[1] ഒരു ശബ്ബത്തു ദിവസം യേശു ഒരു പരീശ പ്രമാണിയുടെ വീട്ടില്‍ അയാളോടൊത്തു ഭക്ഷണം കഴിക്കുന്നതിനായി പോയി. അവിടെയുണ്ടായിരുന്നവരെല്ലാം യേശുവിനെ സശ്രദ്ധം വീക്ഷിച്ചു.
[2] ദുഷിച്ച രോഗമുള്ള ഒരാള്‍ യേശുവിനു മുമ്പില്‍ കൊണ്ടുവരപ്പെട്ടു.
[3] യേശു ശാസ്ത്രിമാരോടും പരീശന്മാരോടും ചോദിച്ചു, “ശബ്ബത്തു ദിവസം സുഖപ്പെടുത്തുന്നതു ശരിയോ, തെറ്റോ?”
[4] പക്ഷേ അവര്‍ ആ ചോദ്യത്തിനു മറുപടി പറഞ്ഞില്ല. യേശു അയാളെ സുഖപ്പെടുത്തി പറഞ്ഞയച്ചു.
[5] യേശു പരീശന്മാരോടും ശാസ്ത്രിമാരോടുമായി പറഞ്ഞു, “നിങ്ങളുടെ മകനോ, പണിമൃഗമോ ശബ്ബത്തുദിവസം കിണറ്റില്‍ വീണാല്‍ നിങ്ങള്‍ വേഗം കരയ്ക്കു കയറ്റും.”
[6] പരീശന്മാര്‍ക്കും ശാസ്ത്രിമാര്ക്കും അതിനെതിരായി ഒന്നും പറയാനായില്ല.
[7] അപ്പോള്‍ ചില അതിഥികള്‍ പ്രധാന ഇരിപ്പിടങ്ങള്‍ തേടുന്നത് യേശു ശ്രദ്ധിച്ചു. അവന്‍ ഈ കഥ പറഞ്ഞു,
[8] “ഒരാള്‍ നിങ്ങളെ ഒരു വിവാഹത്തിനു ക്ഷണിച്ചാല്‍ ഏറ്റവും പ്രധാന ഇരിപ്പിടത്തില്‍ ഇരിക്കരുത്. അയാള്‍ നിങ്ങളെക്കാള്‍ പ്രധാനപ്പെട്ട മറ്റൊരാളെ ക്ഷണിച്ചിട്ടുണ്ടാകും.
[9] അപ്പോള്‍ നിങ്ങള്‍ പ്രധാനസ്ഥലത്ത് ഇരിക്കുകയാണെങ്കില്‍ ക്ഷണിച്ചയാള്‍ വന്ന് ഇങ്ങനെ പറയും, ‘നിങ്ങളുടെ ഇരിപ്പിടം ഇദ്ദേഹത്തിനു നല്‍കുക’ എന്ന്. അപ്പോള്‍ നിങ്ങള് ഇരിക്കാന്‍ പോകുന്ന വഴിയില്‍ വിഡ്ഢിയായി കാണപ്പെടും.
[10] “അതിനാല്‍ ഒരാള്‍ നിങ്ങളെ ക്ഷണിച്ചാല്‍ ഒട്ടും പ്രധാനമല്ലാത്ത ഒരു ഇരിപ്പിടത്തില്‍ പോയി ഇരിക്കുക. അപ്പോള്‍ നിങ്ങളെ ക്ഷണിച്ചയാള്‍ വന്നു പറയും, ‘സുഹൃത്തേ, എഴുന്നേറ്റ് ഈ പ്രധാന ഇരിപ്പിടത്തിലേക്കു കടന്നിരിക്കൂ’ എന്ന്. അപ്പോള്‍ മറ്റ് എല്ലാ അതിഥികളും നിങ്ങളെ ബഹുമാനിക്കും.
[11] സ്വയം ഉന്നതനാകുന്നവനെ എളിയവനാക്കും. എന്നാല്‍ എളിയവനായിരിക്കുന്നവനെ ഉന്നതനുമാക്കും.”
[12] അനന്തരം തന്നെ ക്ഷണിച്ച പരീശന്മാരോടായി യേശു പറഞ്ഞു, “നിങ്ങള്‍ മദ്ധ്യാഹ്ന ഭക്ഷണമോ അത്താഴമോ കൊടുക്കുമ്പോള്‍ നിങ്ങളുടെ സഹോദരന്മാരെയോ നിങ്ങളുടെ ബന്ധുക്കളെയോ ധനികരായ നിങ്ങളുടെ അയല്‍ക്കാരെയോ മാത്രം ക്ഷണിക്കരുത്. മറ്റൊരിക്കല്‍ അവര്‍ നിങ്ങളെയും തിരിച്ചു ക്ഷണിക്കാം. അപ്പോള്‍ നിങ്ങള്‍ക്കു തക്ക പ്രതിഫലം കിട്ടിക്കഴിയും.
