Skip to content
Opens in a new window
Listen to this chapter • 4:53

[1] ഇപ്രകാരമാണ് യേശുക്രിസ്തുവിന്‍റെ വംശാവലി. അവന്‍ ദാവീദിന്‍റെ വംശത്തില്‍നിന്നു വന്നു. ദാവീദ് അബ്രാഹാമിന്‍റെ വംശത്തില്‍നിന്നും വന്നു.

[2] അബ്രാഹാം യിസ്ഹാക്കിന്‍റെ പിതാവ്. യിസ്ഹാക്ക് യാക്കോബിന്‍റെ പിതാവ്. യാക്കോബ് യെഹൂദയുടെയും അവന്‍റെ സഹോദരന്മാരുടെയും പിതാവ്.

[3] യെഹൂദാ പാരെസിന്‍റെയും സാരഹിന്‍റെയും പിതാവ്. (താമാര്‍ അവരുടെ മാതാവ്.) പാരെസ് ഹെസ്രോന്‍റെ പിതാവ്. ഹെസ്രോന്‍ ആരാമിന്‍റെ പിതാവ്.

[4] ആരാം അമ്മീനാദാബിന്‍റെ പിതാവ്. അമ്മീനാദാബ് നഹശോന്‍റെ പിതാവ്. നഹശോന്‍ ശല്‍മോന്‍റെ പിതാവ്.

[5] ശല്‍മോന്‍ ബോവസിന്‍റെ പിതാവ്. (രഹാബ് ബോവസിന്‍റെ മാതാവ്.) ബോവസ് ഓബേദിന്‍റെ പിതാവ്. (ഓബേദിന്‍റെ അമ്മ രൂത്ത്.) ബേദ് യിശ്ശായിയുടെ പിതാവ്.

[6] യിശ്ശായി ദാവീദുരാജാവിന്‍റെ പിതാവ്. ദാവീദ് ശലോമോന്‍റെ പിതാവ്. (ശലോമോന്‍റെ അമ്മ ഊരീയാവിന്‍റെ ഭാര്യ ആയിരുന്നവളാണ്.)

[7] ശലോമോന്‍ രെഹബ്യാമിന്‍റെ പിതാവ്. രെഹബ്യാം അബീയാവിന്‍റെ പിതാവ്. അബീയാ ആസായുടെ പിതാവ്.

[8] ആസാ യോശാഫാത്തിന്‍റെ പിതാവ്. യോശാഫാത്ത് യോരാമിന്‍റെ പിതാവ്. യോരാം ഉസ്സീയാവിന്‍റെ പിതാവ്.

[9] ഉസ്സീയാവ് യോഥാമിന്‍റെ പിതാവ്. യോഥാം ആഹാസിന്‍റെ പിതാവ്. ആഹാസ് ഹിസ്കീയാവിന്‍റെ പിതാവ്.

[10] ഹിസ്കീയാവ് മനശ്ശെയുടെ പിതാവ്. മനശ്ശെ ആമോസിന്‍റെ പിതാവ്. ആമോസ് യോശീയാവിന്‍റെ പിതാവ്.

[11] യോശീയാവ് യെഖൊന്യാവിന്‍റെയും സഹോദരന്മാരുടെയും പിതാവ്. (യെഹൂദരെ ബാബിലോണില്‍ അടിമകളാക്കി കൊണ്ടുപോയ കാലത്താണിത്)

[12] ബാബിലോണില്‍ അടിമത്വം തുടങ്ങിയശേഷം: യെഖൊന്യാവ് ശെയല്‍ത്തീയേലിന്‍റെ പിതാവ്. ശെയല്‍ത്തീയേല്‍ സെരുബ്ബാബേലിന്‍റെ പിതാവ്.

[13] സെരുബ്ബാബേല്‍ അബീഹൂദിന്‍റെ പിതാവ്. അബീഹൂദ് എല്യാക്കീമിന്‍റെ പിതാവ്. എല്യാക്കീം ആസോരിന്‍റെ പിതാവ്.

[14] ആസോര്‍ സാദോക്കിന്‍റെ പിതാവ്. സാദോക്ക് ആഖീമിന്‍റെ പിതാവ്. ആഖീം എലീഹൂദീന്‍റെ പിതാവ്.

[15] എലീഹൂദ് എലീയാസരിന്‍റെ പിതാവ്. എലിയാസര്‍ മത്ഥാന്‍റെ പിതാവ്. മത്ഥാന്‍ യാക്കോബിന്‍റെ പിതാവ്.

