[1] ആ സമയം യേശുവിനെപ്പറ്റി ആളുകള്‍ പറയുന്നത് ഗലീലയിലെ ഭരണാധികാരിയായ ഹെരോദാവ് കേട്ടു.
[2] ഹെരോദാവ് തന്‍റെ ദാസന്മാരോടു പറഞ്ഞു, “ഇയാള്‍ യഥാര്‍ത്ഥത്തില്‍ സ്നാപക യോഹന്നാനാണ്. അയാള്‍ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റിട്ടുണ്ടാവണം. അതാണ് അയാള്‍ക്കിങ്ങനെ വീര്യ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ കഴിയുന്നത്.”
[3] അതിനുമുമ്പ് ഹെരോദാവ് യോഹന്നാനെ പിടിച്ചു. യോഹന്നാനെ ചങ്ങലയിട്ട് തുറങ്കിലിട്ടു. ഹെരോദാവിന്‍റെ സഹോദരനായ ഫിലിപ്പോസിന്‍റെ പത്നിയായ ഹെരോദ്യ കാരണമാണ് യോഹന്നാനെ ബന്ധിച്ചത്.
[4] “ഹെരോദ്യയെ നീ സ്വന്തമാക്കുന്നതു ശരിയല്ല” എന്ന് യോഹന്നാന്‍ ഹെരോദാവിനോടു പറയുകയുണ്ടായി.
[5] ഹെരോദാവ് യോഹന്നാനെ കൊല്ലാനാഗ്രഹിച്ചുവെങ്കിലും അയാള്‍ ജനങ്ങളെ ഭയന്നു. യോഹന്നാന്‍ ഒരു പ്രവാചകനാണെന്ന് ആളുകള്‍ ധരിച്ചിരുന്നു.
[6] ഹെരോദാവിന്‍റെ ജന്മദിനാഘോഷത്തില്‍ വിരുന്നകാരുടെ മുമ്പില്‍വെച്ച് ഹെരോദ്യയുടെ പുത്രി നൃത്തം ചെയ്തു. ഹെരോദാവ് അവളില്‍ സംപ്രീതനായി.
[7] അയാള്‍ അവളാവശ്യപ്പെടുന്നതെന്തും സമ്മാനമായി ശപഥത്തിലൂടെ വാഗ്ദാനം ചെയ്തു.
[8] എന്ത് ആവശ്യപ്പടണമെന്ന് ഹെരോദ്യ മകളോടു നിര്‍ദ്ദേശിച്ചു. അതിനാലവള്‍ ഹെരോദാവിനോടു പറഞ്ഞു, “സ്നാപക യോഹന്നാന്‍റെ ശിരസ്സ് ഇവിടെ ഒരു തളികയില്‍ വച്ചു തരൂ.”
[9] ഹെരോദാവു ദുഃഖിതനായി. പക്ഷേ ആവശ്യപ്പടുന്നതെന്തും കൊടുക്കാമെന്നയാള്‍ ശപഥം ചെയ്തിരുന്നു. അവന്‍റെ അതിഥികള്‍ അതിനു സാക്ഷികളാണ്. അതിനാലവളുടെ അപേക്ഷ നിറവേറ്റാന്‍ അയാള്‍ ഉത്തരവിട്ടു.
[10] തടവറയിലുള്ള യോഹന്നാന്‍റെ തല വെട്ടിയെടുക്കാന്‍ അയാള്‍ ആളെ അയച്ചു.
[11] അവര്‍ യോഹന്നാന്‍റെ തല ഒരു തളികയില്‍ വച്ചുകൊണ്ടുവന്ന് പെണ്‍കുട്ടിക്കു കൊടുത്തു. അവള്‍ തല അമ്മയ്ക്കു നല്‍കി.
[12] യോഹന്നാന്‍റെ ശിഷ്യന്മാര്‍ വന്ന് മൃതദേഹം കൊണ്ടുപോയി സംസ്കരിച്ചു. എന്നിട്ടവര്‍ പോയി യേശുവിനോടു സംഭവങ്ങള്‍ വിവരിച്ചു.
