[1] ആ ദിവസംതന്നെ യേശു വീടിനു പുറത്തുപോയി കടലോരത്തിരുന്നു.
[2] എല്ലാവരും അവന്‍റെ ചുറ്റുംനിന്നു. അതിനാലവന്‍ ഒരു വഞ്ചിയില്‍ കയറി ഇരുന്നു. മറ്റെല്ലാവരും തീരത്തുതന്നെ നിന്നു.
[3] അപ്പോള്‍ അവന്‍ അവരെ പലതും ഉപദേശിക്കാന്‍ പല കഥകളും ഉപയോഗിച്ചു. യേശു പറഞ്ഞു: “ഒരു കൃഷിക്കാരന്‍ വിത്തു വിതയ്ക്കാനിറങ്ങി.
[4] വിതയ്ക്കവെ ചില വിത്തുകള്‍ വഴിയില്‍ വീണു. പക്ഷികള്‍ വന്നു അവ കൊത്തിത്തിന്നു.
[5] ചില വിത്തുകള്‍ പാറയില്‍ വീണു. അവിടെ ചെളിയില്ലായിരുന്നു. വിത്ത് വളരെ വേഗം വളര്‍ന്നു. എന്തെന്നാല്‍ മണ്ണില്‍ ആഴമില്ലായിരുന്നു.
[6] പക്ഷേ സൂര്യനുയര്‍ന്നപ്പോള്‍ ചെടികള്‍ കരിഞ്ഞു. ആഴത്തില്‍ വേരുകളില്ലാതിരുന്നതിനാല്‍ ചെടികള്‍ കരിഞ്ഞു.
[7] മറ്റുചില വിത്തുകള്‍ മുള്ളുകള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന് വിത്തു വളരാന്‍ തടസമായി.
[8] മറ്റുചില വിത്തുകളാകട്ടെ നല്ല മണ്ണിലാണ് വീണത്. ആ വിത്തു വളര്‍ന്നു ധാന്യമുണ്ടായി. ചില ചെടികള്‍ നൂറുമടങ്ങു കൂടുതല്‍ വിളഞ്ഞു. ചിലവ അറുപതും മറ്റു ചിലവ മുപ്പതും മേനി വിളവുണ്ടായി.
[9] കാതുള്ളവര്‍ കേള്‍ക്കട്ടെ.”
[10] ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ച് ചോദിച്ചു, “ജനങ്ങളെ ഉപദേശിക്കാന്‍ അങ്ങെന്തിനാണു കഥകളുപയോഗിക്കുന്നത്?”
[11] യേശു മറുപടി പറഞ്ഞു, “സ്വര്‍ഗ്ഗ രാജ്യത്തെപ്പറ്റിയുള്ള രഹസ്യങ്ങള്‍ അറിയാനുള്ള അവകാശം നിങ്ങള്‍ക്കു മാത്രമേ അനുവദിച്ചുകിട്ടിയിട്ടുള്ളൂ. മറ്റാര്‍ക്കും ഈ രഹസ്യങ്ങളറിയാന്‍ കഴിയുകയില്ല.
[12] ചിലതുള്ളവനു കൂടുതല്‍ നല്‍കപ്പെടും. അവന് ആവശ്യമുള്ളതിലധികം ലഭിച്ചേക്കാം. എന്നാല്‍ ഇല്ലാത്തവന് ഉള്ളതില്‍ കുറച്ചുകൂടി നഷ്ടമാകും.
[13] അവരെ ഉപദേശിക്കാന്‍ ഞാന്‍ കഥകളുപയോഗിക്കാന്‍ കാരണം ഇതാണ്. അവര്‍ നോക്കുന്നെങ്കിലും കാണുന്നില്ല. കേള്‍ക്കുന്നെങ്കിലും മനസ്സിലാക്കുന്നില്ല.
[14] അതിനാലവരുടെ കാര്യത്തില്‍ യെശയ്യാവിന്‍റെ പ്രവചനം നിറവേറ്റിയിരിക്കുന്നു: ‘നിങ്ങള്‍ ശ്രദ്ധിക്കുകയും കേള്‍ക്കുകയും ചെയ്യും എന്നാലും മനസ്സിലാക്കില്ല. നിങ്ങള്‍ നോക്കുകയും കാണുകയും ചെയ്യും. എങ്കിലും കണ്ടത് മനസ്സിലാക്കില്ല.
