[1] യെഹൂദരുടെ പെസഹ എന്നു പേരുള്ള പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാള്‍ ഏതാണ്ടടുത്തു.
[2] മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ കൊല്ലാനുള്ള വഴികള്‍ ആലോചിക്കുകയായിരുന്നു. പക്ഷേ അവര്‍ ജനങ്ങളെ ഭയന്നു.
[3] യേശുവിന്‍റെ പന്ത്രണ്ടു ശിഷ്യന്മാരില്‍ യൂദാ ഈസ്ക്കാര്യോത്ത് എന്നൊരുവനുണ്ടായിരുന്നു. സാത്താന്‍ അവനില്‍ പ്രവേശിച്ച് അവനെക്കൊണ്ട് തെറ്റു ചെയ്യിച്ചു.
[4] യൂദാ മഹാ പുരോഹിതന്മാരെയും ദൈവാലയത്തിനു കാവല്‍ നിന്ന പടയാളികളെയും കണ്ട് യേശുവിനെ അവര്‍ക്ക് ഒറ്റിക്കൊടുക്കുന്നതിനെപ്പറ്റി സംസാരിച്ചു.
[5] പുരോഹിതര്‍ ഇതില്‍ സന്തുഷ്ടരായി. യേശുവിനെ ഒറ്റിക്കൊടുക്കുന്നതിന് അവര്‍ യൂദായ്ക്ക് പണം വാഗ്ദാനം ചെയ്തു.
[6] യൂദാ സമ്മതിച്ചു. അവന്‍ അതിനുള്ള തരം പാര്‍ത്തിരുന്നു. യേശുവിനു ചുറ്റും ജനക്കൂട്ടം ഇല്ലാത്ത സമയം യൂദാ നോക്കിയിരുന്നു.
[7] പുളിപ്പില്ലാത്ത അപ്പത്തിന്‍റെ ദിവസം എത്തി. അന്നാണ് യെഹൂദര്‍ പെസഹാക്കുഞ്ഞാടിനെ യാഗമര്‍പ്പിച്ചിരുന്നത്.
[8] യേശു പത്രൊസിനോടും യോഹന്നാനോടും പറഞ്ഞു, “പോയി നമുക്കു കഴിക്കാന്‍ പെസഹാ ഭക്ഷണമൊരുക്കുക.”
[9] അവര്‍ യേശുവിനോടു ചോദിച്ചു, “എവിടെയാണ് ഞങ്ങള്‍ ഒരുക്കേണ്ടത്?” യേശു അവരോടു പറഞ്ഞു,
[10] “ശ്രദ്ധിക്കുക. യെരൂശലേം നഗരത്തിലേക്കു ചെല്ലുമ്പോള്‍ ഒരു കുടം വെള്ളവുമായി നില്‍ക്കുന്ന ഒരാളെ നിങ്ങള്‍ കാണും. അവനെ പിന്തുടരുക. അവന്‍ ഒരു വീട്ടിലേക്കു കയറും. അവനോടൊപ്പം പോവുക.
[11] വീട്ടുടമയോട്, ‘തനിക്കും തന്‍റെ ശിഷ്യന്മാര്‍ക്കും പെസഹാ ഭക്ഷിക്കാനുള്ള സ്ഥലം എവിടെ എന്നു കാണിച്ചുതരുവാന്‍ ഗുരു ആവശ്യപ്പെടുന്നു’ എന്നു പറയുക.
[12] അയാള്‍ മുകളിലത്തെ നിലയില്‍ ഒരുക്കിയിട്ടുള്ള ഒരു വലിയ മുറി കാണിച്ചുതരും. അവിടെ ഭക്ഷണമൊരുക്കുക.”
[13] പത്രൊസും യോഹന്നാനും പുറപ്പെട്ടു. യേശു പറഞ്ഞതുപോലെയെല്ലാം നടന്നു. അവര്‍ പെസഹാ ഭക്ഷണം ഒരുക്കി.
