[1] യേശു യോര്‍ദ്ദാനില്‍നിന്നും തിരിച്ചെത്തി. അവനില്‍ പരിശുദ്ധാത്മാവ് നിറഞ്ഞിരുന്നു. പരിശുദ്ധാത്മാവ് യേശുവിനെ മരുഭൂമിയിലേക്കു നയിച്ചു.
[2] അവിടെ പിശാച് നാല്പതു ദിവസങ്ങള്‍ യേശുവിനെ പ്രലോഭിപ്പിച്ചു. ആ സമയം അവന്‍ ഒന്നും ഭക്ഷിച്ചിരുന്നില്ല. ആ ദിവസങ്ങളുടെ അന്ത്യത്തില്‍ യേശുവിന് നന്നേ വിശപ്പുണ്ടായിരുന്നു.
[3] പിശാച് യേശുവിനോടു പറഞ്ഞു, “നീ ദൈവപുത്രനാണെങ്കില്‍ ഈ പാറയെ അപ്പമാകാന്‍ കല്പിക്കൂ.”
[4] യേശു മറുപടി പറഞ്ഞു, ‘മനുഷ്യന്‍ അപ്പം കൊണ്ടുമാത്രമല്ല ജീവിക്കുന്നതെന്നു തിരുവെഴുത്തില്‍ എഴുതിയിട്ടുണ്ടല്ലോ.’”
[5] അപ്പോള്‍ പിശാച് യേശുവിനെ ഉയരത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി. ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒരു നിമിഷത്തില്‍ കാട്ടിക്കൊടുത്തിട്ടു
[6] പറഞ്ഞു, “ഈ കാണുന്ന എല്ലാ രാജ്യങ്ങളും അതിന്‍റെ എല്ലാ പ്രതാപത്തോടും തിളക്കത്തോടും കൂടി എനിക്ക് തന്നിട്ടുള്ളവയാണ്. എനിക്കിഷ്ടമുള്ള ആര്‍ക്കും അതു കൊടുക്കാം.
[7] നീ എന്നെ മാത്രം നമസ്കരിച്ചാല്‍ ഇതെല്ലാം നിനക്കു ഞാന്‍ തരാം.”
[8] യേശു പറഞ്ഞു, “തിരുവെഴുത്തിലുണ്ടല്ലോ: ‘നീ നിന്‍റെ കര്‍ത്താവായ ദൈവത്തെ നമസ്കരിക്കുക. അവനെ മാത്രം സേവിക്കുക.’”
[9] അനന്തരം പിശാച് യേശുവിനെ യെരൂശലേമിലേക്കു നയിച്ചു. ദൈവാലയത്തിനു മുകളിലത്തെ ഏറ്റവും ഉയര്‍ന്ന ബിന്ദുവില്‍ കയറ്റി. പിശാച് യേശുവിനോടു പറഞ്ഞു, “നീ ദൈവപുത്രനാണെങ്കില്‍ താഴേക്കു ചാടുക.
[10] തിരുവെഴുത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ: ‘ദൈവം തന്‍റെ ദൂതന്മാരോട് നിന്നെ രക്ഷിക്കാന്‍ കല്പിക്കും.’
[11] മാത്രവുമല്ല: ‘നിന്‍റെ കാല്‍ പാറയില്‍ തട്ടാതെ അവര്‍ കൈകള്‍ കൊണ്ട് നിന്നെ താങ്ങും’ എന്നും ഉണ്ടല്ലോ.”
[12] യേശു പറഞ്ഞു, “പക്ഷേ, തിരുവെഴുത്തില്‍ ഇതും പറയുന്നുണ്ട്: ‘നീ കര്‍ത്താവായ ദൈവത്തെ പരീക്ഷിക്കരുത്.’”
[13] പ്രലോഭനങ്ങളുടെയെല്ലാം അവസാനത്തിലെത്തിയ പിശാച് മറ്റൊരു സന്ദര്‍ഭവും പ്രതീക്ഷിച്ച് ദൂരേക്കു പോയി.