[13] യോഹന്നാന്‍റെ വാര്‍ത്തയറിഞ്ഞ യേശു ഒരു വഞ്ചിയില്‍ അവിടം വിട്ടു. വിജനമായ ഒരിടത്തേക്കവന്‍ ഒറ്റയ്ക്കു പോയി. എന്നാല്‍ അക്കാര്യം ആളുകള്‍ അറിഞ്ഞു. അതിനാലവര്‍ അവരുടെ ഗ്രാമങ്ങള്‍ വിട്ട് യേശുവിനെ പിന്തുടര്‍ന്നു. യേശു പോയ സ്ഥലത്തേക്ക് അവരും കരമാര്‍ഗ്ഗം സഞ്ചരിച്ചു.
[14] യേശു അവിടെയെത്തിയപ്പോള്‍ ഒരുപാടു ആളുകളെ കണ്ടു. യേശുവിന് അവരോടു കാരുണ്യം തോന്നി. അവന്‍ രോഗം ബാധിച്ചവരെ സുഖപ്പെടുത്തി.
[15] അന്ന് ഉച്ചതിരിഞ്ഞപ്പോള്‍ ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു. അവര്‍ പറഞ്ഞു, “ഇതൊരു വിജന പ്രദേശമാണ്. ഇപ്പോളാകട്ടെ നേരം വളരെ വൈകിയിരിക്കുന്നു. അതിനാല്‍ ഇവരെ നഗരങ്ങളില്‍ പോയി ആഹാരം വാങ്ങിക്കൊണ്ടുവരേണ്ടതിനായി അയച്ചാലും.”
[16] യേശു മറുപടി പറഞ്ഞു, “അവരെ പറഞ്ഞുവിടേണ്ട ആവശ്യമില്ല. നിങ്ങള്‍തന്നെ അവര്‍ക്കു ഭക്ഷണം കൊടുക്കുക.”
[17] ശിഷ്യന്മാര്‍ പറഞ്ഞു, “പക്ഷേ ഞങ്ങളുടെ പക്കല്‍ അഞ്ചു അപ്പക്കഷണങ്ങളും രണ്ടു മീനും മാത്രമേയുള്ളൂ.”
[18] യേശു പറഞ്ഞു, “അപ്പവും മീനും എന്റെയടുക്കല്‍ കൊണ്ടുവരൂ.”
[19] പിന്നെ യേശു ജനങ്ങളോട് പുല്‍ത്തകിടിയിലിരിക്കാന്‍ നിര്‍ദ്ദേശിച്ചു. അവന്‍ അപ്പവും മീനും എടുത്ത് ആകാശത്തേക്കു നോക്കി ഭക്ഷണം തന്നതിന് ദൈവത്തിനു നന്ദി പറഞ്ഞു. അനന്തരം അവന്‍ അതു വീതം വെച്ചു. അവന്‍ അതു ശിഷ്യന്മാര്‍ക്കു നല്‍കി. ശിഷ്യന്മാര്‍ അത് ജനങ്ങള്‍ക്കു വിളമ്പി.
[20] എല്ലാവരും അതു കഴിച്ച് സംതൃപ്തരായി. എല്ലാവരും ആഹാരം കഴിച്ചിട്ടും പന്ത്രണ്ടു കുട്ടകള്‍ നിറയെ ആഹാരം മിച്ചം വന്നു.
[21] സ്ത്രീകളും കുട്ടികളും ഉള്‍പ്പെടാതെ അയ്യായിരത്തോളം പേര്‍ ആഹാരം കഴിച്ചിരുന്നു.
[22] അനന്തരം യേശു ശിഷ്യന്മാരെ വഞ്ചിയില്‍ കയറ്റി. മറുകരയിലേക്കു പോകാന്‍ അവന്‍ അവരോടാജ്ഞാപിച്ചു. താന്‍ പിന്നാലെ വന്നുകൊള്ളാമെന്നു പറഞ്ഞ് അവന്‍ അവിടെത്തന്നെ നിന്നു. ആളുകളെ പിരിച്ചയക്കാനാണവന്‍ തങ്ങിയത്.
[23] ആളുകളോടു യാത്ര പറഞ്ഞു പിരിഞ്ഞതിനു ശേഷം യേശു ഒറ്റയ്ക്കിരുന്നു പ്രാര്‍ത്ഥിക്കാന്‍ മലമുകളിലേക്കു പോയി. വൈകുന്നേരം ആയപ്പോഴും അവന്‍ ഏകനായി അവിടെത്തന്നെ ഉണ്ടായിരുന്നു.