[15] ഇവരുടെ ഹൃദയങ്ങള്‍ കഠിനങ്ങളാണ്, അവര്‍ക്ക് ചെവിയുണ്ടെങ്കിലും ശ്രദ്ധിക്കുന്നില്ല. സത്യം കാണാനവര്‍ വിസ്സമ്മതിക്കുന്നു. അവര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ട് കാണാതിരിക്കുകയും സ്വന്തം ചെവികൊണ്ട് കേള്‍ക്കാതിരിക്കുകയും സ്വന്ത മനസ്സുകൊണ്ട് അറിയാതിരിക്കുകയും ചെയ്യുന്നത് എന്‍റെയടുക്കലേക്കു തിരിഞ്ഞ് ഞാന്‍ ചികിത്സിക്കണമെന്ന് ആവശ്യപ്പെടാതിരിക്കാനാണ്.’
[16] എന്നാല്‍ നിങ്ങള്‍ അനുഗ്രഹീതരാണ്. നിങ്ങള്‍ നിങ്ങളുടെ കണ്ണുകള്‍കൊണ്ട് കാണുന്നതു മനസ്സിലാക്കുന്നു. നിങ്ങളുടെ ചെവികൊണ്ട് കേള്‍ക്കുന്നവയും മനസ്സിലാക്കുന്നു.
[17] ഞാന്‍ നിങ്ങളോട് സത്യം പറയുന്നു. അനേകം പ്രവാചകരും നല്ലവരായ ആളുകളും നിങ്ങളിപ്പോള്‍ കാണുന്നതു കാണാനാഗ്രഹിച്ചു. എന്നാലവരത് കണ്ടില്ല. അനേകം പ്രവാചകരും നല്ലവരും നിങ്ങളിപ്പോള്‍ കേള്‍ക്കുന്നത് കേള്‍ക്കാനും ആഗ്രഹിച്ചു. എന്നാലവരത് കേട്ടില്ല.
[18] “അതിനാല്‍ കര്‍ഷകന്‍റെ കഥയുടെ അര്‍ത്ഥം നിങ്ങളിപ്പോള്‍ ശ്രദ്ധിക്കുക.
[19] “വഴിയില്‍ വീണ വിത്തുകള്‍ എന്താണ്? രാജ്യത്തെപ്പറ്റിയുള്ള ഉപദേശങ്ങള്‍ കേള്‍ക്കുകയും മനസ്സിലാക്കാതിരിക്കുകയും ചെയ്യുന്നവരെപ്പോലെയാണ് ആ വിത്തുകള്‍. അയാളുടെ മനസ്സില്‍ വിതച്ചവ ദുഷ്ടന്‍ വന്നു എടുത്തു കൊണ്ടുപോകും.
[20] “പാറപ്പുറത്തു വീണ വിത്തുകളെന്താണ്? വചനം കേട്ടമാത്രയില്‍തന്നെ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നവരാണത്.
[21] എന്നാല്‍ വചനം തന്‍റെ ജീവിതത്തില്‍ ആഴത്തില്‍ വേരോടാനവന്‍ അനുവദിക്കില്ല. കുറച്ചുകാലത്തേക്കു മാത്രം ആ വചനം നിലനില്‍ക്കും. വചനം നിമിത്തം ക്ലേശമോ പീഢയോ ഉണ്ടാകുമ്പോള്‍ അവര്‍ വിശ്വാസം കൈവെടിയുന്നു.
[22] “മുള്ളുകള്‍ക്കിടയില്‍ വീണ വിത്തുകളാകട്ടെ, വചനം കേള്‍ക്കുകയും വചനത്തെ ജീവിതദുഃഖങ്ങള്‍കൊണ്ടും ധനമോഹങ്ങള്‍ കൊണ്ടും ഫലമുണ്ടാകാന്‍ അനുവദിക്കാത്തവരാണ്. അതിനാലവന്‍റെ ജീവിതത്തില്‍ വചനത്തിന് ഒരു സാദ്ധ്യതയുമില്ല.
