[1] യേശു ജനങ്ങളോടു പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞു. അനന്തരം അവന്‍ കഫര്‍ന്നഹൂമിലേക്കു പോയി.
[2] അവിടെ ഒരു ശതാധിപനുണ്ടായിരുന്നു. അയാള്‍ക്ക് രോഗത്താല്‍ മരണാസന്നനായൊരു ദാസനുണ്ടായിരുന്നു. ശതാധിപന്‍ ദാസനെ വളരെയധികം സ്നേഹിച്ചിരുന്നു.
[3] യേശുവിനെപ്പറ്റി കേട്ട അയാള്‍ ജനത്തിന്‍റെ മൂപ്പന്മാരെ അദ്ദേഹത്തിനടുത്തേക്ക് അയച്ചു. അവിടെയെത്തി തന്‍റെ ദാസന്‍റെ ജീവന്‍ രക്ഷിക്കണമെന്ന് യേശുവിനോട് അപേക്ഷിക്കാനാണയാള്‍ അവരെ അയച്ചത്.
[4] അവര്‍ യേശുവിന്‍റെ അടുത്തെത്തി. ശതാധിപനെ സഹായിക്കണമെന്ന് അവര്‍ യേശുവിനോട് യാചിച്ചു.
[5] അവര്‍ പറഞ്ഞു, “നിന്‍റെ സഹായത്തിന് ഈ ശതാധിപന്‍ അര്‍ഹനാണ്. എന്തെന്നാല്‍ അയാള്‍ നമ്മുടെ ജനതയെ സ്നേഹിക്കുകയും ഞങ്ങള്‍ക്കായി യെഹൂദപ്പള്ളി പണിയുകയും ചെയ്തിട്ടുണ്ട്.”
[6] യേശു അവരോടൊത്തു പോയി. അവന്‍ ശതാധിപന്‍റെ വീടിനടുത്തെത്തിയപ്പോള്‍ അയാള്‍ തന്‍റെ സുഹൃത്തുക്കളെ അയച്ച് ഇങ്ങനെ പറയിപ്പിച്ചു. “കര്‍ത്താവേ, അങ്ങ് എന്‍റെ ഭവനത്തിലേക്ക് വരേണ്ടതില്ല. അങ്ങയെ അവിടെവച്ചു സ്വീകരിക്കാന്‍ ഞാന്‍ അര്‍ഹനല്ല.
[7] അതാണു ഞാന്‍ സ്വയം അങ്ങയുടെ അടുത്തേക്ക് വരാതിരുന്നത്. എന്‍റെ ദാസന്‍ ഭേദമാകാന്‍ അങ്ങു കല്പിക്കുക മാത്രമേ വേണ്ടൂ.
[8] ഞാന്‍ തന്നെ മറ്റുള്ളവരുടെ അധികാരത്തിന്‍കീഴിലാണ്. എന്‍റെ അധികാരത്തിന്‍ കീഴില്‍ പടയാളികളുണ്ട്. അവരിലൊരുവനോടു ഞാന്‍ ‘പോകൂ’ എന്നു പറഞ്ഞാലവന്‍ പോകും. മറ്റൊരുവനോട് ‘വരൂ’ എന്നു പറഞ്ഞാലവന്‍ വരും. ഞാനെന്‍റെ ദാസനോട് ‘അതു ചെയ്യൂ’ എന്നു പറഞ്ഞാലവന്‍ എന്നെ അനുസരിക്കും.”
[9] ഇതു കേട്ട യേശു അത്ഭുതം കൂറി. യേശു തന്നെ അനുഗമിക്കുന്ന ജനക്കൂട്ടത്തിന്‍റെ നേര്‍ക്കൂ തിരിഞ്ഞു. അവന്‍ പറഞ്ഞു, “ഞാന്‍ പറയുന്നു, ഇങ്ങനെയൊരു വിശ്വാസം ഞാനൊരിടത്തും കണ്ടിട്ടില്ല. യിസ്രായേലില്‍ പോലും.”
[10] യേശുവിനടുത്തേക്ക് അയയ്ക്കപ്പെട്ടവര്‍ തിരികെ വീട്ടിലെത്തി. അവരുടെ ദൃത്യന്‍ സുഖം പ്രാപിച്ചിരിക്കുന്നതവര്‍ കണ്ടു.
