Skip to content
Opens in a new window
Listen to this chapter • 6:37

[1] ആ സമയം അവനോടൊപ്പം ചിലരുണ്ടായിരുന്നു. ചില ഗലീലക്കാര്‍ക്ക് എന്തു സംഭവിച്ചുവെന്ന് അവര്‍ അവനോടു പറഞ്ഞു. അവര്‍ ആരാധിക്കവേ പീലാത്തോസ് അവരെ വധിച്ചു. അവരുടെ രക്തം യാഗത്തില്‍ മൃഗങ്ങളുടെ രക്തത്തോട് പീലാത്തോസ് കലര്‍ത്തി.

[2] യേശു പറഞ്ഞു, “അവര്‍ മറ്റെല്ലാ ഗലീലക്കാരെക്കാള്‍ പാപികളായതിനാലാണ് അവര്‍ക്കിതു സംഭവിച്ചതെന്നു നിങ്ങള്‍ കരുതുന്നുണ്ടോ?

[3] അല്ല, അവരങ്ങനെയായിരുന്നില്ല. പക്ഷേ നിങ്ങളെല്ലാവരും മാനസാന്തരപ്പെട്ടില്ലെങ്കില്‍ അവരെപ്പോലെ നിങ്ങളും നശിപ്പിക്കപ്പെടും.

[4] ശീലോഹാമിലെ ഗോപുരമിടിഞ്ഞു വീണു മരിച്ചവരോ, അവര്‍ യെരൂശലേമിലെ മറ്റാള്‍ക്കാരെക്കാള്‍ പാപികളാണെന്നു നിങ്ങള്‍ കരുതുന്നുവോ?

[5] ആയിരുന്നില്ല. പക്ഷേ ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ടില്ലെങ്കില്‍ നിങ്ങളെല്ലാം അതുപോലെ നശിപ്പിക്കപ്പെടും.”

[6] യേശു ഈ കഥ പറഞ്ഞു, “ഒരാള്‍ക്ക് ഒരു അത്തിമരമുണ്ടായിരുന്നു. അത് അയാളുടെ മുന്തിരിത്തോട്ടത്തിലാണ് നട്ടിരുന്നത്. അയാള്‍ ആ മരത്തില്‍ കായ് വല്ലതുമുണ്ടോ എന്നു വന്നു നോക്കിയെങ്കിലും ഒന്നും കണ്ടില്ല.

[7] തോട്ടം സൂക്ഷിപ്പുകാരനായ ഒരു ദാസന്‍ അയാള്‍ക്കുണ്ടായിരുന്നു. അയാള്‍ ദാസനോടു പറഞ്ഞു, ‘മൂന്നു വര്‍ഷമായി ഞാന്‍ ഈ അത്തിമരത്തില്‍ പഴം ഉണ്ടോ എന്നു നോക്കുന്നു. പക്ഷേ ഒരിക്കലും ഒന്നും കണ്ടില്ല. ഇതു വെട്ടിക്കളയൂ! എന്തിനാണിത്രയും ഭൂമി മെനക്കെടുത്തുന്നത്?’

[8] പക്ഷേ ദാസന്‍ പറഞ്ഞു, ‘യജമാനനേ, ഈ മരത്തിന് കായ്ക്കാന്‍ ഒരുവര്‍ഷം കൂടി അനുവദിക്കൂ. ഞാനിതിന്‍റെ ചുവടു കിളച്ച് വളം ഇടാം.

[9] അടുത്ത വര്‍ഷം ഇതു കായ്ച്ചേക്കാം. എന്നിട്ടും കായ്ക്കുന്നില്ലെങ്കില്‍ അങ്ങയ്ക്കു വെട്ടിക്കളയാം.’”

[10] യേശു ശബ്ബത്തു ദിവസം യെഹൂദപ്പള്ളിയില്‍ പഠിപ്പിക്കുകയായിരുന്നു.

[11] അവിടെ അശുദ്ധാത്മാവ് ബാധിച്ച ഒരു സ്ത്രീയുണ്ടായിരുന്നു. ആത്മാവ് അവളെ പതിനെട്ടു വര്‍ഷമായി കൂനിയാക്കിയിരുന്നു. അവള്‍ക്കു നിവര്‍ന്നു നില്‍ക്കുവാനാകുമായിരുന്നില്ല.

[12] അവളെക്കണ്ട യേശു അവളെ അടുത്തുവിളിച്ചു പറഞ്ഞു, “സ്ത്രീയേ, നീ രോഗവിമുക്തയായിരിക്കുന്നു.”

[13] യേശു അവളുടെ പുറത്ത് അവന്‍റെ കൈകള്‍ വെച്ചു. അപ്പോള്‍ അവള്‍ക്കു നിവര്‍ന്നു നില്‍ക്കാനായി അവള്‍ ദൈവത്തെ വാഴ്ത്തി.

