Skip to content
Opens in a new window
Listen to this chapter • 5:44

[1] യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “മനുഷ്യരെ പാപികളാക്കാന്‍ പ്രേരിപ്പിക്കുന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ സാദ്ധ്യതയുണ്ട്. അതിനു കാരണക്കാരന്‍ ആകുന്നവനു ദുരിതം.

[2] ഈ ദുര്‍ബലരായ മനുഷ്യരെക്കൊണ്ടു പാപം ചെയ്യിക്കുന്നവര്‍ക്ക് വളരെ ദുരിതം. അങ്ങനെ ചെയ്യുന്നതിലും ഭേദം കഴുത്തില്‍ തിരികല്ലുകെട്ടി കടലില്‍ ചാടുന്നതു തന്നെ.

[3] അതിനാല്‍ സൂക്ഷിക്കുക. “നിങ്ങളുടെ സഹോദരന്‍ പാപം ചെയ്യുന്നുവെങ്കില്‍ അവന്‍റെ തെറ്റുകള്‍ കാണിച്ചു കൊടുക്കുക. ചെയ്ത തെറ്റില്‍ അവനു കുറ്റബോധമുണ്ടെങ്കില്‍ അവനോടു ക്ഷമിക്കുക.

[4] നിങ്ങളുടെ സഹോദരന്‍ ഓരോ ദിവസവും ഏഴു പ്രാവശ്യം നിങ്ങളോടു പാപം ചെയ്യുകയും ഓരോ തവണയും അവന്‍ അനുതപിക്കുകയും ചെയ്താല്‍ അവനോടു ക്ഷമിക്കുക.”

[5] അപ്പൊസ്തലന്മാര്‍ കര്‍ത്താവിനോടു പറഞ്ഞു, “ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ.”

[6] കര്‍ത്താവ് പറഞ്ഞു, “നിങ്ങളുടെ വിശ്വാസം കടുകുമണിയോളം ഉണ്ടെങ്കില്‍ മള്‍ബറിച്ചെടിയോട് നിങ്ങള്‍ക്ക് കല്പിക്കാം, ‘വേരോടെ പറിഞ്ഞു കടലില്‍ സ്വയം വേരുറപ്പിക്കുക.’ ചെടി നിങ്ങളെ അനുസരിക്കും.

[7] “വയലില്‍ പണിയെടുക്കുന്ന ഒരു ദാസന്‍ നിങ്ങളില്‍ ഒരാള്‍ക്കുണ്ടെന്നിരിക്കട്ടെ. വയല്‍ ഉഴുകയും ആടിനെ മേയ്ക്കുകയും ചെയ്ത് അവന്‍ മടങ്ങിവരുമ്പോള്‍ നിങ്ങള്‍ എന്താണ് അവനോടു പറയുക, ‘വന്നാട്ടെ, ഇരുന്നു ഭക്ഷണം കഴിക്കൂ’ എന്നാണോ?

[8] അല്ല, ‘എനിക്കു കഴിക്കാനെന്തെങ്കിലും ഉണ്ടാക്കുക. എന്നിട്ട് എനിക്കു വിളമ്പിത്തരുക. ഞാന്‍ തിന്നും കുടിച്ചും കഴിയുമ്പോള്‍ നിനക്ക് ഭക്ഷിക്കാം.’ ഇതായിരിക്കും നിങ്ങള്‍ അവനോട് പറയുക.

[9] അവന്‍ ചെയ്യുന്ന ജോലിക്ക് അവനോടാരും പ്രത്യേകം നന്ദിയൊന്നും പറയുകയില്ല. യജമാനന്‍ കല്പിക്കുന്നത് അവന്‍ ചെയ്യും.

[10] നിങ്ങളും അങ്ങനെ തന്നെ. ചെയ്യാന്‍ കല്പിച്ച ജോലികള്‍ എല്ലാം ചെയ്തു കഴിയുമ്പോള്‍ ഇങ്ങനെ പറയുന്നു, ‘ഞങ്ങള്‍ പ്രത്യേക നന്ദിയ്ക്കൊന്നും അര്‍ഹരല്ല. ചെയ്യേണ്ട ജോലി ചെയ്തെന്നേ ഉള്ളൂ.’”