[14] പെസഹാ ഭക്ഷണം കഴിക്കാനുള്ള സമയമായി. യേശുവും അപ്പൊസ്തലന്മാരും മേശയ്ക്കു ചുറ്റും ഇരിക്കുകയായിരുന്നു.
[15] യേശു അവരോടു പറഞ്ഞു, “മരിക്കുംമുമ്പ് നിങ്ങളോടൊത്ത് ഈ പെസഹാഭക്ഷണം കഴിക്കണമെന്ന് ഞാന്‍ വളരെ ആഗ്രഹിച്ചിരുന്നു.
[16] ദൈവ രാജ്യത്തില്‍ ഇതു പൂര്‍ത്തിയാക്കുംവരെ മറ്റൊരു പെസഹാ ഭക്ഷണം ഞാന്‍ കഴിക്കില്ല.”
[17] അനന്തരം യേശു ഒരു പാത്രം വീഞ്ഞെടുത്തു. അവന്‍ അതിനു ദൈവത്തോടു നന്ദി പറഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞു, “ഈ പാത്രം എടുത്തു ഇവിടെയുള്ള എല്ലാവരും ഇതില്‍നിന്നും പങ്കു പറ്റുക.
[18] ദൈവ രാജ്യം വരുംവരെ ഞാനിനി വീഞ്ഞു കുടിക്കില്ല.”
[19] പിന്നീട് യേശു അപ്പം എടുത്തു. അവന്‍ അപ്പത്തിന് ദൈവത്തോട് നന്ദി പറഞ്ഞ് അത് വീതിച്ചു. അവന്‍ അത് എല്ലാ അപ്പൊസ്തലന്മാര്‍ക്കും നല്‍കി. യേശു പറഞ്ഞു, “എന്‍റെ ശരീരമായ ഈ അപ്പം ഞാന്‍ നിങ്ങള്‍ക്കു തരുന്നു. എന്‍റെ ഓര്‍മ്മയ്ക്കായി നിങ്ങളിതു ചെയ്യുക.”
[20] അതുപോലെ തന്നെ, അത്താഴത്തിനുശേഷം യേശു വീഞ്ഞുപാത്രം കയ്യിലെടുത്തു പറഞ്ഞു, “ഈ വീഞ്ഞ് ദൈവം അവന്‍റെ ആളുകളുമായി നടത്തിയ പുതിയനിയമത്തെ കാണിക്കുന്നു. അതെന്‍റെ രക്തം നിങ്ങള്‍ക്കു വേണ്ടി ചിന്തുമ്പോള്‍ ആര്ഭിക്കുന്നു.”
[21] യേശു പറഞ്ഞു, “നിങ്ങളിലൊരുവന്‍ വൈകാതെ എനിക്കെതിരെ തിരിയും. അവന്‍റെ കൈ എന്‍റെ കൈയോടൊപ്പം ഈ മേശമേലുണ്ട്.
[22] മനുഷ്യ പുത്രന്‍ ദൈവത്തിന്‍റെ പദ്ധതിയനുസരിച്ച് പ്രവര്‍ത്തിക്കുന്നു. മനുഷ്യപുത്രനെ കൊല്ലാന്‍ കൊടുക്കുന്നവനു ദുരിതം.”
[23] അപ്പോള്‍ അപ്പൊസ്തലന്മാര്‍ പരസ്പരം ചോദിച്ചു, “നമ്മളിലാരാണ് യേശുവിനോടതു ചെയ്യുക?”
[24] പിന്നീട്, തങ്ങളിലാരാണ് വലിയവന്‍ എന്നതിനെച്ചൊല്ലി അപ്പൊസ്തലന്മാര്‍ തര്‍ക്കമായി.
[25] എന്നാല്‍ യേശു അവരോടു പറഞ്ഞു, “ലോകത്തിലെ രാജാക്കന്മാര്‍ അവരുടെ പ്രജകളെ ഭരിക്കുന്നു. മനുഷ്യനുമേല്‍ അധികാരമുള്ളവര്‍ ‘ജനങ്ങളെക്കൊണ്ട്’ തങ്ങളെ വലിയ ജനസേവകര്‍ എന്നു വിളിപ്പിക്കുന്നു.
