Skip to content
Opens in a new window
Listen to this chapter • 5:49

[1] അനന്തരം ആത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു. അവിടെ പിശാചിന്‍റെ പ്രലോഭനത്തെ നേരിടാനായിരുന്നു അവന്‍ അങ്ങോട്ടു നയിക്കപ്പെട്ടത്.

[2] നാല്പതു ദിനരാത്രങ്ങള്‍ യേശു ഒന്നും ഭക്ഷിച്ചിരുന്നില്ല. അതിനുശേഷം അവന് വല്ലാതെ വിശന്നു.

[3] പിശാച് യേശുവിനെ പ്രലോഭിപ്പിക്കാന്‍ എത്തി. പിശാച് പറഞ്ഞു, “നീ ദൈവപുത്രനെങ്കില്‍ ഈ കല്ലുകളോട് അപ്പമാകുവാന്‍ കല്പിക്കൂ.”

[4] യേശു അവനോടു മറുപടി പറഞ്ഞു, “തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതപ്പെട്ടിട്ടുണ്ട്, ‘മനുഷ്യനെ ജീവിപ്പിക്കുന്നത് അപ്പം മാത്രമല്ല. ദൈവത്തിന്‍റെ തിരുവായിലൂടെ പുറത്തുവരുന്ന ഓരോ വചനത്തിലുമാണ് അവരുടെ ജീവന്‍ ആശ്രയിച്ചിരിക്കുന്നത്.’”

[5] അനന്തരം പിശാച് യേശുവിനെ വിശുദ്ധനഗരമായ യെരൂശലേമിലേക്കു നയിച്ചു. പിശാച് യേശുവിനെ ദൈവാലയത്തില്‍ വളരെ ഉയര്‍ന്ന ഒരിടത്തു നിര്‍ത്തി.

[6] പിശാച് പറഞ്ഞു, “നീ ദൈവ പുത്രനാണെങ്കില്‍ താഴോട്ടു ചാടുക. എന്തെന്നാല്‍ തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതപ്പെട്ടിട്ടുണ്ടല്ലോ, ‘ദൈവം തന്‍റെ ദൂതന്മാരോടു കല്പിക്കും, അവരുടെ കൈകള്‍ നിന്‍റെ രക്ഷയ്ക്കെത്തും, നിന്‍റെ കാല്‍ പാറയിലിടിക്കാത്തവിധം നിന്നെ പിടിക്കും.’”

[7] യേശു മറുപടി പറഞ്ഞു, “തിരുവെഴുത്തുകളില്‍ ഇങ്ങനെകൂടി എഴുതിയിട്ടുണ്ട്, ‘നിന്‍റെ കര്‍ത്താവായ ദൈവത്തെ നീയൊരിക്കലും പരീക്ഷിക്കരുത്.’”

[8] അനന്തരം പിശാച് യേശുവിനെ ഒരു വലിയ ഉയരമുള്ള മലയിലേക്കു കൊണ്ടുപോയി. പിശാച് യേശുവിനെ ലോകത്തിലെ എല്ലാ രാജ്യങ്ങളും കാണിച്ചു. അവിടങ്ങളിലെ മഹത്തായ കാര്യങ്ങളും കാണിച്ചു.

[9] പിശാച് പറഞ്ഞു, “നീ എന്നെ നമസ്കരിച്ച് ആരാധിച്ചാല്‍ ഈ കണ്ടതെല്ലാം നിനക്കു ഞാന്‍ തരാം.”

[10] യേശു പിശാചിനോടു പറഞ്ഞു, “സാത്താനേ, എന്നെ വിട്ടുപോക, തിരുവെഴുത്തുകളില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്, ‘കര്‍ത്താവായ ദൈവത്തെ നിങ്ങള്‍ ആരാധിക്കുക. അവനെ മാത്രം സേവിക്കുക.’”

[11] പിശാച് യേശുവിനെ വിട്ടുപോയി. അപ്പോള്‍ ഏതാനും ദൂതന്മാര്‍ വന്ന് യേശുവിനെ പരിചരിച്ചു.

[12] യോഹന്നാന്‍ തടവിലാക്കപ്പെട്ടു എന്നു യേശു കേട്ടു. അതിനാല്‍ യേശു ഗലീലയിലേക്കു മടങ്ങി.

[13] അവന്‍ നസറെത്തില്‍ തങ്ങിയില്ല. ഗലീല തടാകത്തിനടുത്തുളള കഫര്‍ന്നഹൂം എന്ന നഗരത്തിലേക്കു പോയ യേശു അവിടെ താമസിച്ചു. സെബൂലൂന്‍റെയും നഫ്താലിയുടെയും പ്രദേശമാണ് കഫര്‍ന്നഹും.

