[1] യിസ്രായേൽ മക്കൾ ഈജിപ്റ്റിൽ നിന്ന് പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തീയതി യഹോവ സീനായിമരുഭൂമിയിൽ സമാഗമനകൂടാരത്തിൽവച്ച് മോശെയോട് ഇപ്രകാരം അരുളിച്ചെയ്തു:
[2] “നിങ്ങൾ യിസ്രായേൽ മക്കളെ എല്ലാം ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരുടേയും പേര് ആളാംപ്രതി പട്ടികയിൽ ചേർത്ത് സംഘത്തിന്റെ കണക്കെടുക്കണം.
[3] നീയും അഹരോനും യിസ്രായേലിൽ ഇരുപത് വയസ്സുമുതൽ മുകളിലേക്ക്, യുദ്ധം ചെയ്യുവാൻ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണണം.
[4] ഓരോ ഗോത്രത്തിൽനിന്നും പിതൃഭവനത്തലവനായ ഒരാൾ നിങ്ങളോടുകൂടി ഉണ്ടായിരിക്കണം.
[5] നിങ്ങളോടുകൂടി നില്ക്കേണ്ടുന്ന പുരുഷന്മാർ ഇവരാണ്: രൂബേൻ ഗോത്രത്തിൽ ശെദേയൂരിന്റെ മകൻ എലീസൂർ;
[6] ശിമെയോൻ ഗോത്രത്തിൽ സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ;
[7] യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകൻ നഹശോൻ;
[8] യിസ്സാഖാർ ഗോത്രത്തിൽ സൂവാരിന്റെ മകൻ നെഥനയേൽ;
[9] സെബൂലൂൻഗോത്രത്തിൽ ഹോലോന്റെ മകൻ എലീയാബ്;
[10] യോസേഫിന്റെ മക്കളിൽ എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്റെ മകൻ എലീശാമാ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്റെ മകൻ ഗമലീയേൽ;
[11] ബെന്യാമീൻ ഗോത്രത്തിൽ ഗിദെയോനിയുടെ മകൻ അബീദാൻ;
[12] ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ;
[13] ആശേർ ഗോത്രത്തിൽ ഒക്രാന്റെ മകൻ പഗീയേൽ;
[14] ഗാദ്ഗോത്രത്തിൽ ദെയൂവേലിന്റെ മകൻ എലീയാസാഫ്;
[15] നഫ്താലിഗോത്രത്തിൽ ഏനാന്റെ മകൻ അഹീര.
[16] ഇവർ സംഘത്തിൽനിന്ന് വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളിൽ പ്രഭുക്കന്മാരും ആയിരുന്നു.
[17] നാമനിർദ്ദേശം ചെയ്യപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി.
[18] രണ്ടാം മാസം ഒന്നാം തീയതി അവർ സർവ്വസഭയെയും വിളിച്ചുകൂട്ടി; അവർ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപത് വയസ്സുമുതൽ മുകളിലേക്ക് പ്രായമുള്ള ഓരോരുത്തരുടേയും പേര് പട്ടികയിൽ ചേർത്ത് താന്താങ്ങളുടെ വംശവിവരം അറിയിക്കുകയും ചെയ്തു.
[19] യഹോവ മോശെയോട് കല്പിച്ചതുപോലെ അവൻ സീനായിമരുഭൂമിയിൽവച്ച് അവരുടെ എണ്ണമെടുത്തു.
[20] യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ മക്കളുടെ സന്തതികൾ കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ, മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും
[21] പേരുപേരായി എണ്ണപ്പെട്ടവർ നാല്പത്താറായിരത്തി അഞ്ഞൂറ് പേർ.
[22] ശിമെയോന്റെ മക്കളുടെ സന്തതികളിൽ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും
[23] പേരുപേരായി എണ്ണപ്പെട്ടവർ അമ്പത്തൊമ്പതിനായിരത്തി മുന്നൂറ് പേർ.
[24] ഗാദ് ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
[25] എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തി അറുനൂറ്റി അമ്പത് പേർ.
[26] യെഹൂദാ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
[27] എണ്ണപ്പെട്ടവർ എഴുപത്തിനാലായിരത്തി അറുനൂറ് പേർ.
