Skip to content
Opens in a new window
Listen to this chapter • 7:19

[1] യേശു വഞ്ചിയില്‍ കയറി മറുകരയിലുള്ള തന്‍റെ സ്വന്തം നഗരത്തിലേക്കു പോയി.

[2] തളര്‍വ്വാതം ബാധിച്ച ഒരാളെ ചിലര്‍ അവന്‍റെ മുമ്പില്‍ കൊണ്ടുവന്നു. അയാള്‍ ഒരു കിടക്കയില്‍ കിടക്കുകയായിരുന്നു. അവരുടെ ഉറച്ച വിശ്വാസത്തെ യേശു മനസ്സിലാക്കി. അവന്‍ രോഗിയോടു പറഞ്ഞു, “യുവാവേ, സന്തോഷവാനായിരിക്കുക. നിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടു.”

[3] ശാസ്ത്രിമാരില്‍ ചിലര്‍ ഇതു കേട്ടു. അവര്‍ പരസ്പരം പറഞ്ഞു, “ഇയാള്‍ ദൈവത്തെപ്പോലെ സംസാരിക്കുന്നു. ദൈവ ദോഷമല്ലേ ഇത്.”

[4] അവരുടെ ഉള്ളിലിരിപ്പ് യേശുവിനറിഞ്ഞിരുന്നു. അതിനാലവന്‍ പറഞ്ഞു, “എന്തിനാണ് നിങ്ങളിങ്ങനെ ദുഷിച്ച കാര്യങ്ങളാലോചിക്കുന്നത്?

[5] ‘നിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു’ എന്നു പറയുന്നതോ, ‘എഴുന്നേറ്റ് നടക്കുക’ എന്നു പറയുന്നതോ എളുപ്പം? മനുഷ്യപുത്രന് ഭൂമിയില്‍ പാപങ്ങള്‍ പെറുക്കാനുള്ള അധികാരമുണ്ടെന്ന് ഞാന്‍ നിങ്ങള്‍ക്കു തെളിയിച്ചുതരാം.” എന്നിട്ട് യേശു രോഗിയോടു പറഞ്ഞു, “എഴുന്നേറ്റ് നിന്‍റെ കിടക്കയുമായി വീട്ടിലേക്കു പോകൂ.”

[7] അയാള്‍ എഴുന്നേറ്റ് വീട്ടിലേക്കു പോയി.

[8] ഇതു കണ്ടവരില്‍ ഭയം നിറഞ്ഞു. ഇങ്ങനെയുള്ള മനുഷ്യര്‍ക്ക് ഇപ്രകാരമുള്ള ശക്തി നല്‍കിയതിന് അവര്‍ ദൈവത്തെ സ്തുതിച്ചു.

[9] യേശു അവിടം വിട്ടു പോകുകയായിരുന്നപ്പോള്‍ മത്തായി എന്നു പേരുള്ള ആളെ കണ്ടു. മത്തായി ചുങ്കക്കാരുടെ കാര്യാലയത്തിലിരിക്കുകയായിരുന്നു. യേശു അവനോടു പറഞ്ഞു, “എന്നെ അനുഗമിക്കൂ.” അപ്പോള്‍ മത്തായി എഴുന്നേറ്റ് യേശുവിനെ പിന്തുടര്‍ന്നു.

[10] യേശു മത്തായിയുടെ വീട്ടില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. അനേകം ചുങ്കക്കാരും മറ്റു ദുഷിച്ച ആള്‍ക്കാരും യേശുവിനോടും ശിഷ്യന്മാരോടുമൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു.

[11] യേശു അവരോടൊത്തിരുന്ന് ആഹാരം കഴിക്കുന്നത് ഏതാനും പരീശന്മാര്‍ കണ്ടു. അവര്‍ യേശുവിന്‍റെ ശിഷ്യന്മാരോടു ചോദിച്ചു, “എന്താണു നിങ്ങളുടെ ഗുരു ഈ ചുങ്കപ്പിരിവുകാരുടെയും മറ്റു പാപികളുടെയും കൂടെയിരുന്നാഹാരം കഴിക്കുന്നത്?”

[12] പരീശന്മാര്‍ പറയുന്നത് യേശു കേട്ടു. അവന്‍ പരീശന്മാരോടു പറഞ്ഞു, “ആരോഗ്യമുള്ളവര്‍ക്ക് വൈദ്യനെ ആവശ്യമില്ല. രോഗികള്‍ക്കാണ് വൈദ്യനെ ആവശ്യമുള്ളത്.

[13] ഞാന്‍ നിങ്ങളോടു ചില കാര്യങ്ങള്‍ പറയാം. അതിന്‍റെ അര്‍ത്ഥം പോയി പഠിക്കൂ. ഞാന്‍ യാഗമല്ല ആഗ്രഹിക്കുന്നത്. ഞാന്‍ മനുഷ്യരുടെ ഇടയില്‍ ദയ കാംക്ഷിക്കുന്നു.’ നല്ലവരെ ക്ഷണിക്കാനല്ല ഞാന്‍ വന്നത്. പാപികളെ ക്ഷണിക്കാനാണ് ഞാന്‍ വന്നത്.”

