Skip to content
Opens in a new window
Listen to this chapter • 6:20

[1] പിന്നീട് ഏതാനും പരീശന്മാരും ശാസ്ത്രികളും യേശുവിനെ സമീപിച്ചു. യെരൂശലേമില്‍ നിന്നും വന്ന അവര്‍ യേശുവിനോടു ചോദിച്ചു,

[2] നമ്മുടെ മഹാന്മാരായ പൂര്‍വ്വികര്‍ നമുക്കു തന്ന ചട്ടങ്ങള്‍ നിന്‍റെ ശിഷ്യന്മാരെന്തേ പാലിക്കുന്നില്ല? അവര്‍ ആഹാരത്തിനു മുമ്പ് കൈ കഴുകുന്നില്ല.”

[3] യേശു മറുപടി പറഞ്ഞു, “നിങ്ങളുടെ ചട്ടങ്ങള്‍ക്കുവേണ്ടി ദൈവത്തിന്‍റെ കല്പനകളെ നിങ്ങളെന്തുകൊണ്ട് അനുസരിക്കുന്നില്ല?

[4] ദൈവം പറഞ്ഞിട്ടുണ്ട്, ‘നിങ്ങള്‍ അപ്പനമ്മമാരെ ബഹുമാനിക്കണം.’ ‘അപ്പനമ്മമാരോട് ദുഷിച്ചു സംസാരിക്കുന്നവന്‍ മരിക്കണം.’ എന്നു പറഞ്ഞിട്ടുണ്ട്.

[5] എന്നാല്‍ നിങ്ങളിങ്ങനെ പഠിപ്പിക്കുന്നു. അമ്മയോടോ അപ്പനോടോ ഇങ്ങനെ പറയാന്‍ നിങ്ങള്‍ അനുവദിക്കുന്നു. ‘നിങ്ങളെ സഹായിക്കാനായി എനിക്കു ചിലതു തരാന്‍ കഴിയും. പക്ഷേ ഞാന്‍ അതു ചെയ്യുകയില്ല. ഞാനതു ദൈവത്തിനു കൊടുക്കും’ എന്നു പറയാമെന്ന്.

[6] ഇത്തരത്തില്‍ അവന്‍ അവന്‍റെ അപ്പനെ ആദരിക്കേണ്ടതില്ല. അങ്ങനെ നിങ്ങളുടെ ചട്ടങ്ങള്‍ പാലിക്കുന്നതിനുവേണ്ടി നിങ്ങള്‍ ദൈവത്തിന്‍റെ ന്യായപ്രമാണത്തെ അവഗണിച്ചിരിക്കുന്നു.

[7] കപടഭക്തിക്കാരേ, യെശയ്യാവ് നിങ്ങളെപ്പറ്റി പറഞ്ഞതു ശരിതന്നെ. യെശയ്യാവ് പറഞ്ഞു,

[8] ‘തങ്ങള്‍ എന്നെ ആദരിക്കുന്നുവെന്ന് അവര്‍ പറയുന്നു, എന്നാലവര്‍ എനിക്ക് അവരുടെ ജീവിതത്തില്‍ യതൊരു സ്ഥാനവുമില്ല.

[9] അവര്‍ എന്നെ ആരാധിക്കുന്നതു വെറുതെയാണ്. എന്തെല്ലാം അവര്‍ പഠിപ്പിച്ചോ ആ കാര്യങ്ങള്‍ മനുഷ്യരുണ്ടാക്കിയ ചട്ടങ്ങള്‍ മാത്രം.’”

[10] യേശു ജനങ്ങളെ തന്‍റെയടുത്തേക്കു വിളിച്ചു. അവന്‍ പറഞ്ഞു, “ഞാന്‍ പറയുന്നതു ശ്രദ്ധിച്ചു മനസ്സിലാക്കുക.

[11] ഒരാള്‍ തന്‍റെ വായിലേക്കിടുന്ന വസ്തുക്കളല്ല അയാളെ ചീത്തയാക്കുന്നത്. മറിച്ച് അയാള്‍ തന്‍റെ വായ്കൊണ്ട് പറയുന്നവയാണ്.”

[12] ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു ചോദിച്ചു, “നീ ഈ പറഞ്ഞതു കേട്ടാണ് പരീശന്മാര്‍ നിന്നോടു കോപിച്ചിരിക്കുന്നതെന്നു നിനക്കറിയുമോ?”

