[1] “ഒരു ഭൂവുടമയോട് സ്വര്‍ഗ്ഗരാജ്യത്തെ ഉപമിക്കാം. അയാള്‍ അവിടെ മുന്തിരികൃഷി നടത്തി. ഒരു പ്രഭാതത്തില്‍ അയാള്‍ അവിടെ ചിലരെ ജോലിക്കായി അന്വേഷിച്ചു പോയി.
[2] ആ ദിവസത്തെ ജോലിക്കയാള്‍ ഒരു വെള്ളിനാണയം കൊടുക്കാന്‍ സമ്മതിച്ചു. അയാള്‍ വേലക്കാരെ തോട്ടത്തിലേക്കയച്ചു.
[3] “ഏകദേശം ഒമ്പതു മണിക്ക് അയാള്‍ ചന്തയിലെത്തിയപ്പോള്‍ അവിടെ ചിലര്‍ വെറുതെ നില്‍ക്കുന്നതു കണ്ടു. അതിനാല്‍ അവന്‍ അവരോടു പറഞ്ഞു,
[4] ‘നിങ്ങള്‍ പോയി എന്‍റെ തോട്ടത്തില്‍ പണി ചെയ്താല്‍ തക്കകൂലി ഞാന്‍ തരാം.’
[5] അതിനാല്‍ അവര്‍ പോയി ജോലി ചെയ്തു. “പന്ത്രണ്ടു മണിയോടെയും മൂന്നു മണിയോടെയും അയാള്‍ വീണ്ടും പുറത്തേക്കു പോയി. അപ്പോഴോക്കെ അയാള്‍ കുറേപ്പേരെ വീതം വേലയ്ക്കു നിയമിച്ചു.
[6] അഞ്ചു മണിയോടടുത്തപ്പോള്‍ അയാള്‍ വീണ്ടും ചന്തയിലേക്കു പോയി. വേറെ ചിലര്‍ അവിടെ നില്‍ക്കുന്നതു കണ്ടപ്പോള്‍ അയാള്‍ അവരോടു ചോദിച്ചു, ‘എന്താണു നിങ്ങളിവിടെ ദിവസം മുഴുവനും വെറുതെ നില്‍ക്കുന്നത്?’
[7] “അവര്‍ അവനോടു മറുപടിയായി പറഞ്ഞു, ‘ആരും ഞങ്ങള്‍ക്കൊരു ജോലിയും തരുന്നില്ല.’ “അയാള്‍ അവരോടു പറഞ്ഞു, ‘എങ്കില്‍ നിങ്ങള്‍ പോയി എന്‍റെ തോട്ടത്തില്‍ പണി ചെയ്യുക.’
[8] “വൈകുന്നേരം തോട്ടമുടമ തന്‍റെ കാര്യസ്ഥനെ വിളിച്ചു പറഞ്ഞു, ‘പണിക്കാരെ മുഴുവന്‍ വിളിച്ച് കൂലി നല്‍കുക. അവസാനം ഞാന്‍ വിളിച്ചയാള്‍ മുതല്‍ കൂലി കൊടുക്കൂ. ആദ്യത്തെയാളുകള്‍ക്ക് അവസാനവും.’
[9] “അഞ്ചു മണിക്ക് പണിക്കു ചെന്നവര്‍ ആദ്യമെത്തി. ഓരോരുത്തര്‍ക്കും ഓരോ വെള്ളിനാണയം വീതം കിട്ടി.
[10] പിന്നീട് ആദ്യം വന്നവരെത്തി. തങ്ങള്‍ക്കു മറ്റുള്ളവരെക്കാള്‍ കൂടുതല്‍ കിട്ടുമെന്നവര്‍ കരുതി. പക്ഷേ അവര്‍ക്കും ഒരു നാണയം വീതമേ കിട്ടിയുള്ളു.
[11] നാണയം കിട്ടിയപ്പോള്‍ അവര്‍ തോട്ടമുടമയോടു പരാതിപ്പെട്ടു.
