Skip to content
Opens in a new window
Listen to this chapter • 3:53

[1] ശബ്ബത്തു ദിനത്തിന്‍റെ പിറ്റേന്ന് മഗ്ദലമറിയയും ശലോമയും യാക്കോബിന്‍റെ അമ്മയായ മറിയയും യേശുവിനെ പൂശുന്നതിനായി സുഗന്ധതൈലങ്ങള്‍ വാങ്ങി.

[2] ആഴ്ചയിലെ ആദ്യദിവസം അതിരാവിലെ, അവര്‍ കല്ലറയിങ്കലേക്കു ചെന്നു. സൂര്യോദയം ആരംഭിച്ചതേയുള്ളൂ.

[3] ആ സ്ത്രീകള്‍ പരസ്പരം പറഞ്ഞു, “കല്ലറയുടെ വാതിലടയ്ക്കുന്ന ഒരു കല്ലുണ്ട്. നമുക്കു വേണ്ടി ആരത് മാറ്റും?”

[4] അപ്പോള്‍ അവര്‍ നോക്കിയപ്പോള്‍ കല്ലു ഉരുട്ടിമാറ്റിയിരിക്കുന്നതു കണ്ടു. വളരെ വലിയതായിരുന്നിട്ടും ആ കല്ല് വളരെ ദൂരേക്കു മാറ്റിയിരിക്കുന്നതായി കണ്ടു.

[5] അവര്‍ കല്ലറയിലേക്കു നടന്നു. വെളുത്ത അങ്കി ധരിച്ചൊരു ചെറുപ്പക്കാരനെ അവര്‍ കണ്ടു. അവന്‍ കല്ലറയുടെ വലതുഭാഗത്ത് ഇരിക്കുകയായിരുന്നു. സ്ത്രീകള്‍ ഭയന്നു.

[6] പക്ഷെ അയാള്‍ പറഞ്ഞു, “ഭയപ്പെടേണ്ട. നിങ്ങള്‍ ക്രൂശിക്കപ്പെട്ട നസ്രെത്തുകാരനായ യേശുവിനെ അന്വേഷിക്കുന്നു. അവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു. അവനിവിടെയില്ല. ‘നോക്കൂ, അവന്‍ മരിച്ചപ്പോള്‍ ഇവിടെയാണവനെ അടക്കിയത്.

[7] നിങ്ങള്‍ ചെന്ന് അവന്‍റെ ശിഷ്യന്മാരോടും പ്രത്യേകിച്ച് പത്രൊസിനോടും ഇങ്ങനെ പറയുക. യേശു ഗലീലയിലേക്കു പോകുന്നു. നിങ്ങളെക്കാള്‍ മുമ്പേ അവനവിടെയെത്തും. അവന്‍ നിങ്ങളോടു മുമ്പു പറഞ്ഞതുപോലെ നിങ്ങള്‍ക്കവിടെ അവനെ കാണാം.’”

[8] ആ സ്ത്രീകള്‍ വളരെ ഭയപ്പെടുകയും പരിഭ്രമിക്കുകയും ചെയ്തു. അവര്‍ കല്ലറയില്‍നിന്നും ഓടിപ്പോയി. ഭയചകിതരായതിനാല്‍ അവര്‍ ആരോടും ഒന്നും പറഞ്ഞില്ല.

[9] ആഴ്ചയിലെ ആദ്യ ദിവസം പുലര്‍ച്ചയ്ക്കു തന്നെ യേശു ഉയിര്‍ത്തെഴുന്നേറ്റു. അവന്‍ ആദ്യം മഗ്ദലമറിയയ്ക്കു പ്രത്യക്ഷനായി. ഒരിക്കല്‍ അവന്‍ ഏഴു അശുദ്ധാത്മാക്കളെ അവളില്‍നിന്നും ഒഴിപ്പിച്ചതാണ്.

[10] അവള്‍ വിവരം യേശുവിന്‍റെ ശിഷ്യന്മാരുടെ അടുത്തെത്തിച്ചു. അവര്‍ വളരെ ദുഃഖിച്ചും കരഞ്ഞും കൊണ്ടിരിക്കുകയായിരുന്നു.

