Skip to content
Opens in a new window
Listen to this chapter • 7:40

[1] പുലര്‍ച്ചെ തന്നെ മഹാപുരോഹിതരും ജനത്തിന്‍റെ മൂപ്പന്മാരും ശാസ്ത്രിമാരും യെഹൂദസമിതി മുഴുവനും യേശുവിനെ എന്താണു ചെയ്യേണ്ടതെന്നു തീരുമാനിച്ചു. അവര്‍ അവനെ ബന്ധിച്ച് പീലാത്തൊസിന്‍റെ മുമ്പില്‍ കൊണ്ടുചെന്നു. അവര്‍ യേശുവിനെ പീലാത്തൊസിന് ഏല്പിച്ചു.

[2] പീലാത്തൊസ് യേശുവിനോടു ചോദിച്ചു, “നീ യെഹൂദരുടെ രാജാവാണോ?” യേശു പറഞ്ഞു, “അതെ, അതു ശരിയാണ്.”

[3] മഹാപുരോഹിതന്മാര്‍ യേശുവിന്‍റെമേല്‍ പല ആരോപണങ്ങളും ഉന്നയിച്ചു.

[4] പീലാത്തൊസ് യേശുവിനോടു മറ്റൊരു കാര്യം കൂടി ചോദിച്ചു, “ഇവര്‍ നിനക്കെതിരായി പല കുറ്റങ്ങളും ആരോപിക്കുന്നു. എന്നിട്ടും നിന്‍റെ രക്ഷയ്ക്കായി നീയെന്താണ് മറുപടിയൊന്നും പറയാത്തത്.”

[5] പക്ഷെ യേശു അപ്പോഴും ഒന്നും പറയാത്തതു കണ്ട് പീലാത്തൊസ് അത്ഭുതപ്പെട്ടു.

[6] എല്ലാ പെസഹാനാളിലും പീലാത്തൊസ് ഒരാളെ വീതം തടവില്‍നിന്നും വിട്ടിരുന്നു. ജനങ്ങളാവശ്യപ്പെടുന്ന ആരെയും അയാള്‍ക്കു വിടാമായിരുന്നു.

[7] ആ സമയം തടവറയില്‍ ബറബ്ബാസ് എന്നൊരാളുണ്ടായിരുന്നു. അയാള്‍ കലാപകാരികളുടെ കൂടെ തടവിലായിരുന്നു. കലാപങ്ങളിലെ കൊലയാളിയായിരുന്നു അവന്‍.

[8] അത്തവണയും ജനങ്ങള്‍ പീലാത്തൊസിനോട് പതിവുപോലെ ഒരാളെ മോചിപ്പിക്കാനാവശ്യപ്പെട്ടു.

[9] പീലാത്തോസ് അവരോടു ചോദിച്ചു, “യെഹൂദരാജാവിനെ ഞാന്‍ നിങ്ങള്‍ക്കു വിട്ടുതരണമോ?”

[10] മഹാ പുരോഹിതര്‍ അസൂയ കൊണ്ടാണ് യേശുവിനെ തന്നെ ഏല്പിച്ചതെന്ന് പീലാത്തൊസിന് അറിയാമായിരുന്നു.

[11] പക്ഷേ യേശുവിനെയല്ലാതെ ബറബ്ബാസിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുവാന്‍ മഹാ പുരോഹിതര്‍ ജനങ്ങളെ പ്രേരിപ്പിച്ചു.

[12] പീലാത്തൊസ് വീണ്ടും അവരോടു ചോദിച്ചു, “എങ്കില്‍ നിങ്ങള്‍ യെഹൂദരുടെ രാജാവെന്നു വിളിക്കുന്ന ഈ മനുഷ്യനെ ഞാനെന്തു ചെയ്യണം?”

[13] ജനങ്ങള്‍ വീണ്ടും വിളിച്ചു പറഞ്ഞു, “അവനെ ക്രൂശിക്കുക!”

