Skip to content
Opens in a new window
Listen to this chapter • 13:32

[1] ഇതെല്ലാം പറഞ്ഞുകഴിഞ്ഞ് യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു,

[2] “മറ്റന്നാള്‍ പെസഹാ ദിനമാണ്. അന്ന് മനുഷ്യപുത്രന്‍ ക്രൂശിക്കപ്പെടാന്‍ ശത്രുക്കളുടെ കയ്യിലേല്പിക്കപ്പെടും.”

[3] അപ്പോള്‍ മഹാപുരോഹിതന്‍റെ വസതിയില്‍ മഹാപുരോഹിതരും ജനത്തിന്‍റെ മൂപ്പന്മാരും യോഗം ചേരുകയായിരുന്നു. കയ്യഫാസ് എന്നായിരുന്നു മഹാപുരോഹിതന്‍റെ പേര്.

[4] യോഗത്തില്‍ അവര്‍ യേശുവിനെ തടവിലിടാനും കൊല്ലാനുമുള്ള വഴി കണ്ടുപിടിക്കാന്‍ ശ്രമിച്ചു. എന്തെങ്കിലും കള്ളം പറഞ്ഞ് യേശുവിനെ പിടിച്ച് കൊല്ലാന്‍ അവര്‍ പരിപാടിയിട്ടു.

[5] യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു, “പെസഹാ വേളയില്‍ അവനെ തടവിലാക്കരുത്. ജനങ്ങളെ പ്രകോപിതരാക്കി കലാപത്തിനിടകൊടുക്കരുത്.”

[6] യേശു ബെഥാന്യയിലായിരുന്നു. കുഷ്ഠരോഗിയായ ശിമോന്‍റെ വീട്ടിലായിരുന്നു അവന്‍.

[7] അവിടെ ഒരു സ്ത്രീ അവനെ സന്ദര്‍ശിച്ചു. അവളുടെ കയ്യില്‍ വിലപിടിപ്പുള്ള സുഗന്ധതൈലം നിറച്ച ഒരു കല്‍ഭരണിയുണ്ടായിരുന്നു. യേശു ആഹാരം കഴിച്ചുകൊണ്ടിരിക്കവേ അവള്‍ ആ തൈലം അവന്‍റെ തലയിലൊഴിച്ചു.

[8] ശിഷ്യന്മാര്‍ ഇതു കണ്ട് കോപിച്ചു പറഞ്ഞു, “എന്തിനാണിത്രയും സുഗന്ധതൈലം പാഴാക്കിയത്?

[9] അതു വിറ്റാല്‍ കിട്ടുന്ന പണം അനേകം പാവങ്ങള്‍ക്കു കൊടുക്കാമായിരുന്നു.”

[10] പക്ഷേ എല്ലാമറിഞ്ഞ യേശു പറഞ്ഞു, “എന്തിനാണു നിങ്ങള്‍ ഈ സ്ത്രീയെ വിഷമിപ്പിക്കുന്നത്? അവള്‍ എനിക്കു വിശിഷ്ടമായൊരു പ്രവൃത്തിയാണ് ചെയ്തുതന്നത്.

[11] പാവങ്ങള്‍ എപ്പോഴും നിങ്ങള്‍ക്കിടയിലുണ്ട്. പക്ഷേ ഞാനെപ്പോഴും ഉണ്ടായെന്നുവരില്ല.

[12] ഇവള്‍ എന്‍റെ ശരീരത്തില്‍ സുഗന്ധതൈലം പൂശി. എന്‍റെ മരണാനന്തര സംസ്കാരത്തിനായി ഇവള്‍ എന്നെ ഒരുക്കുകയായിരുന്നു.

[13] ഞാന്‍ നിങ്ങളോടു സത്യമായി പറയുന്നു, സുവിശേഷം ലോകം മുഴുവനും പ്രചരിപ്പിക്കപ്പെടും. സുവിശേഷം എവിടെയൊക്കെ പറയപ്പെട്ടോ അവിടെയെല്ലാം ഇവളുടെ പ്രവൃത്തിയും പ്രകീര്‍ത്തിക്കപ്പെടും. ആളുകള്‍ അവളെ അനുസ്മരിക്കും.”

