[1] അനന്തരം ആ സംഘം മുഴുവനും എഴുന്നേറ്റ് യേശുവിനെ പീലാത്തൊസിന്‍റെ അടുത്തേക്കു കൊണ്ടുപോയി.
[2] അവര്‍ യേശുവിനെതിരെ കുറ്റാരോപണം നടത്താന്‍ തുടങ്ങി. അവര്‍ പീലാത്തൊസിനോടു പറഞ്ഞു, “നമ്മുടെ ജനങ്ങളെ വഴിതെറ്റിക്കുന്ന പ്രസംഗങ്ങള്‍ നടത്തുന്ന ഇവനെ ഞങ്ങള്‍ പിടിച്ചു കൊണ്ടുവന്നിരിക്കുന്നു. കൈസര്‍ക്കു കരം കൊടുക്കരുതെന്ന് ഇവന്‍ ആഹ്വാനം ചെയ്യുന്നു. താന്‍ ക്രിസ്തുവെന്ന രാജാവാണെന്നവന്‍ അവകാശപ്പെടുന്നു.”
[3] പീലാത്തൊസ് യേശുവിനോടു ചോദിച്ചു, “നീ യെഹൂദന്മാരുടെ രാജാവാണോ?” യേശു പറഞ്ഞു, “അതെ, അതു ശരിയാണ്.”
[4] പീലാത്തൊസ് മഹാപുരോഹിതന്മാരോടും ജനങ്ങളോടുമായി പറഞ്ഞു, “ഇവനില്‍ ഞാനൊരു കുറ്റവും കാണുന്നില്ല.”
[5] അവര്‍ വീണ്ടും വീണ്ടും പറഞ്ഞു, “പക്ഷേ യേശു ജനങ്ങളുടെ ഇടയില്‍ കുഴപ്പം കുത്തിപ്പൊക്കുന്നു. യെഹൂദ്യയിലെങ്ങും അവന്‍ പഠിപ്പിക്കുന്നു. ഗലീലയിലാരംഭിച്ച അവന്‍ ഇപ്പോള്‍ ഇവിടെയും എത്തിയിരിക്കുന്നു!”
[6] ഇതു കേട്ടപ്പോള്‍ പീലാത്തൊസ്, യേശു ഗലീലക്കാരനാണോ എന്നന്വേഷിച്ചു.
[7] യേശു ഹെരോദാവിന്‍റെ അധികാര പരിധിയില്‍പെട്ടവനാണെന്ന് പീലാത്തൊസ് അറിഞ്ഞു. ആ സമയം ഹെരോദാവ് യെരൂശലേമില്‍ ഉണ്ടായിരുന്നതിനാല്‍ പീലാത്തൊസ് യേശുവിനെ അവന്‍റെ അടുത്തേക്കയച്ചു.
[8] യേശുവിനെ കണ്ടപ്പോള്‍ ഹെരോദാവ് സന്തോഷിച്ചു. ഹെരോദാവ് യേശുവിനെപ്പറ്റി കേട്ടിരുന്നു. അതിനാല്‍ വളരെക്കാലമായി അവനെ കാണാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ഒരത്ഭുതം കാണാന്‍ അദ്ദേഹത്തിനാഗ്രഹമുണ്ടായിരുന്നു. യേശു അതു ചെയ്യുമെന്നയാള്‍ പ്രതീക്ഷിച്ചു.
[9] ഹെരോദാവ് യേശുവിനോടു ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ചു. എന്നാല്‍ യേശു ഒരു മറുപടിയും പറഞ്ഞില്ല.
[10] മഹാ പുരോഹിതരും ശാസ്ത്രിമാരും അവിടെയുണ്ടായിരുന്നു. അവര്‍ യേശുവിനെതിരെ പലതും ആക്രോശിക്കുന്നുണ്ടായിരുന്നു.