[14] പീലാത്തൊസ് ചോദിച്ചു, “എന്തിനാണ്? അവനെന്തു തെറ്റു ചെയ്തു?” പക്ഷെ ജനങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു, “അവനെ ക്രൂശിക്കുക.”

[15] ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്തുവാന്‍ പീലാത്തൊസ് ബറബ്ബാസിനെ അവര്‍ക്കു വിട്ടുകൊടുത്തു. യേശുവിനെ ചാട്ടവാറുകൊണ്ടടിക്കാനും അയാള്‍ പട്ടാളക്കാരോട് ആജ്ഞാപിച്ചു. അനന്തരം യേശുവിനെ ക്രൂശിക്കുവാന്‍ പീലാത്തൊസ് അവനെ പട്ടാളക്കാരെ ഏല്പിച്ചു.

[16] പട്ടാളക്കാര്‍ മുഴുവനും യേശുവിനെ നാടുവാഴിയുടെ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. അവര്‍ മറ്റു പട്ടാളക്കാരെയും വിളിച്ചു.

[17] അവരവനെ ഒരു ചുമന്ന മേലങ്കി ധരിപ്പിച്ചു. ഒരു മുള്‍ക്കിരീടമുണ്ടാക്കി അത് യേശുവിന്‍റെ തലയിലണിയിച്ചു.

[18] അനന്തരം അവര്‍ യേശുവിനെ “യെഹൂദരുടെ രാജാവേ” എന്നു വിളിച്ചു.

[19] പട്ടാളക്കാര്‍ അവന്‍റെ തലയില്‍ ഒരു വടി കൊണ്ട് അടിക്കുകയും മുഖത്ത് തുപ്പുകയും ചെയ്തു. അവര്‍ അവന്‍റെ മുമ്പില്‍ മുട്ടുകുത്തി വന്ദിച്ച് അവനെ പരിഹസിച്ചു.

[20] അതിനുശേഷം ചുവന്ന മേലങ്കി ഊരി അവന്‍റെ തന്നെ വസ്ത്രങ്ങള്‍ അവര്‍ അവനെ ധരിപ്പിച്ചു. പിന്നെ അവര്‍ അവനെ ക്രൂശിക്കാന്‍ കൊണ്ടുപോയി.

[21] കുറേനക്കാരന്‍ ശിമോന്‍ ആ വഴി കടന്നു പോകുകയായിരുന്നു. അയാള്‍ അലക്സന്തരിന്‍റെയും രൂഫൊസിന്‍റെയും പിതാവായിരുന്നു. അയാള്‍ നാട്ടിന്‍പുറത്തുനിന്നും നഗരത്തിലേക്കു വരികയായിരുന്നു. യേശുവിന്‍റെ കുരിശു ചുമക്കുവാന്‍ പട്ടാളക്കാര്‍ അയാളെ നിര്‍ബന്ധിച്ചു.

[22] അവര്‍ യേശുവിനെ ഗൊല്‍ഗോഥായിലേക്കു കൊണ്ടുപോയി. (തലയോട്ടിയുടെ സ്ഥലം എന്നാണീ വാക്കിന്‍റെ അര്‍ത്ഥം)

[23] ഗൊല്‍ഗോഥായില്‍ പട്ടാളക്കാര്‍ യേശുവിനെ വീഞ്ഞു കുടിപ്പിക്കുവാന്‍ ശ്രമിച്ചു. അതില്‍ മീറാ കലര്‍ത്തിയിരുന്നു. പക്ഷെ അതു കുടിക്കാന്‍ യേശു വിസമ്മതിച്ചു.

[24] പട്ടാളക്കാര്‍ യേശുവിനെ കുരിശില്‍ ചേര്‍ത്തുവച്ച് ആണിയടിച്ചു. അവര്‍ അവന്‍റെ വസ്ത്രം കീറിയെടുത്ത് അവരുടെയിടയില്‍ വീതിച്ചു. ഓരോരുത്തര്‍ക്കും ഏതു വസ്ത്രഭാഗം കിട്ടണമെന്നവര്‍ നറുക്കിട്ടു.