[14] അപ്പോള്‍ പന്ത്രണ്ടു ശിഷ്യന്മാരിലൊരാള്‍ മഹാപുരോഹിതരുമായി സംസാരിക്കാന്‍ പോയി. യൂദാ ഈസ്ക്കരിയോത്തായിരുന്നു അത്.

[15] യൂദാ പറഞ്ഞു, “യേശുവിനെ ഞാന്‍ നിങ്ങള്‍ക്കു തരാം. എന്തു പ്രതിഫലം തരും?” അവര്‍ അവന് മുപ്പതു വെള്ളിക്കാശു കൊടുത്തു.

[16] അതിനു ശേഷം യേശുവിനെ അവര്‍ക്കു ഒറ്റിക്കൊടുക്കാന്‍ അവന്‍ തക്കം പാര്‍ത്തിരുന്നു.

[17] പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാളിന്‍റെ ആദ്യ ദിവസം ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു. അവര്‍ ചോദിച്ചു, “ഞങ്ങള്‍ നിനക്കായി പെസഹാ ഭക്ഷണം ഒരുക്കുന്നത് എവിടെയായിരിക്കണം?”

[18] യേശു പറഞ്ഞു, “പട്ടണത്തിലേക്കു പോകുക. ഞാനറിയുന്ന ഒരാളുടെ അടുത്തു ചെല്ലുക. ഗുരു പറയുന്നതായി അയാളോടു പറയുക, ‘തിരഞ്ഞെടുത്ത സമയമടുത്തിരിക്കുന്നു. ഞാന്‍ എന്‍റെ ശിഷ്യന്മാരോടുകൂടി നിന്‍റെ വീട്ടില്‍ പെസഹാ ഭക്ഷണം കഴിക്കും.’”

[19] ശിഷ്യന്മാര്‍ അതനുസരിച്ച് യേശു പറഞ്ഞതുപോലെയൊക്കെ ചെയ്തു. അവര്‍ പെസഹാ ഭക്ഷണമൊരുക്കി.

[20] വൈകുന്നേരം യേശു തീന്‍മേശയ്ക്കരികില്‍ ശിഷ്യന്മാരോടൊത്തിരിക്കുകയായിരുന്നു.

[21] എല്ലാവരും ഭക്ഷണം കഴിക്കുകയായിരുന്നു. യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം പറയാം. നിങ്ങള്‍ പന്ത്രണ്ടുപേരിലൊരുവന്‍ എന്നെ ഒറ്റിക്കൊടുക്കും.”

[22] ഇതു കേട്ട് ശിഷ്യന്മാര്‍ക്കു വളരെ സങ്കടമായി. ഓരോരുത്തരും യേശുവിനോടു പറഞ്ഞു, “കര്‍ത്താവേ, തീര്‍ച്ചയായും അതു ഞാനായിരിക്കില്ല.”

[23] യേശു പറഞ്ഞു, “എന്നോടൊപ്പം ഒരേ പാത്രത്തില്‍നിന്ന് കഴിക്കുന്ന ഒരുവനായിരിക്കും എനിക്കെതിരെ തിരിയുക.

[24] മനുഷ്യ പുത്രന്‍ അവനെപ്പറ്റി എഴുതപ്പെട്ടതുപോലെ പോയി മരിക്കും. തിരുവെഴുത്തുകള്‍ അതു തന്നെ പറയുന്നു. എന്നാല്‍ മനുഷ്യ പുത്രനെ കൊല്ലാന്‍ കൊടുക്കുന്നവനു കഷ്ടം. അവന്‍ ജനിക്കാതിരിക്കാതിരിക്കുകയായിരുന്നു അവനു നല്ലത്.”

