[1] യെരൂശലേമില്‍നിന്നും ഏതാനും പരീശന്മാരും ശാസ്ത്രിമാരും അവിടെയെത്തി. അവര്‍ യേശുവിനു ചുറ്റുംകൂടി.
[2] യേശുവിന്‍റെ ശിഷ്യന്മാരില്‍ ചിലര്‍ സാധാരണമട്ടില്‍ കഴുകാത്ത അവരുടെ കൈകള്‍കൊണ്ട് ആഹാരം കഴിക്കുന്നതവര്‍ കണ്ടു. (“അശുദ്ധമായ” കരങ്ങളെന്നാല്‍ പരീശന്മാര്‍ പറഞ്ഞിരിക്കുന്നതു പോലെ കൈ കഴുകാത്തവര്‍ എന്നര്‍ത്ഥം)
[3] ഇങ്ങനെ പ്രത്യേക രീതിയില്‍ കൈ കഴുകാതെ പരീശന്മാരും യെഹൂദന്മാരും ആഹാരം കഴിക്കാറില്ല. അവര്‍ക്കു മുമ്പു ജീവിച്ചിരുന്ന മഹാന്മാര്‍ പഠിപ്പിച്ചതനുസരിച്ചാണ് അവരിതു ചെയ്യുന്നത്.
[4] ചന്തയില്‍നിന്നു വാങ്ങിയതെന്തും അവര്‍ ഒരു നിശ്ചിതരീതിയില്‍ കഴുകിയേ ഭക്ഷിക്കൂ. പൂര്‍വ്വികരുടെ മറ്റു ചില ചട്ടങ്ങളും അവര്‍ പിന്തുടരുന്നു. ചഷകങ്ങളും, ഓട്ടുപാത്രങ്ങളും, കുടങ്ങളുമെല്ലാം കഴുകുന്ന ചട്ടങ്ങളും അവര്‍ പാലിക്കുന്നു.
[5] പരീശന്മാരും ശാസ്ത്രിമാരും യേശുവിനോടു ചോദിച്ചു, “നിന്‍റെ ശിഷ്യന്മാരെന്താണ് പൂര്‍വ്വികരുടെ ചട്ടങ്ങള്‍ ഉള്‍ക്കൊള്ളാത്തത്? അശുദ്ധമായ കൈകള്‍കൊണ്ടവര്‍ ഭക്ഷിക്കുന്നു. എന്താണിത്?”
[6] യേശു മറുപടി പറഞ്ഞു, “നിങ്ങള്‍ കപടഭക്തിക്കാരാണ്. നിങ്ങളെപ്പറ്റി യെശയ്യാവ് പറഞ്ഞതത്രെ സത്യം. അദ്ദേഹം ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ: ‘ഈ ജനം എന്നെ ബഹുമാനിക്കുന്നെന്നു പറയുന്നു. എന്നാല്‍ അവര്‍ എന്നെ അവരുടെ ജീവിതത്തിന്‍റെ ഭാഗമാക്കുന്നില്ല.
[7] അവര്‍ എന്നെ ആരാധിക്കുന്നത് നിഷ്ഫലമായിട്ടാണ്. എന്തെന്നാല്‍ മനുഷ്യരുടെ ചട്ടങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിക്കുന്നു.’
[8] നിങ്ങള്‍ ദൈവ കല്പന ഉപേക്ഷിച്ച് മനുഷ്യരുടെ ഉപദേശം പിന്തുടരുന്നു.”
[9] അനന്തരം യേശു അവരോടു പറഞ്ഞു, “നിങ്ങള്‍ സമര്‍ത്ഥരാണെന്ന് നിങ്ങള്‍ കരുതുന്നു. നിങ്ങളുടെ തന്നെ ചട്ടങ്ങള്‍ മതിയെന്ന ധാരണയില്‍ നിങ്ങള്‍ ദൈവകല്പന അവഗണിക്കുന്നു.
[10] മോശെ പറഞ്ഞു, “നീ നിന്‍റെ അപ്പനമ്മമാരെ ബഹുമാനിക്കണം. പിതാവിനെയോ മാതാവിനെയോ ദുഷിക്കുന്നവന്‍ മരണയോഗ്യനാണ്.
[11] എന്നാല്‍ നിങ്ങള്‍ പഠിപ്പിക്കുന്നത്, ‘ഒരാള്‍ തന്‍റെ അപ്പനോടോ അമ്മയോടോ നിങ്ങള്‍ക്കുപയോഗപ്രദമാകുന്ന ചില കാര്യങ്ങള്‍ എന്‍റെ പക്കലുണ്ടെങ്കിലും ഞാനതു ചെയ്യില്ല. ഞാനത് ദൈവത്തിനു നല്‍കും’ എന്ന് പറയാനാണ്.
