോയി. അവയ്ക്ക് ആഴത്തില്‍ വേരുകള്‍ ഇല്ലാതിരുന്നതിനാലാണ് അവ കരിഞ്ഞത്.

[7] കുറെ വിത്തുകള്‍ മുള്ളുകള്‍ക്കിടയില്‍ വീണു. മുള്ളുകള്‍ വളര്‍ന്നു ചെടികളെ ഞെരിച്ചമര്‍ത്തി. അതിനാല്‍ അവയില്‍ ധാന്യമുണ്ടായില്ല.

[8] മറ്റു ചില വിത്തുകള്‍ നല്ല മണ്ണില്‍ വീണു. അവ വളര്‍ന്നുതുടങ്ങി. വളര്‍ന്ന് ധാന്യം വിളഞ്ഞു. ചില ചെടികള്‍ മുപ്പതു മേനിയും ചിലത് അറുപതു മേനിയും, ചിലത് നൂറു മേനിയും വിളവുണ്ടാക്കി.”

[9] അനന്തരം യേശു പറഞ്ഞു, “കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.”

[10] പിന്നീട്, യേശു തനിച്ചായി. പന്ത്രണ്ട് അപ്പൊസ്തലന്മാരും യേശുവിന്‍റെ മറ്റ് അനുയായികളും ദൃഷ്ടാന്ത കഥകളെപ്പറ്റി അവനോടു ചോദിച്ചു.

[11] യേശു പറഞ്ഞു, “ദൈവ രാജ്യത്തിന്‍റെ നിഗൂഢമായ സത്യം നിങ്ങള്‍ക്കേ അറിയൂ, പക്ഷേ മറ്റുള്ളവര്‍ക്ക് ഉപമകളിലൂടെയാണ് ഞാനെല്ലാം നല്‍കുക.

[12] ഞാനങ്ങനെ ചെയ്തതെന്തെന്നാല്‍: ‘അവര്‍ വീണ്ടും വീണ്ടും നോക്കും. പക്ഷേ യഥാര്‍ത്ഥത്തില്‍ കാണുകയില്ല. അവര്‍ വളരെ ശ്രദ്ധിക്കും. പക്ഷേ ഒരിക്കലും മനസ്സിലാവില്ല. അവര്‍ കാണുകയും മനസ്സിലാക്കുകയും ചെയ്തിരുന്നെങ്കില്‍ അവര്‍ മാനസാന്തരപ്പെട്ട് ക്ഷമിക്കപ്പെടുമായിരുന്നു.’”

[13] അനന്തരം യേശു ശിഷ്യന്മാരോടു ചോദിച്ചു, “നിങ്ങള്‍ക്ക് ഈ കഥ മനസ്സിലായോ? ഇല്ലെങ്കില്‍ നിങ്ങള്‍ക്കേതെങ്കിലും കഥ മനസ്സിലാകുമോ?

[14] കര്‍ഷകന്‍ (വചനം വിതയ്ക്കുന്ന ആള്‍) ദൈവവചനം ജനങ്ങളില്‍ വിതയ്ക്കുകയാണ് ചെയ്തത്.

[15] ചിലര്‍ ദൈവവചനം കേള്‍ക്കുന്നത് വഴിയരികെ വീഴുന്ന വിത്തു പോലെയാണ്. സാത്താന്‍ പെട്ടെന്ന് വന്ന് അവരില്‍ വിതയ്ക്കപ്പെട്ട വിത്തുകള്‍ എടുത്തുകൊണ്ടു പോകുന്നു.

[16] “മറ്റുചിലരാകട്ടെ പാറപോലെ ഉറച്ചമണ്ണില്‍ വിത്തു വിതച്ചതുപോലെയാണ്. അവര്‍ സസന്തോഷം വചനം കേള്‍ക്കുകയും വേഗത്തില്‍ സ്വീകരിക്കുകയും ചെയ്യും.