[25] അപ്പോള്‍ യൂദാ യേശുവിനോടു പറഞ്ഞു, “ഗുരോ, തീര്‍ച്ചയായും അങ്ങയെ ഒറ്റിക്കൊടുക്കുന്നവന്‍ ഞാനാകില്ല.” (യൂദയായിരുന്നു യേശുവിനെ ഒറ്റിക്കൊടുത്തത്). യേശു പറഞ്ഞു, “അതേ, അതു നീ തന്നെയാണ്.”

[26] അവര്‍ ആഹാരം കഴിക്കവേ, യേശു ഏതാനും അപ്പം എടുത്തു. അപ്പം തന്നതിന് ദൈവത്തോട് നന്ദി പറഞ്ഞ് അവന്‍ അതു വീതിച്ച് ശിഷ്യന്മാര്‍ക്കു നല്‍കി. യേശു പറഞ്ഞു, “ഈ അപ്പം തിന്നുക. ഇതെന്‍റെ ശരീരമാണ്.”

[27] എന്നിട്ട് യേശു ഒരു പാനപാത്രം വീഞ്ഞെടുത്തു. ദൈവത്തിന് നന്ദി പറഞ്ഞ് അവനതു ശിഷ്യന്മാര്‍ക്കു കൊടുത്തു. “നിങ്ങളോരോരുത്തരും ഇതു കുടിക്കുക.

[28] ഇതെന്‍റെ രക്തമാണ്. ഇത് ദൈവം അവന്‍റെ ജനതയോടു നടത്തിയ പുതിയ നിയമത്തിന്‍റെ തുടക്കമാണ്. തങ്ങളുടെ പാപം പൊറുക്കപ്പെടാന്‍ ഇത് അനേകര്‍ക്കു നല്‍കിയിരിക്കുന്നു.

[29] ഞാന്‍ ഇതു കൂടി പറയുന്നു. എന്‍റെ പിതാവിന്‍റെ രാജ്യത്ത് നിങ്ങളോടൊത്ത് പുതിയ വീഞ്ഞ് കുടിക്കുംവരെ ഞാന്‍ ഈ വീഞ്ഞ് ഒരിക്കലും കുടിക്കില്ല.”

[30] ശിഷ്യന്മാരെല്ലാവരും ചേര്‍ന്ന് ഒരു സ്തോത്രം പാടി അനന്തരം അവര്‍ ഒലിവു മലയിലേക്കു പോയി.

[31] യേശു ശിഷ്യന്മാരോടു പറഞ്ഞു, “ഇന്നു രാത്രി നിങ്ങള്‍ക്കു എന്നിലുള്ള വിശ്വാസം നഷ്ടപ്പെടും. തിരുവെഴുത്തുകളില്‍ അതെഴുതിയിട്ടുണ്ട്, ‘ഇടയനെ ഞാന്‍ കൊല്ലും, ആടുകള്‍ ചിതറിപ്പോകും.’

[32] “പക്ഷെ ഞാന്‍ മരിച്ചാലും ഉയിര്‍ത്തെഴുന്നേല്‍ക്കും. എന്നിട്ടു ഞാന്‍ ഗലീലയിലേക്കു പോകും. നിങ്ങള്‍ക്കു മുമ്പേ ഞാനവിടെ പോകും.”

[33] പത്രൊസ് മറുപടി പറഞ്ഞു, “ മറ്റെല്ലാ ശിഷ്യന്മാര്‍ക്കും നിന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടാലും എനിക്കു നഷ്ടപ്പെടില്ല.”

[34] യേശു പറഞ്ഞു, “ഞാന്‍ നിന്നോടു സത്യമായി പറയട്ടെ. ഇന്നു രാത്രി നീയെന്നെ തള്ളിപ്പറയും. കോഴികൂകും മുമ്പ് മൂന്നു തവണ തള്ളിപ്പറയും.”

[35] എന്നാല്‍ പത്രൊസ് പറഞ്ഞു, “ഇല്ല, ഞാനൊരിക്കലും അങ്ങയെ തള്ളിപ്പറയില്ല! ഞാന്‍ നിന്നോടൊപ്പം മരിക്കാനും തയ്യാറാണ്.” മറ്റു ശിഷ്യന്മാരും ഇതു തന്നെ പറഞ്ഞു.