[14] അപ്പോള്‍ യോഹന്നാന്‍റെ ശിഷ്യന്മാര്‍ യേശുവിനടുത്തെത്തി. അവര്‍ യേശുവിനോടു ചോദിച്ചു, “ഞങ്ങളും പരീശന്മാരും പലപ്പോഴും ഉപവസിക്കാറുണ്ട്. പക്ഷേ നിന്‍റെ ശിഷ്യന്മാര്‍ എന്താണുപവസിക്കാത്തത്?”

[15] യേശു മറുപടി പറഞ്ഞു, “വിവാഹവേളയില്‍ മണവാളന്‍ കൂടെയുള്ളപ്പോള്‍ അവന്‍റെ കൂട്ടുകാര്‍ ദുഃഖിക്കാറില്ല. പക്ഷേ മണവാളന്‍ അവരുടെ മദ്ധ്യത്തില്‍നിന്നകറ്റപ്പെടുന്ന സമയം വരും. അപ്പോള്‍ സുഹൃത്തുക്കള്‍ ദുഃഖിക്കും. ആ സമയം അവര്‍ ഉപവസിക്കും.

[16] “ഒരാള്‍ പഴയ വസ്ത്രത്തിലെ ദ്വാരമടയ്ക്കാന്‍ പുതിയ വസ്ത്രത്തില്‍നിന്നും ഒരു കഷണം കീറിയെടുക്കാറില്ല. അഥവാ അയാളങ്ങനെ ചെയ്താല്‍ കൂട്ടിച്ചേര്‍ത്ത തുണി കീറുകയും ദ്വാരം വലുതാവുകയും ചെയ്യും.

[17] അതുപോലെ പുതിയ വീഞ്ഞ് ആരും പഴയ വീഞ്ഞുസഞ്ചികളില്‍ ഒഴിച്ചുവെക്കാറില്ല. എന്തുകൊണ്ടെന്നാല്‍ സഞ്ചി പൊട്ടി വീഞ്ഞ് പുറത്തേക്കൊഴുകുകയും വീഞ്ഞുസഞ്ചി കീറിപ്പോകുകയും ചെയ്യും. എന്നാല്‍ പുതിയ വീഞ്ഞ് പുതിയ സഞ്ചികളിലൊഴിക്കാറുണ്ട്. അപ്പോള്‍ വീഞ്ഞും സഞ്ചിയും നന്നായിരിക്കും.”

[18] യേശു ഇതെല്ലാം പറഞ്ഞുകൊണ്ടിരിക്കവേ യെഹൂദപ്പളളിയിലെ ഒരു നേതാവ് അവനെ സമീപിച്ചു. അവന്‍ യേശുവിനു മുമ്പില്‍ നമിച്ചിട്ട് അവനോടു പറഞ്ഞു, “എന്‍റെ മകള്‍ അല്പം മുമ്പ് മരിച്ചു. പക്ഷേ അങ്ങു വന്ന് അവളുടെമേല്‍ കൈവച്ചാല്‍ അവള്‍ വീണ്ടും ജീവിക്കും”

[19] യേശു എഴുന്നേറ്റ് അയാളുടെ കൂടെപ്പോയി. അവന്‍റെ ശിഷ്യന്മാരും അവനെ പിന്തുടര്‍ന്നു.

[20] പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. അവള്‍ യേശുവിന്‍റെ പിന്നാലെയെത്തി അവന്‍റെ വസ്ത്രത്തിന്‍റെ കീഴ്ഭാഗം സ്പര്‍ശിച്ചു.

[21] അവള്‍ക്കറിയാമായിരുന്നു, “എനിക്കവന്‍റെ വസ്ത്രത്തില്‍ തൊടാനായാല്‍ എന്‍റെ രോഗം സുഖപ്പെടും.”

[22] യേശു തിരിഞ്ഞ് അവളെ നോക്കി. അവന്‍ പറഞ്ഞു, “അല്ലയോ പ്രിയപ്പെട്ട സ്ത്രീയേ നിന്‍റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു. സന്തോഷിക്കുക.” ഉടന്‍ ആ സ്ത്രീ എഴുന്നേറ്റു നിന്നു. അപ്പോള്‍ അവള്‍ സുഖപ്പെട്ടു.

[23] യേശു നേതാവിനോടൊത്ത് അയാളുടെ വീട്ടിലെത്തി അവിടെ ശവസംസ്കാരപ്പാട്ട് പാടുന്നവരെ കണ്ടു. ചിലര്‍ കുട്ടി മരിച്ചതില്‍ കരയുന്നുണ്ടായിരുന്നു.

[24] യേശു പറഞ്ഞു, “മാറി നില്‍ക്കൂ, ഈ പെണ്‍കുട്ടി മരിച്ചിട്ടില്ല. അവള്‍ ഉറങ്ങുക മാത്രമാണ്.” എന്നാല്‍ ആളുകള്‍ യേശുവിനെ പരിഹസിച്ചു.

