Skip to content
Opens in a new window
Listen to this chapter • 8:27

[1] യേശു ദൈവാലയം വിട്ടുപോകുകയായിരുന്നു. പക്ഷേ അവന്‍റെ ശിഷ്യന്മാര്‍ ദൈവാലയത്തിന്‍റെ എടുപ്പുകള്‍ അവനെ കാണിക്കാന്‍ വന്നു.

[2] യേശു ശിഷ്യന്മാരോടു ചോദിച്ചു, “ഈ എടുപ്പുകള്‍ കാണുന്നില്ലേ? ഞാന്‍ നിങ്ങളോടു സത്യമായി പറയുന്നു. ഈ എടുപ്പുകളെല്ലാം നശിപ്പിക്കപ്പെടും. ഓരോ കല്ലും എടുത്തെറിയപ്പെടും. ഒരു കല്ലും മറ്റൊന്നിന്‍റെ മേല്‍ ഇരിക്കുകയില്ല.”

[3] പിന്നീട് യേശു ഒലിവുമലയിലൊരിടത്തിരിക്കുകയായിരുന്നു. അവനോടൊപ്പം തനിച്ച് ഇരിക്കാന്‍ ശിഷ്യന്മാരും വന്നു. അവര്‍ ചോദിച്ചു, “ഇതെല്ലാമെപ്പോള്‍ സംഭവിക്കുമെന്നു ഞങ്ങളോടു പറയൂ. നിന്‍റെ അടുത്ത വരവിന്‍റെയും ലോകാവസാനത്തിന്‍റെയും സമയം സൂചിപ്പിക്കുന്ന അടയാളം എന്താണെന്നു പറയൂ.”

[4] യേശു മറുപടി പറഞ്ഞു, “സൂക്ഷിച്ചിരിക്കുക, ആരും നിങ്ങളെ വഴി തെറ്റിക്കാന്‍ ഇട കൊടുക്കരുത്.

[5] പലരും എന്‍റെ പേരില്‍ വരും. അവര്‍ പറയും, ‘ഞാനാണ് ക്രിസ്തു’ എന്ന്. അവര്‍ പലരെയും വഴിതെറ്റിക്കും.

[6] നിങ്ങള്‍ യുദ്ധങ്ങളെപ്പറ്റി കേള്‍ക്കും. യുദ്ധങ്ങളെപ്പറ്റിയുള്ള കഥകളും കേള്‍ക്കും. പക്ഷേ ഭയപ്പെടാതിരിക്കുക. ഈ കാര്യങ്ങളെല്ലാം സംഭവിക്കാനുള്ളതാകുന്നു. പക്ഷേ അവസാനം ഇനിയും വിദൂരത്തില്‍ തന്നെ.

[7] രാജ്യങ്ങള്‍ അന്യോന്യം പടപൊരുതും. ജനത ജനതയോടു യുദ്ധം ചെയ്യും. കടുത്ത ഭക്ഷ്യക്ഷാമത്തിന്‍റെ കാലം വരും. പലയിടത്തും ഭൂകമ്പങ്ങളുണ്ടാകും.

[8] ഇതൊക്കെ ഒരു പുതുപ്പിറവിയുടെ പ്രാരംഭ വേദനകളാണ്.

[9] “അപ്പോള്‍ ജനങ്ങള്‍ നിങ്ങളോടു മോശമായി പെരുമാറും. അവര്‍ നിങ്ങളെ ഉപദ്രവിക്കുവാന്‍ ഭരണാധികാരികളെ ഏല്പിച്ചു കൊടുക്കുകയും കൊല്ലുകയും ചെയ്യും. എല്ലാവരും നിങ്ങളെ വെറുക്കും. കാരണം നിങ്ങള്‍ എന്നില്‍ വിശ്വസിച്ചവരാണ്.

[10] ആ സമയം പല വിശ്വാസികള്‍ക്കും തങ്ങളുടെ വിശ്വാസം നഷ്ടപ്പെടും. അവര്‍ പരസ്പരം തിരിയുകയും വെറുക്കുകയും ചെയ്യും.

[11] പല വ്യാജ പ്രവാചകന്മാരും വരും അവര്‍ പലരെയും വഴി തെറ്റിക്കും.