[36] പിന്നീട് യേശു ശിഷ്യന്മാരോടു കൂടി ഗെത്ത്ശെമന എന്ന സ്ഥലത്തേക്കു പോയി. യേശു ശിഷ്യന്മാരോടു പറഞ്ഞു, “ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ അവിടെ പോകുമ്പോള്‍ നിങ്ങള്‍ ഇവിടെത്തന്നെ ഇരിക്കുക.”

[37] അനന്തരം അവന്‍ പത്രൊസിനെയും രണ്ട് സെബെദി പുത്രന്മാരെയും കൂട്ടി പുറപ്പെട്ടു. അനന്തരം യേശു വളരെ ദുഃഖിതനും അസ്വസ്ഥനുമായി കാണപ്പെട്ടു.

[38] അവന്‍ അവരോടു പറഞ്ഞു, “എന്‍റെ ആത്മാവ് ദുഃഖംകൊണ്ട് നിറഞ്ഞിരിക്കുന്നു. ദുഃഖംകൊണ്ട് ഹൃദയം തകരുന്നു. ഇവിടെ എന്നോടൊപ്പം ഉണര്‍ന്നിരിക്കുക.”

[39] പിന്നീട് യേശു അവരില്‍നിന്ന് അല്പം അകലേക്കു നടന്നു. ഭൂമിയില്‍ കവിണ്ണു വീണ് അവന്‍ പ്രാര്‍ത്ഥിച്ചു, “പിതാവേ, കഴിയുമെങ്കില്‍ കഷ്ടതയുടെ ഈ പാനപാത്രം എനിക്കു തരാതിരിക്കുക. എങ്കിലും എന്‍റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”

[40] എന്നിട്ട് യേശു ശിഷ്യന്മാരുടെയടുത്തേക്ക് മടങ്ങിയെത്തി. ശിഷ്യന്മാര്‍ ഉറങ്ങുന്നതാണ് അവന്‍ കണ്ടത്. അവന്‍ പത്രൊസിനോടു പറഞ്ഞു, “ഒരു മണിക്കൂറുപോലും നിങ്ങള്‍ക്കു എന്നോടൊപ്പം ഉണര്‍ന്നിരുന്നു കൂടെ?

[41] പ്രലോഭിക്കപ്പെടാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുക. ശരിയായതു ചെയ്യാന്‍ നിങ്ങളുടെ ആത്മാവു കൊതിക്കുന്നു. പക്ഷേ ശരീരം ക്ഷീണിച്ചതാണ്.”

[42] പിന്നെ യേശു രണ്ടാമതും ദൂരേക്കു മാറി പ്രാര്‍ത്ഥിച്ചു. “എന്‍റെ പിതാവേ, വേദനാകരമായ ഇതെല്ലാം എന്നില്‍ നിന്നെടുക്കാന്‍ കഴിയില്ലെങ്കില്‍, ഞാനിതൊക്കെ ചെയ്യണമെങ്കില്‍, അങ്ങയുടെ ഇഷ്ടം പ്രവര്‍ത്തിച്ചാലും.”

[43] അനന്തരം യേശു ശിഷ്യന്മാരുടെയടുത്തേക്കു മടങ്ങി വന്നു. അപ്പോഴും അവര്‍ ഉറങ്ങുന്നതു കണ്ടു. അവരുടെ കണ്ണുകള്‍ ക്ഷീണിച്ചിരുന്നു.

[44] അതിനാല്‍ യേശു ഒരിക്കല്‍ കൂടി ദൂരേക്കു മാറി പ്രാര്‍ത്ഥിച്ചു. മൂന്നാം തവണയും അവന്‍ അതേ കാര്യങ്ങള്‍ തന്നെയാണ് പ്രാര്‍ത്ഥിച്ചത്.

