Skip to content
Opens in a new window
Listen to this chapter • 5:52

[1] യേശുവും ശിഷ്യന്മാരും യെരൂശലേമിലേയ്ക്കടുത്തു. അവര്‍ ഒലിവുമലകള്‍ക്കടുത്തുള്ള ബേത്ത്ഫാഗ ബെഥാന്യ ഗ്രാമങ്ങളെ സമീപിച്ചു. യേശു രണ്ടു ശിഷ്യന്മാരെ അവിടെ ചിലതു ചെയ്യാനയച്ചു.

[2] യേശു അവരോടു പറഞ്ഞു, “ആ കാണുന്ന ഗ്രാമത്തിലേക്കു പോകൂ. നിങ്ങള്‍ അവിടെ പ്രവേശിക്കുമ്പോള്‍ നിങ്ങള്‍ക്കു എതിര്‍വശത്തു കെട്ടിയിടപ്പെട്ട ഒരു കഴുതക്കുട്ടിയെ കാണാം. ഇതുവരെ ആരും അതിന്‍റെ പുറത്ത് സഞ്ചരിച്ചിട്ടില്ല. അതിനെ കെട്ടഴിച്ച് ഇങ്ങോട്ടു കൊണ്ടുവരിക.

[3] ആരെങ്കിലും ഇതിനെ എന്തിനു കൊണ്ടുപോകുന്നു എന്നു ചോദിച്ചാല്‍ അയാളോടു പറയുക ഗുരുവിന് ഈ കഴുതയെ ആവശ്യമുണ്ട്. താമസിയാതെ അവനിതിനെ തിരികെ തരും.”

[4] ശിഷ്യന്മാര്‍ ഗ്രാമത്തിലേക്കു പോയി. അവിടെ ഒരു വീടിനു മുമ്പിലായി വഴിയില്‍ ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതവര്‍ കണ്ടു. ശിഷ്യന്മാര്‍ കഴുതയെ അഴിച്ചു.

[5] അവിടെ നിന്നിരുന്ന ചിലര്‍ ഇതു കണ്ടു. അവര്‍ ചോദിച്ചു, “എന്താണു നിങ്ങള്‍ ചെയ്യുന്നത്? എന്തിനാണു നിങ്ങളീ കഴുതയെ അഴിക്കുന്നത്.”

[6] യേശു പറഞ്ഞതുപോലെ ശിഷ്യന്മാര്‍ ഉത്തരം നല്‍കി. അവര്‍ കഴുതയെ കൊണ്ടുപോകാന്‍ ശിഷ്യന്മാരെ അനുവദിച്ചു.

[7] ശിഷ്യന്മാര്‍ കഴുതയെ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നു. ശിഷ്യന്മാര്‍ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ കഴുതയുടെ പുറത്തു വിരിച്ചു. യേശു കഴുതപ്പുറത്തു കയറി ഇരുന്നു.

[8] അനേകം പേര്‍ തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ യേശുവിന്‍റെ വഴിയില്‍ വിരിച്ചു. ചിലര്‍ വയലുകളില്‍നിന്ന് മരച്ചില്ലകള്‍ വെട്ടി പാതയില്‍ വിരിച്ചു.

[9] ചിലര്‍ യേശുവിനു മുമ്പെ നടക്കുകയായിരുന്നു. വേറെ ചിലര്‍ യേശുവിനു പിന്നാലെയും നടക്കുകയായിരുന്നു. എല്ലാവരും വിളിച്ചു പറഞ്ഞു, “അവനെ വാഴ്ത്തുവിന്‍, ‘കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവനെ ദൈവം അനുഗ്രഹിക്കട്ടെ.’”

[10] “നമ്മുടെ പിതാവായ ദാവീദിന്‍റെ രാജ്യത്തെ ദൈവം അനുഗ്രഹിക്കട്ടെ. ആ രാജ്യം വരവായി. സ്വര്‍ഗ്ഗസ്ഥനായ ദൈവത്തെ വാഴ്ത്തുവിന്‍.”

