[1] പിറ്റേന്ന് അതിരാവിലെ മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും യേശുവിനെ കൊല്ലാന് തീരുമാനിച്ചു.
[2] അവര് അവനെ ചങ്ങലയില് ബന്ധിച്ചു. എന്നിട്ടവര് അവനെ ദേശാധികാരിയായ പീലാത്തൊസിന്റെയടുത്തേക്കു കൊണ്ടുപോയി.
[3] യേശുവിനെ കൊല്ലാന് അവര് നിശ്ചയിച്ചത് യൂദാ അറിഞ്ഞു. യേശുവിനെ ശത്രുക്കള്ക്കൊറ്റിക്കൊടുത്ത യൂദാ ഇതെല്ലാം കണ്ട് തന്റെ പ്രവൃത്തിയില് വളരെ ദുഃഖിച്ചു. അതിനാല് അവന് മുപ്പതു വെള്ളിക്കാശുമെടുത്ത് പുരോഹിതന്മാരുടെയും പ്രമാണിമാരുടെയും അടുത്തു ചെന്നു.
[4] യൂദാ പറഞ്ഞു, “ഞാന് പാപം ചെയ്തു. ഞാന് നിഷ്കളങ്കനായ ഒരുവനെ കൊല്ലാന് നിങ്ങളെ ഏല്പിച്ചു.” യെഹൂദ നേതാക്കള് പറഞ്ഞു, “അതൊന്നും ഞങ്ങള്ക്കറിയേണ്ട. അതൊക്കെ നിന്റെ പ്രശ്നം.”
[5] അതിനാല് യൂദാ ആ പണം ദൈവാലയത്തിലേക്ക് എറിഞ്ഞു. എന്നിട്ടയാള് അവിടം വിട്ടുപോയി തൂങ്ങിമരിച്ചു.
[6] മഹാപുരോഹിതന്മാര് ദൈവാലയത്തില് വീണ നാണയങ്ങള് പെറുക്കിയെടുത്തു. അവര് പറഞ്ഞു, “ഈ പണം ദൈവാലയത്തിലെ ഭണ്ഡാരത്തില് ഇടാന് നമ്മുടെ ന്യായപ്രമാണം അനുവദിക്കുന്നില്ല. കാരണം ഒരാളുടെ മരണത്തിന് പ്രതിഫലം നല്കിയ തുകയാണിത്.”
[7] അതിനാല് ആ പണം കൊടുത്ത് കുശവന്റെ പറമ്പ് വാങ്ങാനവര് തീരുമാനിച്ചു. യെരൂശലേം സന്ദര്ശിക്കുന്ന പരദേശികള് അവിടെ വച്ച് മരിച്ചാല് അവരെ സംസ്കരിക്കാന് ആ സ്ഥലം ഉപയോഗിക്കാം.
[8] അതിനാല് ആ പറമ്പ് ഇപ്പോഴും രക്തപ്പറമ്പ് എന്നറിയപ്പെടുന്നു.
[9] യിരെമ്യാ പ്രവാചകന്റെ ഈ വാക്കുകള് സ്വാര്ത്ഥമാവുകയായിരുന്നു: “മുപ്പതു വെള്ളിക്കാശും അവര് എടുത്തു. അത്രയുമാണ് അവന്റെ ജീവിതത്തിന്റെ വിലയായി യെഹൂദര് തീരുമാനിച്ചത്.
[10] ആ മുപ്പതു വെള്ളിക്കാശും കുശവന്റെ പറമ്പു വാങ്ങാനെടുത്തു. കര്ത്താവ് എന്നോടു കല്പിച്ചതുപോലെ ആയിരുന്നു അത്.”
[11] യേശു ദേശാധികാരിയായ പീലാത്തൊസിന്റെ മുമ്പില് നിന്നു. പീലാത്തൊസ് അവനോടു ചോദിച്ചു, “നീയാണോ യെഹൂദരുടെ രാജാവ്?” യേശു മറുപടി പറഞ്ഞു, “അതെ ഞാനാണ്.”
[12] മഹാപുരോഹിതരും മൂപ്പന്മാരും കുറ്റപ്പെടുത്തിയപ്പോഴും അവന് ഒന്നും പറഞ്ഞില്ല.
[13] അതിനാല് പീലാത്തൊസ് യേശുവിനോടു ചോദിച്ചു, “നിന്നെ എല്ലാവരും കുറ്റപ്പെടുത്തുന്നതു കേട്ടിട്ടും നിനക്കു മറുപടിയൊന്നുമില്ലേ?”