[26] പക്ഷേ നിങ്ങള്‍ അങ്ങനെയാവരുത്. ഏറ്റവും വലിയവന്‍ ഏറ്റവും ചെറിയവനെപ്പോലെയാകണം. നായകന്‍ ദാസനെപ്പോലെയാകണം.
[27] ആരാണു കൂടുതല്‍ പ്രധാനി, മേശയ്ക്കു മുമ്പിലിരിക്കുന്നവനോ, വിളമ്പുന്നവനോ? നിങ്ങള്‍ കരുതും മേശയ്ക്കു മുമ്പിലിരിക്കുന്നവനാണു പ്രമുഖനെന്ന്. എന്നാല്‍, ഞാന്‍ നിങ്ങളുടെ ഇടയില്‍ ദാസനെപ്പോലെയാണ്.
[28] “നിങ്ങള്‍ എന്നോടൊത്തു പല കഷ്ടപ്പാടുകളിലും ഉണ്ടായിരുന്നു.
[29] എന്‍റെ പിതാവ് എനിക്കൊരു രാജ്യം തന്നിട്ടുണ്ട്. എന്നോടൊത്ത് ഭരിക്കാനുള്ള അധികാരം ഞാന്‍ നിങ്ങള്‍ക്കും നല്‍കും.
[30] എന്‍റെ രാജ്യത്ത് നിങ്ങള്‍ എന്നോടൊത്ത് തിന്നുകയും കുടിക്കുകയും ചെയ്യും. സിംഹാസനത്തിലിരുന്ന് നിങ്ങള്‍ യിസ്രായേലിലെ പന്ത്രണ്ടു ഗോത്രക്കാരെയും വിധിക്കും.
[31] “ഒരു കര്‍ഷകന്‍ ഗോതമ്പ് പാറ്റിക്കൊടുക്കുമ്പോലെ നിങ്ങളെ പരീക്ഷിക്കാന്‍ സാത്താന്‍ അനുവാദം വാങ്ങിക്കഴിഞ്ഞു. ശിമോന്‍, ശിമോന്‍, ശിമോന്‍ ,
[32] നിന്‍റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. നീ എന്നിലേക്കു മടങ്ങി വരുമ്പോള്‍ നിന്‍റെ സഹോദരന്മാര്‍ ധീരന്മാരായിരിപ്പാന്‍ അവരെ സഹായിക്കുക.”
[33] പക്ഷേ പത്രൊസ് യേശുവിനോടു പറഞ്ഞു, “കര്‍ത്താവേ, അങ്ങയോടൊപ്പം തടവറയില്‍ വസിക്കാന്‍ ഞാന്‍ തയ്യാറാണ്. അങ്ങയോടൊപ്പം മരിക്കാന്‍ പോലും ഞാനൊരുക്കമാണ്.”
[34] എന്നാല്‍ യേശു പറഞ്ഞു, “പത്രൊസേ, നാളെ രാവിലെ കോഴി കൂകും മുമ്പ് നീ മൂന്നു തവണ എന്നെ തള്ളിപ്പറയും.”
[35] പിന്നീട് യേശു അപ്പൊസ്തലന്മാരോടു പറഞ്ഞു, “ഞാന്‍ നിങ്ങളെ ജനങ്ങളോടു പ്രസംഗിക്കാനയച്ചു. പണമോ സഞ്ചിയോ ചെരുപ്പോ കൂടാതെയാണയച്ചത്. എങ്കിലും നിങ്ങള്‍ക്കെന്തിന്‍റെയെങ്കിലും കുറവുണ്ടായോ?” അപ്പൊസ്തലന്മാര്‍ പറഞ്ഞു, “ഇല്ല.”
