Skip to content
Opens in a new window
Listen to this chapter • 7:52

[1] തീബെര്യൊസ് കൈസരുടെ പതിനഞ്ചാം ഭരണവര്‍ഷമായിരുന്നു അത്. യെഹൂദ്യയിലെ ഭരണാധികാരി പൊന്തിയൊസ് പീലാത്തൊസ്, ഗലീലയിലെ ഭരണാധികാരി ഹെരൊദാവ്, ഇതൂര്യാ, ത്രഖോനിത്തി എന്നിവിടങ്ങളിലെ ഭരണാധികാരിയും ഹെരോദാവിന്‍റെ സഹോദരനുമായ ഫീലിപ്പോസ്, അബിലേനയിലെ ഭരണാധികാരിയായ ലൂസാന്യാസ് എന്നിവര്‍ കൈസരിന്‍റെ ഭരണത്തില്‍ കീഴിലായിരുന്നു.

[2] ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരുമായിരുന്നു. ആ സമയം സെഖര്യാവിന്‍റെ പുത്രനായ യോഹന്നാന് ദൈവത്തില്‍ നിന്നൊരു കല്പന കിട്ടി. യോഹന്നാന്‍ മരുഭൂമിയില്‍ വസിക്കുകയായിരുന്നു.

[3] യോര്‍ദ്ദാന്‍ നദീതടമൊട്ടുക്കും സഞ്ചരിച്ച് യോഹന്നാന്‍ ജനങ്ങളോട് പ്രസംഗിച്ചു. മാനസാന്തരപ്പെട്ട് സ്നാനപ്പെട്ട് പാപങ്ങളില്‍നിന്ന് മോചിതരാകുവാന്‍ അവന്‍ ജനങ്ങളോട് പ്രസംഗിച്ചു.

[4] യെശയ്യാ പ്രവാചകന്‍റെ പ്രവചന പുസ്തകത്തിലെഴുതിയിരിക്കുന്നതു പോലെ! “മരുഭൂമിയില്‍ വിളിച്ചു പറയുന്ന ഒരുവനുണ്ട്: ‘കര്‍ത്താവിനു വഴിയൊരുക്കുക. അവന്‍റെ വഴികള്‍ നേരെയാക്കുക.

[5] എല്ലാ താഴ്വരകളും നിറയ്ക്കപ്പെടും. എല്ലാ പര്‍വ്വതങ്ങളും കുന്നുകളും നിരപ്പാക്കപ്പെടും. വളഞ്ഞ പാതകള്‍ നേരെയാക്കപ്പെടും. പരുപരുത്ത പാതകള്‍ മിനുസപ്പെടുത്തും.

[6] എല്ലാ മനുഷ്യരും ദൈവത്തിന്‍റെ രക്ഷ അറിയും.’”

[7] ജനങ്ങള്‍ സ്നാനപ്പെടുവാന്‍ യോഹന്നാന്‍റെ അടുത്തെത്തി. യോഹന്നാന്‍ അവരോടു പറഞ്ഞു, “നിങ്ങള്‍ വിഷപ്പാമ്പുകളെപ്പോലെയാണ്. വരുവാനിരിക്കുന്ന ദൈവ കോപത്തില്‍നിന്ന് ഓടിയകലാന്‍ ആരാണു നിങ്ങള്‍ക്കു മുന്നറിയിപ്പു തന്നത്.

[8] യഥാര്‍ത്ഥത്തില്‍ മാനസാന്തരം വന്നുവെന്നു കാണിക്കുന്ന പ്രവൃത്തികള്‍ ചെയ്യുവിന്‍. ‘അബ്രാഹാമാണു ഞങ്ങളുടെ പിതാവ്’ എന്നു വീമ്പിളക്കരുത്. ഞാന്‍ നിങ്ങളോടു പറയട്ടെ, അബ്രാഹാമിനു ഈ കല്ലുകളില്‍ നിന്ന് സന്തതികളെ സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയും.

[9] മരങ്ങള്‍ മുറിച്ചിടാന്‍ മഴു തയ്യാറായിക്കഴിഞ്ഞു. നല്ല ഫലങ്ങള്‍ സൃഷ്ടിക്കാത്ത എല്ലാ മരങ്ങളും വെട്ടി തീയിലിടും.”