[11] യേശു യെരൂശലേമിലേക്കു പ്രവേശിച്ച് ദൈവാലയത്തിലേക്കു പോയി. അവന്‍ ദൈവാലയത്തിലുള്ളതെല്ലാം നോക്കി. പക്ഷെ അപ്പോള്‍ത്തന്നെ നേരം വൈകിയിരുന്നു. യേശു പന്ത്രണ്ടു അപ്പൊസ്തലന്മാരോടുമൊപ്പം ബെഥാന്യയിലേക്കു പോയി.

[12] അടുത്ത ദിവസം യേശുവും ശിഷ്യന്മാരും ബേഥാന്യ വിട്ടുപോകുകയായിരുന്നു. അവനു വിശക്കുന്നുണ്ടായിരുന്നു.

[13] യേശു ദൂരത്തു നിന്നു ഇലകള്‍ നിറഞ്ഞ ഒരു അത്തിമരം കണ്ടു. യേശു അതിനടുത്തെത്തി അത്തിപ്പഴം ഉണ്ടോ എന്നു പരിശോധിച്ചു. എന്നാല്‍ ഇല അല്ലാതെ ഒരു പഴംപോലും അതിലുണ്ടായിരുന്നില്ല. അത്തിപ്പഴമുണ്ടാകുന്ന കാലമായിരുന്നില്ല അത്.

[14] അതിനാല്‍ യേശു മരത്തോടു പറഞ്ഞു, “ആരും ഒരുകാലത്തും നിന്‍റെ പഴം കഴിയ്ക്കുകയില്ല.” അവന്‍റെ ശിഷ്യന്മാര്‍ അതു കേട്ടു.

[15] യേശു യെരൂശലേമിലേക്കു പോയി, അവന്‍ ദൈവാലയത്തിലേക്കു പ്രവേശിച്ചു. അവിടെ ക്രയവിക്രയങ്ങള്‍ നടത്തിയിരുന്നവരെ അവന്‍ പുറത്താക്കി തുടങ്ങി. നാണയം കൈമാറുന്നവരുടെ മേശകള്‍ അവന്‍ മറിച്ചിട്ടു. പ്രാവുകളെ വില്‍ക്കുന്നവരുടെ ഇരിപ്പിടങ്ങളും അവന്‍ മറിച്ചിട്ടു.

[16] ദൈവാലയത്തിലൂടെ എന്തെങ്കിലും കൊണ്ടുപോകാന്‍ അവന്‍ ആരെയും അനുവദിച്ചില്ല.

[17] അനന്തരം അവന്‍ അവരെ പഠിപ്പിച്ചു. യേശു പറഞ്ഞു, “എന്‍റെ ഭവനം എല്ലാ രാജ്യക്കാര്‍ക്കും പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്ന് തിരുവെഴുത്തുകളിലുണ്ട്. എന്നാല്‍ നിങ്ങള്‍ ദൈവത്തിന്‍റെ ഭവനം കള്ളന്മാരുടെ ഒളിത്താവളമാക്കുന്നു.”

[18] മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ഇതു കേട്ടു. അവര്‍ യേശുവിനെ കൊല്ലാന്‍ ഒരു വഴി ആലോചിച്ചു. അവര്‍ യേശുവിനെ ഭയപ്പെട്ടിരുന്നു. എന്തെന്നാല്‍ അവന്‍റെ ഉപദേശം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.

[19] ആ രാത്രിയില്‍ യേശുവും ശിഷ്യന്മാരും ആ നഗരം വിട്ടുപോയി.

[20] അടുത്ത പുലര്‍ച്ചെ യേശു ശിഷ്യന്മാരോടൊത്തു നടക്കുകയായിരുന്നു. യേശു ശപിച്ച അത്തിമരം വേരുമുതല്‍ തലപ്പുവരെ ഉണങ്ങി നില്‍ക്കുന്നത് അവര്‍ കണ്ടു.

[21] പത്രൊസ് ഓര്‍ത്തു പറഞ്ഞു, “ഗുരോ, നോക്കൂ, ഇന്നലെ നീ ആ അത്തിമരത്തെ ശപിച്ചു, ഇന്നത് ഉണങ്ങിയിരിക്കുന്നു.”