[36] യേശു അവരോടു പറഞ്ഞു, “എന്നാല്‍ ഇപ്പോള്‍ പണമോ സഞ്ചിയോ ഉള്ളവന്‍ അതെടുക്കട്ടെ. നിങ്ങള്‍ക്കൊരു വാളില്ലെങ്കില്‍ വസ്ത്രം വിറ്റ് അതൊന്നു വാങ്ങട്ടെ.
[37] തിരുവെഴുത്തു പറയുന്നു: ‘അവനൊരു കുറ്റവാളിയായി എണ്ണപ്പെട്ടു.’ തിരുവെഴുത്ത് നടപ്പാക്കണം. എന്നെപ്പറ്റിയാണ് എഴുതിയിരിക്കുന്നത്. ഇപ്പോഴതു സംഭവിക്കുന്നു.”
[38] ശിഷ്യന്മാര്‍ പറഞ്ഞു, “നോക്കൂ, കര്‍ത്താവേ ഇതാ രണ്ടു വാളുകള്‍.” യേശു അവരോടു പറഞ്ഞു, “രണ്ടെണ്ണം മതിയാകും.”
[39] യേശു യെരൂശലേംനഗരം വിട്ട് ഒലീവുമലയിലേക്കു പോയി. ശിഷ്യന്മാര്‍ അവനെ അനുഗമിച്ചു. അവന്‍ കൂടെക്കൂടെ അവിടെ പോകാറുണ്ടായിരുന്നു. യേശു അവിടെയെത്തിയപ്പോള്‍ ശിഷ്യന്മാരോടു പറഞ്ഞു, “പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കൂ.”
[41] അനന്തരം യേശു അവരില്‍നിന്ന് അമ്പതു വാരയോളം അകന്നു. അവന്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു,
[42] “പിതാവേ, നിനക്കു ഹിതമെങ്കില്‍ കഷ്ടതയുടെ ഈ പാന പാത്രം എന്നില്‍ നിന്നെടുക്കേണമേ. പക്ഷേ എന്‍റെ ഇഷ്ടമല്ല, നിന്‍റെ ഇഷ്ടം നടപ്പാക്കുക.”
[43] അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നൊരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു. യേശുവിന് ശക്തി നല്‍കുവാന്‍ അയയ്ക്കപ്പെട്ടതാണ് ആ ദൂതന്‍.
[44] പ്രാര്‍ത്ഥനാവേളയില്‍ അവന്‍ വേദനകൊണ്ടു പുളഞ്ഞു. അവന്‍റെ മുഖത്തുനിന്നും രക്തത്തുള്ളികള്‍പോലെ വിയര്‍പ്പുകണങ്ങള്‍ വീണു.
[45] പ്രാര്‍ത്ഥിച്ചു കഴിഞ്ഞ് അവന്‍ ശിഷ്യന്മാരുടെ അടുത്തേക്കു ചെന്നു. അവര്‍ ഉറങ്ങുകയായിരുന്നു. (അവരുടെ ദുഃഖം അവരെ ക്ഷീണിതരാക്കി.)
[46] യേശു അവരോടു പറഞ്ഞു, “എന്താണു നിങ്ങള്‍ ഉറങ്ങുന്നത്? എഴുന്നേറ്റ് പ്രലോഭനത്തിനെതിരെയുള്ള ശക്തിയ്ക്കായി പ്രാര്‍ത്ഥിക്കുക.”
[47] യേശു സംസാരിച്ചുകൊണ്ടിരിക്കവേ ഒരു സംഘം ആളുകളെത്തി. അപ്പൊസ്തലന്മാരില്‍ ഒരുവനായിരുന്നു അവരെ നയിച്ചിരുന്നത്. അവന്‍ യൂദയായിരുന്നു. അവന്‍ യേശുവിനെ ചുംബിക്കാന്‍ അടുത്തു.
