Skip to content
Opens in a new window
Listen to this chapter • 5:54

[1] ഏതാനും ദിവസങ്ങള്‍ക്കു ശേഷം യേശു കഫര്‍ന്നഹൂമില്‍ മടങ്ങിയെത്തി. യേശു തിരിച്ചെത്തിയ വാര്‍ത്ത പരന്നു.

[2] അനേകംപേര്‍ യേശുവിന്‍റെ പ്രസംഗം കേള്‍ക്കാന്‍ തടിച്ചുകൂടി. വീടുനിറഞ്ഞു. നില്‍ക്കാന്‍പോലും ഇടമില്ലാതെയായി. വീടിനുപുറത്തും ഇതുതന്നെയായിരുന്നു സ്ഥിതി. യേശു അവരെ ഉപദേശിക്കുകയായിരുന്നു.

[3] ചിലര്‍ ഒരു തളര്‍വ്വാത രോഗിയെ യേശുവിന്നടുത്തേക്കു കൊണ്ടുവന്നു. നാലുപേര്‍ ചേര്‍ന്നാണയാളെ ചുമന്നുകൊണ്ടുവന്നത്.

[4] വീട്ടില്‍ നിറച്ചാളായിരുന്നതിനാല്‍ അവര്‍ക്കയാളെ യേശുവിന്‍റെ അടുത്തെത്തിക്കാനായില്ല. അതിനാലവര്‍ വീടിന്‍റെ മേല്‍ക്കൂരയില്‍ യേശു ഇരിക്കുന്നതിനു മുകളിലായി ഒരു ദ്വാരമുണ്ടാക്കി. അതിലൂടെ രോഗിയെ കിടത്തിയ കട്ടില്‍ താഴോട്ടിറക്കി.

[5] അവര്‍ക്കു വളരെ വിശ്വാസമുള്ളതായി യേശു അറിഞ്ഞു. അതിനാലവന്‍ പക്ഷപാത രോഗിയോടു പറഞ്ഞു, “യുവാവേ, നിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു.”

[6] ഏതാനും ശാസ്ത്രിമാര്‍ അവിടെയുണ്ടായിരുന്നു യേശുവിന്‍റെ പ്രവൃത്തി കണ്ട് അവര്‍ സ്വയം പറഞ്ഞു,

[7] “എന്തിനാണ് ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെ പറയുന്നത്? അവന്‍ ദൈവത്തിനു നിരക്കാത്ത കാര്യങ്ങള്‍ പറയുന്നു. ദൈവത്തിനു മാത്രമേ പാപങ്ങള്‍ പൊറുക്കാനാവൂ.”

[8] ശാസ്ത്രിമാര്‍ തന്നെപ്പറ്റി ഇങ്ങനെയൊക്കെ കരുതുന്നുണ്ടാവുമെന്ന് യേശുവിനറിയാമായിരുന്നു. അതിനാലവന്‍ അവരോടു പറഞ്ഞു, “നിങ്ങളെന്താണിങ്ങനെ കരുതുന്നത്?

[9] ഈ തളര്‍വ്വാത രോഗിയോട്, ‘നിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു’ എന്നോ, ‘എഴുന്നേറ്റു കട്ടിലുമായി നടന്നു പോകൂ’ എന്നോ, ഏതാണു പറയാന്‍ കൂടുതലെളുപ്പം?

[10] പക്ഷേ ഭൂമിയില്‍ പാപങ്ങള്‍ പൊറുക്കാന്‍ മനുഷ്യ പുത്രന് അധികാരമുണ്ടെന്ന് ഞാന്‍ തെളിയിക്കാം.” അതിനാല്‍ യേശു അയാളോടു പറഞ്ഞു,

[11] “ഞാന്‍ നിന്നോടു പറയുന്നു. എഴുന്നേറ്റു നിന്ന്, നിന്‍റെ കട്ടിലുമെടുത്ത് വീട്ടില്‍ പോകുക.”