[16] യാക്കോബ് യോസേഫിന്‍റെ പിതാവ്. യോസേഫ് മറിയയുടെ ഭര്‍ത്താവ്. മറിയ യേശുവിന്‍റെ മാതാവ്. യേശു, ക്രിസ്തുവെന്നു വിളിക്കപ്പെട്ടു.

[17] അങ്ങനെ അബ്രാഹാം മുതല്‍ ദാവീദുവരെ പതിനാലു തലമുറകള്‍. ദാവീദു മുതല്‍ ജനങ്ങള്‍ ബാബിലോണിലേക്കു നാടുകടത്തപ്പെട്ട കാലംവരെ പതിനാലു തലമുറകള്‍. ജനങ്ങള്‍ ബാബിലോണിലേക്കു നാടുകടത്തപ്പെട്ടതു മുതല്‍ ക്രിസ്തുവിന്‍റെ ജനനംവരെ പതിനാലു തലമുറകളുണ്ടായിരുന്നു.

[18] യേശുക്രിസ്തുവിന്‍റെ മാതാവ് മറിയ ആയിരുന്നു. യേശുവിന്‍റെ ജനനമുണ്ടായത് ഇങ്ങനെയാണ്. മറിയയും യോസേഫും തമ്മിലുളള വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ വിവാഹത്തിനു മുമ്പുതന്നെ മറിയ ഗര്‍ഭിണിയാണെന്നു താന്‍ അറിഞ്ഞു. പരിശുദ്ധാത്മാവിന്‍റെ ശക്തിയാലാണവള്‍ ഗര്‍ഭവതിയായത്.

[19] മറിയയുടെ ഭര്‍ത്താവ് യോസേഫ് നല്ല മനുഷ്യനായിരുന്നു. അയാള്‍ മറിയയെ ജനമദ്ധ്യത്തില്‍ അപമാനിതയാക്കാന്‍ ഇഷ്ടപ്പെട്ടില്ല. അതിനാലയാള്‍ അവളെ രഹസ്യമായി വിവാഹത്തില്‍നിന്ന് ഒഴിവാക്കുവാന്‍ ആലോചിച്ചു.

[20] യോസേഫ് ഇത് ആലോചിക്കവേ കര്‍ത്താവിന്‍റെ ദൂതന്‍ സ്വപ്നത്തില്‍ യോസേഫിനെ സമീപിച്ചു. ദൂതന്‍ പറഞ്ഞു, “ദാവീദിന്‍റെ പുത്രനായ യോസേഫേ, മറിയയെ നിന്‍റെ ഭാര്യയായി സ്വീകരിക്കാന്‍ ഭയക്കേണ്ടതില്ല. അവളില്‍ വളരുന്ന കുട്ടി പരിശുദ്ധാത്മാവിലൂടെ ഉണ്ടായതാണ്.

[21] അവള്‍ ഒരാണ്‍കുട്ടിക്കു ജന്മമരുളും. നീയവന് യേശുവെന്ന് പേരിടണം. അവന്‍ മനുഷ്യരെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കുമെന്നതിനാലാണ് ഈ പേര് നീ അവനിടേണ്ടത്.”

[22] കര്‍ത്താവ് പ്രവാചകനിലൂടെ പറഞ്ഞ ഈ കാര്യങ്ങളുടെ അര്‍ത്ഥം മുഴുവനും വ്യക്തമാകത്തക്കവണ്ണം ഇതു സംഭവിച്ചു.

[23] ‘കന്യക ഗര്‍ഭിണിയാകുകയും ഒരു പുത്രനു ജന്മമേകുകയും ചെയ്യും. അവര്‍ അവന് ഇമ്മാനുവേല്‍ എന്ന് പേരിടും (“ദൈവം നമ്മോടൊത്തുണ്ട്,” എന്നാണ് ഇമ്മാനുവേലിന്‍റെ അര്‍ത്ഥം.)

[24] യോസേഫ് ഉണര്‍ന്നപ്പോള്‍ കര്‍ത്താവിന്‍റെ ദൂതന്‍ പറഞ്ഞതുപോലെ പ്രവര്‍ത്തിച്ചു. യോസേഫ് മറിയയെ വിവാഹം കഴിച്ചു.

[25] മറിയ മകനെ പ്രസവിക്കുംവരെ അവന്‍ അവളുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടില്ല. യോസേഫ് മകന് യേശു എന്നു പേരിട്ടു.

മത്തായി — Chapters