[11] ഹെരോദാവും ഭടന്മാരും യേശുവിനോടു അവജ്ഞയോടെ പെരുമാറി. അവനെ പരിഹസിച്ചു രാജാവിന്‍റേതു പോലുള്ള വസ്ത്രങ്ങളണിയിച്ച് കളിയാക്കി. ഹെരോദാവ് യേശുവിനെ പീലാത്തൊസിന്‍റെ അടുത്തേക്ക് മടക്കിയയച്ചു.
[12] മുമ്പ് പീലാത്തൊസും ഹെരോദാവും ശത്രുക്കളായിരുന്നു. എന്നാല്‍ ആ ദിവസം അവര്‍ സ്നേഹിതരായി.
[13] പീലാത്തൊസ് മഹാ പുരോഹിതരോടും യെഹൂദനേതാക്കളോടും ഒപ്പം എല്ലാ ജനങ്ങളെയും വിളിച്ചുകൂട്ടി.
[14] പീലാത്തൊസ് അവരോടു പറഞ്ഞു, “നിങ്ങള്‍ ഈ മനുഷ്യനെ എന്‍റെയടുക്കല്‍ കൊണ്ടുവന്നു. അവന്‍ ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നു എന്നു നിങ്ങള്‍ പറയുന്നു. നിങ്ങളുടെയെല്ലാം മുമ്പില്‍ വച്ച് ഞാന്‍ ഈ മനുഷ്യനെ വിചാരണ ചെയ്തു. എന്നിട്ടും അയാള്‍ ഒരു തെറ്റും ചെയ്തതായി കാണുന്നില്ല. നിങ്ങള്‍ പറയുന്ന ഒരു തെറ്റും അയാള്‍ ചെയ്തിട്ടില്ല.
[15] ഹെരോദാവും ഇവനില്‍ കുറ്റമൊന്നും കണ്ടില്ല. അതിനാലവന്‍ യേശുവിനെ ഇങ്ങോട്ട് തിരിച്ചയച്ചു. നോക്കൂ, വധ ശിക്ഷ നല്‍കാന്‍ പറ്റിയ കുറ്റമൊന്നും അവന്‍ ചെയ്തിട്ടില്ല.
[16] അതിനാല്‍ ഏതാനും പ്രഹരങ്ങള്‍ നല്‍കി ഞാനവനെ വിട്ടയയ്ക്കും.”
[18] പക്ഷേ ജനങ്ങള്‍ വിളിച്ചു കൂകി, “അവനെ കൊല്ലുക, ബറബ്ബാസിനെ ഞങ്ങള്‍ക്കായി വെറുതെ വിടുക.”
[19] (നഗരത്തില്‍ കലാപം നടത്തിയതിന് തടവറയില്‍ കഴിയുന്ന ബറബ്ബാസ് ഒരു കൊലയാളി കൂടെയാണ്.)
[20] യേശുവിനെ വെറുതെ വിടാന്‍ പീലാത്തൊസ് ആഗ്രഹിച്ചു. അതയാള്‍ വീണ്ടും അവരോടു പ്രഖ്യാപിച്ചു.
[21] പക്ഷേ ജനങ്ങള്‍ പിന്നെയും വിളിച്ചുകൂകി, “അവനെ കൊല്ലുക, അവനെ ക്രൂശിക്കുക!”
[22] മൂന്നാം തവണയും പീലാത്തൊസ് ജനങ്ങളോടു പറഞ്ഞു, “എന്തിന്? അവന്‍ എന്തു തെറ്റാണ് ചെയ്തത്? അവന്‍ തെറ്റുകാരനല്ല. അവനെ കൊല്ലുന്നതിന് ഞാന്‍ ഒരു കാരണവും കാണുന്നില്ല. അതുകൊണ്ട് അല്പം പ്രഹരിപ്പിച്ച് ഞാനവനെ വിട്ടയയ്ക്കും.”