[11] പക്ഷെ യേശു ജീവിച്ചിരിപ്പുണ്ടെന്ന് മറിയ അവരോടു പറഞ്ഞു. താന്‍ അവനെ കണ്ടെന്നും അവള്‍ പറഞ്ഞു. പക്ഷെ ശിഷ്യന്മാര്‍ അവളെ വിശ്വസിച്ചില്ല.

[12] പിന്നീട് രണ്ടു ശിഷ്യന്മാര്‍ വെളിമ്പ്രദേശത്തിലൂടെ നടക്കുമ്പോള്‍ യേശു അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. അവന്‍ കൊല്ലപ്പെടും മുമ്പ് ഉണ്ടായിരുന്ന രൂപത്തിലായിരുന്നില്ല പ്രത്യക്ഷപ്പെട്ടത്.

[13] ആ ശിഷ്യന്മാര്‍ മടങ്ങിച്ചെന്ന് സംഭവിച്ചതു മറ്റു ശിഷ്യന്മാരോടു പറഞ്ഞു. ഈ രണ്ടു പേരുടെ വാക്കും അവര്‍ വിശ്വസിച്ചില്ല.

[14] പിന്നീട് പതിനൊന്നു ശിഷ്യന്മാരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേ യേശു അവര്‍ക്കു പ്രത്യക്ഷപ്പെട്ടു. അവരുടെ വിശ്വാസക്കുറവിന് യേശു അവരെ ശാസിച്ചു. ഉയിര്‍ത്തെഴുന്നേല്പിനു ശേഷം അവനെ കണ്ടവരെ വിശ്വസിക്കാത്തതിനും അവരുടെ ഹൃദയ കാഠിന്യത്തിനുമാണവന്‍ ശാസിച്ചത്.

[15] യേശു അവരോടു പറഞ്ഞു, “ലോകത്തിലെമ്പാടും പോകൂ. എല്ലാവരോടും സുവിശേഷം പ്രസംഗിക്കൂ.

[16] വിശ്വസിക്കുകയും സ്നാനപ്പെടുകയും ചെയ്യുന്നവര്‍ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവര്‍ ശിക്ഷിക്കപ്പെടും.

[17] വിശ്വസിക്കുന്നവര്‍ക്ക് ഈ കഴിവുകള്‍ അടയാളമായി ഉണ്ടാകും. ഭൂതങ്ങളെ അവര്‍ എന്‍റെ നാമത്തില്‍ ഒഴിപ്പിക്കും. അവര്‍ ഒരിക്കലും പഠിക്കാത്ത ഭാഷകള്‍ സംസാരിക്കും.

[18] അവര്‍ പാമ്പുകളെ കൈയിലെടുക്കും, വിഷം കുടിച്ചാലും അവര്‍ക്കൊരു ദൂഷ്യവും വരികയില്ല. അവര്‍ രോഗികളുടെമേല്‍ സ്പര്‍ശിച്ചാല്‍ രോഗികള്‍ സുഖപ്പെടും.”

[19] ശിഷ്യന്മാരോട് കര്‍ത്താവായ യേശു ഇതു പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു. അവിടെ യേശു ദൈവത്തിന്‍റെ വലതുവശത്തിരിക്കുന്നു.

[20] ശിഷ്യന്മാര്‍ എല്ലായിടങ്ങളിലും സഞ്ചരിച്ച് സുവിശേഷം ജനങ്ങളില്‍ എത്തിച്ചു. കര്‍ത്താവ് അവരെ സഹായിച്ചു. സുവിശേഷം സത്യമാണെന്ന് കര്‍ത്താവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. അതിനായി വീര്യപ്രവൃത്തികള്‍ കാട്ടാനുള്ള കഴിവ് അവന്‍ ശിഷ്യന്മാര്‍ക്കു നല്‍കി.

മര്‍ക്കൊസ് — Chapters