[13] യേശു മറുപടി പറഞ്ഞു, “സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവ് നട്ടതല്ലാത്ത ഓരോ ചെടിയും വേരോടെ പിഴുതെറിയപ്പെടും.

[14] പരീശന്മാര്‍ അവരുടെ വഴിക്കുപോകട്ടെ. അവര്‍ ആളുകളെ നയിക്കുന്നത് അന്ധരെ അന്ധര്‍ നയിക്കുന്നതുപോലെയാണ്. ഒരന്ധനെ മറ്റൊരന്ധന്‍ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും.”

[15] പത്രൊസ് ചോദിച്ചു, “നീ ആളുകളോടു പറഞ്ഞ കഥയൊന്നു വിവരിക്കാമോ?”

[16] യേശു പറഞ്ഞു, “ഇനിയും നിങ്ങള്‍ക്കു മനസ്സിലാകുന്നില്ലെന്നോ?

[17] മനുഷ്യന്‍റെ വായിലേക്കു പ്രവേശിക്കുന്ന ആഹാരമെല്ലാം അയാളുടെ വയറ്റിലേക്കു പോകുന്നു.

[18] എന്നാല്‍ വായില്‍നിന്നു പുറത്തു വരുന്ന ദുഷിച്ച വാക്കുകള്‍ അയാളുടെ ചിന്തയുടെ ഫലമാണ്. ഇതൊരുവനെ അശുദ്ധനാക്കുന്നു.

[19] ഈ ദുഷിച്ചവയെല്ലാം മനുഷ്യമനസ്സില്‍ ജനിക്കുന്നു. ദുഷ്ട ചിന്തകള്‍, കൊലപാതകം, വ്യഭിചാരം, ലൈംഗിക പാപങ്ങള്‍, അപഹരണം, നുണ, മറ്റുള്ളവര്‍ക്കെതിരെ കള്ളസാക്ഷി പറയുക, എന്നിങ്ങനെ.

[20] ഇതെല്ലാം ഒരു വ്യക്തിയെ ദുഷിപ്പിക്കുന്നു. എന്നാല്‍ ആഹാരത്തിനു മുമ്പ് കൈ കഴുകാത്തതുകൊണ്ട് ആരും അശുദ്ധനാകുന്നില്ല.”

[21] യേശു അവിടം വിട്ട് സോരിന്‍റെയും സീദോന്‍റെയും പ്രദേശത്തേക്കു പോയി.

[22] ഒരു കനാന്‍കാരി യേശുവിനെ സമീപിച്ചു. അവള്‍ നിലവിളിച്ചു, “കര്‍ത്താവേ, ദാവീദു പുത്രാ, എന്നില്‍ കരുണ കാട്ടൂ. എന്‍റെ മകള്‍ക്ക് ഭൂതം ബാധിച്ചിരിക്കുന്നു. അവള്‍ വളരെ കഷ്ടപ്പെടുന്നു.”

[23] എന്നാല്‍ യേശു മറുപടിയൊന്നും പറഞ്ഞില്ല. അതിനാല്‍ ശിഷ്യന്മാര്‍ യേശുവിനെ സമീപിച്ചു യാചിച്ചു, “അവളെ പറഞ്ഞയച്ചാലും അവള്‍ അലറിക്കൊണ്ടു നമ്മെ പിന്തുടരുന്നു.”

[24] യേശു പറഞ്ഞു, “യിസ്രായേലിലെ നഷ്ടപ്പെട്ടവരുടെ അടുത്തേക്കു മാത്രമാണ് ദൈവമെന്നെ അയച്ചത്.”

[25] സ്ത്രീ വീണ്ടും യേശുവിനെ സമീപിച്ചു. അവള്‍ യേശുവിന്‍റെ മുമ്പില്‍ മുട്ടുകുത്തി നിന്ന് അപേക്ഷിച്ചു, “കര്‍ത്താവേ, എന്നെ സഹായിച്ചാലും.”

[26] യേശു മറുപടി പറഞ്ഞു, “മക്കള്‍ക്കുള്ള അപ്പക്കഷണങ്ങളെടുത്ത് നായ്ക്കള്‍ക്കു എറിഞ്ഞു കൊടുക്കുന്നതു ശരിയല്ല.”

[27] അവള്‍ പറഞ്ഞു, “ശരിയാണ് കര്‍ത്താവേ, എന്നാലും അവരുടെ യജമാനന്‍റെ മേശപ്പുറത്തു നിന്നും വീഴുന്നവയെങ്കിലും നായ്ക്കള്‍ തിന്നാറുണ്ടല്ലോ.”