[25] ആളുകളെ പുറത്തിറക്കിയ ശേഷം യേശു കുട്ടിയുടെ മുറിയില്‍ കയറി. അവന്‍ പെണ്‍കുട്ടിയുടെ കരം ഗ്രഹിച്ചു. ഉടന്‍ തന്നെ അവള്‍ എഴുന്നേല്‍ക്കുകയും ചെയ്തു.

[26] ഈ വാര്‍ത്ത ആ പ്രദേശമാകെ വ്യാപിച്ചു.

[27] യേശു അവിടം വിട്ടുപോകവേ രണ്ടു അന്ധന്മാര്‍ അവനെ അനുഗമിച്ചു. അവര്‍ ഉറക്കെ പറഞ്ഞു, “ദാവീദുപുത്രാ, ഞങ്ങളോടു കരുണ കാട്ടേണമേ,”

[28] യേശു അകത്തേക്കു കയറിയപ്പോള്‍ അന്ധരും കൂടെക്കയറി. യേശു അവരോടു ചോദിച്ചു, “നിങ്ങള്‍ക്കു കാഴ്ച തിരിച്ചു തരാന്‍ എനിക്കു കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുവോ?” അവര്‍ മറുപടി പറഞ്ഞു, “അതേ കര്‍ത്താവേ, ഞങ്ങള്‍ വിശ്വസിക്കുന്നു.”

[29] അപ്പോള്‍ യേശു അവരുടെ കണ്ണുകളില്‍ തൊട്ടുകൊണ്ടു പറഞ്ഞു, “നിങ്ങള്‍ക്കു കാഴ്ച തരാന്‍ എനിക്കു കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു. അങ്ങനെ സംഭവിക്കട്ടെ.”

[30] അപ്പോള്‍ അവരുടെ കാഴ്ചശക്തി വീണ്ടുകിട്ടി. യേശു അവര്‍ക്കു ശക്തമായ മുന്നറിയിപ്പു നല്‍കി, അവന്‍ പറഞ്ഞു, “ഇതാരോടും പറയരുത്.”

[31] പക്ഷേ അവര്‍ പുറത്തു പോയി യേശുവിനെപ്പറ്റിയുള്ള ഈ വാര്‍ത്ത ആ പ്രദേശമാകെ പരത്തി.

[32] ആ രണ്ടുപേര്‍ പോകാനൊരുങ്ങുമ്പോള്‍ ചിലര്‍ മറ്റൊരാളെ യേശുവിന്‍റെ അടുത്തു കൊണ്ടുവന്നിരുന്നു. ഭൂതം ബാധിച്ചിരുന്നതിനാല്‍ അയാള്‍ക്കു മിണ്ടാനാകുമായിരുന്നില്ല.

[33] യേശു അയാളില്‍നിന്നും ഭൂതത്തെ ഇറക്കി വിട്ടു. അപ്പോള്‍ അയാള്‍ക്കു സംസാരിക്കാനായി. ആളുകള്‍ അന്തംവിട്ടുകൊണ്ടു പറഞ്ഞു, “ഇങ്ങനെയുള്ള സംഭവങ്ങളൊന്നും ഞങ്ങള്‍ യിസ്രായേലില്‍ ഒരിക്കലും കണ്ടിട്ടില്ല.”

[34] എന്നാല്‍ പരീശര്‍ പറഞ്ഞു, “ഭൂതങ്ങളുടെ നേതാവു കൊടുത്ത ശക്തികൊണ്ടാണവനിതു ചെയ്യുന്നത്.”

[35] യേശു എല്ലാ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും ദൈവ രാജ്യത്തപ്പറ്റിയുള്ള സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്തു. എല്ലാ വിധത്തിലുള്ള അവശതകളും രോഗങ്ങളും അവന്‍ ഭേദമാക്കുകയും ചെയ്തു.

[36] യേശുവിന് ജനക്കൂട്ടത്തെ കണ്ടപ്പോള്‍ അവരോട് അനുകമ്പ തോന്നി. കാരണം, അവര്‍ വ്യാകുലരായും നിസ്സഹായരായും കാണപ്പെട്ടു. ഇടയനില്ലാത്ത ആട്ടിന്‍പറ്റത്തെപ്പോലെ അനാഥരായിരുന്നു അവര്‍.

[37] യേശു ശിഷ്യന്മാരോടു പറഞ്ഞു, “വിളവ് ധാരാളം ഉണ്ട്. എന്നാല്‍ വിളവെടുക്കുന്നവരാകട്ടെ കുറവും.

[38] വിളവ് ദൈവത്തിനവകാശപ്പെട്ടതാണ്. കൂടുതല്‍ പണിക്കാരെ അയച്ച് വിളവെടുപ്പില്‍ സഹായിക്കാന്‍ അവനോടു പ്രാര്‍ത്ഥിക്കുക.”

മത്തായി — Chapters