[1] യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:
[2] “ലേവ്യഗോത്രത്തിൽ കെഹാത്യകുലത്തിൽ മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ പ്രായമുള്ള, സമാഗമനകൂടാരത്തിൽ
[3] വേലചെയ്യുവാൻ സേവയിൽ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി സംഖ്യ എടുക്കുവിൻ.
[4] സമാഗമനകൂടാരത്തിൽ അതിവിശുദ്ധകാര്യങ്ങളെ സംബന്ധിച്ച് കെഹാത്യരുടെ വേല ഇപ്രകാരമാണ്:
[5] പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വന്ന് തിരശ്ശീല ഇറക്കി അതുകൊണ്ട് സാക്ഷ്യപെട്ടകം മൂടണം.
[6] കോലാട്ടിൻ തോൽകൊണ്ടുള്ള മൂടി അതിന്മേൽ ഇട്ട് അതിന് മീതെ നീലശ്ശീല വിരിച്ച് തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
[7] കാഴ്ചയപ്പത്തിന്റെ മേശമേലും ഒരു നീലശ്ശീല വിരിച്ച് അതിന്മേൽ തളികകളും കരണ്ടികളും കിണ്ടികളും പകരുന്നതിനുള്ള കുടങ്ങളും വെക്കണം; നിരന്തരമായി അപ്പവും അതിന്മേൽ ഇരിക്കണം.
[8] അവയുടെമേൽ ഒരു ചുവപ്പുശീല വിരിച്ച് കോലാട്ടിൻ തോൽകൊണ്ടുള്ള മൂടുവിരിയാൽ അത് മൂടുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
[9] ഒരു നീലശ്ശീല എടുത്ത് വെളിച്ചത്തിനുള്ള നിലവിളക്കും അതിന്റെ ദീപങ്ങളും ചവണകളും കരിന്തിരി മുറിച്ചിടുന്ന പാത്രങ്ങളും അതിന്റെ ഉപയോഗത്തിനുള്ള എല്ലാ എണ്ണക്കുടങ്ങളും മൂടണം.
[10] അതും അതിന്റെ പാത്രങ്ങളൊക്കെയും കോലാട്ടിൻ തോൽകൊണ്ടുള്ള ഒരു വിരിയിൽ പൊതിഞ്ഞ് ഒരു തണ്ടിന്മേൽ വച്ചുകെട്ടണം.
[11] സ്വർണ്ണ പീഠത്തിന്മേലും അവർ ഒരു നീലശ്ശീല വിരിച്ച് തഹശൂതോൽകൊണ്ടുള്ള ഒരു വിരിയാൽ മൂടുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
[12] വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കുള്ള ഉപകരണങ്ങളെല്ലാം അവർ എടുത്ത് ഒരു നീലശ്ശീലയിൽ പൊതിഞ്ഞ് കോലാട്ടിൻ തോൽകൊണ്ടുള്ള ഒരു വിരികൊണ്ട് മൂടുകയും ഒരു തണ്ടിന്മേൽ വെച്ചുകെട്ടുകയും വേണം.
[13] അവർ യാഗപീഠത്തിൽനിന്ന് വെണ്ണീർ നീക്കി അതിന്മേൽ ഒരു ധൂമ്രശീല വിരിക്കണം.
[14] അവർ അതിന്മേൽ ശുശ്രൂഷചെയ്യേണ്ടതിനുള്ള ഉപകരണങ്ങളായ കലശം, മുൾക്കൊളുത്ത്, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേൽ വെക്കണം; കോലാട്ടിൻ തോൽകൊണ്ടുള്ള ഒരു വിരി അതിന്മേൽ വിരിക്കുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം.
[15] പാളയം യാത്രപുറപ്പെടുമ്പോൾ അഹരോനും പുത്രന്മാരും വിശുദ്ധമന്ദിരവും വിശുദ്ധമന്ദിരത്തിലെ സകല ഉപകരണങ്ങളും ആവരണം ചെയ്തു തീർന്നശേഷം കെഹാത്യർ ചുമക്കുവാൻ വരണം; എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിന് വിശുദ്ധമായതൊന്നും തൊടരുത്; സമാഗമനകൂടാരത്തിൽ കെഹാത്യർ ചുമക്കേണ്ടത് ഇവ തന്നേ.