[12] ലോകത്ത് അധര്‍മ്മം പെരുകും. അതിനാല്‍ മിക്കവാറും വിശ്വാസികളുടെയും സ്നേഹം തണുത്തു പോകും.

[13] പക്ഷേ അവസാനംവരെ അടിയുറച്ചു നില്‍ക്കുന്നവന്‍ രക്ഷിക്കപ്പടും.

[14] ദൈവ രാജ്യത്തെപ്പറ്റിയുള്ള സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. എല്ലാ രാജ്യങ്ങളിലും സുവിശേഷം പ്രചരിക്കപ്പെടും. പിന്നീട് അന്ത്യമെത്തും.

[15] “വിനാശത്തിന്‍റെ ഭീകരതയെപ്പറ്റി’ പ്രവാചകനായ ദാനീയേല്‍ പറഞ്ഞിട്ടുണ്ട്. “ദൈവാലയത്തില്‍ ശൂന്യമാക്കുന്ന മ്ലേച്ഛത നില്‍ക്കുന്നത് നിങ്ങള്‍ കാണും.” (ഇതു വായിക്കുന്നവന്‍ മനസ്സിലാക്കട്ടെ).

[16] “ആ സമയം യെഹൂദ്യക്കാര്‍ മലമുകളിലേക്കോടണം.

[17] പുരപ്പുറത്തു നില്‍ക്കുന്നവന്‍ തന്‍റെ വീടിനുള്ളില്‍ കയറി എന്തെങ്കിലും എടുക്കാന്‍ തുനിയരുത്.

[18] വയലില്‍ നില്‍ക്കുന്നവന്‍ മേലങ്കിക്കായി വീട്ടില്‍ വരരുത്.

[19] “ആ സമയം ഗര്‍ഭിണികള്‍ക്കും കൊച്ചു കുട്ടികളുള്ള സ്ത്രീകള്‍ക്കും കഷ്ടം.

[20] നിങ്ങളുടെ ഓട്ടം ശീതകാലത്തോ ശബ്ബത്തുദിവസമോ സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുക.

[21] എന്തെന്നോ? വലിയ ക്ലേശത്തിന്‍റെ സമയമായിരിക്കുമത്. ലോകാരംഭത്തിനുശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരിതമാണന്നുണ്ടാവുക. അതിലും മോശമായത് ഒരിക്കലും സംഭവിക്കുകയുമില്ല.

[22] “ആ ഭീകരസമയം ചെറുതായിരിക്കുമെന്ന് ദൈവം തീരുമാനിച്ചിട്ടുണ്ട്. ആ സമയം കുറിച്ചിട്ടില്ലെങ്കില്‍ ഒരുത്തനും അവശേഷിക്കില്ല. എന്നാല്‍ താന്‍ തിരഞ്ഞെടുത്തവരെ രക്ഷിക്കാന്‍ ദൈവം ആ സമയം വെട്ടിച്ചുരുക്കും.

[23] “ആ സമയം ആരെങ്കിലുമൊരാള്‍ നിങ്ങളോടു പറഞ്ഞേക്കാം, ‘നോക്കൂ, ഇതാ ക്രിസ്തു’ മറ്റൊരുത്തന്‍ പറഞ്ഞേക്കാം ‘അതാ അവന്‍.’ പക്ഷേ അവരെ വിശ്വസിക്കരുത്.

[24] വ്യാജ പ്രവാചകരും വ്യാജ ക്രിസ്തുക്കളും വരികയും മഹത്തായ കര്‍മ്മങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിക്കുകയും ചെയ്യും. ദൈവം തിരഞ്ഞെടുത്തവരോടാവും അവരിതു ചെയ്യുക. പറ്റുമെങ്കില്‍ അവന്‍റെ ആളുകളെ വിഡ്ഢികളാക്കുകയാണ് അവരുടെ ലക്ഷ്യം.

[25] ഇപ്പോള്‍ ഞാന്‍ അതൊക്കെ സംഭവിക്കുന്നതിനു മുമ്പു തന്നെ നിങ്ങള്‍ക്കറിയിപ്പു തന്നിട്ടുണ്ട്.