[23] “എന്നാല്‍ നല്ല മണ്ണില്‍ വീണ വിത്തുകള്‍ കേട്ട വചനം മനസ്സിലാക്കുന്നവരാണ്. അവ വളര്‍ന്ന് ചിലപ്പോള്‍ നൂറും അറുപതും മുപ്പതും മടങ്ങു വിളവുണ്ടാകും.”
[24] അപ്പോള്‍ യേശു അവരെ പഠിപ്പിക്കാന്‍ മറ്റൊരു കഥ പറഞ്ഞു: അവന്‍ പറഞ്ഞു. “തന്‍റെ പാടത്തു നല്ല വിത്തു വിതച്ചവനെപ്പോലെയാണ് സ്വര്‍ഗ്ഗരാജ്യം.
[25] ആ രാത്രിയില്‍, എല്ലാവരും ഉറങ്ങുകയായിരുന്നു. അയാളുടെ ശത്രു വന്നു ഗോതമ്പിനിടയില്‍ കളകള്‍ നട്ട് കടന്നുകളഞ്ഞു.
[26] പിന്നീട് ഗോതമ്പുചെടികള്‍ വളര്‍ന്ന് ധാന്യക്കുലകളുണ്ടായി. അതേസമയം കളകളും വളര്‍ന്നിരുന്നു.
[27] അപ്പോള്‍ കര്‍ഷകന്‍റെ ദാസന്മാര്‍ വന്നു പറഞ്ഞു, ‘അങ്ങു നല്ല വിത്തല്ലേ വിതച്ചത്? പിന്നെ എവിടുന്നാണ് കളകള്‍ വന്നത്?’
[28] “അയാള്‍ മറുപടി പറഞ്ഞു, ‘ഒരു ശത്രുവാണ് ആ കളകള്‍ നട്ടത്.’ “ഭൃത്യന്മാര്‍ ചോദിച്ചു, ‘ഞങ്ങള്‍ പോയി കളകള്‍ നീക്കം ചെയ്യണമോ?’
[29] “അയാള്‍ പറഞ്ഞു, ‘വേണ്ട എന്തെന്നാല്‍ നിങ്ങള്‍ കള പറിക്കുമ്പോള്‍ ഗോതമ്പും പറിക്കാനിടയുണ്ട്.
[30] ഗോതമ്പും കളയും ഒന്നിച്ചു വളരട്ടെ. വിളവെടുപ്പു സമയമാകുമ്പോള്‍ ഞാന്‍ ദാസന്മാരോടു പറയും: ആദ്യം കള പറിച്ചു കൂട്ടി കത്തിക്കുക. എന്നിട്ട് ഗോതമ്പു കൊയ്തു കൊണ്ടുവന്ന് എന്‍റെ പത്തായം നിറയ്ക്കുക.”
[31] പിന്നീട് അവന്‍ അവരോടു മറ്റൊരു കഥ പറഞ്ഞു, “സ്വര്‍ഗ്ഗരാജ്യം ഒരു കടുകുമണി പോലയാണ്. ഒരാള്‍ തന്‍റെ പാടത്തു കടുകുവിത്തു വിതച്ചു.
[32] എല്ലാ വിത്തുകളിലും വച്ച് അതു ചെറുതാണ്. പക്ഷേ വിത്തു വളരുമ്പോള്‍ തോട്ടത്തിലെ ഏറ്റവും വലിയ ചെടികളിലൊന്നായിത്തീരും അത്. അതൊരു മരമായിത്തീരുന്നു. പക്ഷികള്‍ അതിന്‍റെ ശാഖകളില്‍ കൂടുവെക്കുകയും ചെയ്യുന്നു.”
[33] പിന്നീട് മറ്റൊരു കഥകൂടി പറഞ്ഞു, “സ്വര്‍ഗ്ഗരാജ്യം മാവു മുഴുവന്‍ പുളിയ്ക്കുംവരെ ഒരു സ്ത്രീ വലിയ പാത്രത്തിലുള്ള മാവില്‍ കുഴച്ചു ചേര്‍ക്കുന്ന പുളിമാവ് പൊലെയാണ്.”
[34] കഥകളായാണവന്‍ അവരൊടെല്ലാം പറഞ്ഞത്. എപ്പോഴും അവന്‍ കഥകളിലൂടെ അവരെ പഠിപ്പിച്ചു.