[14] യേശു പരിശുദ്ധാത്മാവിന്‍റെ ശക്തിയോടു കൂടി ഗലീലയിലേക്കു മടങ്ങി. ഗലീലയ്ക്കു ചുറ്റുപാടും യേശുവിനെപ്പറ്റിയുള്ള വാര്‍ത്ത പ്രചരിച്ചു.
[15] അവന്‍ അവരുടെ യെഹൂദപ്പള്ളികളില്‍ ഉപദേശിക്കാന്‍ തുടങ്ങി. എല്ലാവരും യേശുവിനെ വാഴ്ത്തി.
[16] യേശു, അവന്‍ വളര്‍ന്ന പട്ടണമായ നസറെത്തിലേക്കു പോയി. എപ്പോഴുമെന്നപോലെ ശബ്ബത്തു ദിവസം അവന്‍ യെഹൂദപ്പള്ളിയിലേക്കു പോയി. യേശു വായിക്കാന്‍ എഴുന്നേറ്റു നിന്നു.
[17] യെശയ്യാ പ്രവാചകന്‍റെ പുസ്തകം അവനു നല്‍കിയിരുന്നു. യേശു പുസ്തകം തുറന്ന് ഇങ്ങനെ എഴുതിയിരിക്കുന്ന ഭാഗം കണ്ടു:
[18] “കര്‍ത്താവിന്‍റെ ചൈതന്യം എന്നിലുണ്ട്. ഒന്നുമില്ലാത്തവരോട് സുവിശേഷം പറയാന്‍ ദൈവം എന്നെ തെരഞ്ഞെടുത്തിരിക്കുന്നു. പാപത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നുവര്‍ക്ക് മോചനം നല്‍കുമെന്നും അന്ധര്‍ക്കു കാഴ്ച നല്‍കുമെന്നും ജനങ്ങളോടു പറയാന്‍ ദൈവം എന്നെ നിയോഗിച്ചിരിക്കുന്നു. ദുര്‍ബ്ബലരെ അവരുടെ കഷ്ടപ്പാടുകളില്‍ നിന്നും മോചിപ്പിക്കാന്‍ ദൈവം എന്നെ അയച്ചിരിക്കുന്നു.
[19] ജനങ്ങളോട് കാരുണ്യം കാട്ടാനും കര്‍ത്താവിന്‍റെ വര്‍ഷമെത്തിയെന്നറിയിക്കാനും എന്നെ നിയോഗിച്ചു.”
[20] യേശു പുസ്തകമടച്ചു. പുസ്തകം പരിചാരകന് മടക്കിക്കൊടുത്ത് അവന്‍ നിലത്തിരുന്നു. യെഹൂദപ്പള്ളിയിലുള്ള എല്ലാവരും യേശുവിനെ അടുത്തു നിരീക്ഷിച്ചു.
[21] യേശു അവരോട് സംസാരിക്കാന്‍ തുടങ്ങി. അവന്‍ പറഞ്ഞു, “നിങ്ങള്‍ ഈ വാക്കുകള്‍ കേള്‍ക്കെത്തന്നെ ഇവ അന്വര്‍ത്ഥമാകുന്നു.”
[22] എല്ലാവരും യേശുവിനെപ്പറ്റി നല്ലതു പറഞ്ഞു. അവന്‍റെ ഹൃദ്യമായ വാക്കുകളില്‍ അവര്‍ അത്ഭുതപ്പെട്ടു. അവര്‍ പറഞ്ഞു, “അവനെങ്ങനെ ഇപ്രകാരം പറയാന്‍ കഴിയുന്നു? അവന്‍ യോസേഫിന്‍റെ മകന്‍ മാത്രമല്ലേ?”
[23] യേശു അവരോടു പറഞ്ഞു, “വൈദ്യാ, സ്വയം സുഖപ്പെടുത്തൂ, എന്ന പഴഞ്ചൊല്ലുപോലെ നിങ്ങള്‍ എന്നോടു പറയുമെന്ന് എനിക്കറിയാം. ‘നീ കഫര്‍ന്നഹൂമില്‍ ചെയ്തതിനെപ്പറ്റി ഞങ്ങള്‍ കേട്ടിട്ടുണ്ട്. അതെല്ലാം നിന്‍റെ സ്വന്തപട്ടണത്തിലും ചെയ്യൂ.’”