[45] ശിഷ്യന്മാരുടെയടുത്തേക്കു മടങ്ങിയെത്തി പറഞ്ഞു, “ഇപ്പോഴും നിങ്ങള്‍ ഉറങ്ങുകയും വിശ്രമിക്കുകയും ആണോ? മനുഷ്യ പുത്രന്‍ പാപികളുടെ കയ്യില്‍ ഏല്പിക്കപ്പെടുന്ന സമയം അടുത്തു.

[46] എഴുന്നേല്‍ക്കൂ! നമുക്ക് പോകാം. ഇതാ എന്നെ ഒറ്റിക്കൊടുക്കുന്നവനും എത്തി.”

[47] യേശു സംസാരിച്ചുകൊണ്ടിരിക്കവേ, യൂദാ അവിടെയെത്തി. പന്ത്രണ്ടു ശിഷ്യന്മാരിലൊരുവനായിരുന്നു അയാള്‍. അനേകംപേര്‍ അവനോടൊപ്പമുണ്ടായിരുന്നു. മഹാപുരോഹിതരും ജനത്തിന്‍റെ മൂപ്പന്മാരും അയച്ചവരായിരുന്നു അവര്‍. അവരുടെ കയ്യില്‍ വാളുകളും കുന്തങ്ങളുമുണ്ടായിരുന്നു.

[48] യേശുവിനെ തിരിച്ചറിയാന്‍ യൂദാ, അവര്‍ക്ക് ഒരടയാളം പറഞ്ഞുകൊടുത്തു. “ഞാന്‍ ചുംബിക്കുന്നവനാണ് യേശു. അവനെ പിടികൂടുക.”

[49] അതിനാലവന്‍ യേശുവിന്‍റെയടുത്തേക്കു ചെന്ന് “ഗുരോ!” എന്നു വിളിച്ച് അവനെ ചുംബിച്ചു.

[50] യേശു അവനോടു പറഞ്ഞു, “സുഹൃത്തേ നീ വന്ന കാര്യം നിറവേറ്റുക.” അപ്പോള്‍ വന്നവര്‍ യേശുവിനെ പിടിച്ചു കെട്ടി.

[51] ഇതു നടക്കുമ്പോള്‍ യേശുവിനോടൊപ്പമുണ്ടായിരുന്ന ഒരാള്‍ വാള്‍ വലിച്ചൂരി മഹാപുരോഹിതന്‍റെ ദാസന്‍റെ ചെവിക്കു വെട്ടി.

[52] യേശു അവനോടു പറഞ്ഞു, “നിന്‍റെ വാള്‍ അതിന്‍റെ സ്ഥലത്തുതന്നെ തിരിച്ചിടുക. വാളെടുക്കുന്നവന്‍ വാളിനാല്‍ കൊല്ലപ്പെടും.

[53] ഞാനെന്‍റെ പിതാവിനോടാവശ്യപ്പെട്ടാല്‍ പന്ത്രണ്ടു ലെഗ്യൊനിലും അധികം ദൂതന്മാരെ എന്‍റെ രക്ഷയ്ക്കായി അവന്‍ അയയ്ക്കും എന്ന് നിങ്ങള്‍ക്കറിയില്ലേ.

[54] അപ്പോള്‍ എങ്ങനെ ഈ കാര്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടും? തിരുവെഴുത്തില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയൊക്കെ സംഭവിക്കണമെന്നാണ്.”

[55] ഉടന്‍ യേശു എല്ലാവരോടുമായി പറഞ്ഞു, “നിങ്ങളെന്നെ പിടിക്കാന്‍ വന്നത് കുറ്റവാളിയെ എന്നപോലെ വാളും കുന്തവുമൊക്കെയായിട്ടാണ്. എന്നും ഞാന്‍ ദൈവാലയത്തില്‍ ഉപദേശിച്ചിരുന്നു. ആരും എന്നെ പിടിച്ചില്ല.

[56] പ്രവാചകരെഴുതിയത് ഫലിക്കാനാണ് ഇങ്ങനെയൊക്കെ നടന്നത്.” അപ്പോള്‍ ശിഷ്യന്മാരെല്ലാവരും യേശുവിനെ വിട്ട് ഓടിപ്പോയി.