[13] പകരം, നിങ്ങള്‍ വിരുന്നൊരുക്കുമ്പോള്‍ പാവങ്ങളെയും തളര്‍വ്വാത രോഗികളെയും അന്ധരെയുമൊക്കെ ക്ഷണിക്കൂ.
[14] അപ്പോള്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെടും. എന്തെന്നാല്‍ അവര്‍ നിങ്ങള്‍ക്കൊന്നും തിരികെ തരുന്നില്ല. അവര്‍ ഒന്നുമില്ലാത്തവരാണ്. എന്നാല്‍ നല്ലവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍ നിങ്ങള്‍ക്കു ദൈവരാജ്യത്തില്‍ പ്രതിഫലം കിട്ടും.”
[15] യേശുവിനോടൊപ്പം ഭക്ഷണത്തിനിരുന്നവരില്‍ ഒരാള്‍ ഇതെല്ലാം കേട്ടു. അയാള്‍ യേശുവിനോടു പറഞ്ഞു, “ദൈവ രാജ്യത്തില്‍ ഭക്ഷണം കഴിക്കുന്നവര്‍ സന്തുഷ്ടര്‍.”
[16] യേശു അവരോടു പറഞ്ഞു, “ഒരാള്‍ ഒരു വലിയ വിരുന്നൊരുക്കി. അയാള്‍ അനേകം പേരെ ക്ഷണിച്ചു,
[17] ആഹാരം തയ്യാറായപ്പോള്‍ അയാള്‍ ക്ഷണിക്കപ്പെട്ടവരോട് ‘വരിക, എല്ലാം തയ്യാറായി’ എന്നു പറയാന്‍ ദാസനെ അയച്ചു.
[18] എന്നാല്‍ അതിഥികളെല്ലാം വരാന്‍ മടി കാണിച്ചു. ഓരോരുത്തരും ഓരോ ഒഴികഴിവുകള്‍ പറഞ്ഞു. ഒരാള്‍ പറഞ്ഞു, ‘ഞാന്‍ ഒരു വയല്‍ വാങ്ങിയിട്ടുണ്ട് എനിക്കതു പോയി നോക്കണം. ദയവായി എന്നെ ഒഴിവാക്കുക.’
[19] മറ്റൊരാള്‍ പറഞ്ഞു, ‘ഞാന്‍ അഞ്ചു ജോടി കാളകളെ വാങ്ങി. എനിക്കവയെ പരീക്ഷിച്ചു നോക്കാന്‍ പോകണം. ദയവായി എന്നോടു ക്ഷമിക്കൂ.’
[20] മൂന്നാമന്‍ പറഞ്ഞു, ‘ഞാനിപ്പോള്‍ വിവാഹിതനായതേയുള്ളൂ. എനിക്കു വരാനാകില്ല.’
[21] “അതെല്ലാം കേട്ട് ദാസന്‍ മടങ്ങിച്ചെന്ന് യജമാനനോട് കാര്യങ്ങള്‍ പറഞ്ഞു. അയാള്‍ ദേഷ്യപ്പെട്ട് ദാസനോടു പറഞ്ഞു, ‘വേഗം തെരുവുകളിലേക്കും നഗരത്തിലെ ഊടുവഴികളിലേക്കും പോയി പാവപ്പെട്ടവരെയും തളര്‍വ്വാതരോഗികളെയും അന്ധരെയും മുടന്തരെയും വിളിച്ചുകൊണ്ടുവരിക.’
[22] “പിന്നീട് ദാസന്‍ അയാളോട് പറഞ്ഞു, ‘യജമാനനേ, അങ്ങു കല്പിച്ചതുപോലെ ഞാന്‍ ചെയ്തു. പക്ഷേ ഇനിയും വളരെയേറെപ്പേര്‍ക്ക് ഇരിക്കാന്‍ ഇടമുണ്ട്.’
[23] യജമാനന്‍ ഭൃത്യനോടു പറഞ്ഞു, ‘പെരുവഴികളിലേക്കും നാട്ടു പാതകളിലേക്കും ചെന്ന് എല്ലാവരോടും വരാന്‍ പറയുക. എന്‍റെ വീട് അതിഥികളെക്കൊണ്ട് നിറയണം.
