Skip to content
Opens in a new window
Listen to this chapter • 5:25

[1] ഇതെല്ലാം പറഞ്ഞതിനു ശേഷം യേശു ഗലീല വിട്ടു പോയി. യോര്‍ദ്ദാന്‍ നദിയുടെ മറുകരയിലുള്ള യെഹൂദ്യ പ്രദേശത്തേക്കാണവന്‍ പോയത്.

[2] അനേകം പേര്‍ യേശുവിനെ പിന്തുടര്‍ന്നു. യേശു അവിടെയുണ്ടായിരുന്ന രോഗികളെ സുഖപ്പെടുത്തി.

[3] ഏതാനും പരീശന്മാര്‍ യേശുവിനെ സമീപിച്ചു. യേശു തെറ്റായെന്തെങ്കിലും പറയുന്നുണ്ടോ എന്നു കണ്ടുപിടിക്കാന്‍ അവര്‍ ശ്രമിച്ചു. അവര്‍ യേശുവിനോടു ചോദിച്ചു, “ഒരാള്‍ക്ക് അയാളുന്നയിക്കുന്ന ഏതെങ്കിലും കാരണത്തിന്‍റെ അടിസ്ഥാനത്തില്‍ തന്‍റെ ഭാര്യയെ ഉപേക്ഷിക്കാനാകുമോ?”

[4] യേശു മറുപടി പറഞ്ഞു, “തീര്‍ച്ചയായും തിരുവെഴുത്തുകളില്‍ നിങ്ങള്‍ ഇങ്ങനെ വായിച്ചിട്ടുണ്ടാവണം: ‘കാലാരംഭത്തില്‍ ദൈവം ആളുകളെ ആണും പെണ്ണുമാക്കി.’

[5] ദൈവം പറഞ്ഞു, ‘അതുകൊണ്ട് ഒരുവന്‍ ഭാര്യയോടു ചേരുമ്പോള്‍ അപ്പനമ്മമാരെ വെടിയും. അവര്‍ ഇരുവരും ഒന്നായിത്തീരും.’

[6] അതിനാലവര്‍ രണ്ടല്ല ഒന്നാണ്. ദൈവമാണവരെ ഒന്നായിക്കൂട്ടിച്ചേര്‍ത്തത്. അതിനാല്‍ അവരെ വേര്‍പെടുത്തരുത്.”

[7] പരീശന്മാര്‍ ചോദിച്ചു, “പിന്നെന്താണ് ഒരാള്‍ക്കു വിവാഹ മോചനപത്രം ഭാര്യയ്ക്കു കൊടുത്ത് വിവാഹം വേര്‍പെടുത്താന്‍ മോശെയുടെ കല്പന അനുവദിക്കുന്നത്?”

[8] യേശു പറഞ്ഞു, “നിങ്ങള്‍ ദൈവവചനം സ്വീകരിക്കാത്തതു കൊണ്ടാണ് മോശെ നിങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാന്‍ അനുവദിച്ചത്. പക്ഷേ ആരംഭത്തില്‍ അങ്ങനെയായിരുന്നില്ല.

[9] ഞാന്‍ നിങ്ങളോടു പറയുന്നു, ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുവളെ വിവാഹം കഴിക്കുന്നവന്‍ വ്യഭിചരിക്കുകയാണ്. വിവാഹമോചനം നേടാനും വീണ്ടും വിവാഹം കഴിക്കുന്നതിനും ഒരുവനെ അനുവദിക്കുന്ന ഏകകാരണം, തന്‍റെ ഭാര്യയ്ക്ക് മറ്റുള്ളവരുമായി ലൈംഗികബന്ധങ്ങളുണ്ടെന്ന് തെളിയുമ്പോഴാണ്.”

[10] ശിഷ്യന്മാര്‍ യേശുവിനോടു പറഞ്ഞു, “അതു മാത്രമാണ് വിവാഹമോചനത്തിനു കാരണമായുള്ളതെങ്കില്‍ വിവാഹം കഴിക്കാതെയിരിക്കുകയാണു നല്ലത്.”

[11] യേശു പറഞ്ഞു, “വിവാഹത്തെ സംബന്ധിക്കുന്ന ഈ രഹസ്യം എല്ലാവര്‍ക്കും മനസ്സിലാക്കാനുള്ള കഴിവില്ല. എന്നാല്‍ ദൈവം ചിലരെ അതിനനുഗ്രഹിച്ചിട്ടുണ്ട്.

[12] ചിലര്‍ വിവാഹം കഴിക്കാതിരിക്കാന്‍ പല കാരണങ്ങളുണ്ട്. ചിലര്‍ ഷണ്ഡന്മാരായി പിറക്കുന്നു. ചിലര്‍ പിന്നീട് ഷണ്ഡന്മാരാക്കപ്പെട്ടവരാണ്. ചിലരാകട്ടെ സ്വര്‍ഗ്ഗ രാജ്യത്തിനു വേണ്ടി സ്വയം ഷണ്ഡത്വം വരിക്കുന്നു. പക്ഷേ വിവാഹം കഴിക്കുന്നവന്‍ വിവാഹത്തെ സംബന്ധിച്ച് വചനം സ്വീകരിക്കണം.”

[13] അപ്പോള്‍ ആളുകള്‍ തങ്ങളുടെ കുട്ടികളുമായെത്തി. യേശു അവരുടെമേല്‍ കൈവെച്ച് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമായിരുന്നു. ശിഷ്യന്മാര്‍ ഇതു കണ്ടപ്പോള്‍ അവര്‍ ആളുകളെ അതില്‍ നിന്നും തടഞ്ഞു.

