[1] അനന്തരം യഹോവയ്ക്ക് അനിഷ്ടം തോന്നത്തക്കവിധം ജനം പിറുപിറുത്തു; യഹോവ അത് കേട്ട് അവിടുത്തെ കോപം ജ്വലിച്ചു; യഹോവയുടെ തീ അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അറ്റങ്ങളിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു.
[2] ജനം മോശെയോടു നിലവിളിച്ചു; മോശെ യഹോവയോട് പ്രാർത്ഥിച്ചു: അപ്പോൾ തീ കെട്ടുപോയി.
[3] യഹോവയുടെ തീ അവരുടെ ഇടയിൽ കത്തുകയാൽ ആ സ്ഥലത്തിന് തബേരാ എന്ന് പേരായി.
[4] പിന്നെ അവരുടെ ഇടയിലുള്ള സമ്മിശ്രജാതി ദുരാഗ്രഹികളായി; യിസ്രായേൽമക്കളും വീണ്ടും കരഞ്ഞുകൊണ്ട്: “ഞങ്ങൾക്ക് തിന്നുവാൻ ഇറച്ചി ആര് തരും?
[5] ഞങ്ങൾ ഈജിപ്റ്റിൽവെച്ച് വിലകൂടാതെ തിന്നിട്ടുള്ള മത്സ്യം, വെള്ളരിക്കാ, മത്തങ്ങാ, ഉള്ളി, ചുവന്നുള്ളി, ചിറ്റുള്ളി എന്നിവ ഞങ്ങൾ ഓർക്കുന്നു.
[6] ഇപ്പോഴോ ഞങ്ങളുടെ പ്രാണൻ ഉണങ്ങിവരണ്ടിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണുവാനില്ല എന്ന് പറഞ്ഞു.
[7] മന്നയോ കൊത്തമല്ലി പോലെയും അതിന്റെ നിറം ഗുല്ഗുലുവിന്റേതുപോലെയും ആയിരുന്നു.
[8] ജനം നടന്ന് പെറുക്കി തിരികല്ലിൽ പൊടിച്ചോ ഉരലിൽ ഇടിച്ചോ കലത്തിൽ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്റെ രുചി എണ്ണചേർത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു.
[9] രാത്രി പാളയത്തിൽ മഞ്ഞ് പൊഴിയുമ്പോൾ മന്നയും പൊഴിയും.
[10] ജനം കുടുംബംകുടുംബമായി ഓരോരുത്തൻ സ്വന്തം കൂടാരവാതില്ക്കൽവച്ച് കരയുന്നത് മോശെ കേട്ടു; യഹോവയുടെ കോപം ഏറ്റവും ജ്വലിച്ചു; മോശെക്കും അനിഷ്ടമായി.
[11] അപ്പോൾ മോശെ യഹോവയോട് പറഞ്ഞത്: “അങ്ങ് അടിയനെ വലച്ചത് എന്ത്? എന്നോട് കൃപ തോന്നാതെ ഈ സർവജനത്തിന്റെയും ഭാരം അങ്ങ് എന്റെ മേൽ വച്ചതെന്ത്?
[12] മുലകുടിക്കുന്ന കുഞ്ഞിനെ ഒരു ധാത്രി എടുക്കുന്നതുപോലെ ഞാൻ അവരെ അങ്ങ് അവരുടെ പിതാക്കന്മാരോട് സത്യംചെയ്ത ദേശത്തേക്ക് എന്റെ മാറത്തെടുത്തുകൊണ്ട് പോകണമെന്ന് എന്നോട് കല്പിക്കുവാൻ ഈ ജനത്തെ മുഴുവനും ഞാൻ ഗർഭംധരിച്ചുവോ? ഞാൻ അവരെ പ്രസവിച്ചുവോ?
[13] ഈ ജനത്തിന് എല്ലാവർക്കും കൊടുക്കുവാൻ എനിക്ക് എവിടെനിന്ന് ഇറച്ചി കിട്ടും? അവർ ഇതാ: ‘ഞങ്ങൾക്ക് തിന്നുവാൻ ഇറച്ചി തരുക’ എന്ന് എന്നോട് പറഞ്ഞ് കരയുന്നു.