[26] “അതാ ക്രിസ്തു മരുഭൂമിയില്‍ എന്നു ചിലര്‍ നിങ്ങളോടു പറഞ്ഞേക്കാം. പക്ഷേ വിശ്വസിച്ച് യേശുവിനെ കാണാന്‍ മരുഭൂമിയിലേക്കു പോകരുത്. വേറൊരുത്തന്‍ ‘അതാ ക്രിസ്തു മുറിയില്‍’ എന്നും പറഞ്ഞേക്കാം. പക്ഷേ അതും വിശ്വസിക്കരുത്.

[27] മനുഷ്യ പുത്രന്‍ എല്ലാവര്‍ക്കും ദൃശ്യനായാണു വരിക. എല്ലായിടങ്ങളിലും എല്ലാവരും കാണുന്ന രീതിയില്‍ ആകാശത്തു മിന്നല്‍പ്പിണര്‍പോലെ അവന്‍ വരും.

[28] കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്നതെവിടെയോ അവിടെ ശവമുണ്ട് എന്ന് നിങ്ങളറിയുന്നതു പോലെ എല്ലാവരും അറിഞ്ഞുകൊണ്ടായിരിക്കും ഞാന്‍ വരിക.

[29] “ആ ദിവസങ്ങളുടെ കഷ്ടപ്പാടുകള്‍ കഴിഞ്ഞയുടനെ ഇങ്ങനെ സംഭവിക്കും: ‘സൂര്യന്‍ ഇരുളും, ചന്ദ്രനു പ്രകാശം കിട്ടുകയില്ല. നക്ഷത്രം ആകാശത്തുനിന്നും പതിക്കും, ആകാശത്ത് എല്ലാറ്റിനും മാറ്റം വരും.’

[30] “ആ സമയം മനുഷ്യ പുത്രന്‍റെ വരവിനെ കാണിക്കുന്ന അടയാളങ്ങള്‍ ആകാശത്തു ദൃശ്യമാകും. ലോകത്തിലെ എല്ലാ ജനതയും നിലവിളിക്കും. മനുഷ്യ പുത്രന്‍ ആകാശത്തു മേഘങ്ങളില്‍ വരുന്നതെല്ലാവരും കാണും. മനുഷ്യ പുത്രന്‍ ശക്തിയോടെയും ഏറെ മഹത്വത്തോടെയും വരും.

[31] ഉച്ചത്തിലുള്ള കാഹളശബ്ദത്തോടെ അവന്‍ ദൂതന്മാരെ അയയ്ക്കും. എല്ലാ ഭാഗത്തുനിന്നും അവന്‍റെ തിരഞ്ഞെടുക്കപ്പെട്ടവരെ ദൂതന്മാര്‍ വിളിച്ചു കൂട്ടും.

[32] “അത്തിമരം നമ്മെ പഠിപ്പിക്കുന്ന പാഠമുണ്ടല്ലോ, അത്തിമരക്കൊമ്പുകള്‍ പച്ചയും മൃദുവുമാകുകയും ഇലകള്‍ മുളച്ചു തുടങ്ങുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ പറയും വേനല്‍ വരവായെന്ന്.

[33] അതുപോലെതന്നെ ഈ സംഗതികള്‍ സംഭവിക്കുന്നതു കാണുമ്പോള്‍ സമയം വാതിലിനടുത്തെത്തിയെന്നു നിങ്ങളും അറിയും.

[34] ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. ഈ തലമുറയിലെ ജനങ്ങള്‍ ജീവിച്ചിരിക്കെത്തന്നെ ഇതൊക്കെ സംഭവിക്കും!

[35] ലോകവും ആകാശവും ഭൂമിയും നശിപ്പിക്കപ്പെട്ടേക്കാം. പക്ഷേ എന്‍റെ വാക്കുകള്‍ അനശ്വരങ്ങളാണ്.

[36] “ആ ദിവസമോ സമയമോ ആര്‍ക്കുമറിയില്ല. പുത്രനോ ദൂതന്മാര്‍ക്കോ അതറിയില്ല. പിതാവിനു മാത്രമേ അതറിയൂ.

[37] “മനുഷ്യപുത്രന്‍ വരുമ്പോള്‍ നോഹയുടെ കാലത്തേതു പോലെ തന്നെയായിരിക്കും സംഭവിക്കുക.

[38] ആ കാലത്ത് പ്രളയത്തിനു മുമ്പ് ആളുകള്‍ തിന്നുകയും കുടിക്കുകയുമായിരുന്നു. അവര്‍ വിവാഹം കഴിക്കുകയും മക്കളെ വിവാഹം കഴിപ്പിക്കുകയും ചെയ്തിരുന്നു. നോഹ പെട്ടകത്തില്‍ കയറുംവരെ അവരതു തുടര്‍ന്നു.

