Skip to content
Opens in a new window
Listen to this chapter • 6:01

[1] യേശു അവന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “ഒരിക്കലൊരിടത്ത് ഒരു ധനികനുണ്ടായിരുന്നു. അയാളുടെ വ്യാപാരങ്ങള്‍ നോക്കിനടത്താന്‍ ഒരു കാര്യസ്ഥനെ നിയമിച്ചിരുന്നു. ഈ കാര്യസ്ഥന്‍ തന്നെ വഞ്ചിക്കുന്നുണ്ടെന്ന് ധനികന് പിന്നീട് അറിവു കിട്ടി.

[2] അതിനാലയാള്‍ കാര്യസ്ഥനെ വിളിച്ച് ഇങ്ങനെ പറഞ്ഞു, ‘നിന്നെക്കുറിച്ച് ഒരുപാട് കുറ്റങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു. എന്‍റെ സ്വത്ത് നീ എന്തു ചെയ്തുവെന്ന് വിവരം തരിക. ഇനി നീ എന്‍റെ കാര്യസ്ഥനായി തുടരുന്നത് ശരിയല്ല’

[3] “പിന്നീട് കാര്യസ്ഥന്‍ സ്വയം ചിന്തിച്ചു, ‘ഞാനെന്തു ചെയ്യും? യജമാനനെന്നെ ജോലിയില്‍നിന്നും പിരിച്ചുവിടുന്നു. കിളയ്ക്കാന്‍ വേണ്ട ശക്തിയെനിക്കില്ല. ഇരക്കാന്‍ അഭിമാനം അനുവദിക്കുന്നുമില്ല.

[4] എന്തു ചെയ്യണമെന്നെനിക്കറിയാം. ജോലി പോയാലും മറ്റുള്ളവര്‍ എന്നെ സ്വീകരിക്കും വിധം ചിലതു ഞാന്‍ ചെയ്യും.’

[5] “യജമാനനോട് കടം വാങ്ങിയ പണം മടക്കിക്കൊടുക്കാനുണ്ടായിരുന്ന എല്ലാവരെയും അയാള്‍ വിളിച്ചുകൂട്ടി. ഒന്നാമനോട് അയാള്‍ ചോദിച്ചു, ‘നീ എന്‍റെ യജമാനന് എന്തു കൊടുക്കാനുണ്ട്?’

[6] അയാള്‍ പറഞ്ഞു, ‘എണ്ണായിരം പൌണ്ടിന്‍റെ ഒലീവെണ്ണ.’ കാര്യസ്ഥന്‍ അയാളോടു പറഞ്ഞു, ‘ഇതാ നിന്‍റെ കടപ്പത്രം. വേഗം ഇരുന്ന് ഇത് നാലായിരമായി കുറച്ചെഴുതുക.’

[7] “പിന്നീടയാള്‍ മറ്റൊരാളോടു ചോദിച്ചു, ‘നീ യജമാനനു എന്തുകൊടുക്കാനുണ്ട്?’ അയാള്‍ പറഞ്ഞു, ‘അറുപതിനായിരം പൌണ്ടിന്‍റെ ഗോതമ്പ്.’ കാര്യസ്ഥന്‍ അയാളോടു പറഞ്ഞു, ‘ഇതാ നിന്‍റെ കടപ്പത്രം കുറച്ച് അമ്പതിനായിരം പൌണ്ടിന്‍റെ ആക്കുക.’

[8] “പിന്നീട് യജമാനന്‍ നെറികെട്ട അയാളുടെ മിടുക്കിനെ അഭിനന്ദിച്ചു. അതെ, ഈ ലോകത്തിലെ ആള്‍ക്കാര്‍ തങ്ങളുടെ സമകാലികരുമായി നടത്തുന്ന ഇടപാടുകളില്‍ ആത്മീയമനുഷ്യരെക്കാള്‍ മിടുക്കരാണ്.

[9] “ഞാന്‍ നിങ്ങളോടു പറയുന്നു, ഈ ലോകത്തു നിങ്ങള്‍ക്കുള്ളതുകൊണ്ട് സ്നേഹിതരെ ഉണ്ടാക്കുക. അവരെല്ലാം പോയിക്കഴിയുമ്പോള്‍ നിങ്ങള്‍ നിത്യമായ വസതിയിലേക്കു സ്വാഗതം ചെയ്യപ്പെടും.