[10] അപ്പോള്‍ ജനങ്ങള്‍ യോഹന്നാനോടു ചോദിച്ചു, “ഞങ്ങളെന്തു ചെയ്യണം?”

[11] യോഹന്നാന്‍ പ്രതിവചിച്ചു, “നിങ്ങള്‍ക്കു രണ്ടുടുപ്പുണ്ടെങ്കില്‍ ഒന്ന് ഇല്ലാത്തവനുമായി പങ്കുവയ്ക്കുക. നിങ്ങളില്‍ ആര്‍ക്കെങ്കിലും അപ്പമുണ്ടെങ്കില്‍ അതും.”

[12] നികുതി പിരിവുകാരുപോലും യോഹന്നാന്‍റെ അടുത്തെത്തി. അവര്‍ക്കും സ്നാനപ്പെടണമായിരുന്നു. അവര്‍ യോഹന്നാനോടു പറഞ്ഞു, “ഗുരോ, ഞങ്ങളെന്തു ചെയ്യണം?”

[13] യോഹന്നാന്‍ അവരോടു പറഞ്ഞു, “നിങ്ങള്‍ കല്പിക്കപ്പെട്ടതില്‍ കൂടുതല്‍ നികുതി ഈടാക്കരുത്.”

[14] പട്ടാളക്കാര്‍ യോഹന്നാനോടു ചോദിച്ചു, “ഞങ്ങളോ? ഞങ്ങളെന്തു ചെയ്യണം?” യോഹന്നാന്‍ അവരോടു പറഞ്ഞു, “ജനങ്ങളോടു പണം പിടിച്ചുവാങ്ങരുത്. ആരെപ്പറ്റിയും കള്ളം പറയരുത്. നിങ്ങളുടെ ശമ്പളം കൊണ്ട് തൃപ്തരാകുവിന്‍.”

[15] എല്ലാ ആളുകളും പ്രതീക്ഷയില്‍ ആയിരുന്നു. അതുകൊണ്ട് യോഹന്നാനെ കണ്ടപ്പോള്‍ അവര്‍ ഉള്ളില്‍ സ്വയം ഊഹിച്ചു, “ഇദ്ദേഹം ആയിരിക്കാം ക്രിസ്തു.”

[16] യോഹന്നാന്‍ എല്ലാവരോടുമായി മറുപടി പറഞ്ഞു, “ഞാന്‍ വെള്ളം കൊണ്ട് നിങ്ങളെ സ്നാനപ്പെടുത്തുന്നു. എന്‍റെ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ കഴിവുള്ളവനാണ്. അവന്‍റെ ചെരുപ്പഴിക്കുവാന്‍പോലും ഞാന്‍ യോഗ്യനല്ല. അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിനാലും തീയാലും സ്നാനപ്പെടുത്തും.

[17] ഗോതമ്പും പതിരും വേര്‍തിരിക്കാന്‍ തയ്യാറായി അവനെത്തും. നല്ല ധാന്യത്തെ അവന്‍ തന്‍റെ കളപ്പുരയില്‍ നിറയ്ക്കുകയും ചീത്ത ധാന്യത്തെ അവന്‍ കത്തിച്ചു കളയുകയും ചെയ്യും. അവസാനിക്കാത്ത അഗ്നിയില്‍ അവന്‍ അതു ഹോമിക്കും.”

[18] യോഹന്നാന്‍ സുവിശേഷപ്രസംഗം തുടര്‍ന്നു. ജനങ്ങളെ സഹായിക്കുന്ന ഒരുപാടുകാര്യങ്ങള്‍ അവന്‍ പറഞ്ഞു.

[19] (യോഹന്നാന്‍ രാജാവായ ഹെരോദാവിനെ വിമര്‍ശിച്ചു. അയാളുടെ സഹോദരപത്നി ഹെരോദ്യയുമായി അയാള്‍ ചെയ്ത ചീത്ത നടപടികളെ യോഹന്നാന്‍ വിമര്‍ശിച്ചു. മറ്റൊരുപാടു ചീത്ത പ്രവൃത്തികളിലും ഹെരോദാവിനെ യോഹന്നാന്‍ കുറ്റപ്പെടുത്തി.