[11] യേശു യേരൂശലേമിലേക്കു പോകുകയായിരുന്നു. അവന്‍ ഗലീലയില്‍നിന്നും ശമര്യയിലേക്കു പോയി.

[12] അവന്‍ ഒരു ചെറു ഗ്രാമത്തിലേക്കു വന്നു. അവിടെവെച്ച് കുഷ്ഠരോഗികളായ പത്തു പുരുഷന്മാര്‍ അവനെ വന്നു കണ്ടു. എന്നാല്‍ അവര്‍ അവന്‍റെയടുത്തേക്കു വന്നില്ല.

[13] അല്പം മാറിനിന്ന് അവര്‍ അവനോടു വിളിച്ചു പറഞ്ഞു, “യേശുവേ, ഗുരോ, ഞങ്ങളില്‍ കനിയണമേ.”

[14] അവരെ കണ്ട യേശു പറഞ്ഞു, “പോയി പുരോഹിതന്മാര്‍ക്കു നിങ്ങളെ കാണിച്ചുകൊടുക്കൂ.” അവര്‍ പുരോഹിതന്മാരുടെ അടുത്തേക്കു പോകവേ അവരുടെ രോഗം ഭേദമായി.

[15] തന്‍റെ രോഗം ഭേദമായെന്നു കണ്ടപ്പോള്‍ അവരില്‍ ഒരുവന്‍ യേശുവിന്‍റെയടുത്തേക്കു മടങ്ങിച്ചെന്നു. അയാള്‍ ഉച്ചത്തില്‍ ദൈവത്തിനു നന്ദി പറഞ്ഞു.

[16] അയാള്‍ യേശുവിന്‍റെ കാല്‍ക്കല്‍ മുട്ടുകുത്തി അവനു നന്ദി പറഞ്ഞു. (ആ മനുഷ്യന്‍ ഒരു ശമര്യാക്കാരനായിരുന്നു, യെഹൂദനല്ലായിരുന്നു.)

[17] യേശു ചോദിച്ചു, “പത്തുപേര്‍ സുഖപ്പെട്ടുവല്ലോ. എവിടെ മറ്റ് ഒന്‍പതു പേര്‍.

[18] ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ ഈ വിദേശി ഒരാള്‍ മാത്രമേ മടങ്ങി വന്നുള്ളോ?”

[19] അപ്പോള്‍ യേശു അവനോടു പറഞ്ഞു, “എഴുന്നേറ്റു പോകൂ, നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.”

[20] പരീശന്മാരില്‍ ചിലര്‍ യേശുവിനോടു ചോദിച്ചു, “ദൈവരാജ്യം എപ്പോള്‍ വരും?” യേശു മറുപടി പറഞ്ഞു, “ദൈവരാജ്യം വരുന്നത് നിങ്ങളുടെ കണ്ണിനു കാണാനാവുന്ന വഴിയിലൂടെയായിരിക്കില്ല.

[21] ‘നോക്കൂ, ദൈവ രാജ്യം ഇതാ ഇവിടെ’ എന്നാര്‍ക്കും പറയാനാവില്ല. അല്ലെങ്കില്‍ ‘അതാ അവിടെ’ എന്നും ആര്‍ക്കും പറയാനാവില്ല. ദൈവരാജ്യം നിങ്ങളുടെ ഇടയിലാണ്.”

[22] അനന്തരം യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “മനുഷ്യ പുത്രന്‍റെ ദിവസങ്ങളിലൊന്ന് കാണാന്‍ നിങ്ങള്‍ വളരെ കൊതിക്കുന്ന സമയം വരും. എന്നാല്‍ നിങ്ങളതു കാണുകയില്ല.

[23] ആളുകള്‍ നിങ്ങളോടു പറയും ‘അതാ അവിടെ’ അല്ലെങ്കില്‍ ‘ഇതാ ഇവിടെ’ നിങ്ങള്‍ നില്‍ക്കുന്നിടത്തു തന്നെ നില്‍ക്കുക. ദൂരെയെങ്ങും അന്വേഷിച്ചു പോകേണ്ടതില്ല.