[25] യേശുവിനെ അവര്‍ കുരിശില്‍ തറച്ചപ്പോള്‍ കാലത്തു ഒന്‍പതു മണിയായിരുന്നു.

[26] യേശുവിനെതിരെയുള്ള കുറ്റം ഒരു മുദ്രപ്പത്രത്തില്‍ “യെഹൂദരുടെ രാജാവ്” എന്നും രേഖപ്പെടുത്തിയിരുന്നു.

[27] അവര്‍ യേശുവിനോടൊപ്പം രണ്ടു കള്ളന്മാരെയും ക്രൂശിച്ചിരുന്നു. ഒരുവനെ അവന്‍റെ ഇടതുവശത്തും മറ്റവനെ അവന്‍റെ വലതുവശത്തും.

[28]

[29] ആ വഴി കടന്നു പോയവരെല്ലാം യേശുവിനെ ദുഷിച്ചു പറഞ്ഞു. അവര്‍ തലയാട്ടിക്കൊണ്ടു പറഞ്ഞു, “നീ ദൈവാലയം പൊളിക്കുമെന്നും മൂന്നു ദിവസം കൊണ്ട് നീ അതു പണിയുമെന്നും പറഞ്ഞു.

[30] എങ്കില്‍ നീ തന്നെ നിന്നെ രക്ഷിക്കൂ, കുരിശില്‍ നിന്നിറങ്ങി വരൂ.”

[31] മഹാപുരോഹിതരും ശാസ്ത്രിമാരും അവിടെയുണ്ടായിരുന്നു. ജനങ്ങള്‍ ചെയ്തതു പോലെ തന്നെ അവരും യേശുവിനെ പരിഹസിച്ചു. അവര്‍ അന്യോന്യം പറഞ്ഞു. അവന്‍ മറ്റുള്ളവരെ രക്ഷിച്ചു. എന്നാല്‍ സ്വയം രക്ഷിക്കാനവനു കഴിയുന്നില്ല.

[32] അവന്‍ യെഹൂദരാജാവായ യഥാര്‍ത്ഥ ക്രിസ്തുവാണെങ്കില്‍ അവന്‍ കുരിശില്‍ നിന്നിറങ്ങി വരട്ടെ. അതു കണ്ടാല്‍ നമുക്കവനില്‍ വിശ്വസിക്കാം. അവനോടൊപ്പം ക്രൂശിക്കപ്പെട്ടവരും അവനെ പരിഹസിച്ചു.

[33] ഉച്ചയ്ക്ക് രാജ്യമാകെ ഇരുണ്ടു. മൂന്നുമണി വരെ ഇരുട്ടു തുടര്‍ന്നു.

[34] മൂന്നുമണിക്കു യേശു ഉറക്കെ നിലവിളിച്ചു, “എലോഹീ, എലോഹീ, ലമ്മാ ശബ്ബക്താനീ.” ഇതിന്‍റെ അര്‍ത്ഥം ഇങ്ങനെയാണ്, “എന്‍റെ ദൈവമേ, എന്‍റെ ദൈവമേ, നീയെന്താണെന്നെ കൈവിട്ടത്?”

[35] അവിടെയുണ്ടായിരുന്നവരില്‍ ചിലര്‍ ഇതു കേട്ടു. അവര്‍ പറഞ്ഞു, “നോക്കൂ അവന്‍ ഏലീയാവെ വിളിക്കുകയാണ്.”

[36] ഒരാള്‍ ഓടിച്ചെന്ന് ഒരു നീര്‍പ്പഞ്ഞി കൊണ്ടുവന്നു. അയാള്‍ അതു വിനാഗിരിയില്‍ മുക്കി ഒരു കമ്പില്‍ കെട്ടി. അയാള്‍ ആ കമ്പ് ഉയര്‍ത്തി യേശുവിന് കുടിക്കാന്‍ നീര്‍പ്പഞ്ഞി കൊടുത്തു. അയാള്‍ പറഞ്ഞു, “അവനെ കുരിശില്‍നിന്നും ഇറക്കാന്‍ ഏലിയാവ് വരുമോ എന്നു നമുക്കു കാണാം.”