[16] പുരോഹിതനായ അഹരോന്റെ മകൻ എലെയാസാർ നോക്കേണ്ടത്: വെളിച്ചത്തിനുള്ള എണ്ണ, സുഗന്ധധൂപവർഗ്ഗം, നിരന്തരഭോജനയാഗം, അഭിഷേകതൈലം എന്നിവയും തിരുനിവാസം മുഴുവനും അതിലുള്ളതൊക്കെയും വിശുദ്ധമന്ദിരവും അതിന്റെ ഉപകരണങ്ങളും തന്നെ.
[17] യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:
[18] “നിങ്ങൾ കെഹാത്യകുടുംബങ്ങളുടെ ഗോത്രത്തെ ലേവ്യരിൽനിന്ന് ഛേദിച്ചുകളയരുത്.
[19] അവർ അതിവിശുദ്ധവസ്തുക്കളോട് അടുക്കുമ്പോൾ മരിക്കാതെ ജീവനോടിരിക്കേണ്ടതിന് ഇങ്ങനെ ചെയ്യുവിൻ: അഹരോനും പുത്രന്മാരും അകത്ത് കടന്ന് അവരിൽ ഓരോരുത്തനെ അവനവന്റെ വേലയ്ക്കും അവനവന്റെ ചുമടിനും നിയോഗിക്കണം.
[20] എന്നാൽ അവർ വിശുദ്ധമന്ദിരം കണ്ടിട്ട് മരിച്ചുപോകാതിരിക്കേണ്ടതിന് ക്ഷണനേരംപോലും അകത്ത് കടക്കരുത്”.
[21] യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
[22] “ഗേർശോന്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണി സംഖ്യ എടുക്കുക.
[23] മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ വേലചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും എണ്ണണം.
[24] ശുശ്രൂഷ ചെയ്യുന്നതിലും ചുമടെടുക്കുന്നതിലും ഗേർശോന്യകുടുംബങ്ങൾക്കുള്ള വേല ഇപ്രകാരമാണ്:
[25] തിരുനിവാസത്തിന്റെ തിരശ്ശീല, സമാഗമനകൂടാരം, അതിന്റെ മൂടുവിരി, തഹശുതോൽകൊണ്ട് അതിന്മേലുള്ള പുറമൂടി, സമാഗമനകൂടാരത്തിന്റെ വാതിലിനുള്ള മറശ്ശീല,
[26] പ്രാകാരത്തിന്റെ മറശ്ശീല, തിരുനിവാസത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള പ്രാകാരത്തിന്റെ വാതിലിനുമുള്ള മറശ്ശീല, അവയുടെ കയറ് എന്നിവയും അവയുടെ ഉപയോഗത്തിനുള്ള ഉപകരണങ്ങൾ എല്ലാം അവർ ചുമക്കണം; അവയെ സംബന്ധിച്ച് ചെയ്യുവാനുള്ള ജോലികളെല്ലാം അവർ ചെയ്യണം.
[27] ഗേർശോന്യരുടെ എല്ലാ ചുമടുകളും എല്ലാജോലികളും സംബന്ധിച്ചുള്ള സകലവും അഹരോന്റെയും പുത്രന്മാരുടെയും കല്പനപ്രകാരം ആയിരിക്കണം; അവരുടെ എല്ലാ ചുമടും നിങ്ങൾ അവരുടെ വിചാരണയിൽ ഏല്‍പിക്കണം.
[28] സമാഗമനകൂടാരത്തിൽ ഗേർശോന്യരുടെ കുടുംബങ്ങൾക്കുള്ള വേല ഇത് തന്നെ; അവരുടെ സേവനം പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ നിർദ്ദേശപ്രകാരം ആയിരിക്കണം.