[12] തളര്‍വ്വാതക്കാരന്‍ എഴുന്നേറ്റു നിന്നു. അയാള്‍ കട്ടിലുമെടുത്ത് മുറിക്ക് പുറത്തേക്കു നടന്നു. എല്ലാവര്‍ക്കും അതു കാണാമായിരുന്നു. ജനങ്ങള്‍ അത്ഭുതപ്പെട്ട് ദൈവത്തെ പുകഴ്ത്തി. അവര്‍ പറഞ്ഞു, “ഞങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍വച്ച് ഏറ്റവും അത്ഭുതകരമായ ദൃശ്യം.”

[13] യേശു വീണ്ടും കടല്‍ക്കരയിലേക്കു പോയി. അനേകംപേര്‍ അവനെ പിന്തുടര്‍ന്നു. യേശു അവരെ ഉപദേശിച്ചു.

[14] യേശു കടല്‍ക്കരയിലൂടെ നടക്കവേ അല്‍ഫായിയുടെ മകനും ചുങ്കപ്പിരിവുകാരനുമായ ലേവിയെ കണ്ടു. ലേവി നികുതി പിരിവു കാര്യാലയത്തില്‍ ഇരിക്കുകയായിരുന്നു. യേശു അവനോടു പറഞ്ഞു, “എന്നെ പിന്തുടരുക.” അപ്പോള്‍ ലേവി എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു.

[15] അന്ന് വൈകിട്ട് യേശു ലേവിയുടെ വീട്ടില്‍നിന്ന് ആഹാരം കഴിച്ചു. അവിടെ അനേകം നികുതി പിരിവുകാരും മറ്റു ചില ദുഷിച്ച മനുഷ്യരും യേശുവിനോടും ശിഷ്യന്മാരോടുമൊപ്പം ആഹാരം കഴിക്കുന്നുണ്ടായിരുന്നു. അവരിലധികം പേരും യേശുവിനെ അനുഗമിച്ചിരുന്നവരായിരുന്നു.

[16] ശാസ്ത്രിമാര്‍ യേശു പാപികളോടും കരം പിരിവു കാരോടും ഒപ്പം ആഹാരം കഴിക്കുന്നതു കണ്ടു. അവര്‍ യേശുവിന്‍റെ ശിഷ്യന്മാരോടു ചോദിച്ചു, “എന്താണവന്‍ പാപികളോടും ചുങ്കം പിരിക്കുന്നവരോടും ഒത്ത് ആഹാരം കഴിക്കുന്നത്?”

[17] ഇതു കേട്ട യേശു അവരോടു പറഞ്ഞു, “ആരോഗ്യമുള്ളവര്‍ക്ക് വൈദ്യനെ ആവശ്യമില്ല. രോഗികള്‍ക്കാണു വൈദ്യനെ വേണ്ടത്. ഞാന്‍ നല്ലവരെ വിളിക്കാനല്ല വന്നത്. പാപികളെ വിളിക്കാനാണ്.”

[18] യോഹന്നാന്‍റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്കുകയായിരുന്നു. ചിലര്‍ യേശുവിനോടു ചോദിച്ചു, “യോഹന്നാന്‍റെയും പരീശരുടെയും ശിഷ്യന്മാര്‍ ഉപവസിക്കുന്നു. നിന്‍റെ ശിഷ്യന്മാരെന്തേ ഉപവസിക്കുന്നില്ല?”

[19] യേശു മറുപടി പറഞ്ഞു, “വിവാഹവേളയില്‍ മണവാളന്‍ കൂടെയുള്ളപ്പോള്‍ അവന്‍റെ സുഹൃത്തുക്കള്‍ക്കു ദുഃഖമില്ല. അവനുള്ളപ്പോള്‍ അവര്‍ക്ക് ഉപവസിക്കുവാന്‍ കഴിയുകയില്ല.