[12] അപ്പനമ്മമാര്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ നിങ്ങള്‍ അവനെ സമ്മതിക്കില്ല.
[13] ദൈവവചനമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടതിനു പ്രാധാന്യമില്ലെന്നു നിങ്ങള്‍ പഠിപ്പിക്കുന്നു. നിങ്ങളുണ്ടാക്കുന്ന ചട്ടങ്ങളനുസരിക്കുന്നത് പ്രധാനമെന്നാണു നിങ്ങള്‍ കരുതുന്നത്. അതുപോലെ പലതും നിങ്ങള്‍ ചെയ്യുന്നു.”
[14] ആള്‍ക്കാരെ വീണ്ടും വിളിച്ചുവരുത്തി അവന്‍ പറഞ്ഞു, “എല്ലാവരും എന്നെ ശ്രദ്ധിക്കുകയും ഞാന്‍ പറയുന്നതു കേള്‍ക്കുകയും വേണം.
[15] ഒരുവന്‍റെ ഉള്ളില്‍ കടന്നുചെന്ന് അശുദ്ധമാക്കാന്‍ ഒന്നിനും കഴിയില്ല. അവനില്‍നിന്നും വരുന്നവയാണവനെ അശുദ്ധമാക്കുന്നത്.”
[16] (കാതുള്ളവര്‍ കേള്‍ക്കട്ടെ)
[17] അനന്തരം ജനങ്ങളെ വിട്ട് യേശു വീട്ടിനകത്തേക്കു കയറിപ്പോയി. ശിഷ്യന്മാര്‍ ആ ഉപമയെപ്പറ്റി അവനോടു ചോദിച്ചു.
[18] യേശു പറഞ്ഞു, “നിങ്ങള്‍ക്കിനിയും കാര്യങ്ങള്‍ ഭംഗിയായി മനസ്സിലാക്കാന്‍ കഴിയുന്നില്ലേ?
[19] ഭക്ഷണം മനുഷ്യന്‍റെ ഹൃദയത്തിലേക്കു ചെല്ലുന്നില്ല. അതു വയറ്റിലേക്കാണ് പോകുന്നത്. അതു പുറത്തേക്കു പോവുകയും ചെയ്യുന്നുണ്ട്.” (എല്ലാ ഭക്ഷണവും മനുഷ്യനു തിന്നാവുന്നവയാണെന്നവന്‍ പ്രഖ്യാപിച്ചു.)
[20] യേശു പറഞ്ഞു, “ഒരുവനില്‍നിന്നും പുറത്തേക്കു വരുന്നവ അവനെ അശുദ്ധനാക്കുന്നു.
[21] ഉള്ളില്‍ നിന്നാണ്, മനുഷ്യ ഹൃദയത്തില്‍ നിന്നാണ് ദുഷിച്ച ചിന്തകള്‍, ലൈംഗിക പാപങ്ങള്‍, മോഷണം, കൊലപാതകം,
[22] വ്യഭിചാരം, ദുരാഗ്രഹം, ദുഷ്ടത, വഞ്ചന, ഭോഗാസക്തി, അസൂയ, ദൂഷണം, അഹന്ത, ബുദ്ധിശൂന്യമായ ജീവിതം എന്നിവയെല്ലാം പുറപ്പെടുന്നത്.
[23] അതെല്ലാം ഒരുവനെ അശുദ്ധനാക്കുന്നു.”
[24] യേശു അവിടം വിട്ട് സോര്‍ പ്രദേശത്തേക്കു പോയി. അവന്‍ അവിടെയൊരു വീട്ടില്‍ കയറി. അവന്‍ അവിടെയുണ്ടെന്ന് അന്നാട്ടുകാര്‍ അറിയരുതെന്നവര്‍ ആഗ്രഹിച്ചു. പക്ഷേ അവന് ഒളിച്ചിരിക്കാനായില്ല.
[25] യേശു അവിടെയുണ്ടെന്ന് ഒരു സ്ത്രീ കേട്ടറിഞ്ഞു. അവളുടെ കൊച്ചുമകള്‍ക്ക് അശുദ്ധാത്മാവ് ബാധിച്ചിരുന്നു. അതിനാലവള്‍ യേശുവിന്‍റെ അടുത്തെത്തി കാല്‍ക്കല്‍ വീണു നമിച്ചു.
