Skip to content
Opens in a new window
Listen to this chapter • 11:10

[1] യേശു പന്ത്രണ്ട് അപ്പൊസ്തലന്മാരെയും വിളിച്ചു. പിശാചുക്കളുടെമേല്‍ അധികാരവും രോഗങ്ങള്‍ ഭേദമാക്കാനുള്ള ശക്തിയും അധികാരവും അവന്‍ അവര്‍ക്കു നല്‍കി.

[2] ദൈവ രാജ്യത്തെപ്പറ്റി പ്രസംഗിക്കുവാനും രോഗികളെ സുഖപ്പെടുത്തുവാനും, യേശു അപ്പൊസ്തലന്മാരെ അയച്ചു.

[3] അവന്‍ അപ്പൊസ്തലന്മാരോടു പറഞ്ഞു, “നിങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ഊന്നുവടി എടുക്കരുത്. സഞ്ചിയോ, ആഹാരമോ, പണമോ, കൈയിലെടുക്കരുത്. നിങ്ങള്‍ ധരിച്ചിരിക്കുന്ന വസ്ത്രം മാത്രമേ കൊണ്ടുപോകാവൂ.

[4] ഏതെങ്കിലും വീട്ടില്‍ കയറിയാല്‍ അവിടം വിട്ടുപോകാറാകുന്നതുവരെ അവിടെ കഴിയുക.

[5] പട്ടണത്തിലെ ജനങ്ങള്‍ നിങ്ങളെ സ്വീകരിക്കാതിരുന്നാല്‍ ആ നഗരം വിട്ടുപോവുക. ആ നഗരം വിട്ടുപോകുമ്പോള്‍ നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുക. അത് അവര്‍ക്കൊരു മുന്നറിയിപ്പായിരിക്കട്ടെ.”

[6] അപ്പൊസ്തലന്മാര്‍ പുറത്തേക്കിറങ്ങി. അവര്‍ എല്ലാ പട്ടണങ്ങളിലൂടെയും കടന്നു. അവര്‍ സുവിശേഷം പ്രസംഗിക്കുകയും എല്ലായിടവും ജനങ്ങളെ സുഖപ്പെടുത്തുകയും ചെയ്തു.

[7] സംഭവിക്കുന്നതെല്ലാം ഗവര്‍ണ്ണറായ ഹെരോദാവ് കേട്ടു. അയാള്‍ അമ്പരന്നു. എന്തെന്നാല്‍, “സ്നാപകയോഹന്നാന്‍ മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു” എന്നു ചിലര്‍ പറഞ്ഞു.

[8] മറ്റു ചിലരാകട്ടെ, “ഏലിയാവ് നമ്മുടെ ഇടയിലേക്ക് എത്തിയിരിക്കുന്നു” എന്ന് പറഞ്ഞു. വേറെ കുറെപ്പേര്‍ പറഞ്ഞു, “വളരെപ്പണ്ട് ഉണ്ടായിരുന്ന ചില പ്രവാചകന്മാര്‍ മരണത്തില്‍നിന്നും ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു.”

[9] ഹെരോദാവ് പറഞ്ഞു, “യോഹന്നാന്‍റെ തല ഞാന്‍ വെട്ടിക്കളഞ്ഞു. പിന്നെ ഞാന്‍ ഈ കേള്‍ക്കുന്നതൊക്കെ ആരെപ്പറ്റിയാണ്?” ഹെരോദാവ് യേശുവിനെ കാണാനാഗ്രഹിച്ചു.

