Skip to content
Opens in a new window
Listen to this chapter • 10:19

[1] ഇതിനിടയില്‍ വലിയൊരു പുരുഷാരം അവിടെ തടിച്ചുകൂടി. പരസ്പരം ചവിട്ടിമെതിക്കുംവിധം അവര്‍ തിക്കിത്തിരക്കി. അവരോടു സംസാരിക്കുംമുമ്പ് യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “പരീശന്മാരുടെ പുളിമാവിനെതിരെ ജാഗ്രത പുലര്‍ത്തുക. അവര്‍ കപട ഭക്തിക്കാരാണെന്നാണു ഞാന്‍ പറഞ്ഞതിനര്‍ത്ഥം.

[2] മറഞ്ഞിരിക്കുന്നതെല്ലാം വെളിപ്പെടും. രഹസ്യങ്ങളെല്ലാം പരസ്യങ്ങളാകും.

[3] ഇരുട്ടത്തു നിങ്ങള്‍ പറഞ്ഞവയെല്ലാം വെളിച്ചത്തു കേള്‍ക്കും. രഹസ്യ മുറിയിലിരുന്നു നിങ്ങള്‍ മന്ത്രിച്ചതെല്ലാം പുരപ്പുറത്തു നിന്ന് വിളിച്ചു പറയപ്പെടും.”

[4] അനന്തരം യേശു അവരോടു പറഞ്ഞു, “എന്‍റെ സുഹൃത്തുക്കളേ, ഞാന്‍ നിങ്ങളോടു പറയുന്നു, മനുഷ്യരെ ഭയപ്പെടരുത്. മനുഷ്യര്‍ക്ക് ശരീരത്തെ കൊല്ലുവാനേ കഴിയൂ. അതിനപ്പുറം നിങ്ങളെ ഉപദ്രവിക്കാനാവില്ല.

[5] ഭയക്കേണ്ട ആളെ ഞാന്‍ നിങ്ങള്‍ക്കു കാട്ടിത്തരാം. നിങ്ങളെ കൊല്ലാനും തുടര്‍ന്നു നരകത്തിലേക്കെറിയാനും ശക്തിയുള്ള ദൈവത്തെ മാത്രം ഭയപ്പെടുക. അതെ, അവനെ മാത്രമേ, നിങ്ങള്‍ പേടിക്കേണ്ടതായുള്ളൂ.

[6] “അഞ്ചു പക്ഷികളെ വിറ്റത് വെറും രണ്ടു നാണയങ്ങള്‍ക്കല്ലേ? പക്ഷേ ദൈവം അവയെ ഒന്നും മറക്കില്ല.

[7] അതെ, നിങ്ങളുടെ തലയില്‍ എത്ര മുടിയുണ്ടെന്നുവരെ ദൈവത്തിനറിയാം. ഭയക്കാതിരിക്കൂ! നിങ്ങള്‍ക്ക് അനേകം പക്ഷികളേക്കാള്‍ വളരെ വിലയുണ്ട്.

[8] “ഞാന്‍ നിങ്ങളോടു പറയുന്നു, ആരെങ്കിലുമൊരാള്‍ ആളുകളുടെ മുമ്പില്‍ നില്‍ക്കുകയും എന്നിലുള്ള വിശ്വാസം ഏറ്റുപറയുകയും ചെയ്താല്‍ ഞാന്‍ പറയും അയാള്‍ എന്‍റേതാണെന്ന്. ഞാനിതു ദൈവത്തിന്‍റെ ദൂതന്മാരോടും പറയും.

[9] പക്ഷേ മറ്റുള്ളവരുടെ മുമ്പില്‍ എന്നില്‍ വിശ്വസിക്കുന്നില്ലെന്നു പറഞ്ഞാല്‍ അവന്‍ എന്‍റേതല്ലെന്ന് ഞാനും പറയും. ഇതു ഞാന്‍ ദൈവത്തിന്‍റെ ദൂതന്മാരോടും പറയും.

[10] “മനുഷ്യ പുത്രന് എതിരായെന്തെങ്കിലും പറയുന്നവന്‍ ക്ഷമിക്കപ്പെട്ടേക്കാം. എന്നാല്‍ പരിശുദ്ധാത്മാവിനെ എതിര്‍ത്തു സംസാരിക്കുന്നവന്‍ ക്ഷമിക്കപ്പെടുകയില്ല.