[26] അവള്‍ യെഹൂദാ സ്ത്രീയല്ലായിരുന്നു. സുറൊഫൊയീക്യ ജാതിയിലുള്ള യവനക്കാരിയായിരുന്നു അവള്‍. ഭൂതത്തെ തന്‍റെ മകളുടെ ഉള്ളില്‍നിന്ന് ഓടിക്കണമെന്ന് അവള്‍ യേശുവിനോടു അപേക്ഷിച്ചു.
[27] യേശു ആ സ്ത്രീയോടു പറഞ്ഞു, “മക്കളുടെ ഭക്ഷണം നായ്ക്കള്‍ക്കെറിഞ്ഞു കൊടുക്കുന്നത് ശരിയല്ല. ആദ്യം വേണ്ടതെല്ലാം എടുത്തു ഭക്ഷിക്കാന്‍ മക്കളെ അനുവദിക്കുക.”
[28] സ്ത്രീ പറഞ്ഞു, “കര്‍ത്താവേ, അതുശരി തന്നെ. പക്ഷേ മക്കള്‍ക്കുള്ള ഭക്ഷണത്തിന്‍റെ ശകലങ്ങള്‍ മേശയ്ക്കടിയിലിരുന്ന് നായ്ക്കളും തിന്നാറുണ്ട്.”
[29] അനന്തരം യേശു അവളോടു പറഞ്ഞു, “ഇതൊരു നല്ല മറുപടിയാണ്. നീ പൊയ്ക്കൊള്ളൂ. ഭൂതം നിങ്ങളുടെ മകളെ വിട്ടു പുറത്തു വന്നുകഴിഞ്ഞു.”
[30] അവള്‍ വീട്ടിലേക്കു മടങ്ങി. മകള്‍ കിടക്കയില്‍ കിടക്കുകയായിരുന്നു. ഭൂതം അവളെ വിട്ടൊഴിഞ്ഞിരുന്നു.
[31] അനന്തരം യേശു സോര്‍പ്രദേശം വിട്ട് സീദോനിലേക്കു പോയി. ഗലീലക്കടല്‍ത്തീരത്തേക്കവന്‍ പോയി. ദെക്കപ്പൊലിയിലൂടെയാണവന്‍ പോയത്.
[32] അവിടെ ചിലര്‍ ഒരാളെ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നു. അയാള്‍ ബധിരനും ഊമനുമായിരുന്നു. അയാളെ സ്പര്‍ശിച്ചു സുഖപ്പെടുത്താന്‍ അവര്‍ യേശുവിനോടപേക്ഷിച്ചു.
[33] യേശു അയാളെ ജനക്കൂട്ടത്തില്‍നിന്നും അകലെ മാറ്റി നിര്‍ത്തി. തന്‍റെ കൈവിരലുകള്‍ അയാളുടെ ചെവിയില്‍ കടത്തി. അനന്തരം യേശു തുപ്പി അയാളുടെ നാവില്‍ തൊടുകയും ചെയ്തു.
[34] ആകാശത്തേക്കു നോക്കി യേശു നെടുവീര്‍പ്പിട്ടു. യേശു അയാളോട് പറഞ്ഞു, “എഫഥാ” (അതായത്, “തുറക്കപ്പെടട്ടെ” എന്ന്).
[35] യേശു ഇതു ചെയ്തപ്പോള്‍ അയാള്‍ക്കു കേള്‍ക്കാറായി. അയാളുടെ നാവു സ്വതന്ത്രമാവുകയും അവന് വ്യക്തമായി സംസാരിക്കാന്‍ സാദ്ധ്യമാവുകയും ചെയ്തു.
[36] സംഭവിച്ചതൊന്നും മറ്റാരോടും പറയരുതെന്ന് യേശു അവരോടു കല്പിച്ചു. തന്നെപ്പറ്റി മറ്റാരോടും പറയരുതെന്ന് യേശു എപ്പോഴും ആളുകളോടു കല്പിക്കും. പക്ഷേ അതു കൂടുതല്‍ ആള്‍ക്കാരോടു പറയിക്കാനേ ഉപകരിച്ചുള്ളൂ.
[37] ജനങ്ങള്‍ യഥാര്‍ത്ഥത്തില്‍ അത്ഭുതപ്പെട്ടു. അവര്‍ പറഞ്ഞു, “യേശു എല്ലാം നന്നായി ചെയ്തു. അവന്‍ ബധിരനെ കേള്‍ക്കുമാറാക്കുന്നു. ഊമനെ സംസാരിക്കുമാറാക്കുന്നു.”