[35] പ്രവാചകന്‍ പറഞ്ഞത് തന്നെയായിരുന്നു അത്: “ ഞാന്‍ കഥകളിലൂടെ സംസാരിക്കും, ലോകാരംഭം മുതല്‍ രഹസ്യമാക്കി വെയ്ക്കപ്പെട്ടിരിക്കുന്നവ ഞാന്‍ പറയും.”
[36] അനന്തരം യേശു അവരെ വിട്ട് ഒരു വീട്ടിലേക്കു കയറി. ശിഷ്യന്മാര്‍ അവനെ സമീപിച്ചു പറഞ്ഞു, “വയലില്‍ വിതച്ച കളകളുടെ കഥ ഞങ്ങള്‍ക്കു വിശദീകരിച്ചു തന്നാലും.”
[37] യേശു മറുപടി പറഞ്ഞു, “പാടത്തു നല്ല വിത്തു വിതച്ചവന്‍ മനുഷ്യപുത്രനാണ്.
[38] പാടം ഈ ലോകവും നല്ല വിത്തുകളാകട്ടെ ദൈവ രാജ്യത്തിലെ ദൈവത്തിന്‍റെ മക്കളും. ദുഷ്ടന്‍റെ ആടുകളാണ് കളകള്‍.
[39] പിശാചാണ് കളകള്‍ വിതച്ചത്. വിളവെടുപ്പ് ലോകാവസാനകാലമാണ്.
[40] “കളകളെ പറിച്ചു കത്തിച്ചുകളഞ്ഞു, ലോകാവസാനകാലത്തും അതുതന്നയാവും സംഭവിക്കുക.
[41] മനുഷ്യപുത്രന്‍ തന്‍റെ ദൂതന്മാരെ അയയ്ക്കും. അവര്‍ പാപികളെയും പിശാചിന്‍റെ അനുയായികളെയും ഒരുമിക്കും. ദൂതന്മാര്‍ അവരെ ദൈവ രാജ്യത്തുനിന്നും പുറത്തെടുക്കും.
[42] ദൂതന്മാര്‍ പാപികളെ തീയുലകളിലേക്കു വലിച്ചെറിയും. അവിടെ അവര്‍ നിലവിളിക്കുകയും വേദനകൊണ്ട് പല്ല് ഞെരിക്കുകയും ചെയ്യും.
[43] അപ്പോള്‍ നീതിമാന്മാര്‍ സൂര്യനെപ്പോലെ തിളങ്ങും. അവര്‍ തങ്ങളുടെ പിതാവിന്‍റെ രാജ്യത്തെത്തും. കാതുള്ളവര്‍ കേള്‍ക്കട്ടെ.”
[44] “പാടത്ത് ഒളിപ്പിച്ചുവച്ച നിധിപോലെയാണ് സ്വര്‍ഗ്ഗ രാജ്യം. അയാള്‍ അതു കണ്ടെത്താന്‍ ഇടയായി. അതയാള്‍ ഒളിച്ചുവച്ചു. വളരെ സന്തോഷവാനായി അയാള്‍ മടങ്ങിപ്പോയി തനിക്കുള്ളതെല്ലാം വിറ്റു ആ പാടം വാങ്ങി.
[45] “നല്ല മുത്തുകള്‍ അന്വേഷിക്കുന്ന കച്ചവടക്കാരനെപ്പോലെയുമാണ് സ്വര്‍ഗ്ഗരാജ്യം.
[46] ഒരു ദിവസം അയാള്‍ സവിശേഷമായ മൂല്യമുള്ള ഒരു നല്ല മുത്തു കണ്ടെത്തി. അയാള്‍ പോയി എല്ലാം വിറ്റ് മുത്തു വാങ്ങി.”
[47] “കടലിലേക്കെറിയുന്ന വലപോലെയും കൂടിയാണ് സ്വര്‍ഗ്ഗരാജ്യം. അതില്‍ എല്ലാ വിധത്തിലുമുള്ള മത്സ്യങ്ങള്‍ കുടുങ്ങി.