[14] എന്നാല് യേശു പീലാത്തൊസിനോടു മറുപടിയൊന്നും പറഞ്ഞില്ല. ദേശാധികാരിക്കാകട്ടെ അത് ആശ്ചര്യമുളവാക്കുകയും ചെയ്തു.
[15] എല്ലാ വര്ഷവും പെസഹാ സമയത്ത് ദേശാധികാരി ഒരാളെ തടവില്നിന്നും മോചിപ്പിക്കുമായിരുന്നു. അതു മിക്കവാറും ജനഹിതം മാനിച്ചായിരിക്കും.
[16] ആ സമയം കുപ്രസിദ്ധനായ ബറബ്ബാസ് എന്നൊരാള് തടവറയിലുണ്ടായിരുന്നു.
[17] പീലാത്തൊസിന്റെ വസതിയില് കൂടിയിരുന്നവരോട് അദ്ദേഹം ചോദിച്ചു, “ഞാന് നിങ്ങള്ക്കായി ഒരാളെ സ്വതന്ത്രനാക്കാം, ആരെ വേണം? ബറബ്ബാസിനെയോ അല്ല ക്രിസ്തു എന്നു വിളിക്കുന്ന യേശുവിനെയോ?”
[18] പക്ഷേ പീലാത്തൊസിന് അറിയാമായിരുന്നു അസൂയ കൊണ്ടാണവര് യേശുവിനെ തന്നെ ഏല്പിച്ചതെന്ന്.
[19] നീതിപീഠത്തിലിരുന്നാണ് പീലാത്തൊസ് ഇതു പറഞ്ഞത്. അയാള് അവിടെയിരിക്കെ അയാളുടെ ഭാര്യ ഒരു സന്ദേശം കൊടുത്തയച്ചു. “അയാളെ ഒന്നും ചെയ്യരുത്. അയാള് തെറ്റുകാരനല്ല. ഇന്നു ഞാനവനെ സംബന്ധിക്കുന്ന ഒരു സ്വപ്നം കണ്ടു. അതെന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു.”
[20] എന്നാല് യേശുവിനെ കൊല്ലുവാനും ബറബ്ബാസിനെ മോചിപ്പിക്കുവാനും ആവശ്യപ്പെടാന് മഹാപുരോഹിതന്മാരും മൂപ്പന്മാരും ജനങ്ങളെ പ്രേരിപ്പിച്ചു.
[21] പീലാത്തൊസ് ചോദിച്ചു, “ബറബ്ബാസും യേശുവും, ആരെയാണു ഞാന് മോചിപ്പിക്കേണ്ടത്?” ജനങ്ങള് മറുപടി പറഞ്ഞു, “ബറബ്ബാസിനെ.”
[22] പീലാത്തൊസ് ചോദിച്ചു, “ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശുവിനെ പിന്നെ ഞാനെന്തു ചെയ്യണം?” എല്ലാവരും ആവശ്യപ്പെട്ടു, “അവനെ ക്രൂശിക്കുക.”
[23] പീലാത്തൊസ് ചോദിച്ചു, “എന്തിനാണവനെ കൊല്ലാനാവശ്യപ്പെടുന്നത്? അവനെന്തു തെറ്റാണു ചെയ്തത്?” പക്ഷേ എല്ലാവരും ഉച്ചത്തില് വിളിച്ചു കൂകി, “അവനെ ക്രൂശിക്കുക.”
[24] തനിക്കു ജനാഭിപ്രായം മാറ്റാനാവില്ലെന്ന് പീലാത്തൊസ് മനസ്സിലാക്കി. ജനങ്ങള് കലാപം കൂട്ടിയേക്കുമെന്നും അയാള് ഭയന്നു. അതിനാല് പീലാത്തൊസ് അല്പം വെള്ളമെടുത്ത് എല്ലാവരും കാണ്കെതന്നെ തന്റെ കൈകള് കഴുകി. എന്നിട്ട് പീലാത്തൊസ് പറഞ്ഞു, “ഇയാളുടെ മരണത്തില് എനിക്കു പങ്കില്ല. നിങ്ങളാണതിനുത്തരവാദി.”
[25] ജനങ്ങളാകെ മറുപടി പറഞ്ഞു, “അവന്റെ മരണത്തിനു ഞങ്ങളായിരിക്കും ഉത്തരവാദി. അവന്റെ മരണത്തിന്റെ ശിക്ഷ ഞങ്ങളും ഞങ്ങളുടെ മക്കളും ഏറ്റെടുക്കുന്നു.”
