[1] “ഏഴാം മാസം ഒന്നാം തീയതി വിശുദ്ധസഭായോഗം കൂടണം; അന്ന് വേലയൊന്നും ചെയ്യരുത്; അത് നിങ്ങൾക്ക് കാഹളനാദോത്സവം ആകുന്നു.
[2] അന്ന് നിങ്ങൾ യഹോവയ്ക്ക് സൗരഭ്യവാസനയായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാട് എന്നിവയെ ഹോമയാഗമായി അർപ്പിക്കണം.
[3] അവയുടെ ഭോജനയാഗം എണ്ണചേർത്ത മാവ് കാളയ്ക്ക് മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും,
[4] ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഒരു ഇടങ്ങഴി വീതവും ആയിരിക്കണം.
[5] നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുവാൻ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
[6] അമാവാസിയിലെ ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും ദിനംതോറുമുള്ള ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അവയുടെ നിയമപ്രകാരമുള്ള പാനീയയാഗങ്ങൾക്കും പുറമെ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ഇവ അർപ്പിക്കണം.
[7] ഏഴാം മാസം പത്താം തീയതി വിശുദ്ധസഭായോഗം കൂടണം; അന്ന് നിങ്ങൾ നിങ്ങളെ തന്നെ താഴ്ത്തണം; വേലയൊന്നും ചെയ്യരുത്.
[8] എന്നാൽ യഹോവയ്ക്ക് സുഗന്ധവാസനയായ ഹോമയാഗമായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സ് പ്രായമുള്ള ഏഴ് കുഞ്ഞാട് എന്നിവ അർപ്പിക്കണം.
[9] അവയുടെ ഭോജനയാഗം എണ്ണചേർത്ത മാവ് കാളയ്ക്ക് മൂന്നിടങ്ങഴിയും ആട്ടുകൊറ്റന് രണ്ടിടങ്ങഴിയും
[10] ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിന് ഒരു ഇടങ്ങഴി വീതവും ആയിരിക്കണം.
[11] പ്രായശ്ചിത്തയാഗത്തിനും നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
[12] ഏഴാം മാസം പതിനഞ്ചാം തീയതി വിശുദ്ധസഭായോഗം കൂടണം; അന്ന് വേലയൊന്നും ചെയ്യരുത്; ഏഴ് ദിവസം യഹോവയ്ക്ക് ഉത്സവം ആചരിക്കണം.
[13] നിങ്ങൾ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ഊനമില്ലാത്ത പതിമൂന്ന് കാളക്കിടാവിനെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും ഹോമയാഗമായി അർപ്പിക്കണം.
[14] അവയുടെ ഭോജനയാഗം പതിമൂന്ന് കാളകളിൽ ഓരോന്നിന് എണ്ണചേർത്ത മാവ് മൂന്നിടങ്ങഴി വീതവും രണ്ട് ആട്ടുകൊറ്റനിൽ ഓരോന്നിന് രണ്ടിടങ്ങഴി വീതവും
[15] പതിനാല് കുഞ്ഞാടുകളിൽ ഓരോന്നിനും ഓരോ ഇടങ്ങഴി വീതവും ആയിരിക്കണം.
[16] നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അതിന്റെ പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
[17] രണ്ടാംദിവസം നിങ്ങൾ പന്ത്രണ്ട് കാളക്കിടാവിനെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.
[18] അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം.
[19] നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
[20] മൂന്നാംദിവസം ഊനമില്ലാത്ത പതിനൊന്ന് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.
[21] അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം.
[22] നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
[23] നാലാം ദിവസം ഊനമില്ലാത്ത പത്ത് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.
[24] അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം.
[25] നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
[26] അഞ്ചാം ദിവസം ഊനമില്ലാത്ത ഒമ്പത് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.
[27] അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം.
[28] നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
[29] ആറാം ദിവസം ഊനമില്ലാത്ത എട്ട് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.
[30] അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം.
[31] നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
[32] ഏഴാം ദിവസം ഊനമില്ലാത്ത ഏഴ് കാളയെയും രണ്ട് ആട്ടുകൊറ്റനെയും ഒരു വയസ്സ് പ്രായമുള്ള പതിനാല് കുഞ്ഞാടിനെയും അർപ്പിക്കണം.
[33] അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം.
[34] നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
[35] എട്ടാം ദിവസം നിങ്ങൾ വിശുദ്ധസഭായോഗം കൂടണം; അന്ന് വേലയൊന്നും ചെയ്യരുത്.
[36] എന്നാൽ യഹോവയ്ക്ക് സൗരഭ്യവാസനയായ ദഹനയാഗമായി ഊനമില്ലാത്ത ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും ഒരു വയസ്സു പ്രായമുള്ള ഏഴ് കുഞ്ഞാടിനെയും ഹോമയാഗം കഴിക്കണം.
[37] അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയുടെ എണ്ണം പോലെയും നിയമം പോലെയും ആയിരിക്കണം.
[38] നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗങ്ങൾക്കും പുറമെ പാപയാഗത്തിനായി ഒരു കോലാട്ടുകൊറ്റനും വേണം.
[39] ഇവയെ നിങ്ങൾ നിങ്ങളുടെ നേർച്ചകളും സ്വമേധാദാനങ്ങളുമായ ഹോമയാഗങ്ങൾക്കും ഭോജനയാഗങ്ങൾക്കും പാനീയയാഗങ്ങൾക്കും പുറമെ നിങ്ങളുടെ ഉത്സവങ്ങളിൽ യഹോവയ്ക്ക് അർപ്പിക്കണം”.
[40] യഹോവ മോശെയോട് കല്പിച്ചത് സകലവും മോശെ യിസ്രായേൽ മക്കളോട് പറഞ്ഞു.