[48] വല നിറഞ്ഞപ്പോള്‍ മുക്കുവര്‍ കരയിലേക്കതു വലിച്ചു. അവര്‍ നിലത്തിരുന്ന് എല്ലാ നല്ല മീനും കുട്ടകളിലാക്കി. ചീത്ത മീനുകള്‍ വലിച്ചെറിഞ്ഞു.
[49] ലോകാവസാനത്തിലും അങ്ങനെ തന്നെയാണു സംഭവിക്കുക. ദൂതന്മാര്‍ വന്ന് ദുഷ്ടരെ നീതിമാന്മാരില്‍നിന്നും വേര്‍തിരിക്കും.
[50] ദൂതന്മാര്‍ ദുഷ്ടരെ തീച്ചൂളയിലേക്കെറിയും. അവിടെക്കിടന്ന് അവര്‍ നിലവിളിക്കുകയും വേദനകൊണ്ട് പല്ലു ഞെരിക്കുകയും ചെയ്യും.”
[51] അപ്പോള്‍ യേശു ശിഷ്യന്മാരോടു ചോദിച്ചു, “ഇതെല്ലാം നിങ്ങള്‍ക്കു മനസ്സിലാകുന്നുവോ?” ശിഷ്യന്മാര്‍ പറഞ്ഞു, “ഉവ്വ്, മനസ്സിലായി.”
[52] അനന്തരം യേശു ശിഷ്യന്മാരോടു പറഞ്ഞു, “അതിനാല്‍ സ്വര്‍ഗ്ഗ രാജ്യത്തെപ്പറ്റി പഠിക്കുന്ന ഓരോ ശാസ്ത്രിയും ഓരോ വീട്ടുടമയെപ്പോലെയാണ്. അവന്‍റെ വീട്ടില്‍ പഴയതും പുതിയതുമായ ഒരുപാടു സാധനങ്ങള്‍ ശേഖരിക്കപ്പെട്ടിരിക്കുന്നു. അയാള്‍ അവ പുറത്തു കൊണ്ടുവരുന്നു.”
[53] അപ്പോള്‍ യേശു കഥകളുപയോഗിച്ചു ഉപദേശിക്കുന്നത് മുഴുമിപ്പിച്ചു അവിടം വിട്ടുപോയി.
[54] അവന്‍ താന്‍ വളര്‍ന്നുവന്ന ഗ്രാമത്തിലേക്കു പോയി. അവന്‍ അവരുടെ യെഹൂദപ്പള്ളികളില്‍ ആളുകളെ ഉപദേശിച്ചു. അതുകേട്ട് അവര്‍ അത്ഭുതപ്പെട്ടു. ആളുകള്‍ ചോദിച്ചു, “ഈ മനുഷ്യന് ഇത്രയും അത്ഭുത പ്രവര്‍ത്തികള്‍ക്കുള്ള കഴിവ് എവിടുന്നു കിട്ടി?
[55] ഇവന്‍ ആ ആശാരിയുടെ പുത്രന്‍ അല്ലയോ?. മറിയ അവന്‍റെ അമ്മ. സഹോദരന്മാര്‍ യാക്കോബും യോസെയും, ശിമോനും യൂദായും.
[56] അവന്‍റെ സഹോദരിമാരാകട്ടെ ഇവിടെ നമ്മോടൊപ്പമുണ്ട്. പിന്നെ എവിടുന്നാണ് അവനിതൊക്കെ ചെയ്യാനുള്ള ജ്ഞാനവും കഴിവും കിട്ടിയത്?”
[57] അവര്‍ അവനെ അംഗീകരിച്ചില്ല. എന്നാല്‍ യേശു അവരോടു പറഞ്ഞു, “പ്രവാചകനെ എല്ലായിടത്തും മറ്റുള്ളവരംഗീകരിക്കുന്നു. പ്രവാചകന്‍ അവന്‍റെ സ്വന്തം ജന്മനഗരത്തിലും സ്വന്തം കുടുംബത്തിലും അങ്ങീകരിക്കപെടുന്നില്ല”
[58] അവര്‍ യേശുവില്‍ വിശ്വസിച്ചില്ല. അതിനാലവന്‍ അവിടെ അധികം വീര്യ പ്രവൃത്തികള്‍ ചെയ്തില്ല.