Skip to content
Opens in a new window
Listen to this chapter • 5:46

[1] മറ്റൊരിക്കല്‍ യേശു യെഹൂദപ്പള്ളിയിലേക്കു കയറി. അവിടെ ഒരുകൈ തളര്‍ന്ന ഒരാളുണ്ടായിരുന്നു.

[2] ചില യെഹൂദര്‍ യേശു തെറ്റെന്തെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവനെ കുറ്റപ്പെടുത്താനായി കാത്തിരുന്നു. അതിനാലവര്‍ അവനെ സൂഷ്മമായി നിരീക്ഷിച്ചു. ശബ്ബത്തു ദിവസം യേശു അയാളെ സുഖപ്പെടുത്തുമോ എന്നവര്‍ക്ക് അറിയണമായിരുന്നു.

[3] കൈ തളര്‍ന്നവനോടു യേശു പറഞ്ഞു, “എഴുന്നേറ്റു നില്‍ക്കുക. എല്ലാവരും നിന്നെ കാണട്ടെ.”

[4] യേശു അവരോടു ചോദിച്ചു, “ശബ്ബത്തു ദിവസം നന്മ ചെയ്യുന്നതോ, ദോഷം ചെയ്യുന്നതോ ഏതാണു ശരി? ഒരു ജീവന്‍ രക്ഷിക്കുന്നതോ, നശിപ്പിക്കുന്നതോ ശരി?” അതിനു മറുപടിയായി അവരൊന്നും തന്നെ യേശുവിനോടു പറഞ്ഞില്ല.

[5] യേശു എല്ലാവരേയും നോക്കി. അവന്‍ രോഷാകുലനായിരുന്നു. അവരുടെ ഹൃദയ കാഠിന്യത്തില്‍ അവന്‍ ഏറെ ദുഃഖിതനായിരുന്നു. അവന്‍ തളര്‍വ്വാത രോഗിയോടു പറഞ്ഞു, “നിന്‍റെ കൈ നീട്ടൂ.” അയാള്‍ കൈ നീട്ടി; അതോടെ അയാള്‍ സുഖപ്പെട്ടു.

[6] അനന്തരം പരീശന്മാര്‍ അവിടം വിട്ടുപോയി. യേശുവിനെതിരെ ഹെരോദ്യരുമായി കൂടിയാലോചിച്ചു അവനെ എങ്ങനെ വധിക്കണമെന്ന പദ്ധതിക്കു തുടക്കമിട്ടു.

[7] യേശു കടല്‍ക്കരയിലേക്കു പോയി. അനവധി ഗലീലക്കാര്‍ അവനെ പിന്തുടര്‍ന്നു.

[8] യെഹൂദ്യ, യെരൂശലേം, ഏദോം, യോര്‍ദ്ദാന്‍ നദീതടപ്രദേശം, സോരിന്‍റെയും സീദോന്‍റെയും ചുറ്റുവട്ടത്തുള്ള പ്രാന്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും അനേകര്‍ വന്നു. യേശുവിന്‍റെ പ്രവര്‍ത്തികളെപ്പറ്റി കേട്ടിട്ടാണവര്‍ വന്നത്.

[9] യേശു ഒരുപാട് ജനങ്ങളെ കണ്ടു. അതിനാലവന്‍ തന്‍റെ ശിഷ്യന്മാരോട് തനിയ്ക്കായൊരു വഞ്ചി ഒരുക്കുവാന്‍ ആവശ്യപ്പെട്ടു. ആള്‍ക്കൂട്ടത്തില്‍പ്പെട്ടു ഞെരിയുന്നത് ഒഴിവാക്കാനാണവന്‍ വഞ്ചിയാവശ്യപ്പെട്ടത്.

[10] യേശു ഒട്ടനേകംപേരെ സുഖപ്പെടുത്തി. അതിനാല്‍ എല്ലാ രോഗികളും അവനെ സ്പര്‍ശിക്കാനായി തിടുക്കം കൂട്ടി.

