Skip to content
Opens in a new window
Listen to this chapter • 3:50

[1] അനന്തരം യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ ശെലോഫെഹാദിNTE പുത്രിമാർ അടുത്തുവന്നു. അവന്റെ പുത്രിമാർ മഹ്ലാ, നോവ, ഹോഗ്ല, മിൽക്കാ, തിർസാ എന്നിവരായിരുന്നു.

[2] അവർ സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ മോശെയുടെയും എലെയാസാർപുരോഹിതന്റെയും പ്രഭുക്കന്മാരുടെയും സർവ്വസഭയുടെയും മുമ്പാകെ നിന്ന് പറഞ്ഞത്:

[3] “ഞങ്ങളുടെ അപ്പൻ മരുഭൂമിയിൽവച്ച് മരിച്ചുപോയി; എന്നാൽ അദ്ദേഹം യഹോവയ്ക്ക് വിരോധമായി കോരഹിനോട് കൂടിയവരുടെ കൂട്ടത്തിൽ ചേർന്നിരുന്നില്ല; അദ്ദേഹം സ്വന്തപാപത്താൽ അത്രേ മരിച്ചത്; അപ്പന് പുത്രന്മാർ ഉണ്ടായിരുന്നില്ല.

[4] ഞങ്ങളുടെ അപ്പന് പുത്രന്മാർ ഇല്ലാതിരുന്നതുകൊണ്ട് അപ്പന്റെ പേർ കുടുംബത്തിൽനിന്ന് ഇല്ലാതെയാകുന്നത് എന്തിന്? അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ ഞങ്ങൾക്ക് ഒരു അവകാശം തരണം”.

[5] മോശെ അവരുടെ കാര്യം യഹോവയുടെ മുമ്പാകെ കൊണ്ടുവന്നു.

[6] യഹോവ മോശെയോട് അരുളിച്ചെയ്തത്:

[7] “ശെലോഫെഹാദിNTE പുത്രിമാർ പറയുന്നത് ശരിതന്നെ; അവരുടെ അപ്പന്റെ സഹോദരന്മാരുടെ ഇടയിൽ അവർക്ക് ഒരു അവകാശം കൊടുക്കണം; അവരുടെ അപ്പന്റെ അവകാശം അവർക്ക് കൊടുക്കണം.

[8] നീ യിസ്രായേൽ മക്കളോട് പറയേണ്ടത് എന്തെന്നാൽ: ‘ഒരുത്തൻ മകനില്ലാതെ മരിച്ചാൽ അവന്റെ അവകാശം അവന്റെ മകൾക്ക് കൊടുക്കണം.

[9] അവന് മകൾ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ സഹോദരന്മാർക്ക് കൊടുക്കണം.

[10] അവന് സഹോദരന്മാർ ഇല്ലാതിരുന്നാൽ അവന്റെ അവകാശം അവന്റെ അപ്പന്റെ സഹോദരന്മാർക്ക് കൊടുക്കണം.

[11] അവന്റെ അപ്പന് സഹോദരന്മാർ ഇല്ലാതിരുന്നാൽ നിങ്ങൾ അവന്റെ കുടുംബത്തിൽ അവന്റെ അടുത്ത ചാർച്ചക്കാരന് അവന്റെ അവകാശം കൊടുക്കണം; അവൻ അത് കൈവശമാക്കണം;’ ഇത് യഹോവ മോശെയോട് കല്പിച്ചതുപോലെ യിസ്രായേൽ മക്കൾക്ക് ന്യായപ്രമാണം ആയിരിക്കണം”.

[12] അനന്തരം യഹോവ മോശെയോട് കല്പിച്ചത്: “ഈ അബാരീംമലയിൽ കയറി ഞാൻ യിസ്രായേൽ മക്കൾക്ക് കൊടുത്തിരിക്കുന്ന ദേശം നോക്കുക.

[13] അത് കണ്ടതിനുശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോട് ചേരും.

[14] സഭയുടെ കലഹത്തിൽ നിങ്ങൾ സീൻമരുഭൂമിയിൽവച്ച് അവർ കാൺകെ വെള്ളത്തിന്റെ കാര്യത്തിൽ എന്നെ ശുദ്ധീകരിക്കാതെ എന്റെ കല്പനയെ മറുത്തതുകൊണ്ട് തന്നെ. സീൻ മരുഭൂമിയിൽ കാദേശിലെ കലഹജലം അത് തന്നെ”.

[15] അപ്പോൾ മോശെ യഹോവയോട്:

[16] “യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിക്കുവാൻ അവർക്ക് മുമ്പായി പോകുവാനും വരുവാനും അവരെ പുറത്ത് കൊണ്ടുപോകുവാനും

[17] അകത്ത് കൊണ്ടുവരുവാനും സകലജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെമേൽ ഒരാളിനെ നിയമിക്കുമാറാകട്ടെ” എന്ന് പറഞ്ഞു.

[18] യഹോവ മോശെയോട് കല്പിച്ചത്: “നൂന്റെ മകനും എന്റെ ആത്മാവുള്ള പുരുഷനുമായ യോശുവയെ വിളിച്ച് അവന്റെമേൽ കൈവച്ച്

[19] അവനെ പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയും മുമ്പാകെ നിർത്തി അവർ കാൺകെ അവന് ആജ്ഞ കൊടുക്കുക.

[20] യിസ്രായേൽ മക്കളുടെ സഭയെല്ലാം അനുസരിക്കേണ്ടതിന് നിന്റെ ആജ്ഞാശക്തിയിൽ ഒരംശം അവന്റെമേൽ വെക്കണം.

[21] അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നില്‍ക്കണം; അവൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ ഊരീംമുഖാന്തരം അരുളപ്പാട് ചോദിക്കണം; അവനും യിസ്രായേൽ മക്കളുടെ സർവ്വസഭയും അവന്റെ വാക്കനുസരിച്ച് പോകുകയും വരുകയും വേണം”.

[22] യഹോവ തന്നോട് കല്പിച്ചതുപോലെ മോശെ ചെയ്തു; അവൻ യോശുവയെ വിളിച്ച് പുരോഹിതനായ എലെയാസാരിന്റെയും സർവ്വസഭയുടെയും മുമ്പാകെ നിർത്തി.

[23] അവന്റെമേൽ കൈവച്ച് യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവന് ആജ്ഞ കൊടുത്തു.

സംഖ്യാപുസ്തകം — Chapters