[28] അപ്പോള്‍ യേശു പറഞ്ഞു, “സ്ത്രീയെ നിനക്കു വലിയ വിശ്വാസമുണ്ട്, നിന്‍റെ ഇഷ്ടം സാധിക്കട്ടെ.” ആ സമയം അവളുടെ മകള്‍ സുഖം പ്രാപിച്ചു.

[29] അനന്തരം യേശു അവിടം വിട്ട് ഗലീലക്കടല്‍ക്കരയിലേക്കു പോയി. അവന്‍ ഒരു മലയിലേക്കു കയറി നിലത്തിരുന്നു.

[30] അനേകംപേര്‍ അവനെ സമീപിച്ചു. അവര്‍ ഒരുപാടു രോഗികളെ അവരോടൊപ്പം കൊണ്ടുവന്നു. മുടന്തര്‍, അന്ധര്‍, തളര്‍ന്നവര്‍, ബധിരര്‍, അങ്ങനെ പലതരക്കാര്‍. യേശു അവരെ സുഖപ്പെടുത്തി.

[31] സംസാരിക്കാനാകാത്തവര്‍ സംസാരിക്കുന്നതും തളര്‍ന്നവര്‍ പൂര്‍ണ്ണകായരാകുന്നതും നടക്കാനാകാത്തവര്‍ നടക്കുന്നതും അന്ധര്‍ കാണുന്നതുമൊക്കെക്കണ്ട് ആളുകള്‍ അമ്പരന്നു. യിസ്രായേലിന്‍റെ ദൈവത്തോട് അവരതിനു നന്ദി പറഞ്ഞു.

[32] യേശു ശിഷ്യന്മാരെ അടുത്തു വിളിച്ചു പറഞ്ഞു, “എനിക്കു ജനക്കൂട്ടത്തോടു അനുകമ്പ തോന്നുന്നു. മൂന്നു ദിവസമായി അവരെന്‍റെ കൂടെയുണ്ട്. ഇപ്പോഴാകട്ടെ അവര്‍ക്കു കഴിക്കാനുമൊന്നുമില്ല. അവരെ വിശപ്പോടെ പറഞ്ഞയയ്ക്കാന്‍ എനിക്കിഷ്ടമില്ല. വീട്ടിലേക്കു പോകുംവഴി അവര്‍ തളര്‍ന്നു വീഴും.”

[33] ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു, “ഇവരെയെല്ലാം തൃപ്തിപ്പെടുത്താന്‍ മാത്രം അപ്പക്കഷണങ്ങള്‍ നമുക്കെവിടുന്നു കിട്ടും? നമ്മള്‍ വിദൂരമായ സ്ഥലത്താണിപ്പോള്‍.”

[34] യേശു ചോദിച്ചു, “നിങ്ങളുടെ കയ്യില്‍ എത്ര അപ്പക്കഷണങ്ങളുണ്ട്?” ശിഷ്യന്മാര്‍ പറഞ്ഞു, “ഏഴ് അപ്പക്കഷണങ്ങളും ഏതാനും ചെറുമീനും.”

[35] യേശു ജനങ്ങളോട് മൈതാനത്ത് നിരന്നിരിക്കാന്‍ പറഞ്ഞു,

[36] അവര്‍ ഏഴു അപ്പവും മീനും എടുത്തു. ആഹാരം തന്നതിന് ദൈവത്തോട് നന്ദി പറഞ്ഞു. യേശു അപ്പം വീതിച്ച് ശിഷ്യന്മാരുടെ കയ്യില്‍ കൊടുത്തു. അവര്‍ അതു ജനങ്ങള്‍ക്കു കൊടുത്തു.

[37] എല്ലാവരും തിന്നു തൃപ്തരായി. എന്നിട്ട് മിച്ചം വന്ന അപ്പക്കഷണങ്ങള്‍ ശേഖരിച്ചു ഏഴു കുട്ടകള്‍ നിറച്ചു.

[38] സ്ത്രീകളെയും കുട്ടികളെയും കൂടാതെ നാലായിരത്തോളംപേര്‍ കഴിക്കാനുണ്ടായിരുന്നു.

[39] അവര്‍ ഭക്ഷിച്ചു കഴിഞ്ഞപ്പോള്‍ യേശു അവരെ വീടുകളിലേക്കു പറഞ്ഞയച്ചു. അതിനുശേഷം യേശു വള്ളത്തില്‍ മഗദായിലേക്കു പോയി.

മത്തായി — Chapters