[11] “നിങ്ങളെ ചിലര്‍ യെഹൂദപ്പള്ളിയിലേക്കു കൊണ്ടുവന്ന് നേതാക്കളുടെയും മറ്റു പ്രമാണിമാരുടെയും മുമ്പില്‍ നിര്‍ത്തുമ്പോള്‍ നിങ്ങളുടെ ന്യായസമര്‍ത്ഥനത്തിനായി എങ്ങനെ എന്തു പറയുമെന്നോര്‍ത്തു വിഷമിക്കേണ്ട.

[12] ആ സമയം നിങ്ങള്‍ പറയേണ്ടതെന്തെന്ന് പരിശുദ്ധാത്മാവ് നിങ്ങളെ പഠിപ്പിക്കും.”

[13] ആള്‍ക്കൂട്ടത്തിലൊരാള്‍ യേശുവിനോടു പറഞ്ഞു, “ഗുരോ, ഞങ്ങളുടെ അപ്പന്‍ മരിച്ചു. അദ്ദേഹത്തിന്‍റെ സ്വത്തു പങ്കുവയ്ക്കാന്‍ എന്‍റെ സഹോദരനോടു പറഞ്ഞാലും.”

[14] പക്ഷേ യേശു അയാളോടു പറഞ്ഞു, “ആരു പറഞ്ഞു, ഞാന്‍ നിങ്ങള്‍ക്കിടയില്‍ വിധി കല്പിക്കണമെന്ന്? നിങ്ങള്‍ക്കിടയില്‍ സ്വത്തു വിഭജിക്കാന്‍ ഞാനാരാണ്?”

[15] അനന്തരം യേശു അവരോടു പറഞ്ഞു, “എല്ലാ സ്വാര്‍ത്ഥതക്കെതിരായും ജാഗ്രത പുലര്‍ത്തുക. ആര്‍ക്കും തങ്ങളുടെ അനേകം സ്വത്തില്‍നിന്നും ജീവിതം ലഭിക്കില്ല.”

[16] പിന്നീട് യേശു ഈ കഥ പറഞ്ഞു, “കുറെ ഭൂമി സ്വന്തമായുള്ള ഒരു ധനികനുണ്ടായിരുന്നു. അയാളുടെ ഭൂമിയില്‍ നല്ല വിളവുണ്ടായി.

[17] അയാള്‍ ആലോചിച്ചു, ‘ഞാനെന്തു ചെയ്യും? വിളവു സൂക്ഷിക്കാനിടമില്ല.

[18] “ഞാനെന്തു ചെയ്യണമെന്നെനിക്കറിയാം. പത്തായം പൊളിച്ച് വലിയ പത്തായങ്ങള്‍ നിര്‍മ്മിക്കണം. ഗോതമ്പും മറ്റു നല്ല സാധനങ്ങളും അതില്‍ നിറയ്ക്കും.

[19] എന്നിട്ടെനിക്ക് എന്നോടു തന്നെ പറയാം. എന്‍റെ എല്ലാ നല്ല സാധനങ്ങളും ഞാന്‍ ശേഖരിച്ചു എന്ന്. വരും വര്‍ഷങ്ങളിലേക്ക് വേണ്ടുവോളം ഞാന്‍ ശേഖരിച്ചു. പിന്നെ എല്ലാം ലഘുവായി എടുത്തു തിന്നും കുടിച്ചും ജീവിതം ആസ്വദിക്കാം.’

[20] “പക്ഷേ ദൈവം അയാളോടു പറഞ്ഞു, ‘മൂഢാ, ഇന്നു രാത്രിയില്‍ നീ മരിക്കും. നിനക്കായി നീ ഒരുക്കിയ ഈ സാധനങ്ങള്‍ കൊണ്ടെന്തു ഫലം. അവ ആര്‍ക്കു ലഭിക്കും?’

[21] “ഇതാണ് സ്വന്ത ആവശ്യത്തിനു സമ്പാദിക്കുന്നവന്‍റെ ഗതി. ദൈവത്തിന് അയാള്‍ ധനികനല്ല.”

[22] യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു, “അതിനാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങളുടെ ഭക്ഷണത്തെച്ചൊല്ലി വിഷമിക്കാതിരിക്കുക. നിങ്ങളുടെ ശരീരത്തിനു വേണ്ട വസ്ത്രത്തെയോര്‍ത്തും വിഷമിക്കരുത്.

[23] ജീവിതം ഭക്ഷണത്തെക്കാള്‍ വലിയതാണ്. ശരീരം വസ്ത്രത്തെക്കാളും.