[14] ശബ്ബത്തു ദിവസം യേശു രോഗശാന്തി വരുത്തിയതില്‍ യെഹൂദപ്പള്ളിയിലെ നേതാവ് രോഷാകുലനായി. അയാള്‍ ജനങ്ങളോടു പറഞ്ഞു, “ജോലി ചെയ്യാന്‍ ആറു ദിവസങ്ങളുണ്ട്. അതിനാല്‍ ആ ദിവസങ്ങളില്‍ വന്ന് രോഗശാന്തി നേടാം. പക്ഷേ ശബ്ബത്തു ദിവസം രോഗശാന്തിക്കായി വരാതിരിക്കുക.”

[15] കര്‍ത്താവ് (യേശു) മറുപടി പറഞ്ഞു, “കപടഭക്തിക്കാരേ, നിങ്ങള്‍ ശബ്ബത്തു ദിവസം പോലും നിങ്ങളുടെ പണിമൃഗങ്ങളെ വെള്ളം കുടിപ്പിക്കാന്‍ കൊണ്ടുപോകാറില്ലേ.

[16] ഞാനിപ്പോള്‍ രോഗശാന്തി വരുത്തിയ ഈ സ്ത്രീ ഒരു യെഹൂദസഹോദരിയാണ്. പക്ഷേ പതിനെട്ടു വര്‍ഷമായി സാത്താന്‍ അവളെ ബന്ധിച്ചിരിക്കുന്നു. തീര്‍ച്ചയായും ശബ്ബത്തു ദിവസം അവളെ അവളുടെ ബന്ധനത്തില്‍ നിന്ന് മോചിപ്പിച്ചതില്‍ തെറ്റില്ല.”

[17] യേശു ഇതു പറഞ്ഞപ്പോള്‍ അവന്‍റെ എതിരാളികള്‍ എല്ലാം സ്വയം ലജ്ജിച്ചു. യേശു ചെയ്തുകൊണ്ടിരുന്ന അത്ഭുത കര്‍മ്മങ്ങളില്‍ എല്ലാവരും സന്തുഷ്ടരായി.

[18] യേശു പറഞ്ഞു, “ദൈവ രാജ്യം എന്തു പോലെയാണ്? എന്തിനോടാണ് ഞാനതിനെ ഉപമിക്കേണ്ടത്.

[19] ദൈവ രാജ്യം കടുകുചെടിയുടെ വിത്തുപോലെയാണ്. ഒരാള്‍ ഈ വിത്ത് അയാളുടെ തോട്ടത്തില്‍ വിതയ്ക്കുന്നു. വിത്ത് മുളച്ച് വലിയ ചെടിയാകുന്നു. പക്ഷികള്‍ അതിന്‍റെ ശാഖകളില്‍ കൂടുകൂട്ടുന്നു.”

[20] യേശു വീണ്ടും പറഞ്ഞു, “ദൈവ രാജ്യത്തെ ഞാനെന്തിനോടുപമിക്കണം.

[21] അത് പുളിമാവുപോലെയാണ്. ഒരു സ്ത്രീ പാത്രത്തില്‍ മൂന്ന് അളവു റൊട്ടിമാവിനോടു പുളിമാവ് ചേര്‍ത്ത് കുഴയ്ക്കുന്നു. മാവു പുളിച്ചു പൊന്തുന്നു.”

[22] യേശു എല്ലാ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിക്കുകയായിരുന്നു. അവന്‍ യെരൂശലേമിലേക്കുള്ള യാത്ര തുടര്‍ന്നു.

[23] ചിലര്‍ യേശുവിനോടു ചോദിച്ചു, “കര്‍ത്താവേ, എത്ര പേര്‍ രക്ഷിക്കപ്പെടും? കുറച്ചുപേര്‍ മാത്രമേ രക്ഷിക്കപ്പെടുകയുള്ളോ?” യേശു പറഞ്ഞു,

[24] “സ്വര്‍ഗ്ഗത്തിലേക്കുള്ള ഇടുങ്ങിയ വാതിലിലൂടെ കടക്കുവാന്‍ കഠിനമായി പരിശ്രമിക്കൂ. അതു കടക്കാന്‍ പലരും ശ്രമിക്കും. എങ്കിലും ചിലര്‍ക്കേ അതിനു കഴിയൂ.

[25] വീട്ടുടമ തന്‍റെ വാതില്‍ അടച്ചു കഴിഞ്ഞാല്‍, പുറത്തുനിന്ന് നിങ്ങള്‍ക്കു മുട്ടുവാന്‍ കഴിയും. എന്നാല്‍ അവന്‍ തുറക്കുകയില്ല. നിങ്ങള്‍ക്കു പറയാം, ‘യജമാനനേ, ദയവായി ഞങ്ങള്‍ക്കുവേണ്ടി വാതില്‍ തുറന്നാലും.’ പക്ഷേ അയാള്‍ മറുപടി പറയും, ‘എനിക്കു നിങ്ങളെ അറിയില്ല. നിങ്ങള്‍ എവിടെനിന്നാണ് വരുന്നത്?’