[24] “മനുഷ്യ പുത്രന്‍ എന്നു വീണ്ടും വരുമെന്ന് നിങ്ങളറിയും. മേഘങ്ങള്‍ക്കു വിലങ്ങനെ മിന്നല്‍ക്കൊടിയെന്നപോലെ തിളങ്ങിക്കൊണ്ടാവും അവന്‍ വരിക.

[25] എന്നാല്‍ അവന് ആദ്യം ഏറെ കഷ്ടം സഹിക്കേണ്ടിവരും. ഈ തലമുറയില്‍പ്പെട്ട ആളുകള്‍ അവനെ നിരസിക്കുകയും ചെയ്യും.

[26] “മനുഷ്യ പുത്രന്‍ വരുമ്പോള്‍ നോഹയുടെ നാളില്‍ സംഭവിച്ചതുതന്നെ സംഭവിക്കും.

[27] നോഹയുടെ കാലത്ത്, നോഹ പെട്ടകത്തില്‍ കയറിയ ആ ദിവസം പോലും ആളുകള്‍ തിന്നുകയും കുടിക്കുകയും വിവാഹം കഴിക്കുകയും ചെയ്തുകൊണ്ടിരുന്നു. അപ്പോള്‍ പ്രളയമുണ്ടായി അവരെല്ലാം മരിച്ചു.

[28] “ദൈവം സൊദോംനഗരം നശിപ്പിച്ച ലോത്തിന്‍റെ കാലത്തും ഇതൊക്കെയാണുണ്ടായത്. അവര്‍ തിന്നുകയും കുടിയ്ക്കുകയും വാങ്ങുകയും വില്‍ക്കുകയും നടുകയും വീടു പണിയുകയുമൊക്കെയായിരുന്നു.

[29] ലോത്ത് പട്ടണം വിട്ടുപോകുമ്പോഴും അവര്‍ ഇതൊക്കെ ചെയ്തുകൊണ്ടിരുന്നു. അപ്പോള്‍ ആകാശത്തുനിന്നും തീയും ഗന്ധവും പെയ്ത് അവരെല്ലാം മരിച്ചു.

[30] മനുഷ്യ പുത്രന്‍ വീണ്ടും വരുമ്പോഴും ഇതുതന്നെയാവും സംഭവിക്കുക.

[31] “ആ ദിവസം പുരപ്പുറത്തിരിക്കുന്നവന്‍ അകത്തു ചെന്ന് തന്‍റെ സാധനങ്ങളെടുക്കാന്‍ പാടില്ല. വയലില്‍ നില്‍ക്കുന്നവന്‍ മടങ്ങിപ്പോകാനും പാടില്ല.

[32] ലോത്തിന്‍റെ ഭാര്യയ്ക്കെന്താണു സംഭവിച്ചതെന്ന് ഓര്‍മ്മിക്കുക.

[33] “തന്‍റെ ജീവന്‍ സൂക്ഷിക്കാന്‍ ശ്രമിക്കുന്നവന് അതു നഷ്ടപ്പെടും. പക്ഷേ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തുന്നവന് തിരികെ ലഭിക്കും.

[34] ഞാന്‍ വീണ്ടും വരുമ്പോള്‍ ഒരു മുറിയിലുറങ്ങുന്ന രണ്ടുപേരുണ്ടാകും. ഒരാളെ എടുത്തുകൊണ്ടുപോകും മറ്റെയാളെ ഉപേക്ഷിക്കും.

[35] രണ്ടു സ്ത്രീകള്‍ ഒരുമിച്ചു ജോലി ചെയ്യുന്നുണ്ടാവും. ഒരുവളെ ഉപേക്ഷിച്ച് മറ്റെവളെ എടുത്തുകൊണ്ടുപോകും.”

[36]

[37] ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു, “കര്‍ത്താവേ, എവിടെയായിരിക്കും എടുത്തുകൊണ്ടുപോവുക?” യേശു മറുപടി പറഞ്ഞു, “കഴുകന്മാര്‍ തിരയുന്നിടത്ത് ശവമുണ്ടാകും.”

ലൂക്കൊസ് — Chapters