Skip to content
Opens in a new window
Listen to this chapter • 13:40

[1] പെസഹയ്ക്കും പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളിനും ഇനി രണ്ടു ദിവസമേയുള്ളൂ. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ ചതിച്ചു ബന്ധിക്കാന്‍ ഒരു വഴി ആലോചിക്കുകയായിരുന്നു. എന്നിട്ട് അവര്‍ക്ക് അവനെ വധിക്കണം.

[2] അവര്‍ പറഞ്ഞു, “പക്ഷേ പെരുന്നാള്‍ ദിവസങ്ങളില്‍ അതു പാടില്ല. ജനങ്ങള്‍ രോഷാകുലരാകും. അതു കലാപം ഉണ്ടാക്കും.”

[3] യേശു ബേഥാന്യയിലായിരുന്നു. അവിടെ അവന്‍ ശിമോന്‍ എന്ന കുഷ്ഠരോഗിയോടൊപ്പം അയാളുടെ വീട്ടില്‍ ആഹാരം കഴിക്കുകയായിരുന്നു. അവര്‍ അവിടെയായിരുന്നപ്പോള്‍ ഒരു സ്ത്രീ അവനെ സമീപിച്ചു. അവളുടെ കൈയില്‍ വളരെ വിലയേറിയ സുഗന്ധതൈലം നിറച്ച വെണ്‍കല്‍ഭരണി ഉണ്ടായിരുന്നു. ശുദ്ധമായ നാര്‍ദ്ദീനില്‍ നിന്ന് ഉണ്ടാക്കിയതായിരുന്നു ആ തൈലം. അവള്‍ ഭരണി തുറന്ന് തൈലം യേശുവിന്‍റെ തലയില്‍ ഒഴിച്ചു.

[4] ശിഷ്യന്മാരില്‍ ചിലര്‍ അതു കണ്ടു. അവര്‍ നീരസത്തോടെ പരസ്പരം പറഞ്ഞു, “എന്തിന് ഈ തൈലം അവള്‍ പാഴാക്കി?

[5] ഒരു വര്‍ഷത്തെ അദ്ധ്വാനത്തിന്‍റെ വിലയുണ്ടതിന്. അതു വിറ്റ് ആ പണം പാവങ്ങള്‍ക്കു കൊടുക്കാമായിരുന്നു.” അവര്‍ ആ സ്ത്രീയെ ശക്തമായി വിമര്‍ശിച്ചു.

[6] യേശു പറഞ്ഞു, “അവളെ വെറുതെ വിടൂ, നിങ്ങളെന്തിനാണവളെ വിഷമിപ്പിക്കുന്നത്. അവള്‍ എനിക്കായൊരു നല്ല കാര്യമാണ് ചെയ്തത്.

[7] ദരിദ്രര്‍ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും. നിങ്ങള്‍ക്കെപ്പോള്‍ വേണമെങ്കിലും അവരെ സഹായിക്കാം. പക്ഷേ നിങ്ങള്‍ക്കെന്നെ എപ്പോഴും കിട്ടിയെന്നു വരില്ല.

[8] ഈ സ്ത്രീയാകട്ടെ എനിക്കായി അവളെക്കൊണ്ടു ചെയ്യാവുന്നതേ ചെയ്തുള്ളൂ. അവള്‍ എന്‍റെ മേല്‍ സുഗന്ധം പൂശി. എന്‍റെ ശവസംസ്കാരത്തിനുള്ള തയ്യാറെടുപ്പിനായിട്ടാണ് അവളിതു ചെയ്തത്.

[9] ഞാന്‍ നിങ്ങളോടു സത്യമായും പറയുന്നു. സുവിശേഷം ലോകം മുഴുവനും പ്രചരിപ്പിക്കപ്പെടുകവഴി ജനങ്ങള്‍ അവളെ ഓര്‍ക്കും. അവിടെയെല്ലാം ഈ സ്ത്രീയുടെ പ്രവൃത്തിയും പ്രസ്താവിക്കപ്പെടും.”