[14] ഏകനായി ഈ സർവജനത്തെയും വഹിക്കുവാൻ എന്നെക്കൊണ്ട് കഴിയുന്നതല്ല; അത് എനിക്ക് അതിഭാരം ആകുന്നു.
[15] ഇങ്ങനെ എന്നോട് ചെയ്യുന്ന പക്ഷം ദയവിചാരിച്ച് എന്നെ കൊന്നുകളയണമേ. എന്റെ അരിഷ്ടത ഞാൻ കാണരുതേ”.
[16] അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “യിസ്രായേൽമൂപ്പന്മാരിൽവച്ച് ജനത്തിന് പ്രമാണികളും മേൽവിചാരകന്മാരും ആയി നീ അറിയുന്ന എഴുപത് പുരുഷന്മാരെ സമാഗമനകൂടാരത്തിനരികെ നിന്നോടുകൂടെ നില്ക്കേണ്ടതിന് എന്റെ അടുക്കൽ കൂട്ടിക്കൊണ്ട് വരുക.
[17] അവിടെ ഞാൻ ഇറങ്ങിവന്ന് നിന്നോട് അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്ത് അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന് അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.
[18] എന്നാൽ ജനത്തോട് നീ പറയേണ്ടത്: ‘നാളത്തേക്ക് നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിൻ; എന്നാൽ നിങ്ങൾ ഇറച്ചി തിന്നും; ഞങ്ങൾക്ക് തിന്നുവാൻ ഇറച്ചി ആര് തരും? ഈജിപ്റ്റിൽ ഞങ്ങൾക്ക് നന്നായിരുന്നു എന്ന് നിങ്ങൾ പറഞ്ഞ് യഹോവ കേൾക്കെ കരഞ്ഞുവല്ലോ; ആകയാൽ യഹോവ നിങ്ങൾക്ക് ഇറച്ചി തരുകയും നിങ്ങൾ തിന്നുകയും ചെയ്യും.
[19] ഒരു ദിവസമല്ല, രണ്ട് ദിവസമല്ല, അഞ്ച് ദിവസമല്ല, പത്ത് ദിവസമല്ല, ഇരുപത് ദിവസവുമല്ല, ഒരു മാസം മുഴുവനും തന്നെ;
[20] അത് നിങ്ങളുടെ മൂക്കിൽകൂടി പുറപ്പെട്ട് നിങ്ങൾക്ക് ഓക്കാനം വരുവോളം നിങ്ങൾ തിന്നും; നിങ്ങളുടെ ഇടയിൽ ഉള്ള യഹോവയെ നിങ്ങൾ നിരസിക്കുകയും, ‘ഞങ്ങൾ ഈജിപ്റ്റിൽ നിന്ന് എന്തിന് പുറപ്പെട്ടുപോന്നു’ എന്ന് പറഞ്ഞ് അവിടുത്തെ മുമ്പാകെ കരയുകയും ചെയ്തിരിക്കുന്നുവല്ലോ”.
[21] അപ്പോൾ മോശെ: “എന്നോടുകൂടി ജനം ആറുലക്ഷം കാലാൾ ഉണ്ട്; ഒരു മാസം മുഴുവൻ തിന്നുവാൻ ഞാൻ അവർക്ക് ഇറച്ചി കൊടുക്കുമെന്ന് അങ്ങ് അരുളിച്ചെയ്യുന്നു.
[22] അവർക്ക് മതിയാകുംവണ്ണം ആടുകളെയും മാടുകളെയും അവർക്കുവേണ്ടി അറുക്കുമോ? അവർക്ക് മതിയാകുംവണ്ണം സമുദ്രത്തിലെ മത്സ്യം ഒക്കെയും അവർക്കുവേണ്ടി പിടിച്ചുകൂട്ടുമോ” എന്ന് ചോദിച്ചു.
[23] യഹോവ മോശെയോട്: “യഹോവയുടെ കൈ കുറുതായിപ്പോയോ? എന്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്ന് നീ ഇപ്പോൾ കാണും” എന്ന് കല്പിച്ചു.
[24] അങ്ങനെ മോശെ ചെന്ന് യഹോവയുടെ വചനങ്ങൾ ജനത്തോട് പറഞ്ഞ്, ജനത്തിന്റെ മൂപ്പന്മാരിൽ എഴുപത് പുരുഷന്മാരെ കൂട്ടി കൂടാരത്തിന്റെ ചുറ്റിലും നിർത്തി.