[12] അവര്‍ പറഞ്ഞു, ‘ഇവര്‍ അവസാനം വന്നതുകാരണം ഒരു മണിക്കൂറേ ജോലി ചെയ്തുള്ളൂ. പക്ഷേ അങ്ങ് അവര്‍ക്കും ഞങ്ങള്‍ക്കു തന്ന അതേ കൂലിയാണു കൊടുത്തത്. പൊള്ളുന്ന വെയിലിലും ഞങ്ങള്‍ കഠിനാദ്ധ്വാനം ചെയ്തു.’
[13] “പക്ഷേ തോട്ടമുടമ വേലക്കാരിലൊരുവനോടു പറഞ്ഞു, ‘സുഹൃത്തേ, ഞാന്‍ നിങ്ങളോടു ന്യായമായാണു പെരുമാറിയത്. ഒരു വെള്ളിനാണയത്തിനു പണിയാമെന്നല്ലേ നിങ്ങള്‍ സമ്മതിച്ചത്?
[14] അതിനാല്‍ നിന്‍റെ കൂലിയും വാങ്ങിപ്പോകുക. അവസാനം വന്നവനും നിനക്കും ഒരേ കൂലി നല്‍കാനാണു ഞാനാഗ്രഹിക്കുന്നത്.
[15] എന്‍റെ സ്വന്തം പണം എന്തു ചെയ്യണമെന്നു ഞാന്‍ തീരുമാനിക്കും. ഞാനവരോടു നല്ലതു ചെയ്തതില്‍ നിനക്കു അസൂയ തോന്നുന്നുണ്ടോ?’
[16] “അതിനാല്‍ അവസാനക്കാരന് ആദ്യസ്ഥാനം കിട്ടും. ആദ്യസ്ഥാനക്കാരന് അവസാന സ്ഥാനവും.”
[17] യേശു യെരൂശലേമിലേക്കു പോകുകയായിരുന്നു. പന്ത്രണ്ട് അപ്പൊസ്തലന്മാരും അവനോടൊപ്പമുണ്ടായിരുന്നു. നടന്നുപോകവേ യേശു ശിഷ്യന്മാരെ അടുത്തു വിളിച്ച് അവരോടു സ്വകാര്യമായി സംസാരിച്ചു. യേശു അവരോടു പറഞ്ഞു,
[18] “നമ്മള്‍ യെരൂശലേമിലേക്കു പോകുകയാണ്. മനുഷ്യപുത്രന്‍ മഹാപുരോഹിതരുടെയും ശാസ്ത്രിമാരുടെയും കൈകളില്‍ ഏല്പിക്കപ്പെടും. മനുഷ്യപുത്രനെ കൊല്ലണമെന്നവര്‍ പറയും.
[19] അവര്‍ മനുഷ്യപുത്രനെ ജാതികള്‍ക്കു നല്‍കും. അവര്‍ അവനെ പരിഹസിക്കുകയും ചാട്ടകൊണ്ടടിക്കുകയും ക്രൂശിക്കുകയും ചെയ്യും. പക്ഷേ മരണത്തിന്‍റെ മൂന്നാംദിവസം അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.”
[20] അപ്പോള്‍ സെബെദിയുടെ ഭാര്യ തന്‍റെ മക്കളോടൊപ്പം യേശുവിനെ സമീപിച്ചു. ആ അമ്മ അവനുമുമ്പില്‍ മുട്ടുകുത്തി ചില ആനുകൂല്യങ്ങള്‍ ചോദിച്ചു.
[21] യേശു ചോദിച്ചു, “നിനക്കെന്താണു വേണ്ടത്?” അവള്‍ പറഞ്ഞു, “എന്‍റെ ഒരു മകനെ നിന്‍റെ രാജ്യത്ത് നിന്‍റെ വലതു വശത്തും മറ്റേ മകനെ ഇടതുവശത്തും ഇരുത്താമെന്ന് വാക്കു തരിക.”
[22] യേശു അവളുടെ പുത്രന്മാരോടു ചോദിച്ചു, “എന്താണു ചോദിക്കുന്നതെന്നു നിങ്ങളറിയുന്നില്ല. എനിക്കുണ്ടാകുന്ന എല്ലാ കഷ്ടങ്ങളും നിങ്ങള്‍ സ്വീകരിക്കുമോ?” പുത്രന്മാര്‍ പറഞ്ഞു, “ഉവ്വ് ഞങ്ങള്‍ ചെയ്യാം.”