[10] അപ്പോള്‍ പന്ത്രണ്ട് അപ്പൊസ്തലന്മാരിലൊരാള്‍ മഹാപുരോഹിതന്മാരുമായി സംസാരിക്കാന്‍ പോയി. അതു ഈസ്കര്യോത്താവായ യൂദാ ആയിരുന്നു. അയാള്‍ യേശുവിനെ അവര്‍ക്കു ഒറ്റിക്കൊടുക്കാനാണു പോയത്.

[11] മഹാപുരോഹിതര്‍ ഇതില്‍ അതീവ സന്തുഷ്ടരായി. അവര്‍ യൂദായ്ക്കു പ്രതിഫലം വാഗ്ദാനം ചെയ്തു. അതിനാല്‍ യൂദാ യേശുവിനെ ഒറ്റിക്കൊടുക്കാന്‍ പറ്റിയ ഏറ്റവും നല്ല അവസരം പാര്‍ത്തിരുന്നു.

[12] അന്ന് പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുനാളിന്‍റെ ഒന്നാം ദിവസമായിരുന്നു. പെസഹാ കുഞ്ഞാടിനെ യെഹൂദര്‍ യാഗമര്‍പ്പിക്കുന്ന ദിവസവുമായിരുന്നു അത്. ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു പറഞ്ഞു, “ഞങ്ങള്‍ പോയി നിനക്കായി പെസഹാ ഭക്ഷണം ഒരുക്കട്ടെ. എവിടെയാണു ഞങ്ങളൊരുക്കേണ്ടത്?”

[13] യേശു തന്‍റെ ശിഷ്യന്മാരില്‍ രണ്ടു പേരെ നഗരത്തിലേക്കയച്ചു. യേശു അവരോടു പറഞ്ഞു, “നഗരത്തിലേക്കു പോകൂ, അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് നില്‍ക്കുന്ന ഒരാളെ കാണാം. അയാള്‍ നിങ്ങളെ സമീപിക്കും. അയാളെ പിന്തുടരുക.

[14] അയാള്‍ ഒരു വീട്ടിലേക്കു കയറും. വീട്ടുടമയോട് നിങ്ങള്‍ ഇങ്ങനെ പറയണം, “അവനും ശിഷ്യന്മാര്‍ക്കും പെസഹ ഭക്ഷിക്കാനുള്ള മുറി ഏതാണെന്നു ഗുരു ചോദിക്കുന്നു.

[15] അയാള്‍ മുകളിലത്തെ നിലയില്‍ ഒരുക്കി വച്ച വലിയ ഒരു മുറി കാട്ടിത്തരും. അവിടെ നമുക്കായി ആഹാരം ഒരുക്കുക.”

[16] ശിഷ്യന്മാര്‍ നഗരത്തിലേക്കു പോയി. യേശു പറഞ്ഞതു പോലെയെല്ലാം സംഭവിച്ചു. ശിഷ്യന്മാര്‍ പെസഹ തയ്യാറാക്കി.

[17] വൈകുന്നേരം അവന്‍ പന്ത്രണ്ട് ശിഷ്യന്മാരോടുമൊത്ത് ആ വീട്ടിലേക്കു പോയി.

[18] ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യേശു പറഞ്ഞു, “സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു നിങ്ങളിലൊരാള്‍ എന്നെ ഒറ്റിക്കൊടുക്കും, എന്നോടൊത്ത് ഭക്ഷണം കഴിക്കുന്ന ഒരാള്‍.”

[19] ശിഷ്യന്മാര്‍ക്കു സങ്കടമായി. ഓരോരുത്തരും യേശുവിനോടു ചോദിച്ചു, “അതു ഞാനാണോ? തീര്‍ച്ചയായും അതു ഞാനല്ല.”