[17] പക്ഷേ വചനം തങ്ങളുടെ ജീവിതത്തില്‍ ഗാഢമായി ആഴ്ന്നിറങ്ങാനവര്‍ അനുവദിക്കുന്നില്ല. കുറച്ചു കാലം മാത്രം അവര്‍ വചനത്തോടു നീതി പുലര്‍ത്തും. പിന്നീട് വചനം നിമിത്തം അവര്‍ക്കെന്തെങ്കിലും പീഢയോ പ്രശ്നങ്ങളോ ഉണ്ടാകുമ്പോള്‍ അവരതിനെ വേഗം ഉപേക്ഷിക്കും.

[18] “മറ്റു ചിലരാകട്ടെ മുള്ളുകള്‍ക്കിടയില്‍ വിതയ്ക്കപ്പെട്ടതു പോലെയാണ്. അവര്‍ വചനം ശ്രവിക്കുന്നു.

[19] പക്ഷേ അപ്പോഴേക്കും ജീവിതക്ലേശങ്ങളും പണക്കൊതിയും മറ്റാഗ്രഹങ്ങളും വരികയായി. അതോടെ വചനത്തിന്‍റെ വളര്‍ച്ച മുട്ടുകയായി. അതിനാല്‍ അവരില്‍ വചനം ഫലപ്രദമാവുകയില്ല.

[20] “മറ്റു ചിലരാകട്ടെ നല്ല മണ്ണില്‍ വിതച്ച വിത്തുപോലെയാണ്. അവര്‍ വചനം കേട്ട് അതിനെ സ്വീകരിക്കുന്നു. അത് അവരില്‍ മുപ്പതും അറുപതും ചിലപ്പോള്‍ നൂറു മടങ്ങും വിളവുണ്ടാക്കും.”

[21] യേശു അവരോടു പറഞ്ഞു, “നിങ്ങള്‍ ഒരു വിളക്കു കത്തിച്ച് പറയ്ക്കടിയിലോ കട്ടിലിനടിയിലോ ഒളിപ്പിച്ചു വയ്ക്കാറുണ്ടോ? ഇല്ല, നിങ്ങള്‍ അതു വിളക്കുമേശയില്‍ വയ്ക്കുന്നു.

[22] ഒളിപ്പിച്ചുവച്ചതെന്തും പുറത്തുവരും. രഹസ്യങ്ങളെല്ലാം വെളിപ്പെടും.

[23] കാതുള്ളവര്‍ എന്‍റെ വചനം കേള്‍ക്കട്ടെ.

[24] നിങ്ങള്‍ കേള്‍ക്കുന്നത് ശ്രദ്ധയോടെ ചിന്തിക്കുക. നിങ്ങള്‍ കൊടുക്കുമ്പോലെ ദൈവം നിങ്ങള്‍ക്കും നല്‍കും പക്ഷേ നിങ്ങള്‍ കൊടുക്കുന്നതിലധികമാവും ദൈവം നിങ്ങള്‍ക്കു തരിക.

[25] ഉളളവനു കൂടുതല്‍ കിട്ടും. ഇല്ലാത്തവനില്‍ നിന്ന് ഉള്ളതു കൂടി നഷ്ടമാവും.”

[26] യേശു പറഞ്ഞു, “ദൈവരാജ്യം മണ്ണില്‍ വിത്തു വിതയ്ക്കുന്നവനെപ്പോലെയാണ്.

[27] വിത്തു മുളച്ചു തുടങ്ങുന്നു. രാപകല്‍ അതു വളരുന്നു. വിതച്ചവന്‍ ഉറക്കത്തിലായാലും ഉണര്‍ന്നിരിക്കുമ്പോഴായാലും, വിത്തിന്‍റെ വളര്‍ച്ചയെപ്പറ്റി അവനു ഒന്നും അറിയുകയില്ലെങ്കിലും അതു വളര്‍ന്നു കൊണ്ടെയിരിക്കുന്നു.

[28] ഒരു സഹായവുമില്ലാതെ മണ്ണു വിളവുണ്ടാക്കുന്നു. ആദ്യം ചെടി വളരുന്നു, പിന്നെ കതിര്, അവസാനം ധാന്യമാവും.