[24] അപ്പോള്‍ യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം ചെയ്യുന്നു. ഒരു പ്രവാചകനും സ്വന്തം പട്ടണത്തില്‍ സ്വീകാര്യനല്ല.
[25] “ഞാന്‍ പറയുന്നതു സത്യമാണ്. ഏലീയാ പ്രവാചകന്‍റെ കാലത്ത് യിസ്രായേലില്‍ മൂന്നര വര്‍ഷം മഴ പെയ്തില്ല. രാജ്യത്തെങ്ങും ഭക്ഷണവുമുണ്ടായിരുന്നില്ല. ആ സമയത്ത് യിസ്രായേലില്‍ അനേകം വിധവകളുണ്ടായിരുന്നു. പക്ഷേ ഏലീയാവ് യിസ്രായേലിലെ ആ വിധവകളുടെ അടുത്തേക്ക് അയയ്ക്കപ്പെട്ടില്ല. സീദോന്‍ ദേശത്തെ സരെപ്തയില്‍ ഒരു വിധവയുടെ അടുത്തേക്കാണ് ഏലീയാവ് അയയ്ക്കപ്പെട്ടത്.
[27] “ഏലീശാ പ്രവാചകന്‍റെ കാലത്ത് യിസ്രായേലില്‍ അനേകം കുഷ്ഠരോഗികളും ഉണ്ടായിരുന്നു. പക്ഷെ നയമാനൊഴികെ ആരും സുഖപ്പെട്ടില്ല. നയമാന്‍ യിസ്രായേല്‍ക്കാരനായിരുന്നില്ല. സുറിയക്കാരനായിരുന്നു.”
[28] യെഹൂദപ്പള്ളിയിലുള്ള എല്ലാവരും ഇക്കാര്യങ്ങള്‍ കേട്ടു. അവര്‍ അത്യധികം കോപാകുലരായി.
[29] അവര്‍ ചാടിയെഴുന്നേറ്റ് യേശുവിനെ നഗരത്തിനു പുറത്താക്കി. ഒരു മലയുടെ മുകളിലാണവരുടെ നഗരം പണിതിരിക്കുന്നത്. അവനെ താഴേക്കു തള്ളിയിടാനായി മലയുടെ അറ്റത്തേക്ക് അവര്‍ അവനെ നയിച്ചു.
[30] എന്നാല്‍ യേശു അവരുടെ നടുവിലൂടെ നടന്ന് ദൂരെ പോയി.
[31] യേശു ഗലീലയിലെ നഗരമായ കഫര്‍ന്നഹൂമിലേക്കു പോയി. ശബ്ബത്തു ദിവസം അവന്‍ ജനങ്ങളെ ഉപദേശിക്കുകയായിരുന്നു.
[32] അവന്‍റെ വാക്കുകള്‍ അധികാരത്തോടെ ആയിരുന്നതിനാല്‍ അവന്‍റെ ഉപദേശം ജനങ്ങളെ അത്ഭുതപ്പെടുത്തി.
[33] അശുദ്ധാത്മാവ് ബാധിച്ച ഒരുവന്‍ ആ യെഹൂദപ്പള്ളിയിലുണ്ടായിരുന്നു. അയാള്‍ ഉച്ചത്തില്‍ വിളിച്ചു കൂവി,
[34] “നസറായനായ യേശുവേ, ഞങ്ങളോട് നിനക്കെന്താണ് വേണ്ടത്. ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്. നീ ആരാണെന്ന് എനിക്കറിയാം. ദൈവത്തിന്‍റെ പരിശുദ്ധന്‍.”
