[1] യഹോവ പിന്നെയും യെരിഹോവിനെതിരെ യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് മോശെയോട് അരുളിച്ചെയ്തത്:
[2] “യിസ്രായേൽ മക്കൾ അവരുടെ അവകാശത്തിൽനിന്ന് ലേവ്യർക്ക് വസിക്കുവാൻ പട്ടണങ്ങൾ കൊടുക്കണമെന്ന് അവരോട് കല്പിക്കുക; പട്ടണങ്ങളോടുകൂടി അവയുടെ പുല്പുറവും നിങ്ങൾ ലേവ്യർക്ക് കൊടുക്കണം.
[3] പട്ടണങ്ങൾ അവർക്ക് പാർപ്പിടവും, അവയുടെ പുല്പുറങ്ങൾ ആടുമാടുകൾക്കും സകല മൃഗസമ്പത്തിനും ആയിരിക്കണം.
[4] നിങ്ങൾ ലേവ്യർക്ക് നൽകേണ്ട പുല്പുറങ്ങൾ: പട്ടണത്തിന്റെ മതിലിൽതുടങ്ങി പുറത്തേക്ക് ചുറ്റും ആയിരം മുഴം വിസ്താരം ആയിരിക്കണം.
[5] പട്ടണം മദ്ധ്യത്തിലാക്കി അതിന് പുറമെ കിഴക്കോട്ട് രണ്ടായിരം മുഴവും തെക്കോട്ട് രണ്ടായിരം മുഴവും പടിഞ്ഞാറോട്ട് രണ്ടായിരം മുഴവും വടക്കോട്ട് രണ്ടായിരം മുഴവും അളക്കണം; ഇത് അവർക്ക് പട്ടണങ്ങളുടെ പുല്പുറം ആയിരിക്കണം.
[6] നിങ്ങൾ ലേവ്യർക്ക് കൊടുക്കുന്ന പട്ടണങ്ങളിൽ ആറ് സങ്കേതനഗരങ്ങളായിരിക്കണം; കൊലചെയ്തവൻ അവിടേക്ക് ഓടിപ്പോകേണ്ടതിന് നിങ്ങൾ അവയെ അവനുവേണ്ടി വേർതിരിക്കണം; ഇവ കൂടാതെ നിങ്ങൾ വേറെയും നാല്പത്തിരണ്ട് പട്ടണങ്ങൾ കൊടുക്കണം.
[7] അങ്ങനെ നിങ്ങൾ ലേവ്യർക്ക് കൊടുക്കുന്ന പട്ടണങ്ങൾ എല്ലാംകൂടി നാല്പത്തിയെട്ട് ആയിരിക്കണം; അവയും അവയുടെ പുല്പുറങ്ങളും കൊടുക്കണം.
[8] യിസ്രായേൽ മക്കളുടെ അവകാശത്തിൽനിന്ന് ജനം ഏറെയുള്ളവർക്ക് ഏറെയും ജനം കുറഞ്ഞവർക്ക് കുറവും പട്ടണങ്ങൾ കൊടുക്കണം; ഓരോ ഗോത്രം തനിക്ക് ലഭിക്കുന്ന അവകാശത്തിന് ഒത്തവണ്ണം ലേവ്യർക്ക് പട്ടണങ്ങൾ കൊടുക്കണം”.
[9] യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
[10] “നീ യിസ്രായേൽ മക്കളോട് പറയേണ്ടത്: ‘നിങ്ങൾ യോർദ്ദാൻ കടന്ന് കനാൻദേശത്ത് എത്തിയശേഷം
[11] ചില പട്ടണങ്ങൾ സങ്കേതനഗരങ്ങളായി വേർതിരിക്കണം; അബദ്ധവശാൽ ഒരുവനെ കൊന്നുപോയവൻ അവിടേക്ക് ഓടിപ്പോകണം.
[12] കൊലചെയ്തവൻ സഭയുടെ മുമ്പാകെ വിസ്താരത്തിന് നില്‍ക്കുംവരെ അവൻ പ്രതികാരകന്റെ കയ്യാൽ മരിക്കാതിരിക്കേണ്ടതിന് അവ സങ്കേതനഗരങ്ങൾ ആയിരിക്കണം.
[13] നിങ്ങൾ കൊടുക്കുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരങ്ങൾ ആയിരിക്കണം.
[14] യോർദ്ദാന് അക്കരെ മൂന്ന് പട്ടണവും കനാൻദേശത്ത് മൂന്ന് പട്ടണവും കൊടുക്കണം; അവ സങ്കേതനഗരങ്ങൾ ആയിരിക്കണം.
[15] അബദ്ധവശാൽ ഒരുവനെ കൊല്ലുന്നവൻ അവിടേക്ക് ഓടിപ്പോകേണ്ടതിന് ഈ ആറ് പട്ടണം യിസ്രായേൽമക്കൾക്കും പരദേശിക്കും വന്നു പാർക്കുന്നവനും സങ്കേതം ആയിരിക്കണം.
[16] എന്നാൽ ആരെങ്കിലും ഇരുമ്പായുധംകൊണ്ട് ഒരുവനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കണം.
[17] മരിക്കുവാൻ തക്കവണ്ണം ആരെങ്കിലും ഒരുവനെ കല്ലെറിഞ്ഞിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കണം.