[48] പക്ഷേ യേശു അവനോടു പറഞ്ഞു, “യൂദയേ, നീ സൌഹൃദത്തിന്‍റെ ചുംബനംകൊണ്ട് മനുഷ്യപുത്രനെ ശത്രുക്കള്‍ക്ക് ഒറ്റിക്കൊടുക്കുകയാണോ?”
[49] യേശുവിന്‍റെ ശിഷ്യന്മാര്‍ സംഭവിക്കാന്‍ പോകുന്നതു കണ്ടുകൊണ്ട് ചുറ്റും നില്‍ക്കുന്നുണ്ടായിരുന്നു. ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു, “കര്‍ത്താവേ, ഞങ്ങളുടെ വാളുകള്‍ ഉപയോഗിക്കട്ടെ?”
[50] ഒരു ശിഷ്യന്‍ വാളുപയോഗിക്കുകയും ചെയ്തു. മഹാപുരോഹിതന്‍റെ ദാസന്‍റെ വലതു ചെവി അയാള്‍ അറുത്തു കളഞ്ഞു.
[51] യേശു പറഞ്ഞു, “നിര്‍ത്ത്!” ഇതിനപ്പുറം വേണ്ട. യേശു ദാസന്‍റെ ചെവിയില്‍ സ്പര്‍ശിച്ച് അവനെ സുഖപ്പെടുത്തി.
[52] യേശുവിനെ ബന്ധിക്കാന്‍ വന്ന സംഘത്തില്‍ മഹാ പുരോഹിതന്മാരും ദേവാലയ കാവല്‍ക്കാരും ജനത്തിന്‍റെ മൂപ്പന്മാരും ഉണ്ടായിരുന്നു. യേശു അവരോടു പറഞ്ഞു, “നിങ്ങളെന്തിനാണ് വാളും വടിയുമായി വന്നിരിക്കുന്നത്? ഞാനൊരു കുറ്റവാളിയെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?
[53] ഞാനെന്നും ദൈവാലയത്തില്‍ നിങ്ങള്‍ക്കിടയിലുണ്ടായിരുന്നല്ലോ. പിന്നെന്താണവിടെവെച്ച് എന്നെ ബന്ധിക്കാന്‍ നിങ്ങള്‍ ശ്രമിക്കാഞ്ഞത്? പക്ഷേ ഇപ്പോള്‍ നിങ്ങളുടെ സമയമായി. അന്ധകാരത്തിന്‍റെ ആധിപത്യം.”
[54] അവര്‍ യേശുവിനെ ബന്ധിച്ച് ദൂരേക്കു കൊണ്ടുപോയി. അവനെ അവര്‍ മഹാപുരോഹിതന്‍റെ വീട്ടിലെത്തിച്ചു. പത്രൊസ് അവരെ പിന്തുടര്‍ന്നിരുന്നു. പക്ഷേ അവന്‍ യേശുവിന്‍റെ അടുത്തേക്കു ചെന്നില്ല.
[55] പട്ടാളക്കാര്‍ മുറ്റത്ത് നടുക്കായി തീ കൂട്ടി കൂട്ടമായി അതു കാഞ്ഞുകൊണ്ടിരുന്നു. പത്രൊസും അവരോടൊപ്പമിരുന്നു.
[56] പത്രൊസ് അവിടെയിരിക്കുന്നത് തീയുടെ വെളിച്ചത്തില്‍ ഒരു ദാസി കണ്ടു. അവള്‍ പത്രൊസിന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. എന്നിട്ടവള്‍ പറഞ്ഞു, “ഇയാള്‍ അവനോടൊപ്പമുള്ളവനാണ്.”
[57] എന്നാല്‍ പത്രൊസ് അതു നിഷേധിച്ചു, “സ്ത്രീയേ, എനിക്കവനെ അറിഞ്ഞുകൂടാ.”
[58] അല്പനേരം കൂടിക്കഴിഞ്ഞ് മറ്റൊരാള്‍ കൂടി പത്രൊസിനെ കണ്ടു. അയാള്‍ പറഞ്ഞു, “നീ അവരില്‍ ഒരുവനാണ്.” എന്നാല്‍ പത്രൊസ് പറഞ്ഞു, “മനുഷ്യാ, ഞാനവരില്‍ ഒരാളല്ല.”