[20] യേശു പറഞ്ഞു, “നിങ്ങള്‍ പന്ത്രണ്ടു പേരിലൊരാളായിരിക്കും. എന്നോടൊപ്പം ഈ പാത്രത്തില്‍ അപ്പം മുക്കുന്നവന്‍.

[21] മനുഷ്യ പുത്രന്‍ മരിക്കാന്‍ പോകുകയാണ്. തിരുവെഴുത്തില്‍ അങ്ങനെ സംഭവിക്കുമെന്ന് പറയുന്നുണ്ട്. പക്ഷെ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവനു ദുരിതം. അവനെ സംബന്ധിച്ചിടത്തോളം ആ മനുഷ്യന്‍ ജനിക്കാതിരിക്കുന്നതായിരുന്നു നല്ലത്.”

[22] അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കവേ, യേശു കുറച്ച് അപ്പമെടുത്തു. അവന്‍ അപ്പം തന്നതിന് ദൈവത്തോടു നന്ദി പറഞ്ഞ് അതു വീതിച്ച് ശിഷ്യന്മാര്‍ക്കു നല്‍കി. യേശു പറഞ്ഞു, “ഇതാ, ഈ അപ്പം ഭക്ഷിച്ചുകൊള്ളൂ. ഇതെന്‍റെ ശരീരമാണ്.”

[23] എന്നിട്ട് യേശു ഒരു പാനപാത്രം വീഞ്ഞെടുത്തു. ദൈവത്തിനു നന്ദി പറഞ്ഞ് അതും ശിഷ്യന്മാര്‍ക്കു നല്‍കി. എല്ലാ ശിഷ്യന്മാരും ആ പാനപാത്രത്തില്‍നിന്നു കുടിച്ചു.

[24] യേശു പറഞ്ഞു, “ഇത് പുതിയ നിയമത്തില് അനേകര്ക്ക് വേണ്ടി ചൊരിയപ്പെടുന്ന എന്റെ രക്ത്തം.

[25] ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. ദൈവ രാജ്യത്തില്‍ ഇത് പുതിയതായി കുടിക്കുംവരെ ഞാന്‍ ഇനി വീഞ്ഞു കുടിക്കില്ല.”

[26] ശിഷ്യന്മാരെല്ലാവരും ചേര്‍ന്ന് ഒരു സ്തോത്രഗീതം പാടി. അനന്തരം അവര്‍ ഒലിവുമലയിലേക്കു പോയി.

[27] അപ്പോള്‍ യേശു ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങളെല്ലാവര്‍ക്കും വിശ്വാസം നഷ്ടപ്പെടും. തിരുവെഴുത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, ‘ഇടയനെ ഞാന്‍ കൊല്ലും, ആട്ടിന്‍പറ്റം ചിന്നിച്ചിതറിപ്പോകും.’

[28] പക്ഷെ എന്‍റെ മരണശേഷം ഞാന്‍ മരണത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കും. എന്നിട്ട് ഞാന്‍ ഗലീലയിലേക്കു പോകും. നിങ്ങളെത്തുംമുമ്പേ ഞാനവിടെ എത്തും.”

[29] പത്രൊസ് പറഞ്ഞു, “മറ്റെല്ലാ ശിഷ്യന്മാര്‍ക്കും വിശ്വാസം നഷ്ടപ്പെടാം. പക്ഷെ എനിക്കൊരിക്കലും അതു നഷ്ടപ്പെടില്ല.”

[30] യേശു പറഞ്ഞു, “ഞാന്‍ നിന്നോടു സത്യമായി പറയാം, ഇന്നു രാത്രി നീ എന്നെ തള്ളിപ്പറയും. കോഴി രണ്ടു തവണ കൂകും മുമ്പ് നീയെന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും.”

[31] പക്ഷെ പത്രൊസ് ശക്തമായി പറഞ്ഞു, “ഞാനൊരിക്കലും നിന്നെ തള്ളിപ്പറയില്ല. നിന്നോടൊപ്പം മരിക്കാനും ഞാന്‍ തയ്യാറാണ്.” എല്ലാ ശിഷ്യന്മാരും ഇതു തന്നെ പറഞ്ഞു.