[26] പീലാത്തൊസ് ബറബ്ബാസിനെ അവര്ക്കായി സ്വതന്ത്രനാക്കി. യേശുവിനെ ചാട്ടകൊണ്ടടിക്കാന് പീലാത്തൊസ് ഭടന്മാരോടാജ്ഞാപിച്ചു. അനന്തരം യേശുവിനെ ക്രൂശിക്കാന് പട്ടാളക്കാരെ ഏല്പിച്ചുകൊടുത്തു.
[27] പീലാത്തൊസിന്റെ പടയാളികള് യേശുവിനെ ദേശാധികാരിയുടെ കൊട്ടാരത്തില് കൊണ്ടുവന്നു. സൈനീക വ്യൂഹം മുഴുവനും അവന്റെ ചുറ്റും കൂടി.
[28] അവര് അവന്റെ വസ്ത്രം മാറ്റി ചുവന്ന ഒരു പുറങ്കുപ്പായം അണിയിച്ചു.
[29] അവര് ഒരു മുള്ക്കീരീടം ഉണ്ടാക്കി. അവരത് യേശുവിന്റെ തലയില് വച്ചു. അവന്റെ വലതു കയ്യില് ഒരു വടിയും പിടിപ്പിച്ചു. എന്നിട്ട് യേശുവിന്റെ മുമ്പില് മുട്ടുകുത്തി, “യെഹൂദരുടെ രാജാവേ” എന്ന് പറഞ്ഞ് അവര് പരിഹസിച്ചു.
[30] ഭടന്മാര് യേശുവിന്റെ മുഖത്തു തുപ്പി. എന്നിട്ടവര് അവന്റെ കയ്യില് നിന്ന് വടിവാങ്ങി അവന്റെ തലയ്ക്ക് പലവട്ടം അടിച്ചു.
[31] അവനെ പരിഹസിച്ചതിനു ശേഷം പുറങ്കുപ്പായം മാറ്റി അവന്റെ സ്വന്തം കുപ്പായം തന്നെ വീണ്ടും ധരിപ്പിച്ചു. എന്നിട്ട് യേശുവിനെ ക്രൂശിക്കാന് ദൂരേക്കു കൊണ്ടുപോയി.
[32] ഭടന്മാര് യേശുവിനെയുംകൊണ്ട് നഗരത്തിനു പുറത്തേക്കു പോകുകയായിരുന്നു. അവര് മറ്റൊരാളെക്കൊണ്ട് യേശുവിന്റെ കുരിശു ചുമപ്പിച്ചു. കുറേനക്കാരനായ ശീമോന് ആയിരുന്നു അത്.
[33] ഗോല്ഗോഥാ എന്ന സ്ഥലത്തേക്കാണവര് അവനെ കൊണ്ടുപോയത്. (“തലയോട്ടികളുടെ സ്ഥലം” എന്നാണ് ഈ വാക്കിന്റെ അര്ത്ഥം).
[34] ഗോല്ഗോഥായില് വച്ച് ഭടന്മാര് യേശുവിനു കുടിക്കാന് വീഞ്ഞു നല്കി. കയ്പു ചേര്ത്ത വീഞ്ഞാണവര് നല്കിയത്. യേശു അതു രുചിച്ചു നോക്കിയെങ്കിലും കുടിക്കാന് വിസ്സമ്മതിച്ചു.
[35] സൈനികര് അവനെ കുരിശില് തറച്ചു. അവര് അവന്റെ വസ്ത്രം വീതം വെക്കാന് നറുക്കിട്ടു.
[36] ഭടന്മാര് അവിടിരുന്ന് യേശുവിനെ സശ്രദ്ധം വീക്ഷിച്ചു.
[37] കുറ്റം വെളിവാക്കുന്ന ശിലാശാസനം അവര് അവന്റെ തലയ്ക്കു മുകളില് എഴുതി തൂക്കി. “ഇതാണ് യേശു, യെഹൂദരുടെ രാജാവ്” എന്നായിരുന്നു അത്.