[10] അപ്പൊസ്തലന്മാര്‍ മടങ്ങിവന്ന് തങ്ങളുടെ യാത്രയില്‍ ചെയ്ത കാര്യങ്ങള്‍ യേശുവിനോടു പറഞ്ഞു. അവന്‍ അവരെ ബേത്ത്സയിദ എന്നൊരു സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെ യേശുവും അപ്പൊസ്തലന്മാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

[11] എന്നാല്‍ യേശു എവിടെപ്പോയെന്ന് ജനങ്ങള്‍ അറിഞ്ഞു. അവര്‍ അവനെ പിന്തുടര്‍ന്നു. യേശു അവരെ സ്വാഗതം ചെയ്യുകയും ദൈവ രാജ്യത്തെപ്പറ്റി അവരോടു സംസാരിക്കുകയും ചെയ്തു. അദ്ദേഹം രോഗികളെ സുഖപ്പെടുത്തി.

[12] സന്ധ്യയായപ്പോള്‍ പന്ത്രണ്ടു അപ്പൊസ്തലന്മാരും യേശുവിനടുത്തെത്തി പറഞ്ഞു, “ഇവിടം ആള്‍ത്താമസമില്ലാത്ത സ്ഥലമാണ്. ജനങ്ങളെ പറഞ്ഞയച്ചേക്കുക. അവര്‍ ചുറ്റുമുള്ള ഗ്രാമങ്ങളില്‍ ചെന്ന് ആഹാരം കണ്ടെത്തട്ടെ.”

[13] പക്ഷേ യേശു ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങള്‍ ഇവര്‍ക്കെല്ലാവര്‍ക്കും കഴിക്കാന്‍ ആഹാരം വാങ്ങിക്കൊണ്ടുവരൂ.” ശിഷ്യന്മാര്‍ പറഞ്ഞു, “അഞ്ചു അപ്പവും രണ്ടു മീനും മാത്രമേ ഞങ്ങളുടെ കയ്യിലുള്ളൂ. അല്ലെങ്കില്‍ ഞങ്ങള്‍ പോയി വല്ലതും വാങ്ങി വരണം.”

[14] (അവിടെ അയ്യായിരം പുരുഷന്മാരുണ്ടായിരുന്നു.) യേശു ശിഷ്യന്മാരോടു പറഞ്ഞു, “അവരോടു അന്‍പതുപേര്‍ വീതമുള്ള കൂട്ടങ്ങളായിരിക്കാന്‍ പറയൂ.”

[15] ശിഷ്യന്മാര്‍ പറഞ്ഞതനുസരിച്ച് ആളുകള്‍ ഇരുന്നു.

[16] അനന്തരം യേശു അഞ്ചപ്പവും രണ്ടു മീനും എടുത്തു. അവന്‍ ആകാശത്തേക്കു നോക്കി, ആഹാരം തന്നതിനു ദൈവത്തോടു നന്ദി പറഞ്ഞു. എന്നിട്ട് അവന്‍ ആഹാരം പകുത്ത് ശിഷ്യന്മാരുടെ കൈയില്‍ കൊടുത്ത് വിളമ്പാന്‍ പറഞ്ഞു.

[17] എല്ലാവരും തൃപ്തിയാംവണ്ണം ഭക്ഷിച്ചു. എന്നിട്ടും കുറെയധികം ആഹാരം മിച്ചം വന്നു. പന്ത്രണ്ടു കൂടകളും മിച്ചം വന്ന ആഹാരം കൊണ്ടു നിറഞ്ഞിരുന്നു.

[18] ഒരിക്കല്‍ യേശു ഒറ്റയ്ക്കു പ്രാര്‍ത്ഥിക്കുകയായിരുന്നു. ശിഷ്യന്മാരെല്ലാവരും അവിടെയെത്തി. യേശു അവരോടു ചോദിച്ചു, “ഞാന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത്.”

[19] ശിഷ്യന്മാര്‍ പ്രതിവചിച്ചു, “ചിലര്‍ പറയുന്നു, അങ്ങ് സ്നാപകയോഹന്നനാണെന്ന്. ചിലര്‍ ഏലിയാവ് എന്നും മറ്റു ചിലര്‍ വളരെ പണ്ടുണ്ടായിരുന്ന പ്രവാചകരിലൊരാള്‍ പുനര്‍ജനിച്ചതെന്നും പറയുന്നു.”