[24] പക്ഷികളെ നോക്കൂ, അവ വിതയ്ക്കുന്നില്ല. കൊയ്യുന്നുമില്ല. പക്ഷികള്‍ പുരകളിലോ പത്തായങ്ങളിലോ ആഹാരം ശേഖരിക്കുന്നുമില്ല. പക്ഷേ ദൈവം അവയെ സംരക്ഷിക്കുന്നു. നിങ്ങള്‍ പക്ഷികളെക്കാള്‍ പലമടങ്ങു വിലയുള്ളവരാണ്.

[25] ഇതെച്ചൊല്ലി ചിന്തിച്ചു വ്യാകുലപ്പെട്ട് ആരും ആയുസ്സിലെ ഒരു ദിവസം പോലും കൂട്ടുന്നില്ല.

[26] ചെറിയ കാര്യങ്ങളെക്കുറിച്ചു നിങ്ങള്‍ക്കു ഒന്നും ചെയ്യാന്‍ കഴിയാതിരിക്കെ വലിയ കാര്യങ്ങളെയോര്‍ത്ത് വേവലാതിപ്പെടുന്നതെന്തിന്?

[27] “കാട്ടുപൂക്കളെ നോക്കൂ, അവര്‍ തങ്ങള്‍ക്കായി ജോലി ചെയ്യുകയോ വസ്ത്രമുണ്ടാക്കുകയോ ഇല്ല. പക്ഷേ ഞാന്‍ നിങ്ങളോടു പറയുന്നു, മഹാനും ധനികനുമായ ശലോമോനുപോലും ഈ പൂക്കളില്‍ ഒന്നിനെപ്പോലെ മനോഹരമായി അണിഞ്ഞൊരുങ്ങാനായില്ല.

[28] മൈതാനത്തെ പുല്ലുകളെ ദൈവം ഇങ്ങനെ അണിയിച്ചൊരുക്കുന്നു. ഇന്നു ജീവിക്കുന്ന ആ പുല്ലുകള്‍ ഇന്നും നാളെയും തീയിലെറിയപ്പെട്ടേക്കാം. അതിനാല്‍ അല്പവിശ്വാസികളെ ദൈവം നിങ്ങളെ അതിലും നന്നായി അണിയിച്ചൊരുക്കും.

[29] “അതിനാല്‍ എപ്പോഴും എന്തു തിന്നും എന്തു കുടിക്കും എന്നതിനെപ്പറ്റി ആലോചിക്കാതിരിക്കുക. അതിനെപ്പറ്റി ദുഃഖിക്കാതിരിക്കുക.

[30] ലോകത്തിലെ എല്ലാ മനുഷ്യരും അതെല്ലാം കിട്ടാനാഗ്രഹിക്കുന്നു. നിങ്ങളുടെ പിതാവായ ദൈവത്തിനറിയാം നിങ്ങള്‍ക്കെന്താണു വേണ്ടതെന്ന്.

[31] നിങ്ങള്‍ സ്വര്‍ഗ്ഗ രാജ്യം അന്വേഷിക്കുവിന്‍. എങ്കില്‍ നിങ്ങള്‍ക്കിതെല്ലാം നല്‍കപ്പെടും.

[32] “ചെറിയ കൂട്ടമേ, ഭയക്കരുത്. നിങ്ങളുടെ പിതാവ് രാജ്യം നിങ്ങള്‍ക്കു നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു,

[33] നിങ്ങള്‍ക്കുള്ളതെല്ലാം വിറ്റ് പണം ഭിക്ഷ നല്‍കുക. ഈ ലോകത്തിന്‍റെ സമ്പത്ത് നിലനില്‍ക്കില്ല. നിലനില്‍ക്കുന്ന സമ്പത്തു നേടൂ. സ്വര്‍ഗ്ഗത്തിലെ നിധി നേടൂ. അത് എക്കാലവും നിലനില്‍ക്കും. സ്വര്‍ഗ്ഗത്തിലെ നിങ്ങളുടെ സമ്പത്ത് കള്ളന്‍ കവരുകയില്ല. പുഴുക്കള്‍ നശിപ്പിക്കുകയില്ല.

[34] നിങ്ങളുടെ നിക്ഷേപത്തോടൊപ്പമാകും നിങ്ങളുടെ ഹൃദയവും.”

[35] “തയ്യാറായിരിക്കുക. പൂര്‍ണ്ണമായും വസ്ത്രം ധരിച്ചു നിങ്ങളുടെ വിളക്കു കൊളുത്തി ദാസന്മാരെപ്പോലെ നില്‍ക്കുക.