[22] യേശു പറഞ്ഞു, “ദൈവത്തില്‍ വിശ്വസിക്കുവിന്‍.

[23] ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. നിങ്ങളിലാരെങ്കിലും ഈ മലയോട്, പോയി കടലില്‍ പതിക്ക്, എന്നു പറഞ്ഞാല്‍ മനസ്സില്‍ സംശയമില്ലാതെ നിങ്ങള്‍ പറയുന്നത് നടക്കുമെന്ന് വിശ്വസിക്കുന്നുവെങ്കില്‍, ദൈവം നിങ്ങള്‍ക്കായി അതു ചെയ്തു തരും.”

[24] അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു. പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ക്കു വേണ്ടതു ചോദിക്കുക. അവയെല്ലാം നിങ്ങള്‍ക്കു ലഭിച്ചുകഴിഞ്ഞു. എന്നു നിങ്ങള്‍ വിശ്വസിച്ചാല്‍ അതു നിങ്ങള്‍ക്കു ലഭിക്കും.

[25] പ്രാര്‍ത്ഥിക്കുമ്പോള്‍, നിങ്ങള്‍ക്കാരോടെങ്കിലും വല്ല വിരോധവും ഉണ്ടെങ്കില്‍ അതെല്ലാം പൊറുക്കുക. എന്നാല്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങള്‍ ചെയ്ത പാപങ്ങളും പൊറുക്കും.

[26]

[27] യേശുവും ശിഷ്യന്മാരും വീണ്ടും യെരൂശലേമിലേക്കു പോയി. അവന്‍ ദൈവാലയത്തില്‍ നടക്കുകയായിരുന്നു. മഹാപുരോഹിതരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്‍റെ അടുത്തുവന്നു.

[28] അവര്‍ യേശുവിനോടു ചോദിച്ചു, “പറയൂ, ഇതെല്ലാം ചെയ്യാന്‍ നിനക്കെന്തധികാരം? ആരാണ് നിനക്ക് ഈ അധികാരം തന്നത്?”

[29] യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടൊരു ചോദ്യം ചോദിക്കാം. നിങ്ങള്‍ മറുപടി പറയുക. അപ്പോള്‍ എന്തധികാരത്തിന്മേലാണ് ഞാന്‍ ഇതെല്ലാം ചെയ്യുന്നതെന്നു പറയാം.

[30] യോഹന്നാന്‍ സ്നാനപ്പെടുത്തിയപ്പോള്‍ ആ സ്നാനം ദൈവത്തില്‍ നിന്നോ മനുഷ്യനില്‍ നിന്നോ വന്നത്.”

[31] യേശുവിന്‍റെ ചോദ്യം അവര്‍ പരസ്പരം ചര്‍ച്ച ചെയ്തു. “യോഹന്നാന്‍റെ സ്നാനം ദൈവത്തില്‍ നിന്നാണെന്നു നമ്മള്‍ പറഞ്ഞാല്‍ യേശു പറയും, ‘എന്നാലെന്തുകൊണ്ടു നിങ്ങള്‍ യോഹന്നാനില്‍ വിശ്വസിച്ചില്ല?’

[32] എന്നാല്‍ ‘അതു മനുഷ്യരില്‍ നിന്നാണെന്നു പറഞ്ഞാല്‍ ആളുകള്‍ നമ്മോടു കോപിക്കും.’ (ഈ നേതാക്കള്‍ക്ക് ജനങ്ങളെ ഭയമായിരുന്നു. യോഹന്നാന്‍ ഒരു പ്രവാചകനാണെന്നും ജനം കരുതിയിരുന്നു.)

[33] നേതാക്കള്‍ പറഞ്ഞു, “ഉത്തരം ഞങ്ങള്‍ക്കറിയില്ല.” യേശു പറഞ്ഞു, “എന്നാല്‍ ഇതൊക്കെ ചെയ്യാന്‍ എന്തധികാരമാണ് എനിക്കുള്ളത് എന്ന് ഞാനും പറയുകയില്ല.”

മര്‍ക്കൊസ് — Chapters