[57] യേശുവിനെ പിടികൂടിയവര്‍ അവനെ മഹാപുരോഹിതനായ കയ്യഫാവിന്‍റെ അടുത്തേക്കു കൊണ്ടുപോയി. ശാസ്ത്രിമാരും ജനത്തിന്‍റെ മൂപ്പന്മാരും അവിടെ ഒത്തുകൂടിയിരുന്നു.

[58] യേശുവിനെ പിന്തുടര്‍ന്നിരുന്നെങ്കിലും പത്രൊസ് അവന്‍റെയടുത്തേക്കു വന്നില്ല. മഹാ പുരോഹിതന്‍റെ വീട്ടുമുറ്റംവരെ അവന്‍ വന്നു. അവന്‍ മുറ്റത്ത് കടന്ന് കാവല്‍ക്കാരോടൊത്തിരുന്ന് സംഭവിക്കാന്‍ പോകുന്നത് കാണാന്‍ ആഗ്രഹിച്ചു.

[59] യേശുവിനെ കൊല്ലാന്‍ പാകത്തിന് അവനില്‍ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു മഹാപുരോഹിതരും യെഹൂദ സമിതി മുഴുവനും.

[60] കള്ളസാക്ഷികള്‍ പലരും വന്നു എങ്കിലും അവനെ കൊല്ലാന്‍തക്ക കാരണങ്ങള്‍ കണ്ടുപിടിക്കാനായില്ല. അപ്പോള്‍ രണ്ടുപേര്‍ വന്നു പറഞ്ഞു.

[61] “ഈ മനുഷ്യന്‍ പറഞ്ഞു, ‘എനിക്ക് ഈ ആലയം നശിപ്പിക്കാനും മൂന്നു ദിവസത്തിനകം പണിയാനും കഴിയും എന്ന്.’”

[62] മഹാ പുരോഹിതന്‍ യേശുവിനോടു ചോദിച്ചു, “ഇവര്‍ നിനക്കെതിരെ സാക്ഷി പറഞ്ഞിരിക്കുന്നു. നിനക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലേ? ഇവര്‍ പറയുന്നതു സത്യമല്ലേ?”

[63] പക്ഷേ യേശു ഒന്നും പറഞ്ഞില്ല. വീണ്ടും മഹാപുരോഹിതന്‍ യേശുവിനോടു ചോദിച്ചു, ‘ജീവിച്ചിരിക്കുന്ന ദൈവത്തിന്‍റെ ശക്തികൊണ്ട് ഞാന്‍ സത്യം ചെയ്തു ചോദിക്കുന്നു. പറയൂ നീ ക്രിസ്തുവാണോ, ദൈവത്തിന്‍റെ പുത്രന്‍?”

[64] യേശു പറഞ്ഞു, “അതേ ഞാന്‍ തന്നെ, പക്ഷേ ഞാന്‍ നിങ്ങളോടു പറയുന്നു. ഭാവിയില്‍ മനുഷ്യ പുത്രന്‍ ദൈവത്തിന്‍റെ വലതു വശത്തിരിക്കുന്നതു നിങ്ങള്‍ കാണും. അവന്‍ സ്വര്‍ഗ്ഗത്തിലെ മേഘങ്ങളുടെ മുകളില്‍ കയറിവരുന്നതും നിങ്ങള്‍ കാണും.”

[65] ഇതു കേട്ട മഹാപുരോഹിതന്‍ കോപാകുലനായി. അയാള്‍ തന്‍റെ വസ്ത്രങ്ങള്‍ വലിച്ചുകീറി പറഞ്ഞു, “ഇവന്‍ ദൈവവിരുദ്ധമായി സംസാരിക്കുന്നു. ഇനിയും നമുക്കു സാക്ഷികള്‍ വേണ്ട. ദൈവ നിന്ദ ഇപ്പോള്‍ നിങ്ങള്‍ കേള്‍ക്കുകയും ചെയ്തു.