[38] യേശുവിനോടൊപ്പം രണ്ട് മോഷ്ടാക്കളെയും അവര് ക്രൂശിച്ചു. ഒരാളെ അവന്റെ വലതുവശത്തും അപരനെ ഇടതുവശത്തും
[39] അതുവഴി കടന്നു പോയവരൊക്കെ അവനെ ദുഷിച്ചു പറഞ്ഞു. അവര് തലകുലുക്കി
[40] പറഞ്ഞു, “ദൈവാലയം നശിപ്പിച്ചു വീണ്ടും പണിയാന് കഴിയുമെന്നു പറഞ്ഞവനല്ലേ നീ? സ്വയം രക്ഷപ്പെട്! നീ യഥാര്ത്ഥത്തില് ദൈവ പുത്രനെങ്കില് കുരിശില് നിന്നിറങ്ങി വരിക.”
[41] മഹാപുരോഹിതരും ശാസ്ത്രിമാരും മൂപ്പന്മാരും അവിടെയുണ്ടായിരുന്നു. മറ്റുള്ളവരെപ്പോലെ അവരും അവനെ പരിഹസിച്ചു.
[42] അവര് പറഞ്ഞു, “അവന് മറ്റുള്ളവരെ രക്ഷിച്ചു. പക്ഷേ സ്വയം രക്ഷിക്കാനവനു കഴികയില്ല. ‘അവന് യിസ്രായേലിന്റെ രാജാവാണ്’ എന്ന് ആളുകള് പറയുന്നു. അവന് രാജാവാണെങ്കില് ഇപ്പോള് തന്നെ കുരിശില്നിന്നും ഇറങ്ങിവരട്ടെ. അപ്പോള് നമുക്കവനില് വിശ്വസിക്കാം.
[43] അവന് ദൈവത്തില് വിശ്വസിച്ചു. ദൈവം വേണമെങ്കില് അവനെ രക്ഷിക്കട്ടെ. അവന് അവനെപ്പറ്റി പറഞ്ഞു, ‘ഞാന് ദൈവപുത്രനാണ്.’”
[44] കൂടാതെ യേശുവിനോടൊപ്പം ക്രൂശിപ്പിക്കപ്പെട്ടിരുന്ന കള്ളന്മാരും അവനെ ദുഷിച്ചു പറഞ്ഞു.
[45] ഉച്ചയ്ക്ക് രാജ്യമാകെ ഇരുള് വ്യാപിച്ചു. മൂന്നു മണിക്കൂര് നേരത്തേക്ക് ഈ ഇരുട്ടു നീണ്ടു നിന്നു. മൂന്നു മണിയോളമായപ്പോള് യേശു ഉറക്കെ നിലവിളിച്ചു. “ഏലി, ഏലി, ലമ്മാ സബക്താനി?” “എന്റെ ദൈവമേ, എന്റെ ദൈവമേ, നീയെന്താണെന്നെ കൈവിട്ടത്?”
[46] എന്നാണിതിന്റെ അര്ത്ഥം.
[47] അവിടെ നിന്നവരില് ചിലരിതു കേട്ടു. അവര് പറഞ്ഞു, “അവന് ഏലിയാവെ വിളിക്കുകയാണ്.”
[48] പെട്ടെന്ന് കൂട്ടത്തിലൊരാള് ഓടിപ്പോയി ഒരു നീര്പ്പഞ്ഞി കൊണ്ടുവന്നു. അയാള് അതു വിനാഗിരിയില്മുക്കി ഒരു കമ്പില് വെച്ചുകെട്ടി. എന്നിട്ടത് യേശുവിനു കുടിക്കാന് നീട്ടിക്കൊടുത്തു.
[49] പക്ഷേ മറ്റുള്ളവര് പറഞ്ഞു, “വരട്ടെ, ഏലീയാവ് അവനെ രക്ഷിക്കാന് വരുമോ എന്നു നോക്കാം.”
[50] യേശു വീണ്ടും ഉച്ചത്തില് കരഞ്ഞ് പ്രാണനെ വിട്ടു.
[51] യേശു മരിച്ചപ്പോള് ദൈവാലയത്തിലെ തിരശ്ശീല നടുവേ രണ്ടായി കീറി. മുകളില് നിന്നും താഴെ വരെ. ഭൂമി കുലുങ്ങുകയും പാറകള് പൊട്ടുകയും ചെയ്തു.
[52] ശവക്കല്ലറകള് എല്ലാം തുറക്കപ്പെടുകയും ദൈവത്തിന്റെയാള്ക്കാര് പലരും മരണത്തില്നിന്ന് ഉയിര്ത്തെഴുന്നേല്ക്കുകയും ചെയ്തു.
[53] അവര് കല്ലറകളില് നിന്നും പുറത്തു വന്നു. യേശു ഉയിര്ത്തെഴുന്നേറ്റ ശേഷം അവര് വിശുദ്ധ നഗരത്തിലേക്കു പോയി. പലരും അവരെ കണ്ടു.