[14] യെശയ്യാ പ്രവാചകന്‍ പറഞ്ഞതു നിറവേറ്റാനായിരുന്നു അവന്‍ ഇതു ചെയ്തത്. യെശയ്യാ പ്രവാചകന്‍ പറഞ്ഞു,

[15] “സമുദ്രത്തിലേക്കുളള വഴിയില്‍ യോര്‍ദ്ദാന്‍നദിയുടെ മറുകരയില്‍ സെബൂലൂന്‍റെയും നഫ്താലിയുടെയും ദേശം ജാതികളുടെ ഗലീലദേശം.

[16] ഈ ആളുകള്‍ ഇരുട്ടിലായിരുന്നു (പാപത്തില്‍). പക്ഷെ അവര്‍ ഒരു മഹത്പ്രകാശം കണ്ടു: ശവപ്പറമ്പുപോലെ ഇരുണ്ട പ്രദേശത്ത് വസിക്കുന്ന ആളുകളുടെമേല്‍ പ്രകാശം ഉദിച്ചു.”

[17] അപ്പോള്‍ മുതല്‍ യേശു പ്രസംഗിക്കാന്‍ തുടങ്ങി. അവനിങ്ങനെയാണ് പ്രസംഗിച്ചത്, “മാനസാന്തരപ്പെടുവിന്‍, എന്തെന്നാല്‍ സ്വര്‍ഗ്ഗ രാജ്യത്തിന്‍റെ വരവായി.”

[18] യേശു ഗലീലാ കടല്‍ത്തീരത്തുകൂടി നടക്കുകയായിരുന്നു. ശിമോന്‍ (പത്രൊസ്), അന്ത്രെയാസ് എന്നീ സഹോദരന്മാരെ അവന്‍ കണ്ടു. മീന്‍പിടുത്തക്കാരായ അവര്‍ കടലില്‍ വല വീശുകയായിരുന്നു.

[19] യേശു പറഞ്ഞു, “വരൂ, എന്നെ അനുഗമിക്കൂ. ഞാന്‍ നിങ്ങളെ വ്യത്യസ്തരായ മീന്‍പിടുത്തക്കാരാക്കാം. നിങ്ങളെ ഞാന്‍ ആളുകളാകുന്ന മീനെ പിടിക്കുന്നവരാക്കാം.”

[20] ശിമോനും അന്ത്രെയാസും ഉടന്‍ വലകള്‍ ഉപേക്ഷിച്ച് അവനെ പിന്തുടര്‍ന്നു.

[21] യേശു ഗലീലക്കടല്‍ത്തീരത്തുകൂടിയുളള തന്‍റെ നടപ്പു തുടര്‍ന്നു. സെബെദിയുടെ മക്കളായ യാക്കോബിനെയും യോഹന്നാനെയും അവന്‍ കണ്ടു. അവര്‍ പിതാവായ സെബെദിയോടൊപ്പം വളളത്തിലായിരുന്നു. അവര്‍ മീന്‍ പിടിക്കാന്‍ വല ഒരുക്കുകയായിരുന്നു. അവന്‍ അവരോടു തന്നോടൊപ്പം വരാന്‍ കല്പിച്ചു.

[22] അതിനാല്‍ ആ സഹോദരന്മാര്‍ ഉടന്‍ തങ്ങളുടെ പിതാവിനെയും വളളത്തെയും ഉപേക്ഷിച്ച് യേശുവിനെ പിന്തുടര്‍ന്നു.

[23] യേശു ഗലീലയിലെങ്ങും സഞ്ചരിച്ചു. അവന്‍ യെഹൂദപ്പളളികളില്‍ പഠിപ്പിക്കുകയും സ്വര്‍ഗ്ഗ രാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുകയും ആളുകളുടെ എല്ലാ വ്യാധികളും രോഗങ്ങളും സുഖപ്പെടുത്തുകയും ചെയ്തു.

[24] യേശുവിനെപ്പറ്റിയുളള വാര്‍ത്തകള്‍ സുറിയയിലെങ്ങും പരന്നു. ആളുകള്‍ രോഗികളായവരെയെല്ലാം അവന്‍റെയടുത്തു കൊണ്ടുവന്നു. രോഗികള്‍ പലവിധത്തിലുളള രോഗങ്ങളും വേദനയുമുളളവരായിരുന്നു. ചിലര്‍ക്കു വലിയ വേദനയുണ്ടായിരുന്നു. ചിലരെ പിശാച് ബാധിച്ചിരുന്നു. ചിലര്‍ക്ക് അപസ്മാരം ബാധിച്ചിരുന്നു. ചിലര്‍ തളര്‍വാത രോഗികളുമായിരുന്നു. യേശു എല്ലാവരെയും സുഖപ്പെടുത്തി.

[25] അനേകംപേര്‍ യേശുവിനെ പിന്തുടര്‍ന്നു. അവര്‍ ഗലീലയില്‍നിന്നും ദെക്കപ്പൊലിയില്‍ (പത്തു നഗര പ്രദേശം) നിന്നും യെരൂശലേം, യെഹൂദ്യ, യോര്‍ദ്ദാനക്കരെ എന്നീ ഇടങ്ങളില്‍ നിന്നുളളവരായിരുന്നു.

മത്തായി — Chapters