[59] ഒരു മണിക്കൂറിനു ശേഷം വേറെയൊരാള്‍ പറഞ്ഞു, “സത്യത്തില്‍! ഇയാളും അവരില്‍ ഉണ്ടായിരുന്നു. അവന്‍ ഗലീലാക്കാരനാണ്.” അയാള്‍ തറപ്പിച്ചു പറഞ്ഞു.
[60] എന്നാല്‍ പത്രൊസ് പറഞ്ഞു, “മനുഷ്യാ, എന്താണു നിങ്ങള്‍ പറയുന്നതെന്നെനിക്കു മനസ്സിലാവുന്നില്ല.” പെട്ടെന്ന്, പത്രൊസ് ഇതു പറഞ്ഞുകൊണ്ടിരിക്കവേ, കോഴി കൂകി.
[61] കര്‍ത്താവ് തിരിഞ്ഞ് പത്രൊസിന്‍റെ കണ്ണുകളിലേക്ക് നോക്കി. അവന്‍ മുമ്പു പറഞ്ഞത് പത്രൊസ് ഓര്‍മ്മിച്ചു: “ രാവിലെ കോഴി കൂകുന്നതിനു മുമ്പ് നീയെന്നെ മൂന്നുവട്ടം തള്ളിപ്പറയും.”
[62] പത്രൊസ് പുറത്തേക്കു പോയി മനംനൊന്തു കരഞ്ഞു.
[63] ചിലര്‍ യേശുവിന് കാവലിരുന്നു. അവര്‍ യേശുവിനെ ഇങ്ങനെ പരിഹസിച്ചു. അവര്‍ അവന്‍റെ കണ്ണുകള്‍ കെട്ടി. എന്നിട്ട് അവനെ അടിച്ചു. അവര്‍ പറഞ്ഞു, “നിന്നെ തല്ലിയതാരാണെന്നു പ്രവചിക്കൂ!”
[65] അവര്‍ യേശുവിനെ ഒരുപാട് ദുഷിച്ചു പറഞ്ഞു.
[66] അടുത്ത പ്രഭാതത്തില്‍ ജനത്തിന്‍റെ മൂപ്പന്മാരും മഹാ പുരോഹിതന്മാരും ശാസ്ത്രിമാരും ഒരുമിച്ചുവന്നു. അവര്‍ യേശുവിനെ ഉന്നത ന്യായാധിപ സംഘത്തിലേക്കു കൊണ്ടുപോയി.
[67] അവര്‍ പറഞ്ഞു, “നീ ക്രിസ്തുവാണെങ്കില്‍ ഞങ്ങളോടു പറയുക.” യേശു അവരോടു പറഞ്ഞു, “ഞാന്‍ ക്രിസ്തുവാണെന്ന് നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കില്ല.
[68] ഞാന്‍ ചോദിച്ചാല്‍ നിങ്ങള്‍ മറുപടി പറയുകയുമില്ല.
[69] എന്നാല്‍ ഇപ്പോള്‍ മുതല്‍ മനുഷ്യ പുത്രന്‍ ദൈവത്തിന്‍റെ സിംഹാസനത്തിന്‍റെ വലതുവശത്ത് ഇരിക്കും.”
[70] അവരെല്ലാവരും പറഞ്ഞു, “അപ്പോള്‍ നീ ദൈവപുത്രനാണോ?” യേശു അവരോടു പറഞ്ഞു, “അതെ, ഞാനാകുന്നു നിങ്ങള്‍ പറയുന്നത് ശരിയാണ്.”
[71] അവര്‍ പറഞ്ഞു, “ഇനി നമുക്കെന്തിനു മറ്റു സാക്ഷ്യം? അവന്‍ തന്നെ അതു പറയുന്നതു നമ്മള്‍ കേട്ടു.”