[39] സംഭവിക്കുന്നതിനെപ്പറ്റിയൊന്നും അവരറിഞ്ഞിരുന്നില്ല. പക്ഷേ അപ്പോള്‍ പ്രളയം വന്ന് എല്ലാവരും നശിപ്പിക്കപ്പെട്ടു. മനുഷ്യ പുത്രന്‍ വരുമ്പോഴും അങ്ങനെ തന്നെയായിരിക്കും.

[40] വയലില്‍ പണിയുന്ന രണ്ടു പേരില്‍ ഒരാളെ ഉപേക്ഷിച്ച് മറ്റെയാളെ എടുത്തുകൊണ്ടുപോകും.

[41] ധാന്യം കുത്തുന്ന രണ്ടു സ്ത്രീകളിലൊരുവളെ വിട്ട് മറ്റവളെ എടുത്തുകൊണ്ടുപോകും.

[42] “അതുകൊണ്ട് എപ്പോഴും തയ്യാറായിരിക്കുക. നിങ്ങളുടെ കര്‍ത്താവ് വരുന്ന ദിവസം നിങ്ങള്‍ക്കറിയില്ല.

[43] ഇത് ഓര്‍മ്മിക്കുക: കള്ളന്‍ വരുന്ന സമയം ഉടമസ്ഥനറിയാമെങ്കില്‍ അയാള്‍ അവന്‍റെ വരവു കാത്തിരിക്കും. അയാള്‍ കാവലിരുന്ന് കള്ളനെ തടയും.

[44] അതിനാല്‍ നിങ്ങളും തയ്യാറായിരിക്കുക. അപ്രതീക്ഷിതമായിരിക്കും മനുഷ്യ പുത്രന്‍റെ വരവ്.

[45] “ആരാണ് വിശ്വസ്തനും ബുദ്ധിമാനുമായ ദാസന്‍? മറ്റു ദാസന്മാര്‍ക്ക് യഥാസമയം ഭക്ഷണം കൊടുക്കുവാന്‍ യജമാനന്‍ ഒരു ദാസനെ ഏല്പിക്കുന്നു. യജമാനന്‍ ആ ജോലി വിശ്വാസപൂര്‍വ്വം ഏല്പിക്കുന്ന ദാസന്‍ ആരാണ്?

[46] യജമാനന്‍ വരുമ്പോള്‍ ഏല്പിച്ച ജോലി ചെയ്തുകൊണ്ടിരിക്കുന്ന ദാസന്‍ സന്തോഷിക്കും.

[47] ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ. യജമാനനുള്ളതു മുഴുവന്‍ പരിപാലിക്കാന്‍ അയാള്‍ ആ ദാസനെ നിയോഗിക്കും.

[48] “എന്നാല്‍ ആ ദാസന്‍ ദുഷ്ടനും യജമാനന്‍ ഉടനെയെങ്ങും മടങ്ങിവരില്ലെന്നു കരുതുന്നവനുമാണെങ്കില്‍ എന്തു സംഭവിക്കും?

[49] ആ ദാസന്‍ അപ്പോള്‍ മറ്റു ദാസന്മാരെ മര്‍ദ്ദിക്കാന്‍ തുടങ്ങും. അവന്‍ തന്‍റെ ഇഷ്ടക്കാരായ മറ്റ് കുടിയന്മാരോടൊത്ത് തിന്നുകയും കുടിക്കുകയും ചെയ്യും.

[50] അപ്പോള്‍ അവന്‍ തയ്യാറായിരിക്കാത്ത സമയം യജമാനന്‍ വരും. ദാസന്‍ യജമാനനെ പ്രതീക്ഷിക്കാത്ത സമയമായിരിക്കും അത്.

[51] അപ്പോള്‍ യജമാനന്‍ ദാസനെ ശിക്ഷിക്കും. യജമാനന്‍ അവനെ കപട ഭക്തിക്കാരുടെ കൂടെ ഇടും. അവിടെ ആളുകള്‍ കരയുകയും വേദനകൊണ്ട് പല്ലുകടിക്കുകയും ചെയ്യും.”

മത്തായി — Chapters