[11] പിറ്റേന്ന് യേശു നയീന്‍ എന്ന പട്ടണത്തിലേക്കു പോയി. യേശുവിന്‍റെ ശിഷ്യന്മാരും വലിയൊരു കൂട്ടം ജനങ്ങളും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
[12] അവര്‍ നഗരകവാടത്തിന് അടുത്തെത്തിയപ്പോള്‍ അവന്‍ ഒരു ശവസംസ്കാരം കണ്ടു. വിധവയായ ഒരമ്മയ്ക്ക് അവരുടെ ഏക മകനെയും നഷ്ടപ്പെട്ടു. മൃതദേഹം പുറത്തേക്കു കൊണ്ടുവന്നപ്പോള്‍ നഗരത്തില്‍ നിന്നുവന്ന അനവധിയാളുകള്‍ അവളോടൊപ്പം ഉണ്ടായിരുന്നു.
[13] അവളെ കണ്ട യേശുവിന് തന്‍റെ മനസ്സില്‍ അവളോട് അനുകമ്പ തോന്നി. യേശു അവളോടു പറഞ്ഞു, “കരയരുത്.”
[14] യേശു ശവപ്പെട്ടിക്കരികിലേക്കു നടന്നുചെന്ന് അതില്‍ തൊട്ടു. ശവപ്പെട്ടി ചുമന്നിരുന്നവര്‍ നിന്നു. യേശു മരിച്ച പുത്രനോടു പറഞ്ഞു, “യുവാവേ, ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേല്‍ക്കൂ!”
[15] അപ്പോളവന്‍ എഴുന്നേറ്റിരുന്ന് സംസാരിക്കുവാന്‍ തുടങ്ങി. യേശു അയാളെ അയാളുടെ അമ്മയ്ക്ക് നല്‍കി.
[16] എല്ലാവരും അത്ഭുതപ്പെട്ടു. അവര്‍ ദൈവത്തെ സ്തുതിച്ചു. അവര്‍ പറഞ്ഞു, “ഒരു മഹാപ്രവാചകന്‍ നമ്മള്‍ക്കിടയിലേക്ക് വന്നിരിക്കുന്നു. ദൈവം തന്‍റെ ജനത്തെ ശ്രദ്ധിക്കുന്നു.”
[17] (യേശുവിനെക്കുറിച്ചുള്ള ഈ വാര്‍ത്ത യെഹൂദ്യയിലും പരിസരങ്ങളിലും പരന്നു.)
[18] ഇക്കാര്യങ്ങളെല്ലാം യോഹന്നാനോട് അയാളുടെ ശിഷ്യന്മാര്‍ പറഞ്ഞു. അയാള്‍ തന്‍റെ രണ്ടു ശിഷ്യന്മാരെ വിളിച്ചു.
[19] യേശുവിന്‍റെ അടുത്തുചെന്ന് ഇങ്ങനെ ചോദിക്കുവാന്‍ അയാള്‍ അവരോടു പറഞ്ഞു, “നീയാണോ വരാനിരിക്കുന്നവന്‍? അതോ, മറ്റൊരുവനുവേണ്ടി ഞങ്ങള്‍ കാത്തിരിക്കണോ?”
[20] അവര്‍ യേശുവിന്‍റെ അടുത്തെത്തി. അവര്‍ പറഞ്ഞു, “സ്നാപകയോഹന്നാനാണ് ഞങ്ങളെ നിന്‍റെ അടുത്തേക്കയച്ചത്. ഈ ചോദ്യം ചോദിക്കുന്നതിനായി, ‘നീയാണോ, വരാനിരിക്കുന്നവന്‍’ അതോ ഞങ്ങളിനി മറ്റൊരുവനുവേണ്ടി കാത്തിരിക്കണോ?”
[21] അതേസമയം യേശു അനേകം പേരെ അവരുടെ രോഗങ്ങളില്‍ നിന്നും വ്യാധികളില്‍നിന്നും സുഖപ്പെടുത്തിയിരുന്നു. അശുദ്ധാത്മാക്കളില്‍നിന്നും രക്ഷിച്ചിരുന്നു. അവന്‍ അനേകം അന്ധര്‍ക്കു കാഴ്ച നല്‍കിയിരുന്നു.