[24] ആ സമയം ശിഷ്യന്മാര്‍ കയറിയ വഞ്ചി കടലില്‍ വളരെദൂരം പോയിക്കഴിഞ്ഞിരുന്നു. തിരമാലകളില്‍പ്പെട്ട് വഞ്ചി ഉലഞ്ഞു. കാറ്റ് വിപരീതമായിരുന്നു.
[25] പുലര്‍ച്ചെ മൂന്നു മണിക്കും ആറു മണിക്കുമിടയില്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ വഞ്ചിയില്‍ തന്നെയായിരുന്നു. യേശു അവരുടെയടുത്തേക്കു ചെന്നു. അവന്‍ വെള്ളത്തിനു മീതെ നടന്നു.
[26] യേശു വെള്ളത്തിനു മീതെ നടന്നുവരുന്നതു കണ്ട ശിഷ്യന്മാര്‍ ഭയന്നു. അവര്‍ പറഞ്ഞു, “അതൊരു പ്രേതമാണ്!” അവര്‍ ഭയന്നു നിലവിളിച്ചു.
[27] എന്നാല്‍ യേശു പെട്ടെന്നുതന്നെ അവരോടു സംസാരിച്ചു, “പ്രസന്നരാകൂ ഇതു ഞാനാണ് ഭയക്കരുത്.”
[28] പത്രൊസ് പറഞ്ഞു, “കര്‍ത്താവേ ഇത് യഥാര്‍ത്ഥത്തില്‍ നീയാണെങ്കില്‍ വെള്ളത്തിനുമീതെ നടന്നുവരാന്‍ എന്നോടാജ്ഞാപിക്കുക.”
[29] യേശു വിളിച്ചു, “പത്രൊസേ വരൂ.” പത്രൊസ് വഞ്ചിയില്‍ നിന്നിറങ്ങി വെള്ളത്തിനു മീതെകൂടി യേശുവിന്‍റെയടുത്തേക്കു നടന്നു.
[30] എന്നാല്‍ വെള്ളത്തിനു മീതെ നടന്നു പോകവേ കാറ്റും തിരമാലകളും കണ്ടു ഭയന്ന് വെള്ളത്തില്‍ മുങ്ങാന്‍ തുടങ്ങി. പത്രൊസ് നിലവിളിച്ചു, “കര്‍ത്താവേ, എന്നെ രക്ഷിക്കൂ!”
[31] യേശു പത്രൊസിന്‍റെ കൈ പിടിച്ചു. യേശു പറഞ്ഞു, “നീ അല്പവിശ്വാസിയാണ്. എന്തിനു സംശയിച്ചു?”
[32] യേശുവും പത്രൊസും വഞ്ചിയില്‍ കയറിയതിനു ശേഷം കാറ്റ് അമര്‍ന്നു.
[33] അപ്പോള്‍ വഞ്ചിയിലുണ്ടായിരുന്ന ശിഷ്യന്മാര്‍ യേശുവിനെ നമസ്കരിച്ചുകൊണ്ട് പറഞ്ഞു, “യഥാര്‍ത്ഥത്തില്‍ നീയാണ് ദൈവപുത്രന്‍.”
[34] തടാകത്തിലൂടെ വിലങ്ങനെ സഞ്ചരിച്ച അവര്‍ മറുകരയില്‍ ഗന്നേസരെത്ത് എന്ന തുറമുഖത്തെത്തി.
[35] അന്നാട്ടുകാര്‍ യേശുവിനെ കണ്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു. അതിനാലവര്‍ ആ പ്രദേശമാകെ യേശു വന്ന വിവരം പരത്തി. ആളുകള്‍ എല്ലാ രോഗികളെയും അവന്‍റെയടുത്തു കൊണ്ടുവന്നു.
[36] അവന്‍റെ വസ്ത്രത്തിന്‍റെ അറ്റത്തെങ്കിലും സ്പര്‍ശിച്ചു സുഖം പ്രാപിക്കാനനുവദിക്കാന്‍ അവര്‍ അവനോടു കേണു. യേശുവിന്‍റെ വസ്ത്രാഗ്രം സ്പര്‍ശിച്ച എല്ലാവരും സൌഖ്യം പ്രാപിച്ചു.