[20] അനന്തരം അവന്‍ ചോദിച്ചു, “ആകട്ടെ, ഞാനാരെന്നാണു നിങ്ങള്‍ പറയുന്നത്?” പത്രൊസ് മറുപടി പറഞ്ഞു, “ദൈവം അയച്ച ക്രിസ്തു.”

[21] ഇക്കാര്യം ആരോടും പറയരുതെന്ന് യേശു അവര്‍ക്കു മുന്നറിയിപ്പു നല്‍കി. അനന്തരം യേശു പറഞ്ഞു,

[22] “മനുഷ്യപുത്രന് ഒരുപാടു കഷ്ടം സഹിക്കേണ്ടതുണ്ട്. ജനത്തിന്‍റെ മൂപ്പന്മാരാലും മഹാപുരോഹിതന്മാരാലും ശാസ്ത്രിമാരാലും തിരസ്കരിക്കപ്പെടേണ്ടതുണ്ട്. മനുഷ്യപുത്രന്‍ വധിക്കപ്പെടും. പക്ഷേ മൂന്നാംനാള്‍ കഴിയുമ്പോള്‍ അവന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.”

[23] യേശു തുടര്‍ന്നു പറഞ്ഞു, “എന്നെ പിന്തുടരാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാം ത്യജിക്കണം. അവന്‍ തന്‍റെ കുരിശേന്തി നിത്യവും എന്നെ പിന്‍തുടരണം.

[24] സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന് അത് നഷ്ടപ്പെടും. സ്വന്തം ജീവന്‍ എനിക്കുവേണ്ടി നഷ്ടപ്പെടുത്തുന്നവന് അതു രക്ഷിക്കാന്‍ കഴിയും.

[25] സ്വയം നശിപ്പിക്കുകയോ നഷ്ടപ്പെടുത്തുകയോ ചെയ്തവന് ഈ ലോകം മുഴുവന്‍ കിട്ടിയാലെന്തു ഫലം?

[26] ആരെങ്കിലും എന്നെപ്പറ്റിയോ എന്‍റെ വചനങ്ങളെപ്പറ്റിയോ ലജ്ജിച്ചാല്‍ അവനെപ്പറ്റി ഞാന്‍ എന്‍റെ മഹത്വത്തിലും പിതാവിന്‍റേയും പരിശുദ്ധ ദൂതന്മാരുടെയും മഹത്വത്തിലും വരുമ്പോള്‍ അവരെക്കുറിച്ചും ലജ്ജിക്കും.

[27] ഞാന്‍ നിങ്ങളോട് സത്യം പറയുന്നു. ഇവിടെ കൂടിയിരിക്കുന്ന നിങ്ങളില്‍ ചിലര്‍ മരിക്കുംമുമ്പ് ദൈവരാജ്യം ദര്‍ശിക്കും.”

[28] യേശു ഇക്കാര്യങ്ങള്‍ പറഞ്ഞ് എട്ടുദിവസത്തോളം കഴിഞ്ഞപ്പോള്‍ അവന്‍ പത്രൊസ്, യാക്കോബ്, യോഹന്നാന്‍, എന്നിവരെയും കൂട്ടി ഒരു മലയിലേക്ക് പ്രാര്‍ത്ഥിക്കാന്‍ പോയി.

[29] പ്രാര്‍ത്ഥിക്കവേ, യേശുവിന്‍റെ മുഖഭാവം മാറി. അവന്‍റെ വസ്ത്രം തിളങ്ങുന്ന വെണ്‍മയുള്ളതായി.

[30] അപ്പോള്‍ അവനോടു രണ്ടുപേര്‍ സംസാരിക്കുന്നുണ്ടായിരുന്നു. അവര്‍ മോശെയും ഏലിയാവുമായിരുന്നു.