[22] അപ്പോള്‍ യേശു യോഹന്നാന്‍റെ ശിഷ്യന്മാരോടു പറഞ്ഞു, “നിങ്ങളിവിടെ കണ്ടതും കേട്ടതുമെല്ലാം യോഹന്നാനോടു ചെന്നു പറയൂ, അന്ധര്‍ക്കു കാഴ്ച കിട്ടിയത്, വാതരോഗി എഴുന്നേറ്റു നടന്നത്. കുഷ്ഠരോഗി സുഖപ്പെട്ടത്. ബധിരനു കേള്‍ക്കാനായത്. മരിച്ചവര്‍ ജീവിച്ചത്. പാവപ്പെട്ടവര്‍ക്ക് ദൈവ രാജ്യം നല്‍കിയ വാര്‍ത്തയും
[23] വിശ്വാസത്തിനു തടസ്സമായി എന്നെ കാണാത്തവര്‍ അനുഗ്രഹീതര്‍.”
[24] യോഹന്നാന്‍റെ ശിഷ്യന്മാര്‍ പോയപ്പോള്‍ യേശു യോഹന്നാനെപ്പറ്റി ജനങ്ങളോടു പറഞ്ഞു, “നിങ്ങള്‍ എന്തു കാണാനായിരുന്നു മരുഭൂമിയിലേക്ക് പോയത്? കാറ്റില്‍ ഊതുന്ന കാട്ടുപുല്ലിനെയോ?
[25] അല്ലാതെന്തു കാണാനാണു നിങ്ങള്‍ പോയത്? നേരിയ തുണികൊണ്ടുള്ള വസ്ത്രം ധരിച്ചൊരുവനെയോ? നേരിയ തുണികൊണ്ടു തയ്പ്പിച്ച നല്ല വസ്ത്രം ധരിച്ചവര്‍ രാജകൊട്ടാരത്തിലാണ് ജീവിക്കുന്നത്.
[26] യഥാര്‍ത്ഥത്തില്‍ നിങ്ങളെന്തു കാണുവാനാണു പോയത്? ഒരു പ്രവാചകനെ? അതെ, ഞാന്‍ നിങ്ങളോടു പറയുന്നു, യോഹന്നാന്‍ ഒരു പ്രവാചകനിലുമധികം എന്തോ ആണ്.”
[27] അയാളെപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു: ‘ശ്രദ്ധിക്കൂ, നിന്‍റെ മുമ്പില്‍ എന്‍റെ ദൂതനെ ഞാനയയ്ക്കുന്നു. അവന്‍ നിനക്കായി വഴിയൊരുക്കും.’
[28] “ഞാന്‍ നിങ്ങളോടു പറയുന്നു, യോഹന്നാന്‍ ഇതുവരെ ജനിച്ച ആരെക്കാളും ശ്രേഷ്ഠനാണ്. എന്നാല്‍ ദൈവ രാജ്യത്തിലെ ഏറ്റവും പ്രാധാന്യം കുറഞ്ഞവന്‍പോലും അയാളെക്കാള്‍ ശ്രേഷ്ഠനാണ്.”
[29] (ഇതുകേട്ട് എല്ലാവരും ദൈവത്തിന്‍റെ നീതിയെ അംഗീകരിച്ചു. നികുതി പിരിവുകാര്‍ പോലും. അവര്‍ എല്ലാം യോഹന്നാനാല്‍ സ്നാനം ചെയ്യപ്പെട്ടവരാണ്.
[30] എന്നാല്‍ പരീശന്മാരും ശാസ്ത്രിമാരും തങ്ങള്‍ക്കായുള്ള ദൈവഹിതം നിരസിക്കുകയും അവരെ സ്നാനപ്പെടുത്താന്‍ യോഹന്നാനെ അനുവദിക്കാതിരിക്കുകയും ചെയ്തു.)