[10] ഏറ്റവും ചെറിയ കാര്യത്തില്‍ പോലും വിശ്വസിക്കപ്പെടുന്നവന്‍ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും. ചെറിയ കാര്യത്തില്‍ കളങ്കം വരുത്തുന്നവന്‍ വലിയ ഇടപാടുകളിലും കളങ്കം ഏല്പിക്കും.

[11] ലൌകീക സമ്പന്നതയില്‍ നിങ്ങള്‍ വിശ്വസ്തനല്ലെങ്കില്‍ സ്വര്‍ഗ്ഗീയ സമ്പന്നതയിലും നിങ്ങള്‍ വിശ്വസ്തരാകില്ല.

[12] മറ്റുള്ളവരുടെ കാര്യങ്ങളില്‍ നിങ്ങള്‍ വിശ്വസ്തരല്ലെന്നു തെളിയിക്കപ്പെട്ടാല്‍ നിങ്ങള്‍ക്കു ഒന്നും സ്വന്തമായിട്ടും ഏല്പിക്കപ്പെടുകയില്ല.

[13] “ഒരു ദാസനും ഒരേ സമയം രണ്ട് യജമാനന്മാരെ സേവിക്കുക സാദ്ധ്യമല്ല. ദാസന്‍ ഒരു യജമാനനെ വെറുത്ത് മറ്റെവനെ സ്നേഹിക്കും. അല്ലെങ്കില്‍ ഒരാളോടു വിശ്വാസം പ്രകടിപ്പിക്കുകയും മറ്റെവനെ അത്ര കാര്യമാക്കാതിരിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരേസമയം നിങ്ങള്‍ക്കു സേവിക്കാനാവില്ല.”

[14] പരീശന്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പണത്തെ സ്നേഹിച്ച അവര്‍ യേശുവിനെ വിമര്‍ശിച്ചു.

[15] യേശു പരീശന്മാരോടു പറഞ്ഞു, “നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ നല്ലവര്‍ ചമയുന്നവരാണ്. പക്ഷേ ദൈവം നിങ്ങളുടെ ഹൃദയമറിയുന്നു. മനുഷ്യര്‍ പ്രധാനമെന്നു കരുതുന്നവ ദൈവത്തിനു നിസ്സാരങ്ങളാണ്.

[16] “ജനങ്ങള്‍ മോശെയുടെ ന്യായപ്രമാണങ്ങളും പ്രവാചകരുടെ ലിഖിതങ്ങളും അനുസരിച്ച് ജീവിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. എന്നാല്‍ സ്നാപകയോഹന്നാന്‍റെ കാലത്തിനു ശേഷം ദൈവ രാജ്യത്തിന്‍റെ സുവിശേഷം പ്രചരിപ്പിക്കപ്പെടുന്നു. ദൈവ രാജ്യത്തിലേക്ക് കയറിപ്പറ്റാന്‍ അനേകംപേര്‍ ശ്രമിക്കുന്നു.

[17] ന്യായ പ്രമാണത്തിന്‍റെ വള്ളി പുള്ളികള്‍ പോലും വിട്ടുകളയാനാവില്ല. ആകാശവും ഭൂമിയും കടന്നുപോകുന്നത് അതിലും എളുപ്പമാണ്.

[18] “ഒരാള്‍ തന്‍റെ ഭാര്യയുമായി വിവാഹമോചനം നടത്തി മറ്റൊരുവളെ വിവാഹം ചെയ്താല്‍ അയാള്‍ വ്യഭിചരിക്കുന്നു. അതുപോലെ വിവാഹമോചിതരായ സ്ത്രീയെ വിവാഹം ചെയ്യുന്നവനും വ്യഭിചാരിയാണ്.”

[19] യേശു പറഞ്ഞു, “എപ്പോഴും ഏറ്റവും മേത്തരമായ വസ്ത്രങ്ങള്‍ ധരിച്ചു നടക്കുന്ന ഒരു ധനികനുണ്ടായിരുന്നു. എന്നും വിഭവ സമൃദ്ധമായ ആഹാരം കഴിച്ച് ആഘോഷത്തോടെ ജീവിക്കത്തക്ക ധനികനാണയാള്‍.

[20] അവിടെ ലാസറെന്നൊരു ദരിദ്രനും വസിച്ചിരുന്നു. ലാസറിന്‍റെ ശരീരമാകെ വ്രണങ്ങള്‍ നിറഞ്ഞിരുന്നു. അവനെന്നും ധനികന്‍റെ പടിവാതില്‍ക്കല്‍ കിടക്കും.