[23] യേശു അവരോടു പറഞ്ഞു, “യഥാര്‍ത്ഥത്തില്‍ നിങ്ങളെന്‍റെ കഷ്ടം അനുഭവിക്കും. പക്ഷേ എന്‍റെ ഇടത്തും വലത്തും ഇരിക്കുന്നവരെ തിരഞ്ഞെടുക്കാന്‍ എനിക്കാവില്ല. അവരാരെന്നൊക്കെ എന്‍റെ പിതാവ് തീരുമാനിച്ചിട്ടുണ്ട്. അവര്‍ക്കായി അവന്‍ ആ സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്. ആ സ്ഥലം അവര്‍ക്കേ കിട്ടൂ.”
[24] മറ്റു പത്തു ശിഷ്യന്മാരും ഇതു കേട്ടു. അവര്‍ രണ്ടു സഹോദരന്മാരോടും രോഷാകുലരായി.
[25] യേശു എല്ലാ ശിഷ്യന്മാരെയും വിളിച്ചുകൂട്ടി, യേശു പറഞ്ഞു, “ജാതികളുടെ നേതാക്കള്‍ തങ്ങളുടെ അധികാരം ആളുകളുടെമേല്‍ പ്രയോഗിക്കാനിഷ്ടപ്പെടുന്നവരാണ്. അവരുടെ പ്രധാന നേതാക്കള്‍ തങ്ങളുടെ എല്ലാ അധികാരവും പ്രയോഗിക്കാനിഷ്ടപ്പെടുന്നു.
[26] എന്നാല്‍ നിങ്ങളോട് അങ്ങനെയായിരിക്കില്ല. നിങ്ങളിലൊരാള്‍ ശ്രേഷ്ഠനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവന്‍ ശേഷിച്ചവരുടെ ദാസനാകണം.
[27] നിങ്ങളിലൊരുവന് ഒന്നാമനാകണമെങ്കില്‍ അവന്‍ അടിമയെപ്പോലെ നിങ്ങളെ സേവിക്കണം.
[28] മനുഷ്യ പുത്രനെപ്പോലെ. മനുഷ്യപുത്രന്‍ വന്നതു സേവിക്കപ്പെടാനല്ല. മറ്റുള്ളവരെ സേവിക്കാനാണ്. അനേകരെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ കൊടുക്കാനാണവന്‍ വന്നത്.”
[29] യേശുവും ശിഷ്യന്മാരും യെരീഹോ വിട്ടുപോകവേ വളരെയധികംപേര്‍ അവനെ പിന്തുടര്‍ന്നു.
[30] രണ്ട് അന്ധര്‍ വഴിയോരത്തിരിപ്പുണ്ടായിരുന്നു. യേശു വരുന്നുണ്ടെന്നവര്‍ കേട്ടു. അതിനാലവര്‍ നിലവിളിച്ചു, “കര്‍ത്താവേ ദാവീദിന്‍റെ പുത്രാ, ഞങ്ങളെ സഹായിക്കൂ.”
[31] എല്ലാവരും അന്ധരെ വിമര്‍ശിച്ചു. അവര്‍ അന്ധരെ തടഞ്ഞു. എന്നിട്ട് ശാന്തരായിരിക്കാന്‍ പറഞ്ഞു. പക്ഷേ അന്ധര്‍ കൂടുതല്‍ ഉച്ചത്തില്‍ നിലവിളിച്ചു, “കര്‍ത്താവേ ദാവീദു പുത്രാ, ഞങ്ങളെ രക്ഷിച്ചാലും.”
[32] യേശു നിന്ന് അന്ധരോടു ചോദിച്ചു, “ഞാന്‍ നിങ്ങള്‍ക്കായി എന്താണു ചെയ്യേണ്ടത്?”
[33] അന്ധര്‍ പറഞ്ഞു, “പ്രഭോ ഞങ്ങള്‍ക്കു കാഴ്ച വേണം.”
[34] യേശുവിനു അവരോടു അനുകമ്പ തോന്നി. അവന്‍ അവരുടെ കണ്ണുകളില്‍ തൊട്ടപ്പോള്‍ അവര്‍ക്കു കാണാറായി. അവര്‍ യേശുവിനെ പിന്തുടര്‍ന്നു.