[66] നിങ്ങളെന്തു പറയുന്നു?” യെഹൂദര്‍ മറുപടി പറഞ്ഞു, “അവന്‍ കുറ്റവാളിയാണ്, മരണം അര്‍ഹിക്കുകയും ചെയ്യുന്നു.”

[67] അപ്പോള്‍ അവിടെ കൂടിയിരുന്നവര്‍ യേശുവിന്‍റെ മുഖത്തു തുപ്പി. എന്നിട്ട് മുഷ്ടി ചുരുട്ടി ഇടിച്ചു. ചിലര്‍ യേശുവിന്‍റെ കരണത്തടിച്ചു.

[68] അവര്‍ പറഞ്ഞു, “ക്രിസ്തുവേ, നീ ഒരു പ്രവാചകനാണെന്നു തെളിയിക്കാന്‍ ആരാണു നിന്നെ ഇടിച്ചതെന്നു പറയുക.”

[69] ആ സമയം പത്രൊസ് മുറ്റത്തിരിക്കുകയായിരുന്നു. ഒരു ദാസി അവനെ സമീപിച്ചു. അവള്‍ പറഞ്ഞു, “നീ ഗലീലയില്‍ നിന്നു വന്ന യേശുവിനോടൊപ്പമുണ്ടായിരുന്നല്ലോ.”

[70] എന്നാല്‍ താനൊരിക്കലും യേശുവിനോടൊപ്പം ഉണ്ടായിരുന്നില്ലെന്നു പത്രൊസ് പറഞ്ഞു. എല്ലാവരുടെയും മുന്നില്‍വെച്ച് അവനിങ്ങനെ പറഞ്ഞു, “നിങ്ങളെന്താണു പറയുന്നതെന്ന് എനിക്കറിയില്ല.”

[71] അപ്പോള്‍ പത്രൊസ് അവിടം വിട്ടു. പ്രവേശനകവാടത്തില്‍ മറ്റൊരു ദാസിയും അവനെ കണ്ടു. അവള്‍ അവിടെയുള്ള എല്ലാവരോടുമായി പറഞ്ഞു, “ഇവന്‍ നസറെത്തിലെ യേശുവിന്‍റെ കൂടെ ഉണ്ടായിരുന്ന ആളാണ്.”

[72] വീണ്ടും പത്രൊസ് താന്‍ യേശുവിന്‍റെ ആളല്ലെന്ന് പറഞ്ഞു, “ദൈവം സത്യമായിട്ടും എനിക്ക് ഈ മനുഷ്യനെ അറിയില്ല.”

[73] അല്പസമയം കഴിഞ്ഞ് അവിടെയുണ്ടായിരുന്നവരില്‍ ചിലര്‍ അടുത്തുവന്നു പത്രൊസിനോടു പറഞ്ഞു, “നീ യേശുവിനെ പിന്തുടര്‍ന്നവരില്‍ ഒരുവനാണെന്ന് ഞങ്ങള്‍ക്കറിയാം. നിന്‍റെ സംസാരത്തില്‍നിന്ന് ഞങ്ങളതറിഞ്ഞു.”

[74] അപ്പോള്‍ പത്രൊസ് ശപിക്കാന്‍ തുടങ്ങി. അവന്‍ ശക്തമായി പറഞ്ഞു, “ദൈവത്തിനാണെ സത്യം എനിക്ക് ഈ മനുഷ്യനെ അറിയില്ല!” പത്രൊസ് ഇതു പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു കോഴി കൂകി.

[75] അപ്പോള്‍ പത്രൊസ്, “കോഴി കൂകുംമുമ്പ് നീ മൂന്നു തവണ എന്നെ തള്ളിപ്പറയും.” എന്ന് യേശു തന്നോടു പറഞ്ഞിരുന്നതോര്‍ത്തു. പത്രൊസ് പുറത്തേക്കു പോയി ഏങ്ങിക്കരഞ്ഞു.

മത്തായി — Chapters