[31] മോശെയും ഏലിയാവും തേജസ്സോടു കൂടിയവരായിരുന്നു. അവര്‍ യേശുവുമായി യെരൂശലേമില്‍ സംഭവിക്കാനിരിക്കുന്ന അവന്‍റെ മരണത്തെപ്പറ്റി ചര്‍ച്ച ചെയ്യുകയായിരുന്നു.

[32] പത്രൊസും മറ്റുള്ളവരും ഉറക്കമായിരുന്നു. പക്ഷേ ഉണര്‍ന്നെണീറ്റ അവര്‍ യേശുവിന്‍റെ തേജസ്സ് കണ്ടു. യേശുവിനോടൊപ്പം മറ്റു രണ്ടുപേര്‍ കൂടി നില്‍ക്കുന്നത് അവരും കണ്ടു.

[33] മോശെയും ഏലിയാവും അവനെ വിട്ടു പോകുമ്പോള്‍ പത്രൊസ് യേശുവിനോടു പറഞ്ഞു, “ഗുരോ, നാം ഇവിടെയായിരിക്കുന്നത് നല്ലത്. നമുക്ക് മൂന്നു കൂടാരങ്ങളുണ്ടാക്കാം. ഒന്നു നിനക്ക്, ഒന്നു മോശെയ്ക്ക്, ഒന്നു ഏലിയാവിന്.” (താന്‍ എന്താണു പറയുന്നതെന്ന് പത്രൊസിനു നിശ്ചയമില്ലായിരുന്നു.)

[34] പത്രൊസ് ഇതു പറഞ്ഞുകൊണ്ടിരിക്കെ ഒരു മേഘം അവരെ പൊതിഞ്ഞു. മേഘത്താല്‍ ആവരണം ചെയ്യപ്പെട്ടതിനാല്‍ പത്രൊസും യാക്കോബും യോഹന്നാനും ഭയന്നു.

[35] മേഘത്തില്‍ നിന്നും ഒരു ശബ്ദം കേട്ടു. “ഇതെന്‍റെ പുത്രനാണ്. ഞാന്‍ തെരഞ്ഞെടുത്തവന്‍. അവനെ അനുസരിക്കുക.”

[36] ശബ്ദം അവസാനിച്ചപ്പോള്‍ യേശു തനിയെ കാണപ്പെട്ടു. പത്രൊസ്, യാക്കോബ്, യോഹന്നാന്‍ എന്നിവര്‍ ഒന്നും പറഞ്ഞില്ല. ആ ദിവസങ്ങളില്‍ തങ്ങള്‍ കണ്ടതിനെപ്പറ്റി അവര്‍ ആരോടും പറഞ്ഞില്ല.

[37] അടുത്ത ദിവസം യേശുവും പത്രൊസും യോഹന്നാനും യാക്കോബും മലയിറങ്ങി വന്നു. ഒരു വലിയ ജനക്കൂട്ടം യേശുവിനെ കാണാന്‍ വന്നു.

[38] ജനക്കൂട്ടത്തില്‍ നിന്നൊരാള്‍ യേശുവിനോടു വിളിച്ചു പറഞ്ഞു, “ഗുരോ, ദയവായി ഇവിടെ വന്ന് എന്‍റെ മകനെ നോക്കിയാലും, അവനെന്‍റെ ഏക പുത്രനാണ്.

[39] ഒരു അശുദ്ധാത്മാവ് എന്‍റെ മകനെ ബാധിച്ചിരിക്കുന്നു. അവന്‍ പെട്ടന്ന് നിലവിളിക്കുന്നു, അവന് ആത്മനിയന്ത്രണം നഷ്ടപ്പെടുകയും വായില്‍നിന്ന് നുരയും പതയും വരികയും ചെയ്യുന്നു. അശുദ്ധാത്മാവ് അവനെ നോവിക്കുന്നു. ഒരിക്കലും അവനെ വിട്ടുപോകുന്നുമില്ല.

[40] അശുദ്ധാത്മാവിനെ ഒഴിപ്പിക്കണമെന്ന് ഞാനങ്ങയുടെ ശിഷ്യന്മാരോട് യാചിച്ചു. എന്നാല്‍ അവര്‍ക്കതിനു കഴിഞ്ഞില്ല.”