[23] പക്ഷേ ജനങ്ങള്‍ പിന്നെയും വിളിച്ചുകൂകി. യേശുവിനെ ക്രൂശിച്ചുകൊല്ലണമെന്നവര്‍ ആവശ്യപ്പെട്ടു. അവരുടെ ആക്രോശം ശക്തമായി.
[24] അവര്‍ ആവശ്യപ്പെടുംപ്രകാരം ചെയ്യാന്‍ പീലാത്തൊസ് തീരുമാനിച്ചു.
[25] ബറബ്ബാസിനെ മോചിപ്പിക്കാനും അവര്‍ ആവശ്യപ്പെട്ടു. ബറബ്ബാസ് കലാപം നടത്തിയതിന് തടവറയിലായിരുന്നു. പീലാത്തൊസ് ബറബ്ബാസിനെ മോചിപ്പിച്ചു. പീലാത്തൊസ് യേശുവിനെ കൊല്ലാന്‍ ജനങ്ങള്‍ക്കു വിട്ടു കൊടുത്തു. അവര്‍ക്കു വേണ്ടതും അതായിരുന്നു.
[26] ഭടന്മാര്‍ യേശുവിനെ കൊല്ലാന്‍ ദൂരെ കൊണ്ടുപോയി. ആ സമയം വയലില്‍നിന്നും ശിമോന്‍ എന്നൊരാള്‍ നഗരത്തിലേക്കു വരികയായിരുന്നു. കുറേനയില്‍ നിന്നാണയാള്‍ വന്നത്. യേശുവിന്‍റെ കുരിശും ചുമന്ന് അവനു പിന്നാലെ നടക്കാന്‍ ഭടന്മാര്‍ ശിമോനെ നിര്‍ബന്ധിച്ചു.
[27] അനേകംപേര്‍ യേശുവിനെ അനുഗമിച്ചു. ചില സ്ത്രീകള്‍ സങ്കടംകൊണ്ട് കരയുന്നുണ്ടായിരുന്നു. അവര്‍ അവനുവേണ്ടി ദുഃഖത്തോടെ വിലപിച്ചു.
[28] പക്ഷേ യേശു തിരിഞ്ഞ് അവരോടു പറഞ്ഞു, “യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയരുത്. നിങ്ങള്‍ക്കുവേണ്ടിയും നിങ്ങളുടെ കുട്ടികള്‍ക്കുവേണ്ടിയും കരയൂ!
[29] ‘വന്ധ്യകള്‍ക്കും പരിപാലിക്കാന്‍ കുട്ടികളില്ലാത്തവര്‍ക്കും ഭാഗ്യം’ എന്ന് ആളുകള്‍ പറയുന്ന സമയം വരും.
[30] അപ്പോള്‍ ആളുകള്‍ പര്‍വ്വതങ്ങളോട് ഞങ്ങളുടെമേല്‍ വന്നു പതിക്കുക എന്നു പറയും. ‘മലകളോട് ഞങ്ങളെ മൂടുക’ എന്നും പറയും.
[31] ജീവിതം സുഗമമായ ഇപ്പോള്‍ ഇങ്ങനെ പറയുമ്പോള്‍ കഷ്ടകാലത്ത് അവരെന്തു പറയും?”
[32] യേശുവിനോടൊപ്പം രണ്ടു കുറ്റവാളികളെക്കൂടി കൊല്ലാന്‍ കൊണ്ടുപോയിരുന്നു.
[33] “തലയോടിടം” എന്നു പേരുള്ള ഒരു സ്ഥലത്തേക്കാണവരെ കൊണ്ടുപോയത്. അവിടെവെച്ച് ഭടന്മാര്‍ യേശുവിനെ കുരിശില്‍ ചേര്‍ത്ത് ആണിയടിച്ചു. അവര്‍ കുറ്റവാളികളെ യേശുവിന്‍റെ ഇരുവശങ്ങളിലും ക്രൂശിച്ചു. ഒരാള്‍ വലതുവശത്തും മറ്റെയാള്‍ ഇടതുവശത്തും.