[36] വിവാഹവിരുന്നു കഴിഞ്ഞുവരുന്ന യജമാനന്‍റെ വരവും കാത്തിരിക്കുന്ന ദാസന്മാരെപ്പോലെ. യജമാനന്‍ വന്നു വാതിലില്‍ മുട്ടും. അപ്പോള്‍ ദാസന്‍ അയാള്‍ക്കായി വാതില്‍ തുറന്നു കൊടുക്കണം.

[37] അങ്ങനെയുള്ള ദാസര്‍ അനുഗ്രഹീതരാണ്. എന്തെന്നാല്‍ അവന്‍ യജമാനനുവേണ്ടി കാത്തിരിക്കുന്നു. ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ, യജമാനന്‍ തന്നെ ചിലപ്പോള്‍ സേവനത്തിന്‍റെ വസ്ത്രം ധരിച്ചു ദാസന്മാര്‍ക്കു വിളമ്പിക്കൊടുക്കും.

[38] അയാള്‍ അര്‍ദ്ധരാത്രിക്കോ അതിലും വൈകിയോ വരുമ്പോഴും കാത്തിരിക്കുന്നത് യജമാനന്‍ കാണുമ്പോള്‍ ദാസന്മാര്‍ അനുഗ്രഹീതര്‍.

[39] “ഇതോര്‍ക്കുക, കള്ളനെപ്പോള്‍ വരുമെന്ന് വീട്ടുടമ അറിഞ്ഞെങ്കില്‍ അയാള്‍ കള്ളനെ വീടു തുരന്നു കയറാന്‍ വിടില്ല.

[40] അതിനാല്‍ നിങ്ങളും തയ്യാറായിരിക്കുക. മനുഷ്യപുത്രന്‍ അപ്രതീക്ഷിതമായാകും കടന്നു വരിക.”

[41] പത്രൊസ് ചോദിച്ചു, “കര്‍ത്താവേ, നീ ഈ കഥ പറഞ്ഞതു ഞങ്ങള്‍ക്കു വേണ്ടിയോ എല്ലാവര്‍ക്കും വേണ്ടിയോ?”

[42] കര്‍ത്താവ് പറഞ്ഞു, “ആരാണ് വിവേകിയായ ദാസന്‍? മറ്റു ദാസന്മാര്‍ക്കു യഥാസമയം ഭക്ഷണം നല്‍കുവാന്‍ യജമാനന്‍ വിശ്വസ്തനായ ഒരു ദാസനെ തിരഞ്ഞെടുക്കും. അതിനു തിരഞ്ഞെടുക്കപ്പെടുന്നവനാര്?

[43] യജമാനന്‍ വരുമ്പോള്‍ തന്നെ ഏല്പിച്ച ജോലി ചെയ്യുന്നത് അയാള്‍ കാണുന്നതു ദാസനു സന്തോഷം.

[44] ഞാന്‍ നിങ്ങളോടു സത്യമായി പറയട്ടെ, യജമാനന്‍ അയാള്‍ക്കുള്ളതെല്ലാം നോക്കാന്‍ ആ ദാസനെ തിരഞ്ഞെടുക്കും.

[45] “എന്നാല്‍ യജമാനന്‍ ഉടനെയെങ്ങും വരില്ല എന്നതുകൊണ്ട് അവന്‍ ദുഷിച്ചു പെരുമാറാന്‍ തുടങ്ങിയാലെന്തു സംഭവിക്കും? അവന്‍ മറ്റു ദാസരെ ആണ്‍പെണ്‍ ഭേദമില്ലാതെ പ്രഹരിക്കുകയും തിന്നുകയും കുടിച്ചു മത്തനാകുകയും ചെയ്താലോ?

[46] അപ്പോള്‍ യജമാനന്‍ അവന്‍ പ്രതീക്ഷിക്കാത്ത സമയത്തു കടന്നുവരും. യജമാനന്‍ അവനെ ശിക്ഷിക്കും. അവനെ അവിശ്വസ്തരുടെ കൂടെ പറഞ്ഞയയ്ക്കും.

[47] “യജമാനന്‍റെ ആഗ്രഹമറിഞ്ഞിട്ടും അതനുസരിച്ച് ഒരുങ്ങിയിരിക്കാതെയും ഏല്പിച്ച ജോലി ചെയ്യാതെയുമിരിക്കുന്ന ദാസനു കഠിനശിക്ഷ ലഭിക്കും.