[32] യേശുവും ശിഷ്യന്മാരും ഗെത്ത്ശേമന എന്ന സ്ഥലത്തേക്കു പോയി. അവന്‍ ശിഷ്യന്മാരോടു പറഞ്ഞു, “ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഇവിടെയിരിക്കുക.”

[33] യേശു പത്രൊസിനോടും യാക്കോബിനോടും യോഹന്നാനോടും തന്നോടൊപ്പം വരാന്‍ പറഞ്ഞു, അവന്‍ വളരെ വിഷാദിക്കാനും വിഷണ്ണനാകാനും തുടങ്ങി.

[34] അവര്‍ മൂന്നു പേരോടുമായി യേശു പറഞ്ഞു, “എന്‍റെ ആത്മാവ് വേദന കൊണ്ട് നിറയുന്നു. ദുഃഖം കൊണ്ടെന്‍റെ ഹൃദയം പൊട്ടുന്നു. ഇവിടെ ഉണര്‍ന്നു കാത്തിരിക്കൂ.”

[35] യേശു അവരില്‍ നിന്നല്പം അകലേക്കു പോയി. അവന്‍ തറയില്‍ വീണു പ്രാര്‍ത്ഥിച്ചു. കഴിയുമെങ്കില്‍ ഈ സമയം തന്നില്‍ നിന്ന് അകന്നു പോകണമേയെന്ന്.

[36] അവന്‍ പ്രാര്‍ത്ഥിച്ചു, “അബ്ബാ പിതാവേ, നിനക്ക് എന്തും സാദ്ധ്യമാണ്. കഷ്ടതയുടെ ഈ പാനപാത്രം എന്നില്‍നിന്നും എടുക്കേണമേ. പക്ഷേ എന്‍റെ ഇഷ്ടമല്ല നിന്‍റെ ഇഷ്ടം നടക്കട്ടെ.”

[37] അനന്തരം യേശു ശിഷ്യന്മാരുടെയടുത്തേക്കു പോയി. അവര്‍ ഉറങ്ങുന്നതവന്‍ കണ്ടു. അവന്‍ പത്രൊസിനോടു പറഞ്ഞു, “ശിമോനേ, നീയെന്താണുറങ്ങുന്നത്. നിനക്കെന്നോടൊപ്പം ഒരു മണിക്കൂര്‍പോലും ഉറങ്ങാതിരിക്കാന്‍ കഴിഞ്ഞില്ലേ?

[38] പ്രലോഭിക്കപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുക. ശരിയായതു ചെയ്യാന്‍ ആത്മാവ് ആഗ്രഹിക്കുന്നു. എന്നാല്‍ ശരീരമാകട്ടെ ദുര്‍ബ്ബലവും.”

[39] യേശു വീണ്ടും ദൂരേക്കു മാറി അതേ പ്രാര്‍ത്ഥന നടത്തി.

[40] അവന്‍ ശിഷ്യന്മാരുടെയടുത്തേക്കു മടങ്ങിയെത്തി. വീണ്ടും അവര്‍ ഉറങ്ങുന്നത് യേശു കണ്ടു. അവരുടെ കണ്ണുകള്‍ വളരെ ക്ഷീണിച്ചിരുന്നു. യേശുവിനോടു എന്തു പറയണമെന്ന് അവര്‍ക്കറിയില്ലായിരുന്നു.

[41] മൂന്നാം തവണ പ്രാര്‍ത്ഥിച്ച ശേഷം യേശു ശിഷ്യന്മാരുടെയടുത്തേക്കു മടങ്ങി വന്നു. അവന്‍ അവരോടു പറഞ്ഞു, “നിങ്ങള്‍ ഇപ്പോഴും ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുകയാണോ? മതി, മനുഷ്യ പുത്രന്‍ പാപികളുടെ കൈയില്‍ ഏല്പിക്കപ്പെടാന്‍ സമയമായി.