[37] അപ്പോള്‍ യേശു ഉച്ചത്തില്‍ കരയുകയും അന്ത്യശ്വാസം വിടുകയും ചെയ്തു.

[38] യേശു മരിക്കുമ്പോള്‍ ദൈവാലയത്തിലെ തിരശ്ശീല രണ്ടായി മുറിഞ്ഞു. മുകളില്‍നിന്ന് താഴെവരെ അതു കീറി.

[39] യേശു എങ്ങനെ മരിച്ചു എന്നത് അവനു മുമ്പില്‍ നിന്നിരുന്ന ശതാധിപന്‍ കണ്ടു. അയാള്‍ പറഞ്ഞു, “ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ ദൈവ പുത്രനായിരുന്നു.”

[40] ഏതാനും സ്ത്രീകള്‍ അകലെനിന്ന് എല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. അതില്‍ മഗ്ദലമറിയയും ശലോമയും ചെറിയ യാക്കോബിന്‍റെയും യോസെയുടെയും അമ്മയായ മറിയയും ഉണ്ടായിരുന്നു.

[41] ഇവര്‍ യേശു ഗലീലയില്‍ ആയിരുന്നപ്പോള്‍ അവനെ അനുഗമിച്ചിരുന്നു. മറ്റനേകം സ്ത്രീകളും അവിടെ ഉണ്ടായിരുന്നു. അവര്‍ യേശുവിനോടൊപ്പം യെരൂശലേമിലേക്കു വന്നവരായിരുന്നു.

[42] അത് ഒരുക്കദിവസമായിരുന്നു. (അതായത് ശബ്ബത്തിന്‍റെ തലേന്ന്). അന്തരീക്ഷം ഇരുട്ടി.

[43] അരിമത്ഥ്യാക്കാരനായ യോസേഫ് എന്നൊരാള്‍ പീലാത്തൊസിനെ സമീപിച്ച് യേശുവിന്‍റെ ശരീരം ആവശ്യപ്പെടാന്‍ ധൈര്യം കാട്ടി. യോസേഫ് യെഹൂദ സമിതിയിലെ പ്രധാനപ്പെട്ട ഒരു അംഗമായിരുന്നു. ദൈവ രാജ്യം പ്രതീക്ഷിച്ചു കഴിഞ്ഞവനുമായിരുന്നു അയാള്‍.

[44] യേശു മരിച്ച വാര്‍ത്ത പീലാത്തൊസിനെ അത്ഭുതപ്പെടുത്തി. യേശുവിനു കാവല്‍ നിന്ന ശതാധിപനെ പീലാത്തൊസ് വിളിച്ചു. യേശു മരിച്ചുകഴിഞ്ഞോ എന്നയാളോടു ചോദിച്ചു.

[45] യേശു മരിച്ചെന്നയാള്‍ പറഞ്ഞു. യേശുവിന്‍റെ ശരീരം പീലാത്തൊസ് യോസേഫിനു വിട്ടുകൊടുത്തു.

[46] യോസേഫ് കുറച്ചു നേരിയ തുണി കൊണ്ടുവന്ന് യേശുവിന്‍റെ ശരീരം കുരിശില്‍ നിന്നിറക്കി നേരിയ തുണിയില്‍ പൊതിഞ്ഞു. പാറയില്‍ വെട്ടിയുണ്ടാക്കിയ കല്ലറയില്‍ അയാള്‍ യേശുവിന്‍റെ ശരീരം വെച്ചു. ഒരു വലിയ കല്ലുകൊണ്ട് കല്ലറയുടെ വാതിലും അടച്ചു.

[47] മഗ്ദലമറിയയും യോസെയുടെ മാതാവായ മറിയയും അവന്‍റെ ശരീരം വച്ച സ്ഥലം കണ്ടു.

മര്‍ക്കൊസ് — Chapters