[35] പക്ഷേ ആ അശുദ്ധാത്മാവിനോടു നിര്‍ത്താന്‍ യേശു ആജ്ഞാപിച്ചു. യേശു പറഞ്ഞു, “മിണ്ടാതിരിക്കൂ, ആ മനുഷ്യനില്‍ നിന്നു പുറത്തു കടക്കൂ.” പിശാച് ആ മനുഷ്യനെ ജനങ്ങളുടെയിടയില്‍ തള്ളിയിട്ടു. എന്നിട്ട് അയാളെ ഉപദ്രവിക്കാതെ അയാളില്‍നിന്നു പുറത്തു കടന്നു.
[36] ജനങ്ങള്‍ അത്ഭുതപ്പെട്ടു. അവര്‍ പരസ്പരം പറഞ്ഞു, “എന്താണിതിനര്‍ത്ഥം. അശുദ്ധാത്മാക്കളോടു അധികാരത്തോടെയും ശക്തിയാലും അവന്‍ ആജ്ഞാപിക്കുന്നു. അവര്‍ പുറത്തുവരുന്നു.”
[37] അതിനാല്‍ യേശുവിനെപ്പറ്റിയുള്ള വാര്‍ത്ത ആ പ്രദേശത്തുള്ള എല്ലാ സ്ഥലത്തും പരന്നു.
[38] യേശു യെഹൂദപ്പള്ളി വിട്ടു. അവന്‍ ശിമോന്‍റെ വീട്ടിലേക്കു പോയി. ശിമോന്‍റെ ഭാര്യയുടെ അമ്മ രോഗം പിടിച്ചു കിടപ്പായിരുന്നു. അവര്‍ക്കു കടുത്ത പനിയായിരുന്നു. അവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് അവര്‍ അവനോടപേക്ഷിച്ചു.
[39] അവന്‍ അവളുടെ വളരെയടുത്തു നിന്നുകൊണ്ട് പനിയോട് അവളെ വിട്ടു പോകുവാന്‍ ആജ്ഞാപിച്ചു. പനി അവളെ വിട്ടുപോയി. അപ്പോള്‍ അവള്‍ എഴുന്നേറ്റ് അവരെ പരിചരിക്കാന്‍ തുടങ്ങി.
[40] സൂര്യാസ്തമയമായപ്പോള്‍ ജനങ്ങള്‍ രോഗബാധിതരായ അനേകരെ അവന്‍റെയടുക്കല്‍ കൊണ്ടുവന്നു. അവര്‍ക്ക് വിവിധ രോഗങ്ങളായിരുന്നു. യേശു ഓരോ രോഗിയുടെമേലും കൈവച്ച് അവരെ സുഖപ്പെടുത്തി.
[41] പലരിലും നിന്ന് ഭൂതങ്ങള്‍ പുറത്തുവന്നു. ഭൂതങ്ങള്‍ നിലവിളിച്ചു, “നീ ദൈവപുത്രനാണ്.” പക്ഷേ യേശു അവരെ ശകാരിക്കുകയും സംസാരിക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തു. അവന്‍ ക്രിസ്തുവാണെന്ന് ഭൂതങ്ങള്‍ക്ക് അറിയാമായിരുന്നു.
[42] അടുത്ത ദിവസം യേശു ഏകാന്തമായൊരിടത്തേക്കു പോയി. ജനങ്ങള്‍ അവനു വേണ്ടി തിരഞ്ഞു. അവര്‍ അവനെ കണ്ടപ്പോള്‍ അവിടം വിട്ടുപോകുന്നതില്‍ നിന്ന് അവനെ തടയാന്‍ ശ്രമിച്ചു.
[43] പക്ഷേ യേശു അവരോടു പറഞ്ഞു, “ദൈവ രാജ്യത്തെ സംബന്ധിക്കുന്ന സുവിശേഷം എനിക്ക് മറ്റു പട്ടണങ്ങളിലും പ്രസംഗിക്കണം. അതിനാണ് ഞാന്‍ അയയ്ക്കപ്പെട്ടത്.”
[44] അങ്ങനെ യെഹൂദ്യയിലെ യെഹൂദപ്പള്ളികളില്‍ അവന്‍ പ്രസംഗിച്ചു.