[42] എഴുന്നേല്‍ക്കൂ, നമുക്കു പോകാം. ഇതാ എന്നെ ഒറ്റിക്കൊടുക്കാന്‍ പോകുന്നവന്‍ എത്തിയിരിക്കുന്നു.”

[43] അവര്‍ സംസാരിച്ചുകൊണ്ടിരിക്കവേ, യൂദാ അവിടെയെത്തി. പന്ത്രണ്ടു ശിഷ്യന്മാരിലൊരാളായിരുന്നു അയാള്‍. അയാളോടൊപ്പം അനേകം പേരുണ്ടായിരുന്നു. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിന്‍റെ മൂപ്പന്മാരും അയച്ചതാണവരെ. യൂദായോടൊപ്പം വന്ന അവര്‍ വാളും വടിയും എടുത്തിരുന്നു.

[44] യേശുവിനെ ഒറ്റിക്കൊടുക്കുന്നതിന് യൂദാ അവര്‍ക്ക് ഒരടയാളം നല്‍കിയിരുന്നു. അവന്‍ പറഞ്ഞു, “ഞാന്‍ ചുംബിക്കുന്നവനാണ് യേശു. അവനെ ബന്ധിച്ച് ഭദ്രമായി കൊണ്ടുപോവുക.”

[45] യൂദാ യേശുവിന്‍റെ അടുത്തെത്തി പറഞ്ഞു, “ഗുരോ,” അനന്തരം യൂദാ യേശുവിനെ ചുംബിച്ചു.

[46] അപ്പോള്‍ അവര്‍ യേശുവിനെ പിടികൂടി ബന്ധിച്ചു.

[47] യേശുവിനു ചുറ്റും നിന്നിരുന്ന ശിഷ്യന്മാരിലൊരാള്‍ വാള്‍ വലിച്ചൂരി. അവന്‍ മഹാപുരോഹിതന്‍റെ ദാസനെ വെട്ടി കാതറുത്തു കളയുകയും ചെയ്തു.

[48] യേശു പറഞ്ഞു, “ഒരു കുറ്റവാളിയെ എന്നപോലെ വാളും വടിയുമായിട്ടാണോ എന്നെ പിടിക്കാന്‍ വന്നത്?

[49] എന്നും ഞാനിവിടെ ദൈവാലയത്തില്‍ നിങ്ങളുടെ ഇടയില്‍ ഉപദേശിക്കുന്നുണ്ടായിരുന്നല്ലോ. നിങ്ങളെന്നെ പിടിച്ചില്ല. പക്ഷെ തിരുവെഴുത്തുകളിലുള്ളതു പോലെയൊക്കെ സംഭവിക്കട്ടെ.”

[50] അപ്പോള്‍ ശിഷ്യന്മാരെല്ലാം അവനെ ഉപേക്ഷിച്ച് ഓടിപ്പോയി.

[51] ഒരു യുവാവ് യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. അയാള്‍ ഒരു പുതപ്പു മാത്രം ധരിച്ചിരുന്നു. അവര്‍ അവനെയും പിടിച്ചു.

[52] അപ്പോള്‍ അവന്‍ പുതപ്പു വലിച്ചെറിഞ്ഞ് നഗ്നനായി ഓടിപ്പോയി.

[53] അവര്‍ യേശുവിനെ ബന്ധിച്ച് മഹാപുരോഹിതന്‍റെ വീട്ടിലേക്കു കൊണ്ടുപോയി. എല്ലാ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും അവിടെ കൂടിയിരുന്നു.

[54] പത്രൊസ് യേശുവിനെ പിന്തുടര്‍ന്നുവെങ്കിലും അവന്‍റെ അടുത്തേക്കു വന്നില്ല. പത്രൊസ് മുറ്റത്തുതന്നെ നിന്നു. അവനവിടെ കാവല്‍ക്കാരോടൊത്ത് ഇരുന്നു. അവരുടെകൂടെ തീയുംകാഞ്ഞ് അവനിരുന്നു.