[28] യിസ്സാഖാർ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
[29] എണ്ണപ്പെട്ടവർ അമ്പത്തിനാലായിരത്തി നാനൂറ് പേർ.
[30] സെബൂലൂൻ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും
[31] പേരുപേരായി എണ്ണപ്പെട്ടവർ അമ്പത്തേഴായിരത്തി നാനൂറ് പേർ.
[32] യോസേഫിന്റെ മക്കളിൽ എഫ്രയീം ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും
[33] പേരുപേരായി എണ്ണപ്പെട്ടവർ നാല്പതിനായിരത്തി അഞ്ഞൂറ് പേർ.
[34] മനശ്ശെ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
[35] എണ്ണപ്പെട്ടവർ മുപ്പത്തീരായിരത്തിരുനൂറ് പേർ.
[36] ബെന്യാമീൻ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
[37] എണ്ണപ്പെട്ടവർ മുപ്പത്തയ്യായിരത്തി നാനൂറ് പേർ.
[38] ദാൻ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
[39] എണ്ണപ്പെട്ടവർ അറുപത്തീരായിരത്തി എഴുനൂറ് പേർ.
[40] ആശേർ ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
[41] എണ്ണപ്പെട്ടവർ നാല്പത്തോരായിരത്തി അഞ്ഞൂറ് പേർ.
[42] നഫ്താലി ഗോത്രത്തിൽനിന്ന് കുലംകുലമായും കുടുംബംകുടുംബമായും ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
[43] എണ്ണപ്പെട്ടവർ അമ്പത്തിമൂവായിരത്തിനാനൂറ് പേർ.
[44] മോശെയും അഹരോനും ഗോത്രത്തിന് ഒരാൾ വീതം യിസ്രായേൽപ്രഭുക്കന്മാരായ പന്ത്രണ്ട് പുരുഷന്മാരുംകൂടി എണ്ണമെടുത്തവർ ഇവർ തന്നേ.
[45] യിസ്രായേൽ മക്കളിൽ ഗോത്രംഗോത്രമായി ഇരുപത് വയസ്സുമുതൽ മേലോട്ട് യുദ്ധത്തിന് പ്രാപ്തിയുള്ള സകലപുരുഷന്മാരുമായി
[46] എണ്ണപ്പെട്ടവർ ആകെ ആറുലക്ഷത്തി മൂവായിരത്തി അഞ്ഞൂറ്റി അമ്പത് പേർ ആയിരുന്നു.
[47] ഇവരുടെ കൂട്ടത്തിൽ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല.
[48] “ലേവിഗോത്രത്തെ മാത്രം എണ്ണരുത്;
[49] യിസ്രായേൽ മക്കളുടെ ഇടയിൽ അവരുടെ സംഖ്യ എടുക്കുകയും അരുത്” എന്ന് യഹോവ മോശെയോട് കല്പിച്ചിരുന്നു.
[50] ‘ലേവ്യരെ സാക്ഷ്യനിവാസത്തിനും അതിന്റെ ഉപകരണങ്ങൾക്കും വസ്തുക്കൾക്കും ഒക്കെ വിചാരകന്മാരായി നിയമിക്കണം; അവർ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കണം; അവർ അതിന് ശുശ്രൂഷ ചെയ്യുകയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ച് പാർക്കുകയും വേണം.
[51] തിരുനിവാസം പുറപ്പെടുമ്പോൾ ലേവ്യർ അത് അഴിച്ചെടുക്കണം; തിരുനിവാസം അടിക്കുമ്പോൾ ലേവ്യർ അത് നിവിർത്തണം; ഒരന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കണം.
[52] യിസ്രായേൽ മക്കൾ ഗണംഗണമായി ഓരോരുത്തൻ അവരവരുടെ പാളയത്തിലും സ്വന്തം കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കണം.
[53] എന്നാൽ യിസ്രായേൽ മക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിന് ലേവ്യർ സാക്ഷ്യനിവാസത്തിന് ചുറ്റം പാളയമിറങ്ങണം; ലേവ്യർ സാക്ഷ്യനിവാസത്തിന്റെ കാര്യം നോക്കണം’
[54] എന്ന് യഹോവ മോശെയോട് കല്പിച്ചതുപോലെ എല്ലാം യിസ്രായേൽ മക്കൾ ചെയ്തു; അതുപോലെ തന്നെ അവർ ചെയ്തു.