[21] ധനികന്‍റെ ഊണുമേശയില്‍ നിന്ന് താഴെ വീഴുന്ന ഉച്ഛിഷ്ടമാണ് അവന്‍റെ ഭക്ഷണം. പലപ്പോഴും നായ്ക്കള്‍ അവന്‍റെ വ്രണങ്ങള്‍ നക്കിയിരുന്നു.

[22] “പിന്നീട് ലാസര്‍ മരിച്ചു. ദൂതന്മാര്‍ ലാസറിനെ എടുത്ത് അബ്രാഹാമിന്‍റെ കൈകളിലെത്തിച്ചു. ധനികനും മരിച്ച് സംസ്കരിക്കപ്പെട്ടു.

[23] അയാള്‍ പാതാളത്തില്‍ പീഢനങ്ങള്‍ക്ക് വിധേയനായി. ധനികന്‍ കണ്ണു തുറന്നു വളരെയകലെ ലാസര്‍ അബ്രഹാമിന്‍റെ കൈകളിലിരിക്കുന്നത് കണ്ടു.

[24] അയാള്‍ വിളിച്ചു, ‘പിതാവേ, അബ്രാഹാമേ, എന്നോടു കരുണ കാട്ടേണമേ. തന്‍റെ വിരല്‍ വെള്ളത്തില്‍ മുക്കി എന്‍റെ നാക്കു തണുപ്പിക്കുവാന്‍ ലാസറിനെ അയക്കേണമേ. ഞാന്‍ ഈ തീയില്‍ പീഢിപ്പിക്കപ്പെടുന്നു.’

[25] “പക്ഷേ അബ്രാഹാം പറഞ്ഞു, ‘നിന്‍റെ ജീവിതകാലത്തെ ഓര്‍ക്കുക. അന്നു നീ നല്ലതനുഭവിച്ചു. ലാസര്‍ ദുരിതവും. ഇപ്പോഴിവിടെ ലാസര്‍ സുഖിക്കുന്നു. നീ കഷ്ടപ്പെടുന്നു.

[26] നിങ്ങള്‍ക്കും ഞങ്ങള്‍ക്കുമിടയില്‍ ഒരു വലിയ അകല്‍ച്ചയുണ്ട്. അതു കടന്നു വന്ന് നിങ്ങളെ സഹായിക്കാന്‍ ആര്‍ക്കുമാവില്ല. ആര്‍ക്കും അവിടംവിട്ട് ഇങ്ങോട്ട് വരാനുമാവില്ല.’

[27] “ധനികന്‍ പറഞ്ഞു, ‘ദയവായി ലാസറിനെ ഭൂമിയില്‍ എന്‍റെ അപ്പന്‍റെ വീട്ടിലേക്കയയ്ക്കണം.

[28] എനിക്ക് അഞ്ച് സഹോദരന്മാരുണ്ട്. അവര്‍ ഈ യാതനാ സ്ഥലത്തേക്ക് വരാതിരിക്കാന്‍ ലാസര്‍ ചെന്ന് അവര്‍ക്കു മുന്നറിയിപ്പു കൊടുക്കട്ടെ.’

[29] “അബ്രാഹാം പറഞ്ഞു, ‘മോശെയുടെ ന്യായപ്രമാണവും പ്രവാചകരുടെ ലിഖിതങ്ങളും അവര്‍ക്കു മുന്നിലുണ്ട്. അവരതില്‍നിന്നും പഠിക്കട്ടെ.’

[30] “എന്നാല്‍ ധനികന്‍ പറഞ്ഞു, ‘ഇല്ല, പിതാവായ അബ്രാഹാമേ, മരിച്ചവരാരെങ്കിലും അവരെ സമീപിച്ചാലേ അവര്‍ വിശ്വസിക്കുകയും മാനസാന്തരപ്പെടുകയും ചെയ്യൂ.’

[31] “എന്നാല്‍ അബ്രാഹാം അയാളോടു പറഞ്ഞു, ‘ഇല്ല മോശെയെയും പ്രവാചകരെയും അനുസരിക്കാത്ത നിന്‍റെ സഹോദരന്മാര്‍ മരിച്ചവര്‍ മടങ്ങിച്ചെന്ന് പറഞ്ഞാലും കേള്‍ക്കാന്‍ പോകുന്നില്ല.’”

ലൂക്കൊസ് — Chapters