[34] യേശു പറഞ്ഞു, “പിതാവേ, എന്നെ വധിക്കുന്ന ഇവരോടു ക്ഷമിക്കേണമേ. എന്തെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല.” യേശുവിന്‍റെ വസ്ത്രങ്ങള്‍ വീതം വയ്ക്കാന്‍ അവര്‍ നറുക്കിട്ടു.
[35] ജനങ്ങള്‍ അതു നോക്കിനിന്നു. യെഹൂദ പ്രമാണികള്‍ യേശുവിനെ പരിഹസിച്ചു, “അവന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ക്രിസ്തുവാണെങ്കില്‍ സ്വയം രക്ഷപെടട്ടെ. അവന്‍ മറ്റുള്ളവരെ രക്ഷിച്ചു. ഇപ്പോള്‍ അവന്‍ അവനെത്തന്നെ രക്ഷിക്കട്ടെ?”
[36] ഭടന്മാര്‍ പോലും അവനെ പരിഹസിച്ചു ചിരിച്ചു. അവര്‍ അടുത്തുവന്ന് യേശുവിനു പുളിക്കുന്ന വീഞ്ഞു കൊടുത്തു.
[37] ഭടന്മാര്‍ പറഞ്ഞു, “നീ യെഹൂദരാജാവെങ്കില്‍ സ്വയം രക്ഷിക്ക്.”
[38] (“ഇത് യെഹൂദരുടെ രാജാവാണ്” എന്ന് കുരിശിനു മുകളില്‍ എഴുതിയിട്ടുണ്ടായിരുന്നു.)
[39] അവനോടൊപ്പം ക്രൂശിക്കപ്പെട്ട കുറ്റവാളികളില്‍ ഒരുവന്‍ യേശുവിനെ നിന്ദിച്ചുപറഞ്ഞു, “നീ ക്രിസ്തുവല്ലേ? എങ്കില്‍ സ്വയം രക്ഷിക്ക്. എന്നിട്ട് ഞങ്ങളെയും രക്ഷിക്ക്!”
[40] എന്നാല്‍ മറ്റേ കുറ്റവാളി അയാളെ ശകാരിച്ചു. അവന്‍ പറഞ്ഞു, “നീ ദൈവത്തെ ഭയക്കണം. നമ്മളെല്ലാം ഉടന്‍ മരിക്കും.
[41] ഞാനും നീയും കുറ്റവാളികളാണ്. നമ്മള്‍ തെറ്റു ചെയ്തവരായതിനാല്‍ കൊല്ലപ്പെടണം. എന്നാല്‍ ഈ മനുഷ്യന്‍ (യേശു) ഒരു തെറ്റും ചെയ്തിട്ടില്ല.”
[42] എന്നിട്ട് അയാള്‍ യേശുവിനോടു പറഞ്ഞു, “യേശുവേ, നിന്‍റെ രാജ്യവാഴ്ച തുടങ്ങുമ്പോള്‍ എന്നെയും ഓര്‍ക്കുക.”
[43] യേശു അവനോടു പറഞ്ഞു, “ഇന്ന് നീ എന്നോടൊത്ത് പറുദീസയിലായിരിക്കും! എന്നു ഞാന്‍ നിന്നോടു സത്യം പറയുന്നു.”
[44] നേരം ഉച്ചയായെങ്കിലും ഉച്ച തിരിഞ്ഞ് മൂന്നു മണിവരെ ആ പ്രദേശമാകെ ഇരുള്‍ വ്യാപിച്ചിരുന്നു.
[45] സൂര്യനെ കാണാന്‍ സാധിച്ചതേയില്ല. ദൈവാലയത്തിലെ തിരശ്ശീല നടുവേ രണ്ടായി കീറി.