[54] ശതാധിപനും യേശുവിനു കാവല് നിന്ന പട്ടാളക്കാരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ടു. അവര് വളരെ ഭയന്നു പറഞ്ഞു, “അവന് യഥാര്ത്ഥത്തില് ദൈവപുത്രനായിരുന്നു.”
[55] യേശുവിനെ ശുശ്രൂഷിക്കാന് ഗലീലയില് നിന്നു വന്നവരടക്കം അനേകം സ്ത്രീകളും അതു കാണുന്നുണ്ടായിരുന്നു.
[56] മഗ്ദലമറിയ, യാക്കോബിന്റെയും യോസെയുടെയും മാതാവായ മറിയ, യാക്കോബിന്റെയും യോഹന്നാന്റെയും അമ്മ എന്നിവരും ഉണ്ടായിരുന്നു.
[57] ആ സായാഹ്നത്തില് യോസേഫ് എന്നു പേരായ ഒരു ധനികന് യെരൂശലേമില് വന്നു. അരിമഥ്യയില്നിന്നും വന്ന അയാള് യേശുവിന്റെ ശിഷ്യനായിരുന്നു.
[58] യോസേഫ് പീലാത്തൊസിനെ സമീപിച്ച് യേശുവിന്റെ മൃതദേഹം ചോദിച്ചു. യോസേഫിന് യേശുവിന്റെ ശരീരം നല്കാന് പീലാത്തൊസ് പട്ടാളക്കാരോട് ആജ്ഞാപിച്ചു.
[59] യോസേഫ് പുതിയ തുണിയില് അവന്റെ ശരീരം പൊതിഞ്ഞു കൊണ്ടുപോയി.
[60] പാറ തുരന്നുണ്ടാക്കിയ പുതിയ കല്ലറയില് യോസേഫ് അവനെ സംസ്കരിച്ചു. കല്ലറ വലിയൊരു കല്ല് ഉരുട്ടിവെച്ച് അടച്ചു. ഇതെല്ലാം ചെയ്തിട്ട് യോസേഫ് പോയി.
[61] മഗ്ദലമറിയയും മറിയയെന്നു പേരായ മറ്റേ സ്ത്രീയും അവിടെ കല്ലറക്കെതിര്വശത്തായി ഇരുന്നു.
[62] അന്ന് ഒരുക്ക ദിവസമായിരുന്നു. അതിനടുത്ത ദിവസം മഹാ പുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെയടുത്തേക്കു പോയി.
[63] അവര് പറഞ്ഞു, “യജമാനനേ, ആ കപടവേഷധാരി ജീവിച്ചിരുന്നപ്പോള് പറഞ്ഞല്ലോ “മൂന്നു നാള്ക്കു ശേഷം ഞാന് ഉയിര്ത്തെഴുന്നേല്ക്കും” എന്ന്.
[64] അതിനാല് അവന്റെ ശിഷ്യന്മാര് വന്ന് മൃതദേഹം മോഷ്ടിച്ചു കൊണ്ടുപോകുവാനിടയുണ്ട്. എന്നിട്ട് അവര്ക്ക് അവന് ഉയിര്ത്തെഴുന്നേറ്റതായി ആളുകളോടു പറയാമല്ലോ. ആ നുണ അവന് അവനെപ്പറ്റി മുമ്പ് പറഞ്ഞിരുന്നതിലും ഭീകരമായിരിക്കും. അതുകൊണ്ട് മൂന്നു നാള് കഴിയുന്നതുവരേക്കും സുരക്ഷിതമായ കാവല് ഏര്പ്പെടുത്താന് ഞങ്ങളഭ്യര്ത്ഥിക്കുന്നു.”
[65] പീലാത്തൊസ് പറഞ്ഞു, “നിങ്ങള്ക്കറിയാവുന്നത്ര മികച്ച രീതിയില് പട്ടാളക്കാരെയും കൊണ്ടുചെന്ന് അവിടെ കാവലിരിക്കുക.”
[66] അതിനാല് അവരെല്ലാവരും ശവ കുടീരത്തില് ചെന്ന് അവിടം സുരക്ഷിതമാക്കി. കല്ലറ അടച്ചിരുന്ന കല്ലിന് മുദ്രവച്ചും പട്ടാളക്കാരെ കാവലിരുത്തിയും അവരതു സുക്ഷിതമാക്കി.