[11] ചിലരെ അശുദ്ധാത്മാക്കള്‍ ബാധിച്ചിരുന്നു. അശുദ്ധാത്മാക്കള്‍ യേശുവിനെ കണ്ടപ്പോള്‍ അവനു മുമ്പില്‍ കുനിഞ്ഞ്, “നീ ദൈവപുത്രന്‍” എന്നു വിളിച്ചു പറഞ്ഞു.

[12] എന്നാല്‍ താനാരാണെന്നു വിളിച്ചു പറയരുതെന്ന് യേശു അശുദ്ധാത്മാക്കള്‍ക്കു കര്‍ശന നിര്‍ദ്ദേശം നല്‍കി.

[13] അനന്തരം യേശു മലമുകളിലേക്കു പോയി. ചിലരെ അവന്‍ അടുത്തു വിളിച്ചു. അവനാവശ്യമുള്ള ചിലരായിരുന്നു അവര്‍. അവര്‍ യേശുവിന്‍റെ അടുത്തെത്തി,

[14] യേശു പന്ത്രണ്ടുപേരെ തിരഞ്ഞെടുത്ത് അവരെ അപ്പൊസ്തലന്മാരെന്നു വിളിച്ചു. യേശു അവരോട് തന്നോടൊപ്പം ഉണ്ടായിരിക്കാനും മറ്റിടങ്ങളില്‍ പ്രസംഗിക്കാനും ആവശ്യപ്പെട്ടു.

[15] ഭൂതങ്ങളെ ഒഴിപ്പിക്കാനുള്ള അധികാരം യേശു അവര്‍ക്കു നല്‍കി.

[16] യേശു തിരഞ്ഞെടുത്ത പന്ത്രണ്ടുപേര്‍ ഇവരായിരുന്നു. ശിമോന്‍ (യേശു അവനെ പത്രൊസ് എന്നു വിളിച്ചു),

[17] യാക്കോബ്, യോഹന്നാന്‍ എന്നീ സെബെദിയുടെ പുത്രന്മാര്‍ (യേശു അവരെ “ഇടിമക്കള്‍” എന്നര്‍ത്ഥമുള്ള “ബൊവനേര്‍ഗ്ഗെസ്” എന്നു വിളിച്ചു.)

[18] അന്ത്രെയാസ്, ഫീലിപ്പൊസ്, ബര്‍ത്തൊലോമായി, മത്തായി, തോമാസ്, അല്‍ഫായിയുടെ പുത്രന്‍ യാക്കോബ്, തദ്ദായി, എരിവുകാരനായ ശിമോന്‍

[19] യൂദാ ഈസ്കാര്യോത്ത്. യൂദായാണ് യേശുവിനെ ശത്രുക്കള്‍ക്ക് വിശ്വാസ വഞ്ചനയിലൂടെ ഒറ്റിക്കൊടുത്തത്.

[20] അനന്തരം യേശു വീട്ടിലേക്കു പോയി. പക്ഷേ വീണ്ടും അനേകംപേര്‍ അവിടെ തടിച്ചുകൂടി. ഒട്ടേറെപ്പേരുണ്ടായിരുന്നതിനാല്‍ യേശുവിനും ശിഷ്യന്മാര്‍ക്കും ഭക്ഷണം കഴിക്കാന്‍പോലും കഴിഞ്ഞില്ല.

[21] യേശുവിന്‍റെ വീട്ടുകാര്‍ ഇതെല്ലാമറിഞ്ഞു. അവര്‍ക്കവനെ പിടിച്ചുകൊണ്ടുപോകണം. എന്തെന്നാല്‍ അവര്‍ പറയുന്നു, അവന് സമനില തെറ്റിയെന്ന്.