[46] യേശു ഉച്ചത്തില്‍ നിലവിളിച്ചു. “പിതാവേ, എന്‍റെ ആത്മാവിനെ ഞാന്‍ നിനക്കര്‍പ്പിക്കുന്നു.” ഇത്രയും പറഞ്ഞ് യേശു അന്ത്യശ്വാസം വലിച്ചു.
[47] ശതാധിപന്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു. അയാള്‍ ദൈവത്തെ സ്തുതിച്ചു പറഞ്ഞു, “ഈ മനുഷ്യന്‍ നല്ലവനാണെന്ന് എനിക്കറിയാമായിരുന്നു.”
[48] ഇതെല്ലാം കാണാന്‍ അനേകംപേര്‍ നഗരത്തില്‍ നിന്നും വന്നു. ഈ രംഗം കണ്ടവര്‍ ദുഃഖിച്ചു മടങ്ങി.
[49] യേശുവിന്‍റെ അടുത്ത എല്ലാ സുഹൃത്തുക്കളും യേശുവിനെ ഗലീലയില്‍ നിന്നും പിന്‍തുടര്‍ന്ന ഏതാനും സ്ത്രീകളും അവിടെ ഉണ്ടായിരുന്നു. അവര്‍ കുരിശില്‍നിന്ന് വളരെ അകന്ന് എല്ലാം കണ്ടു നിന്നു.
[50] അരിമത്യ എന്ന യെഹൂദപട്ടണത്തിലെ യോസേഫ് എന്നൊരാള്‍ അവിടെ ഉണ്ടായിരുന്നു. അയാള്‍ നല്ലവനും ധര്‍മ്മിഷ്ടനുമായിരുന്നു. ദൈവ രാജ്യത്തിന്‍റെ വരവ് അയാള്‍ പ്രതീക്ഷിച്ചിരുന്നു. യോസേഫ് ഒരു യെഹൂദ സമിതിയിലെ അംഗവുമായിരുന്നു. മറ്റ് യെഹൂദ നേതാക്കള്‍ യേശുവിനെ കൊല്ലാന്‍ തീരുമാനിച്ചതിനോട് അയാള്‍ യോജിച്ചിരുന്നില്ല.
[52] യോസേഫ് പീലാത്തൊസിനെ സമീപിച്ച് യേശുവിന്‍റെ മൃതശരീരം ചോദിച്ചു. പീലാത്തൊസ് അതിനനുവദിച്ചു.
[53] യോസേഫ് യേശുവിന്‍റെ മൃതശരീരം കുരിശില്‍ നിന്നിറക്കി തുണിയില്‍ പൊതിഞ്ഞു. എന്നിട്ടത് ഒരു പാറയില്‍ കുഴിച്ചുണ്ടാക്കിയ കല്ലറയില്‍ അടക്കം ചെയ്തു. ആ ശവക്കല്ലറ മുന്‍പാരും ഉപയോഗിച്ചിരുന്നില്ല.
[54] അത് ഒരുക്ക ദിവസമായിരുന്നു. സൂര്യനസ്തമിക്കുമ്പോള്‍ ശബ്ബത്ത് ആരംഭിക്കും.
[55] യേശുവിനോടൊപ്പം ഗലീലയില്‍നിന്നു വന്ന സ്ത്രീകള്‍ യോസേഫിനെ പിന്‍തുടര്‍ന്നു. അവര്‍ കല്ലറയും അതില്‍ യേശുവിന്‍റെ ശരീരം വച്ച സ്ഥലവും കണ്ടു.
[56] അനന്തരം യേശുവിന്‍റെ ശരീരത്തില്‍ പൂശാന്‍ സുഗന്ധദ്രവ്യങ്ങളും ലേപനങ്ങളും ഒരുക്കാനവര്‍ പോയി. മോശെയുടെ കല്പന അനുസരിച്ച് ശബ്ബത്തു ദിവസം അവര്‍ വിശ്രമിച്ചു.