[14] എന്നാല്‍ യേശു പറഞ്ഞു, “കുട്ടികള്‍ എന്‍റെ അടുക്കല്‍ വരട്ടെ. അവരെ തടയരുത്. കാരണം ദൈവരാജ്യം ഈ കുട്ടികളെപ്പോലെയുള്ളവരുടേതാണ്.”

[15] യേശു അവന്‍റെ കൈ അവരുടെ മേല്‍ വച്ചതിനു ശേഷം അവന്‍ ആ സ്ഥലം വിട്ടുപോയി.

[16] ഒരാള്‍ യേശുവിനെ സമീപിച്ച് ചോദിച്ചു, “ഗുരോ, നിത്യജീവന്‍ ലഭിക്കാന്‍ ഞാനെന്തു നന്മയാണു ചെയ്യേണ്ടത്?”

[17] യേശു മറുപടി പറഞ്ഞു, “നന്മയെപ്പറ്റി നീയെന്തിനാണെന്നോടു ചോദിക്കുന്നത്? ദൈവം മാത്രമാണ് നല്ലവനായുള്ളത്. നിനക്കു നിത്യജീവന്‍ വേണമെങ്കില്‍ കല്പനകളനുസരിക്കുക.”

[18] അയാള്‍ ചോദിച്ചു, “ഏതു കല്പനകള്‍?” യേശു പറഞ്ഞു, “കൊല്ലരുത്, വ്യഭിചരിക്കരുത്, മോഷ്ടിക്കരുത്, മറ്റുള്ളവരെപ്പറ്റി കള്ളം പറയരുത്,

[19] അപ്പനമ്മമാരെ ആദരിക്കണം, നിങ്ങളെ സ്വയം സ്നേഹിക്കുമ്പോലെ മറ്റുള്ളവരെയും സ്നേഹിക്കുക.”

[20] ആ യുവാവ് ചോദിച്ചു, “ഞാനിതെല്ലാം അനുസരിച്ചു. എന്താണ് ഇനിയും എനിക്കുള്ള കുറവ്?”

[21] യേശു മറുപടി പറഞ്ഞു, “പരിപൂര്‍ണ്ണനാകണമെന്നുണ്ടെങ്കില്‍ പോയി നിനക്കുള്ളതെല്ലാം വില്‍ക്കുക. ആ പണം പാവങ്ങള്‍ക്കു കൊടുക്കുക. അങ്ങനെ ചെയ്താല്‍ സ്വര്‍ഗ്ഗത്തില്‍ നിനക്കൊരു വലിയ നിധിയുണ്ടാകും. എന്നിട്ട് ഇവിടെ വന്ന് എന്നെ പിന്തുടരുക!”

[22] ഇതു കേട്ട് അയാള്‍ ദുഃഖിച്ചു. വളരെ ധനികനായിരുന്ന അയാള്‍ യേശുവിനെ വിട്ടുപോയി.

[23] അപ്പോള്‍ യേശു അവന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയട്ടെ. ധനികന് സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കുക വിഷമമാണ്.

[24] അതെ, ഞാന്‍ നിങ്ങളോടു പറയുന്നു, ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിലും എളുപ്പമായി ഒട്ടകത്തിനു സൂചിക്കുഴയിലൂടെ കടക്കാം.”

[25] അതു കേട്ട് ശിഷ്യന്മാര്‍ വളരെ അത്ഭുതപ്പെട്ടു. അവര്‍ ചോദിച്ചു, “അപ്പോള്‍ ആരാകും രക്ഷിക്കപ്പെടുക?”

[26] യേശു ശിഷ്യന്മാരെ നോക്കിപ്പറഞ്ഞു, “മനുഷ്യര്‍ക്ക് അസാദ്ധ്യമായതാണത്. എന്നാല്‍ ദൈവത്തിന് എല്ലാം സാദ്ധ്യമാണ്.”

[27] പത്രൊസ് യേശുവിനോടു ചോദിച്ചു, “ഞങ്ങള്‍ എല്ലാമുപേക്ഷിച്ച് നിന്നെ അനുഗമിച്ചു. ഞങ്ങള്‍ക്കെന്തു കിട്ടും?”

[28] യേശു ശിഷ്യന്മാരോടു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യമായി പറയുന്നു, പുതിയ ലോകം സൃഷ്ടിക്കപ്പെടുമ്പോള്‍ മനുഷ്യ പുത്രന്‍ അവന്‍റെ മഹല്‍സിംഹാസനത്തിലിരിക്കും. “എന്നെ അനുഗമിച്ച നിങ്ങളും ഓരോ സിംഹാസനങ്ങളിലിരിക്കും. പന്ത്രണ്ടു സിംഹാസനങ്ങളിലിരുന്ന് നിങ്ങള്‍ യിസ്രായേലിന്‍റെ പന്ത്രണ്ട് വംശങ്ങളെയും വിധിക്കും.

[29] എന്നെ പിന്തുടരാന്‍ വീട്, സഹോദരീസഹോദരന്മാര്‍, അപ്പനമ്മമാര്‍, കുട്ടികള്‍, വയലുകള്‍ എന്നിവ ഉപേക്ഷിച്ചവര്‍ക്ക് അതിലും അധികം മടങ്ങു ലഭിക്കും. അയാള്‍ക്കു നിത്യ ജീവന്‍ കിട്ടും.

[30] ഇപ്പോഴത്തെ ജീവിതത്തില്‍ ഉന്നത സ്ഥാനത്തുള്ളവര്‍ താഴ്ന്ന സ്ഥാനത്താകും. താഴ്ന്നിരിക്കുന്നവന്‍ ഇനിയും ഉയര്‍ത്തപ്പെടും.”

മത്തായി — Chapters