[20] പക്ഷേ മണവാളന്‍ അവരെ വേര്‍പിരിയുന്ന ഘട്ടം വരും. അപ്പോള്‍ സുഹൃത്തുക്കള്‍ ദുഃഖിതരാകും. അപ്പോഴവര്‍ ഉപവസിക്കും.

[21] “പഴകിയ വസ്ത്രത്തിലെ ദ്വാരം തയ്ച്ച് അടയ്ക്കുന്ന ഒരുവന്‍ ഒരിക്കലും പുതിയ തുണിക്കഷണത്തിന്‍റെ തുണ്ട് ഉപയോഗിക്കുന്നില്ല. അഥവാ അവനങ്ങനെ ചെയ്താല്‍ കൂട്ടിത്തയ്ച്ചത് ചുരുങ്ങി പഴയ വസ്ത്രത്തില്‍നിന്നു വിടും. അതോടെ ദ്വാരത്തിന്‍റെ ഗതി കഷ്ടമാകും.

[22] ആരും പുതിയവീഞ്ഞ് പഴയ തോല്‍സഞ്ചിയിലെടുക്കാറില്ല. എന്തുകൊണ്ട്? പുതിയവീഞ്ഞ് സഞ്ചിയെ കീറും, വീഞ്ഞും സഞ്ചിയും നഷ്ടമാകും. ആളുകളെപ്പോഴും പുതിയവീഞ്ഞ് പുതിയ സഞ്ചിയില്‍ തന്നെ ഒഴിക്കുന്നു.”

[23] ഒരു ശബ്ബത്തു ദിവസം യേശു ധാന്യ വയലുകളിലൂടെ നടക്കുകയായിരുന്നു. അവന്‍റെ ശിഷ്യന്മാരും അവനോടൊപ്പം നടക്കുകയായിരുന്നു. ശിഷ്യന്മാര്‍ തിന്നുന്നതിനു കുറച്ചു ധാന്യമെടുത്തു.

[24] അതുകണ്ട പരീശന്മാര്‍ യേശുവിനോടു പറഞ്ഞു, “നിന്‍റെ ശിഷ്യന്മാര്‍ എന്താണിങ്ങനെയൊക്കെ ചെയ്യുന്നത്? ശബ്ബത്തു ദിവസം അതു ചെയ്തത് യെഹൂദ നിയമത്തിനെതിരാണ്.”

[25] യേശു മറുപടി പറഞ്ഞു, “വിശന്നു വലഞ്ഞപ്പോള്‍ ദാവീദും അവന്‍റെ ആള്‍ക്കാരും എന്താണു ചെയ്തതെന്ന് നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലേ?

[26] അബ്യാഥാര്‍ മഹാപുരോഹിതനായിരുന്ന കാലത്തായിരുന്നു അത്. ദാവീദ് ദൈവാലയത്തില്‍ കടന്നു ചെന്ന് ദൈവത്തിനു വഴിപാടു നല്‍കിയ അപ്പം എടുത്തു തിന്നു. എന്നാല്‍ പുരോഹിതര്‍ക്കു മാത്രമേ ആ അപ്പം തിന്നാവൂ എന്ന് മോശെയുടെ ന്യായ പ്രമാണത്തില്‍ പറയുന്നുമുണ്ട്. ദാവീദാകട്ടെ തന്‍റെ ആളുകള്‍ക്കുകൂടി ആ അപ്പം നല്‍കി.”

[27] അനന്തരം യേശു പരീശന്മാരോടു പറഞ്ഞു, “ശബ്ബത്തു ദിവസം ജനങ്ങളുടെ നന്മയ്ക്കായാണ്. എന്നാല്‍ ജനങ്ങള്‍ ശബ്ബത്തിനാല്‍ നിയന്ത്രിക്കപ്പെടേണ്ടതില്ല.

[28] അതിനാല്‍ മനുഷ്യപുത്രന്‍ ശബ്ബത്തിന്‍റെയും കര്‍ത്താവാണ്.”

മര്‍ക്കൊസ് — Chapters