[31] “ഇക്കാലത്തെ മനുഷ്യരെപ്പറ്റി ഞാനെന്തു പറയാന്‍? അവരെ ഞാന്‍ എന്തിനോടുപമിക്കും? അവര്‍ എന്തിനെപ്പോലെയാണ്?
[32] അവര്‍ ചന്ത സ്ഥലത്തെ കുട്ടികളെപ്പോലെയാണ്. അവര്‍ ഇങ്ങനെയൊക്കെ പരസ്പരം പറയുന്നു. ‘ഞങ്ങള്‍ നിങ്ങള്‍ക്കായി കുഴലൂതി, പക്ഷേ നിങ്ങള്‍ നൃത്തം വെച്ചില്ല; ഞങ്ങള്‍ നിങ്ങള്‍ക്കായി ദുഃഖഗാനം പാടി പക്ഷേ നിങ്ങള്‍ കരഞ്ഞില്ല.’
[33] സ്നാപകയോഹന്നാന്‍ വന്നു. പക്ഷേ അവന്‍ മറ്റുള്ളവരില്‍ നിന്നു വിരുദ്ധമായി ആഹാരം കഴിക്കുകയോ വീഞ്ഞ് കുടിക്കുകയോ ചെയ്തില്ല. എന്നാല്‍ നിങ്ങള്‍ പറയുന്നു, ‘അവനില്‍ ഭൂതമുണ്ട്.’
[34] മനുഷ്യപുത്രന്‍ മറ്റുള്ളവരെപ്പോലെ തിന്നുകയും വീഞ്ഞു കുടിക്കുകയും ചെയ്തു. നിങ്ങള്‍ പറയുന്നു, ‘അവനെ നോക്കൂ, അവന്‍ നിറയെ തിന്നുകയും മദ്യം കഴിയ്ക്കുകയും ചെയ്യുന്നു. അവന്‍ ചുങ്കക്കാരുടെയും മറ്റു ദുഷിച്ചവരുടെയും കൂട്ടുകാരന്‍.’
[35] പക്ഷേ ജ്ഞാനം അതിന്‍റെ എല്ലാ പ്രവൃത്തികളാലും സാധൂകരിക്കപ്പെടുന്നു.”
[36] പരീശന്മാരിലൊരാള്‍ തന്നോടൊപ്പം ആഹാരം കഴിക്കണമെന്ന് യേശുവിനോട് ആവശ്യപ്പെട്ടു. യേശു അവന്‍റെ വീട്ടിലെത്തി ഭക്ഷണത്തിനിരുന്നു.
[37] അപ്പോഴവിടെ നഗരത്തിലെ പാപിനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു. യേശു പരീശന്‍റെ വീട്ടില്‍ ആഹാരം കഴിക്കാനെത്തുമെന്ന് അവളറിഞ്ഞിരുന്നു. അവള്‍ ഒരു ഭരണിയില്‍ സുഗന്ധതൈലം കൊണ്ടുവന്നിരുന്നു.
[38] അവള്‍ യേശുവിന്‍റെ പിന്നില്‍ അവന്‍റെ കാലുകള്‍ക്കടുത്തായി നിന്നു കരഞ്ഞു. അവള്‍ അവന്‍റെ പാദങ്ങള്‍ കണ്ണീരുകൊണ്ടു കഴുകുവാന്‍ തുടങ്ങി. അവള്‍ യേശുവിന്‍റെ പാദങ്ങള്‍ തന്‍റെ തലമുടി കൊണ്ടു തുടച്ചു. അവള്‍ അവന്‍റെ കാലുകളില്‍ തുടരെ ചുംബിക്കുകയും സുഗന്ധതൈലം പുരട്ടി തടവുകയും ചെയ്തു.
[39] യേശുവിന്‍റെ ആതിഥേയനായ പരീശന്‍ അതു കണ്ടു. അയാള്‍ ആലോചിച്ചു. യേശു ഒരു പ്രവാചകനായിരുന്നുവെങ്കില്‍ തന്നെ സ്പര്‍ശിച്ചിരിക്കുന്നത് ഒരു പാപിനിയാണെന്ന് അവനറിയാമായിരുന്നു.