[24] ആദ്യം ക്ഷണിക്കപ്പെട്ടവരില്‍ ആര്‍ക്കും ഇവിടെ ഭക്ഷണമില്ല.’”
[25] ഒരു വലിയ ആള്‍ക്കൂട്ടം യേശുവിനോടൊത്തു യാത്ര ചെയ്തിരുന്നു. യേശു അവരോടു പറഞ്ഞു,
[26] “എന്‍റെ കൂടെ വരുന്നവന്‍ എന്നെക്കാള്‍ അവന്‍റെ പിതാവിനെയും മാതാവിനെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും മാത്രമല്ല തന്നെത്തന്നെയും സ്നേഹിച്ചാല്‍ അയാള്‍ എന്‍റെ ശിഷ്യനായിരിക്കാന്‍ യോഗ്യനല്ല. അവന്‍ അവന്‍റെ എല്ലാറ്റിനെയുംകാള്‍ എന്നെ സ്നേഹിക്കണം.
[27] സ്വന്തം കുരിശു ചുമക്കാതെ എന്നെ അനുഗമിക്കുന്നവന് എന്‍റെ ശിഷ്യനാകാന്‍ കഴിയുകയില്ല.
[28] “നിങ്ങള്‍ ഒരു കെട്ടിടം പണിയാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ആദ്യം അതിനെന്തു ചിലവു വരുമെന്ന് കണക്കു കൂട്ടണം. പണി തീര്‍ക്കാനുള്ളത്ര പണം നിങ്ങളുടെ കൈവശം ഉണ്ടോ എന്നും നിങ്ങള്‍ നോക്കണം.
[29] അങ്ങനെ ചെയ്തില്ലെങ്കില്‍ തുടങ്ങിയ പണി മുഴുപ്പിക്കാന്‍ നിങ്ങള്‍ക്കായെന്നു വരില്ല. പണി തീര്‍ക്കാന്‍ കഴിയാതെ വന്നാല്‍ ആളുകള്‍ നിങ്ങളെ പരിഹസിക്കും.
[30] അവര്‍ പറയും, ‘ഇയാള്‍ വീടുപണി തുടങ്ങി, പക്ഷേ അതു തീര്‍ക്കാനവനു പറ്റിയില്ല’ എന്ന്.
[31] “മറ്റൊരു രാജാവിനെതിരെ യുദ്ധത്തിനു പോകുന്ന ഒരു രാജാവ് ആദ്യം യുദ്ധ മുറകള്‍ ആസൂത്രണം ചെയ്യും. പതിനായിരം പടയാളികളെ തനിക്കുള്ളൂവെങ്കില്‍ ഇരുപതിനായിരം പടയാളികളുള്ള ശത്രുരാജാവിനെ കീഴടക്കാന്‍ തനിക്കാകുമോ എന്നയാള്‍ കണക്കു കൂട്ടും.
[32] പറ്റില്ലെന്നാകില്‍ അദ്ദേഹം മറ്റേ രാജാവുമായി സമാധാനം പുലര്‍ത്തുവാന്‍ ദൂതന്മാര്‍ വഴി ശ്രമിക്കും. അതും ആ രാജാവ് തന്നില്‍ നിന്നും വളരെ അകലെയായിരിക്കുമ്പോള്‍.
[33] “അതുപോലെ നിങ്ങളും ആദ്യം എല്ലാം ആസൂത്രണം ചെയ്യണം. നിങ്ങള്‍ക്കുള്ളതെല്ലാം ഉപേക്ഷിച്ച് എന്നെ പിന്തുടരുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്‍റെ ശിഷ്യനായിരിക്കാന്‍ കഴികയില്ല.
[34] “ഉപ്പു നല്ലതാണ്. പക്ഷേ ഉപ്പിന് അതിന്‍റെ രസം നഷ്ടപ്പെട്ടാല്‍ അതൊന്നിനും കൊള്ളുകയില്ല. നിങ്ങള്‍ക്കതിനെ വീണ്ടും ഉപ്പുള്ളതാക്കാനാകയുമില്ല.
[35] അത് വളത്തിനോ ചെടികള്‍ വളര്‍ത്താനുള്ള മണ്ണിനോ കൊള്ളില്ല. നിങ്ങള്‍ അതു വലിച്ചെറിയും. “ചെവിയുള്ളവരേ കേള്‍ക്കുക.”