[29] മെരാര്യരെയും കുലംകുലമായും കുടുംബംകുടുംബമായും എണ്ണണം.
[30] മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിലെ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും നീ എണ്ണണം.
[31] സമാഗമനകൂടാരത്തിൽ അവർക്കുള്ള എല്ലാവേലയുടെയും മുറയ്ക്ക് അവർ എടുക്കേണ്ട ചുമട് ഇവയാണ്: തിരുനിവാസത്തിന്റെ പലക, അന്താഴം, തൂണ്, ചുവട്,
[32] ചുറ്റുമുള്ള പ്രാകാരത്തിന്റെ തൂണ്, ചുവട്, കുറ്റി, കയറ് എന്നിവയും അവയുടെ ഉപകരണങ്ങളും അവ സംബന്ധിച്ചുള്ള എല്ലാ ജോലിയും തന്നെ; അവർ എടുക്കേണ്ട ഉപകരണങ്ങൾ നിങ്ങൾ പേരുവിവരമായി അവരെ ഏല്പിക്കണം.
[33] പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിന്റെ നിർദ്ദേശപ്രകാരം സമാഗമനകൂടാരത്തിൽ മെരാര്യരുടെ കുടുംബങ്ങൾക്കുള്ള സകലശുശ്രൂഷയുടെയും മുറയ്ക്ക് അവർ ചെയ്യേണ്ട വേല ഇതുതന്നെ.
[34] മോശെയും അഹരോനും സഭയിലെ പ്രഭുക്കന്മാരും കെഹാത്യരിൽ മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ
[35] സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്ന എല്ലാവരെയും കുടുംബംകുടുംബമായും കുലംകുലമായും എണ്ണി.
[36] അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ രണ്ടായിരത്തി എഴുനൂറ്റി അമ്പത് പേർ.
[37] മോശെമുഖാന്തരം യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും കെഹാത്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്യുവാനുള്ളവർ എല്ലാം ഇവർ തന്നെ.
[38] ഗേർശോന്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ
[39] മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്നവരായി
[40] കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ രണ്ടായിരത്തി അറുനൂറ്റി മുപ്പത് പേർ.
[41] യഹോവ കല്പിച്ചതുപോലെ മോശെയും അഹരോനും ഗേർശോന്യകുടുംബങ്ങളിൽ എണ്ണിയവരായി സമാഗമനകൂടാരത്തിൽ വേല ചെയ്യുവാനുള്ളവർ എല്ലാം ഇവർ തന്നെ.
[42] മെരാര്യകുടുംബങ്ങളിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണപ്പെട്ടവർ
[43] മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുവാൻ പ്രവേശിക്കുന്നവരായി
[44] അവരിൽ കുടുംബംകുടുംബമായി എണ്ണപ്പെട്ടവർ ആകെ മൂവായിരത്തിയിരുനൂറ് പേർ.
[45] യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ മോശെയും അഹരോനും മെരാര്യകുടുംബങ്ങളിൽ എണ്ണിയവർ ഇവർ തന്നെ.
[46] മോശെയും അഹരോനും യിസ്രായേൽ പ്രഭുക്കന്മാരും ലേവ്യരിൽ കുടുംബംകുടുംബമായും കുലംകുലമായും എണ്ണിയവരായി മുപ്പത് വയസ്സുമുതൽ അമ്പത് വയസ്സുവരെ
[47] സമാഗമനകൂടാരത്തിലെ ശുശ്രൂഷയും ചുമട്ടുവേലയും ചെയ്യുവാൻ പ്രവേശിച്ചവർ ആകെ
[48] എണ്ണായിരത്തി അഞ്ഞൂറ്റി എൺപത് പേർ ആയിരുന്നു.
[49] യഹോവയുടെ കല്പനപ്രകാരം അവർ മോശെമുഖാന്തരം ഓരോരുത്തൻ അവനവന്റെ വേലയ്ക്കും താന്താന്റെ ചുമടിനും തക്കവണ്ണം എണ്ണപ്പെട്ടു; യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ അവരെ എണ്ണി.