[18] അല്ലെങ്കിൽ മരിക്കുവാൻ തക്കവണ്ണം ആരെങ്കിലും കയ്യിലിരുന്ന മരയായുധംകൊണ്ട് ഒരുവനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവൻ കൊലപാതകൻ; കൊലപാതകൻ മരണശിക്ഷ അനുഭവിക്കണം.
[19] രക്തപ്രതികാരകൻ തന്നെ കൊലപാതകനെ കൊല്ലണം; അവനെ കണ്ടുമുട്ടുമ്പോൾ അവനെ കൊല്ലണം.
[20] ആരെങ്കിലും വിദ്വേഷം നിമിത്തം ഒരുവനെ കുത്തുകയോ കരുതിക്കൂട്ടി അവന്റെമേൽ വല്ലതും എറിയുകയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ,
[21] അല്ലെങ്കിൽ ശത്രുതയാൽ കൈകൊണ്ട് അവനെ അടിച്ചിട്ട് അവൻ മരിച്ചുപോയാൽ അവനെ കൊന്നവൻ മരണശിക്ഷ അനുഭവിക്കണം. അവൻ കൊലപാതകൻ; രക്തപ്രതികാരകൻ കൊലപാതകനെ കണ്ടുമുട്ടുമ്പോൾ കൊന്നുകളയണം.
[22] എന്നാൽ ആരെങ്കിലും ശത്രുതകൂടാതെ പെട്ടെന്ന് ഒരുവനെ കുത്തുകയോ മനഃപൂർവ്വം അല്ലാതെ വല്ലതും അവന്റെമേൽ എറിയുകയോ,
[23] അവന് ശത്രുവായിരിക്കാതെയും അവന് ദോഷം വിചാരിക്കാതെയും അവൻ മരിക്കുവാൻ തക്കവണ്ണം അവനെ കാണാതെ കല്ല് എറിയുകയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ
[24] കൊലചെയ്തവനും രക്തപ്രതികാരകനും മദ്ധ്യത്തിൽ ഈ ന്യായങ്ങൾ അനുസരിച്ച് സഭ വിധിക്കണം.
[25] കൊല ചെയ്തവനെ സഭ രക്തപ്രതികാരകന്റെ കൈയിൽനിന്ന് രക്ഷിക്കണം; അവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്ക് അവനെ മടക്കി അയയ്ക്കണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കണം.
[26] എന്നാൽ കൊലചെയ്തവൻ ഓടിപ്പോയിരുന്ന സങ്കേതനഗരത്തിന്റെ അതിരു വിട്ട് പുറത്തുവരികയും
[27] അവനെ അവന്റെ സങ്കേതനഗരത്തിന്റെ അതിരിനു പുറത്തുവച്ച് കണ്ട് രക്തപ്രതികാരകൻ കൊല ചെയ്തവനെ കൊല്ലുകയും ചെയ്താൽ അവന് രക്തപാതകം ഇല്ല.
[28] അവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടിയിരുന്നു; എന്നാൽ കൊല ചെയ്തവന് മഹാപുരോഹിതന്റെ മരണശേഷം തന്റെ അവകാശഭൂമിയിലേക്ക് മടങ്ങിപ്പോകാം.
[29] ഇത് നിങ്ങൾക്ക് തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ന്യായവിധിക്കുള്ള പ്രമാണം ആയിരിക്കണം.
[30] ആരെങ്കിലും ഒരുവനെ കൊന്നാൽ കൊലപാതകൻ സാക്ഷികളുടെ വാമൊഴിപ്രകാരം മരണശിക്ഷ അനുഭവിക്കണം; എന്നാൽ ഒരു മനുഷ്യന്റെ നേരെ മരണശിക്ഷയ്ക്ക് ഏകസാക്ഷിയുടെ മൊഴി മതിയാകുന്നതല്ല.
[31] മരണയോഗ്യനായ കൊലപാതകന്റെ ജീവനുവേണ്ടി നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുത്; അവൻ മരണശിക്ഷ തന്നെ അനുഭവിക്കണം.
[32] സങ്കേതനഗരത്തിലേക്ക് ഓടിപ്പോയവൻ പുരോഹിതന്റെ മരണത്തിനു മുമ്പെ നാട്ടിൽ മടങ്ങിവന്ന് പാർക്കേണ്ടതിനും നിങ്ങൾ വീണ്ടെടുപ്പുവില വാങ്ങരുത്.
[33] നിങ്ങൾ പാർക്കുന്ന ദേശം അങ്ങനെ അശുദ്ധമാക്കരുത്; രക്തം ദേശത്തെ അശുദ്ധമാക്കുന്നു; ദേശത്ത് ചൊരിഞ്ഞ രക്തത്തിനുവേണ്ടി രക്തം ചൊരിയിച്ചവന്റെ രക്തത്താൽ അല്ലാതെ ദേശത്തിന് പ്രായശ്ചിത്തം സാദ്ധ്യമല്ല.
[34] അതുകൊണ്ട് ഞാൻ അധിവസിക്കുന്ന നിങ്ങളുടെ പാർപ്പിടമായ ദേശം അശുദ്ധമാക്കരുത്; യിസ്രായേൽ മക്കളുടെ മദ്ധ്യേ യഹോവയായ ഞാൻ അധിവസിക്കുന്നു”.