[55] മഹാപുരോഹിതരും യെഹൂദസമിതി മുഴുവനും യേശുവിനെ കൊല്ലുന്നതിന് ഒരു കാരണമായി അവനെതിരെ എന്തെങ്കിലും തെളിവു കണ്ടുപിടിക്കാന്‍ ശ്രമിച്ചു. പക്ഷെ അവര്‍ക്കൊന്നും കണ്ടെത്താനായില്ല.

[56] പലരുംവന്ന് യേശുവിനെതിരെ കള്ളസാക്ഷി പറഞ്ഞു. പക്ഷെ അവര്‍ പറഞ്ഞതെല്ലാം പരസ്പരവിരുദ്ധമായിരുന്നു.

[57] അപ്പോള്‍ ചിലര്‍ എഴുന്നേറ്റ് അവനെതിരെ ഇങ്ങനെ കള്ളസാക്ഷ്യം കൊണ്ടുവന്നു:

[58] “മനുഷ്യരുണ്ടാക്കിയ ഈ ദൈവാലയം ഞാന്‍ തകര്‍ക്കുമെന്നിയാള്‍ പറയുന്നതു ഞങ്ങള്‍ കേട്ടു. മൂന്നു നാള്‍ കഴിഞ്ഞ് മനുഷ്യന്റെ കൈപ്പണിയാല്ലാത്ത ഒരു ദൈവാലയം ഞാന്‍ പണിയും എന്നും.’”

[59] പക്ഷേ അവര്‍ പറഞ്ഞ ഇക്കാര്യങ്ങളും പരസ്പര വിരുദ്ധങ്ങളായിരുന്നു.

[60] അപ്പോള്‍ മഹാപുരോഹിതന്‍ എഴുന്നേറ്റുനിന്ന്, യേശുവിനോടു ചോദിച്ചു, “ഇവര്‍ നിനക്കെതിരെ ഉന്നയിക്കുന്ന ഈ ആരോപണങ്ങള്‍ക്കു മറുപടി പറയാന്‍ നിനക്കൊന്നുമില്ലേ? ഇവര്‍ സത്യമാണോ പറയുന്നത്?”

[61] പക്ഷെ യേശു ഒന്നും മറുപടി പറഞ്ഞില്ല. മഹാപുരോഹിതന്‍ യേശുവിനോടു മറ്റൊരു ചോദ്യം കൂടി ചോദിച്ചു, “നീയാണോ ക്രിസ്തു, വാഴ്ത്തപ്പെട്ട ദൈവത്തിന്‍റെ പുത്രന്‍?”

[62] യേശു മറുപടി പറഞ്ഞു, “അതെ, ഞാനാണു ദൈവപുത്രന്‍. ഭാവിയില്‍ മനുഷ്യപുത്രന്‍ ദൈവത്തിന്‍റെ വലതുവശത്തിരിക്കുന്നത് നിങ്ങള്‍ കാണും. സ്വര്‍ഗ്ഗമേഘങ്ങളില്‍ മനുഷ്യപുത്രന്‍ വരുന്നതും നിങ്ങള്‍ കാണും.”

[63] ഇതു കേട്ട് മഹാപുരോഹിതന്‍ കോപാകുലനായി. അയാള്‍ തന്‍റെ വസ്ത്രങ്ങള്‍ കീറിക്കൊണ്ടു പറഞ്ഞു, “ഇനി ഞങ്ങള്‍ക്കു മറ്റു സാക്ഷികളെ വേണ്ട.

[64] അവന്‍ ദൈവ വിരുദ്ധമായി പറയുന്നതെല്ലാം നിങ്ങള്‍ കേട്ടില്ലേ, നിങ്ങള്‍ക്കെന്തു തോന്നുന്നു?” യേശു കുറ്റക്കാരനാണെന്ന് എല്ലാവരും പറഞ്ഞു. അവന്‍ വധിക്കപ്പെടണമെന്ന് അവര്‍ പറഞ്ഞു.