[40] യേശു പരീശനോടു പറഞ്ഞു, “ശിമോനെ, എനിക്കു നിന്നോട് ചിലതു പറയാനുണ്ട്.” ശിമോന്‍ പറഞ്ഞു, “ഗുരോ പറയൂ, ഞാന്‍ ശ്രദ്ധിക്കുകയാണ്.”
[41] യേശു പറഞ്ഞു, “ഒരിടത്ത് രണ്ടു പേരുണ്ടായിരുന്നു. അവര്‍ പണം കടം കൊടുക്കുന്ന ഒരാളുടെ കടക്കാരനായിരുന്നു. ഒരാള്‍ക്ക് അഞ്ഞൂറ് ദിനാറും മറ്റെയാള്‍ക്ക് അന്‍പതു ദിനാറും കടമായിരുന്നു ഉണ്ടായിരുന്നത്.
[42] പണമില്ലാത്തതിനാല്‍ അവര്‍ക്കു കടം വീട്ടുവാനാകുമായിരുന്നില്ല. അപ്പോള്‍ അയാള്‍ രണ്ടാളോടും പണം തിരികെ തരേണ്ടെന്നു പറഞ്ഞു. ഇവരിലാര്‍ക്കാവും അയാളോടു കൂടുതല്‍ സ്നേഹം?”
[43] ശിമോന്‍ പറഞ്ഞു, “കൂടുതല്‍ പണം കടം വാങ്ങിയവനാകും കൂടുതല്‍ സന്തോഷം.” യേശു ശിമോനോടു പറഞ്ഞു, “നീ പറഞ്ഞത് ശരിയാണ്.”
[44] അനന്തരം യേശു ആ സ്ത്രീയുടെ നേര്‍ക്ക് തിരിഞ്ഞ് ശിമോനോടു പറഞ്ഞു, “നീ ഈ സ്ത്രീയെ കാണുന്നുണ്ടോ? ഞാന്‍ നിന്‍റെ വീട്ടില്‍ വന്നപ്പോള്‍ നീയെനിക്കു കാലു കഴുകുവാന്‍ വെള്ളം തന്നില്ല. എന്നാല്‍ ഇവള്‍ തന്‍റെ കണ്ണുനീരു കൊണ്ട് എന്‍റെ കാലു കഴുകുകയും മുടികൊണ്ട് അവ തുടയ്ക്കുകയും ചെയ്തു.
[45] നീ എന്നെ ചുംബിച്ചില്ല. എന്നാല്‍ ഞാനകത്തു കടന്ന സമയം മുതല്‍ ഇവള്‍ എന്‍റെ കാലുകളെ ചുംബിക്കുന്നത് ഒരിക്കലും നിര്‍ത്തിയില്ല.
[46] നീ എന്‍റെ തലയില്‍ തൈലം പുരട്ടി തടവിയില്ല. പക്ഷേ ഇവള്‍ എന്‍റെ പാദങ്ങളില്‍ സുഗന്ധതൈലം പുരട്ടി തടവി.
[47] ഞാന്‍ നിന്നോടു പറയുന്നു. ഇവളുടെ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെട്ടിരിക്കുന്നു. ഇതു വ്യക്തമാണ്. എന്തെന്നാല്‍ അവള്‍ അവളുടെ ആഴമായ സ്നേഹം പ്രകടിപ്പിച്ചു. ആരോടു കുറച്ചു ക്ഷമിക്കുന്നുവോ അയാള്‍ അല്പം സ്നേഹിക്കുന്നു.”
[48] അനന്തരം യേശു അവളോടു പറഞ്ഞു, “നിന്‍റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിരിക്കുന്നു.”
[49] യേശുവിനോടുകൂടെ ഭക്ഷണം കഴിക്കുന്നവര്‍ പറഞ്ഞു, “അവന്‍ ആരാണെന്നാണവന്‍റെ വിചാരം? അവനെങ്ങനെ പാപങ്ങള്‍ പൊറുക്കാന്‍ കഴിയും?”
[50] യേശു ആ സ്ത്രീയോടു പറഞ്ഞു, “നിന്‍റെ വിശ്വാസം നിന്നെ നിന്‍റെ പാപങ്ങളില്‍ നിന്നു രക്ഷിച്ചു. സമാധാനത്തോടെ പോകൂ.”