[22] യെരൂശലേമില്‍നിന്നും വന്ന ശാസ്ത്രിമാര്‍ പറഞ്ഞു, “ബെയെത്സെബൂല്‍ എന്ന പിശാച് ഇവനെ ബാധിച്ചിരിക്കുന്നു. മനുഷ്യരില്‍നിന്നും ഭൂതങ്ങളെ ഒഴിപ്പിക്കാന്‍ അവന്‍ ബെയെത്സെബൂലിന്‍റെ ശക്തി ഉപയോഗിക്കുന്നു.”

[23] യേശു ജനങ്ങളെ സാരോപദേശങ്ങളിലൂടെ പഠിപ്പിച്ചു തുടങ്ങി. അവന്‍ പറഞ്ഞു, “സാത്താനെ പുറത്തേക്കോടിക്കാന്‍ എങ്ങനെ സാത്താനു തന്നെ കഴിയും?

[24] അന്തച്ഛിദ്രമുള്ള രാജ്യം നിലനില്‍ക്കില്ല.

[25] അന്തച്ഛിദ്രമുള്ള കുടുംബവും നിലനില്‍ക്കില്ല.

[26] സാത്താന്‍ അവനുതന്നെ എതിരാവുകയും സ്വന്തം ആളുകള്‍ക്കെതിരെ പൊരുതുകയും ചെയ്താല്‍ അവനു നിലനില്‍ക്കാനാവില്ല. അവന്‍റെ അന്ത്യം വരികയും ചെയ്യും.

[27] “ശക്തനായ ഒരാളുടെ വീട്ടില്‍ കയറി മോഷ്ടിക്കണമെങ്കില്‍ അയാളെ ആദ്യം കെട്ടിയിട്ടേ പറ്റൂ. എന്നിട്ടവിടെനിന്നും എന്തും മോഷ്ടിക്കാം.

[28] “ഞാന്‍ നിങ്ങളോട് സത്യം പറയാം. ആളുകള്‍ ചെയ്യുന്ന എല്ലാ പാപങ്ങളും പൊറുക്കപ്പെടാം. അവന്‍ പറയുന്ന ദൈവ ദോഷങ്ങളും പൊറുക്കപ്പെടാം.

[29] എന്നാല്‍ പരിശുദ്ധാത്മാവിനെ അധിക്ഷേപിക്കുന്നവന്‍ (നിരാകരിക്കുന്നവന്‍) ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല. അവന്‍ എക്കാലവും ആ പാപത്തിന്‍റെ തെറ്റുകാരനാകും.”

[30] അവനില്‍ അശുദ്ധാത്മാവ് വസിക്കുന്നെന്ന് ശാസ്ത്രിമാര്‍ ആരോപിച്ചതുകൊണ്ടാണ് അവന്‍ ഇതു പറഞ്ഞത്.

[31] അനന്തരം യേശുവിന്‍റെ അമ്മയും സഹോദരന്മാരുമെത്തി. അവര്‍ പുറത്തു നിന്നിട്ട് ഒരാളെ അയച്ച് അവനോടു പുറത്തുവരാന്‍ പറഞ്ഞു,

[32] യേശുവിനു ചുറ്റും ഒരുപാടുപേര്‍ ഇരിക്കുന്നുണ്ടായിരുന്നു. അവര്‍ അവനോടു പറഞ്ഞു, “നിന്‍റെ അമ്മയും സഹോദരന്മാരും വന്നിട്ടുണ്ട്. അവര്‍ പുറത്ത് നിന്നെ കാത്തിരിക്കുന്നു.”

[33] യേശു ചോദിച്ചു, “ആരാണ് എന്‍റെ അമ്മ? ആരാണ് സഹോദരന്മാര്‍?”

[34] അനന്തരം യേശു തനിക്കു ചുറ്റുമുള്ളവരെ നോക്കി. അവന്‍ പറഞ്ഞു, “ഇവരാണെന്‍റെ അമ്മയും എന്‍റെ സഹോദരന്മാരും.

[35] എന്‍റെ യഥാര്‍ത്ഥ സഹോദരനും സഹോദരിയും അമ്മയും ദൈവത്തിനു വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യുന്നവരാണ്.”

മര്‍ക്കൊസ് — Chapters