[41] യേശു മറുപടി പറഞ്ഞു, “ഇന്നത്തെ ആളുകളായ നിങ്ങള്‍ക്കു വിശ്വാസമേയില്ല. തെറ്റായ മാര്‍ഗ്ഗത്തില്‍ നിങ്ങള്‍ ജീവിക്കുന്നു. ഞാനെത്രകാലം ഇനി നിങ്ങളോടൊത്തുണ്ടാവണം. നിങ്ങളെ സഹിക്കണം?” അനന്തരം യേശു അയാളോടു പറഞ്ഞു, “നിന്‍റെ മകനെ ഇവിടെ കൊണ്ടുവരിക.”

[42] കുട്ടി അവന്‍റെ അടുത്തേക്കു വരവേ ഭൂതം കുട്ടിയെ തള്ളിയിട്ടു. കുട്ടിക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടു. പക്ഷേ യേശു അശുദ്ധാത്മാവിന് ശക്തമായ ആജ്ഞ നല്‍കി. കുട്ടി സുഖപ്പെട്ടു. യേശു അവനെ പിതാവിനു തിരികെ നല്‍കി.

[43] എല്ലാവരും ദൈവത്തിന്‍റെ മഹത്ശക്തിയില്‍ അത്ഭുതപ്പെട്ടു. യേശു ചെയ്ത സംഗതിയില്‍ എല്ലാവരും അത്ഭുതപ്പെട്ടിരിക്കുമ്പോള്‍ യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു,

[44] “ഞാനിപ്പോള്‍ നിങ്ങളോടു പറയുന്ന കാര്യങ്ങള്‍ മറക്കരുത്. മനുഷ്യ പുത്രന്‍ ചില മനുഷ്യരുടെ നിയന്ത്രണത്തില്‍പ്പെടാന്‍ പോകുന്നു.”

[45] യേശു എന്താണര്‍ത്ഥമാക്കിയതെന്ന് ശിഷ്യന്മാര്‍ക്ക് മനസ്സിലായില്ല. അവര്‍ക്കു മനസ്സിലാകാത്തവിധം അതിന്‍റെ അര്‍ത്ഥം മറഞ്ഞിരുന്നു. അവന്‍ പറഞ്ഞതെന്താണെന്ന് അവനോടു ചോദിക്കാന്‍ ശിഷ്യന്മാര്‍ക്കു ഭയമായിരുന്നു.

[46] തങ്ങളില്‍ ആരാണു വലിയവനെന്ന കാര്യത്തില്‍ യേശുവിന്‍റെ ശിഷ്യന്മാര്‍ തര്‍ക്കമാരംഭിച്ചു.

[47] അവരെന്താണ് ചിന്തിക്കുന്നതെന്ന് യേശുവിന് അറിയാമായിരുന്നു. അവന്‍ ഒരു കുഞ്ഞിനെ എടുത്ത് അരികിലിരുത്തി.

[48] അവന്‍ പറഞ്ഞു, “എന്‍റെ നാമത്തില്‍ ഈ കുഞ്ഞിനെ സ്വീകരിക്കുന്നവന്‍ എന്നെയും സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ എല്ലാവരിലും ഏറ്റവും താഴ്മയുള്ളവന്‍ ആരാണോ അവനാണേറ്റവും വലിയവന്‍.”

[49] യോഹന്നാന്‍ പറഞ്ഞു, “ഗുരോ, ഒരുവന്‍ അങ്ങയുടെ നാമത്തില്‍ ഭൂതങ്ങളെ ഒഴിപ്പിക്കുന്നത് ഞങ്ങള്‍ കണ്ടു. അവന്‍ ഞങ്ങളുടെ സംഘത്തില്‍ പെടാത്തതിനാല്‍ ഞങ്ങളവനെ വിലക്കി.”