[20] അതിനാല്‍ ഹെരോദാവ് മറ്റൊരു ദുഷ്ചെയ്തി കൂടി ചെയ്തു. യോഹന്നാനെ ജയിലിലടച്ചു. ഹെരോദാവിന്‍റെ മറ്റെല്ലാ ദുഷ്ക്രിയകളോടും ആ പ്രവൃത്തികൂടി കൂട്ടി.)

[21] യോഹന്നാന്‍ ജയിലിലടയ്ക്കപ്പെടും മുമ്പ് എല്ലാവരും സ്നാനപ്പെട്ടു. യേശുവിനെയും സ്നാനപ്പെടുത്തി. യേശു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു.

[22] പരിശുദ്ധാത്മാവ് അവനിലേക്കിറങ്ങിവന്നു. കാഴ്ചയില്‍ അതൊരു പ്രാവിനെപ്പോലെ രൂപം കൊണ്ടിരുന്നു. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്നൊരു ശബ്ദം ഇങ്ങനെ കേട്ടു, “നീ എന്‍റെ പുത്രനാണ്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഞാന്‍ നിന്നില്‍ സംപ്രീതനായിരിക്കുന്നു.”

[23] യേശു തന്‍റെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ അദ്ദേഹത്തിനു മുപ്പതു വയസ്സോളം ആയിരുന്നു പ്രായം. അവന്‍ യോസേഫിന്‍റെ പുത്രനാണെന്നു ജനങ്ങള്‍ കരുതിയിരുന്നു. യോസേഫ്, ഹേലിയുടെ പുത്രന്‍.

[24] ഹേലി, മത്ഥാത്തിന്‍റെ പുത്രന്‍. മത്ഥാത്ത്, ലേവിയുടെ പുത്രന്‍. ലേവി, മെല്‍ക്കിയുടെ പുത്രന്‍. മെല്‍ക്കി, യന്നായിയുടെ പുത്രന്‍. യന്നായി, യോസേഫിന്‍റെ പുത്രന്‍.

[25] യോസേഫ്, മത്തഥ്യൊസിന്‍റെ പുത്രന്‍. മത്തഥ്യൊസ്, ആമോസിന്‍റെ പുത്രന്‍. ആമോസ്, നാഹൂമിന്‍റെ പുത്രന്‍. നാഹൂം, എസ്ലിയുടെ പുത്രന്‍. എസ്ലി, നഗ്ഗായിയുടെ പുത്രന്‍.

[26] നഗ്ഗായി, മയാത്തിന്‍റെ പുത്രന്‍. മയാത്ത്, മത്തഥ്യൊസിന്‍റെ പുത്രന്‍. മത്തഥ്യൊസ്, ശെമയിയുടെ പുത്രന്‍. ശെമയി, യോസേഫിന്‍റെ പുത്രന്‍. യോസേഫ്, യോദായുടെ പുത്രന്‍.

[27] യോദാ, യോഹന്നാന്‍റെ പുത്രന്‍, യോഹന്നാന്‍, രേസയുടെ പുത്രന്‍. രേസ, സൊരൊബാബേലിന്‍റെ പുത്രന്‍. സൊരൊബാബേല്‍, ശലഥീയേലിന്‍റെ പുത്രന്‍. ശലഥീയേല്‍, നേരിയുടെ പുത്രന്‍.

[28] നേരി, മെല്‍ക്കിയുടെ പുത്രന്‍. മെല്‍ക്കി, അദ്ദിയുടെ പുത്രന്‍. അദ്ദി, കോസാമിന്‍റെ പുത്രന്‍. കോസാം, എല്‍മാദാമിന്‍റെ പുത്രന്‍. എല്‍മാദാം, ഏരിന്‍റെ പുത്രന്‍.