[48] യജമാനന്‍റെ ആഗ്രഹമറിയാത്ത ദാസനോ? അവന്‍ ശിക്ഷ അര്‍ഹിക്കുന്ന പ്രവര്ത്തികളാണു ചെയ്തത് . പക്ഷേ മറ്റെയാളെക്കാള്‍ കുറഞ്ഞ ശിക്ഷയേ അവനു ലഭിക്കൂ. കൂടുതല്‍ ഏല്പിക്കപ്പെട്ടവന്‍ കൂടുതല്‍ ഉത്തരവാദിയാണ്. അവനില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുന്നു.”

[49] യേശു തുടര്‍ന്നു പറഞ്ഞു, “ഭൂമിയില്‍ തീയിടാനാണു ഞാന്‍ വന്നിരിക്കുന്നത്. അതിപ്പോഴേ കത്തി എരിഞ്ഞെങ്കില്‍ എന്നു ഞാനാഗ്രഹിക്കുന്നു.

[50] എനിക്കു വ്യത്യസ്തമായൊരു സ്നാനം സ്വീകരിക്കേണ്ടതുണ്ട്. അതു തീരുവോളം എനിക്കു വലിയ ഞെരുക്കം തോന്നുന്നു.

[51] ഞാന്‍ ലോകത്തു സമാധാനം സ്ഥാപിക്കാനാണു വന്നതെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഇല്ല ഞാന്‍ ഈ ലോകം വിഭജിക്കാനാണു വന്നത്.

[52] അഞ്ചംഗങ്ങളുള്ള ഒരു കുടുംബം, മൂന്നുപേര്‍ രണ്ടുപേര്‍ക്കെതിരായും, രണ്ടുപേര്‍ മൂന്നുപേര്‍ക്കെതിരായും തിരിയും.

[53] അപ്പന്‍ മകനെതിരായും മകന്‍ അപ്പനെതിരായും വിഭജിക്കപ്പെടും. അമ്മ മകള്‍ക്കെതിരായും മകള്‍ അമ്മയ്ക്കെതിരായും വിഭജിക്കപ്പെടും. അമ്മായിയമ്മ മരുമകള്‍ക്കെതിരായും മരുമകള്‍ അമ്മായിയമ്മയ്ക്കെതിരായും വിഭജിക്കപ്പെടും.”

[54] അപ്പോള്‍ യേശു ജനക്കൂട്ടത്തോടു പറഞ്ഞു, “പടിഞ്ഞാറ്, മേഘം വളരുന്നതു കാണുമ്പോള്‍ നിങ്ങള്‍ പറയും ‘മഴ വരുന്നു’ താമസിയാതെ മഴ പെയ്യുകയും ചെയ്യും.

[55] തെക്കു നിന്ന് കാറ്റു വീശുമ്പോള്‍ നിങ്ങള്‍ പറയും ‘ഇന്ന് ചൂടു ദിവസം’ ആയിരിക്കും. അത് അങ്ങനെ ആവുകയും ചെയ്യുന്നു.

[56] കപടഭക്തിക്കാരേ, നിങ്ങള്‍ക്കു കാലാവസ്ഥ മനസ്സിലാക്കാം. എന്നാല്‍ കാലത്തെ നിങ്ങളെന്തുകൊണ്ട് മനസ്സിലാക്കുന്നില്ല.

[57] “ഏതാണു ശരിയെന്നു നിങ്ങളെന്താണു നിങ്ങള്‍ക്കുവേണ്ടി നിശ്ചയിക്കാത്തത്?

[58] ആരെങ്കിലും നിങ്ങള്‍ക്കെതിരെ കുറ്റമാരോപിക്കുകയും നിങ്ങള്‍ അയാളുടെ കൂടെ കോടതിയില്‍ പോവുകയും ചെയ്യുമ്പോള്‍ വഴിക്കുവച്ചു തന്നെ പ്രശ്നം തീര്‍ക്കാന്‍ ശ്രമിക്കുക. അല്ലെങ്കില്‍ അയാള്‍ നിങ്ങളെ ന്യായാധിപന്‍റെ മുമ്പിലെത്തിക്കും. ന്യായാധിപന്‍ നിങ്ങളെ ഉദ്യോഗസ്ഥന്‍റെ കൈയില്‍ ഏല്പിക്കും. അയാള്‍ നിങ്ങളെ തടവറയിലേക്ക് എറിയുകയും ചെയ്യും.

[59] എല്ലാം എടുത്തതിനുശേഷമല്ലാതെ അവര്‍ നിങ്ങളെ അവിടെ നിന്നും വിടില്ല.”

ലൂക്കൊസ് — Chapters