[29] ധാന്യം പാകമാവുമ്പോള്‍ കൃഷിക്കാരന്‍ കൊയ്തെടുക്കുന്നു. അതാണ് കൊയ്ത്തു കാലം.”

[30] “ദൈവരാജ്യത്തെ ഞാനെന്തിനോടാണ് ഉപമിക്കുക? ഇതു വിശദീകരിക്കാന്‍ ഞാനെന്തു കഥ ഉപയോഗിക്കും?

[31] ദൈവരാജ്യം ഒരു കടുകുമണിപോലെയാണ്. മണ്ണിലുണ്ടാകുന്ന മറ്റേതു വിത്തുകളേക്കാളും ചെറുതാണത്.

[32] പക്ഷേ ഈ വിത്ത് വിതയ്ക്കുമ്പോള്‍ അതു വളര്‍ന്ന് നിങ്ങളുടെ തോട്ടത്തിലെ ഏറ്റവും വലിയ ചെടിയായിത്തീരും. അതില്‍ വലിയ ശാഖകള്‍ രൂപം കൊള്ളും പക്ഷികള്‍ അവയില്‍ കൂടുകൂട്ടി സൂര്യതാപത്തില്‍ നിന്നു രക്ഷപെടും.”

[33] ഇപ്രകാരമുള്ള അനേകം കഥകളിലൂടെ യേശു അവരെ പഠിപ്പിച്ചു. അവര്‍ക്കു മനസ്സിലാകുന്നിടത്തോളം കാര്യങ്ങള്‍ അവന്‍ പഠിപ്പിച്ചു.

[34] അവന്‍ പഠിപ്പിക്കാന്‍ എല്ലായ്പ്പോഴും കഥകളുപയോഗിച്ചു. യേശുവും ശിഷ്യന്മാരും മാത്രമായപ്പോള്‍ യേശു അവര്‍ക്ക് എല്ലാം വിശദീകരിച്ചു കൊടുത്തു.

[35] ആ ദിവസം വൈകുന്നേരം യേശു ശിഷ്യന്മാരോടു പറഞ്ഞു, “എന്നോടൊപ്പം മറുകരയിലേക്കു വരൂ.”

[36] യേശുവും ശിഷ്യന്മാരും ജനങ്ങളെ വിട്ടുപോയി. യേശു ഇരുന്നിരുന്ന അതേ വഞ്ചിയിലാണവര്‍ മറുകരയിലേക്കു പോയത്. മറ്റു വഞ്ചികളും ഒപ്പമുണ്ടായിരുന്നു.

[37] ഒരു കൊടുങ്കാറ്റ് അപ്പോഴുണ്ടായി. തിരമാലകള്‍ ആഞ്ഞടിച്ചു. വള്ളം നിറയെ വെള്ളം കയറി.

[38] യേശു ഒരു തലയിണയില്‍ തലവെച്ച് വള്ളത്തില്‍ ഉറങ്ങുകയായിരുന്നു. ശിഷ്യന്മാര്‍ അവനെ വിളിച്ചുണര്‍ത്തി. അവര്‍ പറഞ്ഞു, “ഗുരോ, അങ്ങിതു കാണുന്നില്ലേ? നമ്മള്‍ മുങ്ങാറായി.”

[39] യേശു എഴുന്നേറ്റ് കാറ്റിനോടും തിരമാലകളോടും അടങ്ങാന്‍ ആജ്ഞാപിച്ചു. യേശു പറഞ്ഞു, “അടങ്ങൂ! നിശ്ചലമാകൂ!” കാറ്റടങ്ങി ശാന്തത ഉളവായി.

[40] യേശു ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങളെന്തിനാണ് ഭയന്നത്? നിങ്ങള്‍ക്കിപ്പോഴും വിശ്വാസമില്ലേ?”

[41] ശിഷ്യന്മാര്‍ ഭയചകിതരായി പരസ്പരം ചോദിച്ചു, “ആരാണിവന്‍? കാറ്റും കടലും പോലും ഇവനെ അനുസരിക്കുന്നല്ലോ?”

മര്‍ക്കൊസ് — Chapters