[26] അപ്പോള്‍ നിങ്ങള്‍ പറയും, ‘ഞങ്ങള്‍ നിന്നോടൊപ്പം തിന്നുകയും കുടിക്കുകയും ചെയ്തിട്ടുണ്ട്. നീ ഞങ്ങളുടെ പട്ടണങ്ങളിലെ വഴികളില്‍ പഠിപ്പിച്ചിട്ടുണ്ട്.’

[27] അപ്പോള്‍ അവന്‍ പറയും, ‘എനിക്കു നിങ്ങളെ അറിയില്ല. നിങ്ങള്‍ എവിടെ നിന്നു വന്നു? എന്നില്‍ നിന്നു വളരെ അകലെ കടന്നുപോക. നിങ്ങളുടെ പ്രവര്‍ത്തികള്‍ ദുഷ്ടതയുള്ളതാണ്.’

[28] “ദൈവ രാജ്യത്ത് നിങ്ങള്‍ അബ്രഹാമിനെയും യിസ്ഹാക്കിനെയും യാക്കോബിനെയും മറ്റെല്ലാ പ്രവാചകരെയും കാണും. പക്ഷേ നിങ്ങളെ പുറത്തു തന്നെ നിര്‍ത്തും. അപ്പോള്‍ നിങ്ങള്‍ ഭയവും ക്രോധവും കൊണ്ട് നിലവിളിക്കും.

[29] കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നീ ഭാഗങ്ങളില്‍നിന്നും ആളുകള്‍ വരും. അവര്‍ സ്വര്‍ഗ്ഗ രാജ്യത്തിലെ മേശയ്ക്കു ചുറ്റും ഇരിക്കും.

[30] ജീവിതത്തില്‍ ഏറ്റവും താഴ്ന്ന നിലയിലുള്ളവര്‍ക്ക് ദൈവരാജ്യത്ത് ഉന്നതസ്ഥാനം ലഭിക്കും. ഭൂമിയിലെ ഉന്നതര്‍ക്ക് ദൈവരാജ്യത്ത് താഴ്ന്ന സ്ഥാനവും.”

[31] ആ സമയം ഏതാനും പരീശന്മാര്‍ യേശുവിനെ സമീപിച്ചു പറഞ്ഞു, “ദൂരെ എവിടെയെങ്കിലും പോയി ഒളിക്കൂ. ഹെരോദാവിന് നിന്നെക്കൊല്ലണമെന്നുണ്ട്.”

[32] യേശു അവരോടു പറഞ്ഞു, “പോയി ആ കുറുക്കനോടു പറയൂ, ‘ഇന്നും നാളെയും ഞാന്‍ ഭൂതങ്ങളെ ഒഴിപ്പിച്ചും, ആളുകളെ സുഖപ്പെടുത്തിയും ജോലി തീര്‍ത്തുകൊണ്ടിരിക്കും. അടുത്ത ദിവസം എന്‍റെ ജോലി അവസാനിക്കും.’

[33] അതിനുശേഷം ഞാന്‍ പോകും. എന്തെന്നാല്‍ പ്രവാചകന്‍ മരിക്കുക യെരൂശലേമിലായിരിക്കും.

[34] “ഓ, യെരൂശലേം, യെരൂശലേം, നീ പ്രവാചകരെ വധിക്കുന്നു. ദൈവം നിന്‍റെ അടുത്തേക്കയച്ചവരെ നീ കല്ലെറിഞ്ഞു കൊല്ലുന്നു. നിന്‍റെ ജനങ്ങളെ ഞാന്‍ സഹായിക്കാന്‍ ആഗ്രഹിച്ചു. തള്ളക്കോഴി തന്‍റെ ചിറകിനടിയില്‍ കുഞ്ഞുങ്ങളെ കൂട്ടുന്നതുപോലെ ഞാന്‍ നിന്‍റെ ജനങ്ങളെ ഒന്നിച്ചു കൂട്ടാന്‍ ആഗ്രഹിച്ചു. പക്ഷേ നീയെന്നെ അതിനനുവദിച്ചില്ല.

[35] ഇപ്പോള്‍ നിന്‍റെ വീട് ശൂന്യമാക്കപ്പെടും. ഞാന്‍ നിന്നോടു പറയുന്നു, ‘സ്വാഗതം: കര്‍ത്താവിന്‍റെ നാമത്തില്‍ വരുന്നവനെ ദൈവം അനുഗ്രഹിക്കട്ടെ’ എന്നു നീ പറയുംവരെ നീ എന്നെ വീണ്ടും കാണില്ല.”

ലൂക്കൊസ് — Chapters