Skip to content
Opens in a new window
Listen to this chapter • 4:21

[1] യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:

[2] യിസ്രായേൽ മക്കൾ എല്ലാവരും അവരവരുടെ ഗോത്രത്തിന്റെ ചിഹ്നമുള്ള കൊടിക്കരികിൽ പാളയമിറങ്ങണം; സമാഗമനകൂടാരത്തിനെതിരായി ചുറ്റും അവർ പാളയമിറങ്ങണം.

[3] യെഹൂദാപാളയത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി കിഴക്ക് സൂര്യോദയത്തിന് അഭിമുഖമായി പാളയമിറങ്ങണം; യെഹൂദയുടെ മക്കൾക്ക് അമ്മീനാദാബിന്റെ മകൻ നഹശോൻ പ്രഭു ആയിരിക്കണം.

[4] അവന്റെ ഗണം ആകെ എഴുപത്തിനാലായിരത്തി അറുനൂറ് പേർ.

[5] അവന്റെ അരികെ യിസ്സാഖാർഗോത്രം പാളയമിറങ്ങണം; യിസ്സാഖാരിന്റെ മക്കൾക്ക് സൂവാരിന്റെ മകൻ നെഥനയേൽ പ്രഭു ആയിരിക്കണം.

[6] അവന്റെ ഗണം ആകെ അമ്പത്തിനാലായിരത്തി നാനൂറ് പേർ.

[7] പിന്നെ സെബൂലൂൻ ഗോത്രം; സെബൂലൂന്റെ മക്കൾക്ക് ഹോലോന്റെ മകൻ എലീയാബ് പ്രഭു ആയിരിക്കണം.

[8] അവന്റെ ഗണം ആകെ അമ്പത്തേഴായിരത്തി നാനൂറ് പേർ.

[9] യെഹൂദാപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി എൺപത്താറായിരത്തി നാനൂറ് പേർ. ഇവർ ആദ്യം പുറപ്പെടണം.

[10] രൂബേൻപാളയത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി തെക്കുഭാഗത്ത് പാളയമിറങ്ങണം; രൂബേന്റെ മക്കൾക്ക് ശെദേയൂരിന്റെ മകൻ എലീസൂർ പ്രഭു ആയിരിക്കണം.

[11] അവന്റെ ഗണം ആകെ നാല്പത്താറായിരത്തി അഞ്ഞൂറ് പേർ.

[12] അവന്റെ അരികെ ശിമെയോൻഗോത്രം പാളയമിറങ്ങണം; ശിമെയോന്റെ മക്കൾക്ക് സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ പ്രഭു ആയിരിക്കണം.

[13] അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറ് പേർ.

[14] പിന്നെ ഗാദ്ഗോത്രം; ഗാദിന്റെ മക്കൾക്ക് രെയൂവേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കണം.

[15] അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തി അറുനൂറ്റി അമ്പത് പേർ.

[16] രൂബേൻ പാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി അമ്പത്തോരായിരത്തി നാനൂറ്റി അമ്പത് പേർ. അവർ രണ്ടാമതായി പുറപ്പെടണം.

[17] പിന്നെ സമാഗമനകൂടാരം പാളയത്തിന്റെ നടുവിൽ ലേവ്യരുടെ പാളയവുമായി യാത്ര ചെയ്യണം; അവർ പാളയമിറങ്ങുന്നതുപോലെ തന്നെ അവരവരുടെ കൊടിക്കരികിൽ യഥാക്രമം പുറപ്പെടണം.

[18] എഫ്രയീംപാളയത്തിന്റെ കൊടിക്കീഴുള്ളവർ ഗണംഗണമായി പടിഞ്ഞാറെ ഭാഗത്ത് പാളയമിറങ്ങണം; എഫ്രയീമിന്റെ മക്കൾക്ക് അമ്മീഹൂദിന്റെ മകൻ എലീശാമാ പ്രഭു ആയിരിക്കണം.

[19] അവന്റെ ഗണം ആകെ നാല്പതിനായിരത്തി അഞ്ഞൂറ് പേർ.

[20] അവന്റെ അരികെ മനശ്ശെഗോത്രം പാളയമിറങ്ങണം; മനശ്ശെയുടെ മക്കൾക്ക് പെദാസൂരിന്റെ മകൻ ഗമലീയേൽ പ്രഭു ആയിരിക്കണം.

[21] അവന്റെ ഗണം ആകെ മുപ്പത്തീരായിരത്തി ഇരുനൂറ് പേർ.

[22] പിന്നെ ബെന്യാമീൻ ഗോത്രം പാളയമിറങ്ങണം; ബെന്യാമീന്റെ മക്കൾക്ക് ഗിദെയോനിയുടെ മകൻ അബീദാൻ പ്രഭു ആയിരിക്കണം.

[23] അവന്റെ ഗണം ആകെ മുപ്പത്തയ്യായിരത്തി നാനൂറ് പേർ.

[24] എഫ്രയീംപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി എണ്ണായിരത്തി ഒരുനൂറ് പേർ. അവർ മൂന്നാമതായി പുറപ്പെടണം.

[25] ദാൻപാളയത്തിന്റെ കൊടിക്കീഴിലുള്ളവർ ഗണംഗണമായി വടക്കെഭാഗത്ത് പാളയമിറങ്ങണം; ദാന്റെ മക്കൾക്ക് അമ്മീശദ്ദായിയുടെ മകൻ അഹീയേസർ പ്രഭു ആയിരിക്കണം.

[26] അവന്റെ ഗണം ആകെ അറുപത്തീരായിരത്തി എഴുനൂറ് പേർ.

[27] അവന്റെ അരികിൽ ആശേർഗോത്രം പാളയമിറങ്ങണം; ആശേരിന്റെ മക്കൾക്ക് ഒക്രാന്റെ മകൻ പഗീയേൽ പ്രഭു ആയിരിക്കണം.

[28] അവന്റെ ഗണം ആകെ നാല്പത്തോരായിരത്തി അഞ്ഞൂറ് പേർ.

[29] പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങണം; നഫ്താലിയുടെ മക്കൾക്ക് ഏനാന്റെ മകൻ അഹീര പ്രഭു ആയിരിക്കണം.

[30] അവന്റെ ഗണം ആകെ അമ്പത്തിമൂവായിരത്തിനാനൂറ് പേർ.

[31] ദാൻപാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരുലക്ഷത്തി അമ്പത്തേഴായിരത്തി അറുനൂറ് പേർ. അവർ അവരുടെ കൊടികളോടുകൂടി ഒടുവിൽ പുറപ്പെടണം.

[32] യിസ്രായേൽ മക്കളിൽ ഗോത്രംഗോത്രമായി എണ്ണപ്പെട്ടവർ ഇവർ തന്നെ. പാളയങ്ങളിൽ ഗണംഗണമായി എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തി അഞ്ഞുറ്റി അമ്പത് പേർ ആയിരുന്നു.

[33] എന്നാൽ യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കളുടെ കൂട്ടത്തിൽ ലേവ്യരെ എണ്ണിയില്ല.

[34] യഹോവ മോശെയോട് കല്പിച്ചതുപോലെ എല്ലാം യിസ്രായേൽ മക്കൾ ചെയ്തു; അങ്ങനെ തന്നെ അവർ അവരവരുടെ കൊടിക്കരികിൽ പാളയമിറങ്ങി; അങ്ങനെ അവർ കുടുംബംകുടുംബമായും കുലംകുലമായും പുറപ്പെട്ടു.

സംഖ്യാപുസ്തകം — Chapters