[65] അവരില്‍ ചിലര്‍ അവന്‍റെമേല്‍ തുപ്പി. അവര്‍ അവന്‍റെ മുഖം മൂടി അവനെ ഇടിച്ചു. അവര്‍ ആവശ്യപ്പെട്ടു, “നീ പ്രവാചകനാണെന്ന് സാക്ഷ്യപ്പെടുത്തുക.” കാവല്‍ക്കാര്‍ യേശുവിനെ ദൂരേക്കു കൊണ്ടുപോയി മര്‍ദ്ദിച്ചു.

[66] ആ സമയം പത്രൊസ് മുറ്റത്ത് തന്നെയായിരുന്നു. മഹാപുരോഹിതന്‍റെ ഒരു ദാസി പത്രൊസിനെ സമീപിച്ചു.

[67] അവര്‍ തീ കാഞ്ഞുകൊണ്ടിരിക്കുന്നത് അവള്‍ കണ്ടു. അവള്‍ അവനെ സൂക്ഷിച്ചു നോക്കി. അവള്‍ പറഞ്ഞു, “നീയും നസ്രെത്തിലെ യേശുവിന്‍റെ കൂടെ ഉണ്ടായിരുന്നല്ലോ.”

[68] പക്ഷേ താനൊരിക്കലും യേശുവിനോടൊപ്പം ഉണ്ടായിരുന്നില്ലെന്ന് പത്രൊസ് പറഞ്ഞു. അവന്‍ പറഞ്ഞു, “നീ എന്തിനെപ്പറ്റിയാണു പറയുന്നതെന്ന് എനിക്കു മനസ്സിലാകുന്നില്ല.” പത്രൊസ് മുറ്റത്തിന്‍റെ പടിവാതിക്കലേക്കു പോയി.

[69] അവിടെയും ദാസി പത്രൊസിനെ കണ്ടു. അവള്‍ അവിടെ നിന്നവരോടു പറഞ്ഞു, “ഇയാള്‍ യേശുവിന്‍റെ കൂടെയുണ്ടായിരുന്നവരില്‍ ഒരാളാണ്.”

[70] അപ്പോഴും പത്രൊസ് അതു വീണ്ടും നിഷേധിച്ചു. അല്പം കഴിഞ്ഞ് ചിലര്‍ പത്രൊസിന്‍റെ അടുത്തു നില്‍ക്കുകയായിരുന്നു. അവര്‍ പറഞ്ഞു, “ഞങ്ങള്‍ക്കറിയാം നീ യേശുവിന്‍റെ അനുയായികളില്‍ ഒരാളാണെന്ന്. നീ ഒരു ഗലീലക്കാരനാണല്ലോ.”

[71] അപ്പോള്‍ പത്രൊസ് ശപിക്കാന്‍ തുടങ്ങി. അവന്‍ ശക്തിയായി പറഞ്ഞു, “ദൈവം സാക്ഷിയായി ഞാന്‍ ആണയിടുന്നു. നിങ്ങള്‍ പറയുന്നയാളെ എനിക്കറിയില്ല.”

[72] പത്രൊസ് ഇതു പറഞ്ഞുകഴിഞ്ഞപ്പോള്‍ കോഴി രണ്ടാമതും കൂകി. അപ്പോള്‍ യേശുവിന്‍റെ വാക്കുകള്‍ അവന്‍ ഓര്‍ത്തു. കോഴി രണ്ടു പ്രാവശ്യം കൂകുംമുമ്പ് മൂന്നു പ്രാവശ്യം നീ എന്നെ നിഷേധിക്കും. പത്രൊസിന് സങ്കടമായി. അവന്‍ കരയാന്‍ തുടങ്ങി.

മര്‍ക്കൊസ് — Chapters