[50] യേശു അവനോടു പറഞ്ഞു, “അവനെ തടയരുത്. നിങ്ങള്‍ക്കെതിരല്ലാത്തവന്‍ നിങ്ങള്‍ക്കുളളവനാകുന്നു.”

[51] യേശു സ്വര്‍ഗ്ഗത്തിലേക്കു മടങ്ങേണ്ട സമയം അടുത്തു വന്നുകൊണ്ടിരുന്നു. യെരൂശലേമിലേക്കു പോകാന്‍ അവന്‍ തീരുമാനിച്ചു.

[52] യേശു തനിക്കു മുമ്പ് ചിലരെ അയച്ചു. യേശുവിനായി എല്ലാമൊരുക്കാന്‍ അവര്‍ ശമര്യയിലെ ഒരു പട്ടണത്തിലേക്കു പോയി.

[53] പക്ഷേ അന്നാട്ടുകാര്‍ യേശുവിനെ സ്വീകരിച്ചില്ല. എന്തെന്നാല്‍ അവന്‍ യെരൂശലേമിലേക്കു പോവുകയായിരുന്നു.

[54] ശിഷ്യന്മാരായ യാക്കോബും യോഹന്നാനും ഇതു കണ്ടു. അവര്‍ പറഞ്ഞു, “കര്‍ത്താവേ, സ്വര്‍ഗ്ഗത്തില്‍ നിന്ന് തീ ഇറങ്ങിവന്ന് ഇവരെ നശിപ്പിക്കുവാന്‍ ഞങ്ങള്‍ പറയട്ടെയോ?”

[55] യേശു തിരിഞ്ഞ് അവരെ ശകാരിച്ചു.

[56] അനന്തരം യേശുവും ശിഷ്യന്മാരും മറ്റൊരു പട്ടണത്തിലേക്കു പോയി.

[57] അവര്‍ വഴിയേ നടക്കുകയായിരുന്നു, ഒരാള്‍ യേശുവിനോടു പറഞ്ഞു, “അങ്ങ് പോകുന്ന എല്ലായിടവും ഞാന്‍ അനുഗമിക്കും.”

[58] യേശു പറഞ്ഞു, “കുറുക്കന്മാര്‍ക്കു വസിക്കുവാന്‍ മാളമുണ്ട്. പക്ഷികള്‍ക്കു കൂടുകളുണ്ട്. എന്നാല്‍ മനുഷ്യ പുത്രനു തലചായ്ക്കാന്‍ ഒരിടവുമില്ല.”

[59] യേശു മറ്റൊരാളോടു പറഞ്ഞു, “എന്നെ അനുഗമിക്കൂ.” പക്ഷേ അയാള്‍ പറഞ്ഞു, “കര്‍ത്താവേ, ഞാന്‍ ആദ്യം പോയി എന്‍റെ പിതാവിന്‍റെ ജഡം സംസ്കരിച്ചിട്ടു വരട്ടെ.”

[60] പക്ഷേ യേശു അയാളോടു പറഞ്ഞു, “മരിച്ചവര്‍ തങ്ങളുടെ സ്വന്തം മരിച്ചവരെ സംസ്കരിക്കട്ടെ. നീ പോയി ദൈവരാജ്യത്തെപ്പറ്റി പ്രസംഗിക്കുക.”

[61] മറ്റൊരുവന്‍ പറഞ്ഞു, “ഞാനങ്ങയെ അനുഗമിക്കാം, പക്ഷേ ആദ്യം എന്‍റെ കുടുംബത്തോടു യാത്ര പറഞ്ഞു വരട്ടെ.”

[62] യേശു പറഞ്ഞു, “വയല്‍ ഉഴുവാന്‍ പുറപ്പെട്ടവന്‍ തിരിഞ്ഞു നോക്കിയാല്‍ അവന്‍ ദൈവ രാജ്യത്തിനു യോഗ്യനല്ല.”

ലൂക്കൊസ് — Chapters