[1] യഹോവ മോശെയോട് അരുളിച്ചെയ്തത്:
[2] “ദീപം കൊളുത്തുമ്പോൾ അവ ഏഴും നിലവിളക്കിന്റെ മുൻഭാഗത്തേക്ക് വെളിച്ചം കൊടുക്കണം എന്ന് അഹരോനോട് പറയുക”.
[3] അഹരോൻ അങ്ങനെ ചെയ്തു; യഹോവ മോശെയോട് കല്പിച്ചതുപോലെ തന്നെ അവൻ നിലവിളക്കിന്റെ ദീപം മുൻഭാഗത്തേക്ക് തിരിച്ചുകൊളുത്തി.
[4] നിലവിളക്ക് പണിതത് അടിച്ചുപരത്തിയ പൊന്നുകൊണ്ട് ആയിരുന്നു; അതിന്റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നെ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നെ അവൻ നിലവിളക്ക് ഉണ്ടാക്കി.
[5] യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തതെന്തെന്നാൽ:
[6] “ലേവ്യരെ യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് എടുത്ത് ശുദ്ധീകരിക്കുക.
[7] അവരെ ശുദ്ധീകരിക്കേണ്ടത് ഇപ്രകാരമാണ്: പാപപരിഹാരജലം അവരുടെ മേൽ തളിക്കണം; അവർ സർവാംഗം ക്ഷൗരം ചെയ്ത് വസ്ത്രം അലക്കി തങ്ങളെത്തന്നെ ശുദ്ധീകരിക്കണം.
[8] അതിന്‍റെശേഷം അവർ ഒരു കാളക്കിടാവിനെയും അതിന്റെ ഭോജനയാഗമായി എണ്ണചേർത്ത നേരിയമാവും എടുക്കണം; പാപയാഗത്തിനായി നീ വേറെ ഒരു കാളക്കിടാവിനെയും എടുക്കണം.
[9] ലേവ്യരെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തണം; യിസ്രായേൽ മക്കളുടെ സഭയെ മുഴുവനും ഒരുമിച്ച് കൂട്ടണം.
[10] പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയിൽ നിർത്തണം; യിസ്രായേൽ മക്കൾ ലേവ്യരുടെ മേൽ കൈ വെക്കണം.
[11] യഹോവയുടെ വേല ചെയ്യേണ്ടതിന് അഹരോൻ ലേവ്യരെ യഹോവയുടെ സന്നിധിയിൽ യിസ്രായേൽ മക്കളുടെ നീരാജനയാഗമായി അർപ്പിക്കണം.
[12] ലേവ്യർ കാളക്കിടാക്കളുടെ തലയിൽ കൈ വെക്കണം; പിന്നെ ലേവ്യർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന് നീ യഹോവയ്ക്ക് ഒന്നിനെ പാപയാഗമായും മറ്റേതിനെ ഹോമയാഗമായും അർപ്പിക്കണം.
[13] നീ ലേവ്യരെ അഹരോന്റെയും പുത്രന്മാരുടെയും മുമ്പിൽ നിർത്തി യഹോവയ്ക്ക് നീരാജനയാഗമായി അർപ്പിക്കണം.
[14] ഇങ്ങനെ ലേവ്യരെ യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് വേർതിരിക്കുകയും ലേവ്യർ എനിക്കുള്ളവരായിരിക്കുകയും വേണം.
[15] അതിന്‍റെശേഷം സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന് ലേവ്യർക്ക് അടുത്തുചെല്ലാം; നീ അവരെ ശുദ്ധീകരിച്ച് നീരാജനയാഗമായി അർപ്പിക്കണം.
[16] അവർ യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് എനിക്ക് സാക്ഷാൽ ദാനമായുള്ളവർ; എല്ലായിസ്രായേൽമക്കളിലുമുള്ള ആദ്യജാതന്മാർക്ക് പകരം ഞാൻ അവരെ എനിക്കായി എടുത്തിരിക്കുന്നു.
[17] മനുഷ്യരിലാകട്ടെ മൃഗങ്ങളിലാകട്ടെ യിസ്രായേൽമക്കൾക്കുള്ള കടിഞ്ഞൂൽ എല്ലാം എനിക്കുള്ളത്; ഞാൻ മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകളെ എല്ലാം സംഹരിച്ച നാളിൽ അവയെ എനിക്കായി ശുദ്ധീകരിച്ചു.
[18] എന്നാൽ യിസ്രായേൽ മക്കളിൽ ഉള്ള എല്ലാകടിഞ്ഞൂലുകൾക്കും പകരം ഞാൻ ലേവ്യരെ എടുത്തിരിക്കുന്നു.
[19] യിസ്രായേൽ മക്കൾ വിശുദ്ധമന്ദിരത്തിന് അടുത്തുവരുമ്പോൾ അവരുടെ ഇടയിൽ ബാധയുണ്ടാകാതിരിക്കേണ്ടതിന് സമാഗമനകൂടാരത്തിൽ യിസ്രായേൽ മക്കളുടെ വേലചെയ്യുവാനും യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാനും ലേവ്യരെ ഞാൻ യിസ്രായേൽ മക്കളുടെ ഇടയിൽനിന്ന് അഹരോനും പുത്രന്മാർക്കും ദാനം ചെയ്തിരിക്കുന്നു”.
[20] അങ്ങനെ മോശെയും അഹരോനും യിസ്രായേൽ മക്കളുടെ സഭമുഴുവനും ലേവ്യരെക്കുറിച്ച് യഹോവ മോശെയോട് കല്പിച്ചതുപോലെയൊക്കെയും ലേവ്യർക്ക് ചെയ്തു; അങ്ങനെ തന്നെ യിസ്രായേൽ മക്കൾ അവർക്ക് ചെയ്തു.
[21] ലേവ്യർ അവർക്ക് തന്നെ പാപശുദ്ധിവരുത്തി വസ്ത്രം അലക്കി; അഹരോൻ അവരെ യഹോവയുടെ സന്നിധിയിൽ നീരാജനയാഗമായി അർപ്പിച്ചു; അവരെ ശുദ്ധീകരിക്കേണ്ടതിന് അഹരോൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചു.
[22] അതിന്‍റെശേഷം ലേവ്യർ അഹരോന്റെയും പുത്രന്മാരുടെയും മുമ്പിൽ സമാഗമനകൂടാരത്തിൽ അവരുടെ വേലചെയ്യുവാൻ അടുത്തുചെന്നു; യഹോവ ലേവ്യരെക്കുറിച്ച് മോശെയോട് കല്പിച്ചതുപോലെ തന്നെ അവർ അവർക്ക് ചെയ്തു.
[23] യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
[24] ലേവ്യർക്കുള്ള പ്രമാണം ഇതാകുന്നു: ഇരുപത്തഞ്ച് വയസ്സുമുതൽ അവർ സമാഗമനകൂടാരത്തിലെ വേലചെയ്യുന്ന സേവയിൽ പ്രവേശിക്കണം.
[25] അമ്പതാം വയസ്സിൽ അവർ പതിവായ വേലയിൽനിന്ന് വിരമിക്കണം; പിന്നെ ശുശ്രൂഷയിൽ തുടരണ്ട;
[26] എങ്കിലും സമാഗമനകൂടാരത്തിലെ കർത്തവ്യം നിർവ്വഹിക്കുന്നതിൽ, അവർ അവരുടെ സഹോദരന്മാരെ സഹായിക്കണം; വേല ഒന്നും ചെയ്യണ്ടാ. ലേവ്യരുടെ കാര്യം സംബന്ധിച്ച് നീ ഇങ്ങനെ അവർക്ക് ചെയ്യണം.