[29] ഏര്‍, യോശുവിന്‍റെ പുത്രന്‍. യോശു, എലീയേസരിന്‍റെ പുത്രന്‍. എലീയേസര്‍, യോരീമിന്‍റെ പുത്രന്‍. യോരീം, മത്ഥാത്തിന്‍റെ പുത്രന്‍. മത്ഥാത്ത്, ലേവിയുടെ പുത്രന്‍.

[30] ലേവി, ശിമ്യോന്‍റെ പുത്രന്‍. ശിമ്യോന്‍, യെഹൂദയുടെ പുത്രന്‍. യെഹൂദാ, യോസേഫിന്‍റെ പുത്രന്‍. യോസേഫ്, യോനാമിന്‍റെ പുത്രന്‍. യോനാം, എല്യാക്കീമിന്‍റെ പുത്രന്‍.

[31] എല്യാക്കീം, മെല്യാവിന്‍റെ പുത്രന്‍. മെല്യാവ്, മെന്നയുടെ പുത്രന്‍. മെന്നാ, മത്തഥയുടെ പുത്രന്‍. മത്തഥ, നാഥാന്‍റെ പുത്രന്‍. നാഥാന്‍, ദാവീദിന്‍റെ പുത്രന്‍.

[32] ദാവീദ്, യിശ്ശായിയുടെ പുത്രന്‍. യിശ്ശായി, ഓബേദിന്‍റെ പുത്രന്‍. ഓബേദ്, ബോവസിന്‍റെ പുത്രന്‍. ബോവസ്, സല്‍മോന്‍റെ പുത്രന്‍. സല്‍മോന്‍, നഹശോന്‍റെ പുത്രന്‍.

[33] നഹശോന്‍, അമ്മീനാദാബിന്‍റെ പുത്രന്‍. അമ്മീനാദാബ്, അരാമിന്‍റെ പുത്രന്‍. അരാം, അര്‍നിയുടെ പുത്രന്‍. അര്‍നി, എസ്രോന്‍റെ പുത്രന്‍. എസ്രോന്‍, പാരെസിന്‍റെ പുത്രന്‍. പാരെസ്, യെഹൂദയുടെ പുത്രന്‍.

[34] യെഹൂദാ, യാക്കോബിന്‍റെ പുത്രന്‍. യാക്കോബ്, യിസ്ഹാക്കിന്‍റെ പുത്രന്‍. യിസ്ഹാക്ക്, അബ്രാഹാമിന്‍റെ പുത്രന്‍. അബ്രാഹാം, തേറഹിന്‍റെ പുത്രന്‍. തേറഹ്, നാഹോരിന്‍റെ പുത്രന്‍.

[35] നാഹോര്‍, സെരൂഗിന്‍റെ പുത്രന്‍. സെരൂഗ്, രെഗുവിന്‍റെ പുത്രന്‍. രെഗു, ഫാലെഗിന്‍റെ പുത്രന്‍. ഫാലെഗ്, ഏബെരിന്‍റെ പുത്രന്‍. ഏബെര്‍, ശലാമിന്‍റെ പുത്രന്‍.

[36] ശലാം, കയിനാന്‍റെ പുത്രന്‍. കയിനാന്‍, അര്‍ഫക്സാദിന്‍റെ പുത്രന്‍. അര്‍ഫക്സാദ്, ശേമിന്‍റെ പുത്രന്‍. ശേം, നോഹയുടെ പുത്രന്‍. നോഹ, ലാമേക്കിന്‍റെ പുത്രന്‍.

[37] ലാമേക്ക്, മെഥൂശലയുടെ പുത്രന്‍. മെഥൂശലാ, ഹാനോക്കിന്‍റെ പുത്രന്‍. ഹാനോക്ക്, യാരെദിന്‍റെ പുത്രന്‍. യാരെദ്, മലെല്യേലിന്‍റെ പുത്രന്‍. മലെല്യേന്‍, കയിനാന്‍റെ പുത്രന്‍.

[38] കയിനാന്‍, എനോശിന്‍റെ പുത്രന്‍. എനോശ്, ശേത്തിന്‍റെ പുത്രന്‍. ശേത്ത്, ആദാമിന്‍റെ പുത്രന്‍. ആദാം, ദൈവത്തിന്‍റെ പുത്രന്‍.

ലൂക്കൊസ് — Chapters