[25] അനന്തരം യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോട് അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്ത് മൂപ്പന്മാരായ ആ എഴുപത് പുരുഷന്മാർക്കു കൊടുത്തു; ആത്മാവ് അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നീട് അങ്ങനെ ചെയ്തില്ല.
[26] എന്നാൽ ആ പുരുഷന്മാരിൽ രണ്ടുപേർ പാളയത്തിൽ തന്നെ താമസിച്ചിരുന്നു; ഒരുവന് എൽദാദ് എന്നും മറ്റവന് മേദാദ് എന്നും പേര്. ആത്മാവ് അവരുടെമേലും ആവസിച്ചു; അവരും പേരെഴുതിയവരിൽ ഉള്ളവർ ആയിരുന്നു എങ്കിലും കൂടാരത്തിലേക്ക് ചെന്നിരുന്നില്ല; അവർ പാളയത്തിൽവച്ച് പ്രവചിച്ചു.
[27] അപ്പോൾ ഒരു യുവാവ് മോശെയുടെ അടുക്കൽ ഓടിച്ചെന്നു: “എൽദാദും മേദാദും പാളയത്തിൽവച്ച് പ്രവചിക്കുന്നു” എന്ന് അറിയിച്ചു.
[28] അപ്പോൾ നൂന്റെ മകനും ബാല്യംമുതൽ മോശെയുടെ ശുശ്രൂഷക്കാരനും ആയിരുന്ന യോശുവ: “എന്റെ യജമാനനായ മോശെയേ, അവരെ വിരോധിക്കണമേ” എന്ന് പറഞ്ഞു.
[29] മോശെ അവനോട്: “എന്നെ വിചാരിച്ച് നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം എല്ലാവരും പ്രവാചകന്മാരാകുകയും യഹോവ തന്റെ ആത്മാവിനെ അവരുടെ മേൽ പകരുകയും ചെയ്തെങ്കിൽ കൊള്ളാമായിരുന്നു” എന്ന് പറഞ്ഞു.
[30] പിന്നെ മോശെയും യിസ്രായേൽ മൂപ്പന്മാരും പാളയത്തിൽ വന്നുചേർന്നു.
[31] അനന്തരം യഹോവ അയച്ച ഒരു കാറ്റ് ഊതി കടലിൽനിന്ന് കാടയെ കൊണ്ടുവന്ന് പാളയത്തിന്റെ സമീപത്ത് ഒരു ദിവസത്തെ വഴി ഇങ്ങോട്ടും ഒരു ദിവസത്തെ വഴി അങ്ങോട്ടും ഇങ്ങനെ പാളയത്തിന്റെ ചുറ്റിലും നിലത്തോട് ഏകദേശം രണ്ടു മുഴം ഉയരത്തിൽ പറന്നുനില്ക്കുമാറാക്കി.
[32] ജനം എഴുന്നേറ്റ് അന്ന് പകൽ മുഴുവനും രാത്രിമുഴുവനും പിറ്റന്നാൾ മുഴുവനും കാടയെ പിടിച്ചുകൂട്ടി; നന്നാ കുറച്ച് പിടിച്ചവൻ പത്ത് പറ പിടിച്ചുകൂട്ടി; അവർ അവയെ പാളയത്തിന്റെ ചുറ്റിലും നിരത്തി.
[33] എന്നാൽ ഇറച്ചി അവരുടെ പല്ലിനിടയിൽ ഇരിക്കുമ്പോൾ, അത് ചവച്ചിറക്കും മുമ്പ് തന്നെ യഹോവയുടെ കോപം ജനത്തിന്റെ നേരെ ജ്വലിച്ചു, യഹോവ ജനത്തെ ഒരു മഹാബാധകൊണ്ടു സംഹരിച്ചു.
[34] ദുരാഗ്രഹികളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടതുകൊണ്ട് ആ സ്ഥലത്തിന് കിബ്രോത്ത്-ഹത്താവ എന്ന് പേരായി.
[35] കിബ്രോത്ത്-ഹത്താവ വിട്ട് ജനം ഹസേരോത്തിലേക്ക് പുറപ്പെട്ട് ഹസേരോത്തിൽ പാർത്തു.