Skip to content
Opens in a new window
Listen to this chapter • 8:58

[1] ബാധകഴിഞ്ഞ് യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിനോടും:

[2] “യിസ്രായേൽ മക്കളുടെ സർവ്വസഭയെയും ഇരുപത് വയസ്സുമുതൽ മുകളിലേക്ക് യുദ്ധത്തിന് പ്രാപ്തിയുള്ള എല്ലാവരെയും ഗോത്രംഗോത്രമായി എണ്ണി സംഖ്യ എടുക്കുവിൻ” എന്ന് കല്പിച്ചു.

[3] അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരിഹോവിന്റെ സമീപത്ത് യോർദ്ദാനരികെയുള്ള മോവാബ് സമഭൂമിയിൽവച്ച് അവരോട്:

[4] “യഹോവ മോശെയോടും ഈജിപ്തിൽനിന്ന് പുറപ്പെട്ട യിസ്രായേൽമക്കളോടും കല്പിച്ചതുപോലെ ഇരുപത് വയസ്സുമുതൽ മുകളിലേക്ക് ഉള്ളവരുടെ സംഖ്യ എടുക്കുവിൻ” എന്ന് പറഞ്ഞു.

[5] യിസ്രായേലിന്റെ ആദ്യജാതൻ രൂബേൻ; രൂബേന്റെ പുത്രന്മാർ: ഹനോക്കിൽനിന്ന് ഹനോക്ക്യകുടുംബം; പല്ലൂവിൽനിന്ന് പല്ലൂവ്യകുടുംബം;

[6] ഹെസ്രോനിൽനിന്ന് ഹെസ്രോന്യകുടുംബം; കർമ്മിയിൽനിന്ന് കർമ്മ്യകുടുംബം.

[7] ഇവയാകുന്നു രൂബേന്യകുടുംബങ്ങൾ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തി മൂവായിരത്തി എഴുനൂറ്റിമുപ്പത് പേർ.

[8] പല്ലൂവിന്റെ പുത്രന്മാർ: എലീയാബ്.

[9] എലീയാബിന്റെ പുത്രന്മാർ: നെമൂവേൽ, ദാഥാൻ, അബീരാം. യഹോവയ്ക്ക് വിരോധമായി കലഹിച്ചപ്പോൾ കോരഹിന്റെ കൂട്ടത്തിൽ മോശെക്കും അഹരോനും വിരോധമായി കലഹിച്ച സംഘപ്രമാണിമാരായ ദാഥാനും അബീരാമും ഇവർ തന്നെ;

[10] ഭൂമി വായ് തുറന്ന് അവരെയും കോരഹിനെയും വിഴുങ്ങിക്കളയുകയും തീ ഇരുനൂറ്റമ്പത് പേരെ ദഹിപ്പിക്കുകയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവർ ഒരു അടയാളമായിത്തീർന്നു.

[11] എന്നാൽ കോരഹിന്റെ പുത്രന്മാർ മരിച്ചില്ല.

[12] ശിമെയോന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: നെമൂവേലിൽനിന്ന് നെമൂവേല്യകുടുംബം; യാമീനിൽനിന്ന് യാമീന്യകുടുംബം; യാഖീനിൽനിന്ന് യാഖീന്യകുടുംബം;

[13] സേരഹിൽനിന്ന് സേരഹ്യകുടുംബം; ശൌവൂലിൽനിന്ന് ശൌവൂല്യകുടുംബം.

[14] ശിമെയോന്യകുടുംബങ്ങളായ ഇവർ ഇരുപത്തി രണ്ടായിരത്തി ഇരുനൂറ് പേർ.

[15] ഗാദിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: സെഫോനിൽനിന്ന് സെഫോന്യകുടുംബം; ഹഗ്ഗിയിൽനിന്ന് ഹഗ്ഗീയകുടുംബം; ശൂനിയിൽനിന്ന് ശൂനീയകുടുംബം;

[16] ഒസ്നിയിൽനിന്ന് ഒസ്നീയകുടുംബം; ഏരിയിൽനിന്ന് ഏര്യകുടുംബം;

[17] അരോദിൽനിന്ന് അരോദ്യകുടുംബം; അരേലിയിൽനിന്ന് അരേല്യകുടുംബം.

[18] അവരിൽ എണ്ണപ്പെട്ടവരായി ഗാദ് പുത്രന്മാരുടെ കുടുംബങ്ങളായ ഇവർ നാല്പതിനായിരത്തി അഞ്ഞൂറ് പേർ.

[19] യെഹൂദയുടെ പുത്രന്മാർ ഏരും ഓനാനും ആയിരുന്നു; ഏരും ഒനാനും കനാൻദേശത്തുവച്ച് മരിച്ചുപോയി.

[20] യെഹൂദയുടെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശേലയിൽനിന്ന് ശേലാന്യകുടുംബം; പേരെസിൽനിന്ന് പേരെസ്യകുടുംബം; സേരെഹിൽനിന്ന് സേരെഹ്യകുടുംബം.

[21] പേരെസിന്റെ പുത്രന്മാർ: ഹെസ്രോനിൽനിന്ന് ഹെസ്രോന്യകുടുംബം; ഹാമൂലിൽനിന്ന് ഹാമൂല്യകുടുംബം.

[22] അവരിൽ എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവർ എഴുപത്തി ആറായിരത്തി അഞ്ഞൂറ് പേർ.

[23] യിസ്സാഖാരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: തോലാവിൽ നിന്ന് തോലാവ്യകുടുംബം; പൂവയിൽനിന്ന് പൂവ്യകുടുംബം;

[24] യാശൂബിൽനിന്ന് യാശൂബ്യകുടുംബം; ശിമ്രോനിൽനിന്ന് ശിമ്രോന്യകുടുംബം.

[25] അവരിൽ എണ്ണപ്പെട്ടവരായി യിസ്സാഖാർകുടുംബങ്ങളായ ഇവർ അറുപത്തിനാലായിരത്തിമുന്നൂറ് പേർ.

[26] സെബൂലൂന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: സേരെദിൽനിന്ന് സേരെദ്യകുടുംബം; ഏലോനിൽനിന്ന് ഏലോന്യകുടുംബം; യഹ്ലേലിൽനിന്ന് യഹ്ലേല്യകുടുംബം.

[27] അവരിൽ എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവർ അറുപതിനായിരത്തി അഞ്ഞൂറ് പേർ.

[28] യോസേഫിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: മനശ്ശെയും എഫ്രയീമും.

[29] മനശ്ശെയുടെ പുത്രന്മാർ: മാഖീരിൽനിന്ന് മാഖീര്യകുടുംബം; മാഖീരിന്റെ പുത്രൻ ഗിലെയാദ്; ഗിലെയാദിൽനിന്ന് ഗിലെയാദ്യകുടുംബം.

[30] ഗിലെയാദിന്റെ പുത്രന്മാർ ഇവരാണ്: ഈയേസെരിൽ നിന്ന് ഈയേസെര്യകുടുംബം; ഹേലെക്കിൽനിന്ന് ഹേലെക്ക്യകുടുംബം.

[31] അസ്രീയേലിൽനിന്ന് അസ്രീയേല്യകുടുംബം; ശേഖെമിൽനിന്ന് ശേഖെമ്യകുടുംബം;

[32] ശെമീദാവിൽനിന്ന് ശെമീദാവ്യകുടുംബം; ഹേഫെരിൽനിന്ന് ഹേഫെര്യകുടുംബം.

[33] ഹേഫെരിന്റെ മകനായ ശെലോഫെഹാദിന് പുത്രിമാർ അല്ലാതെ പുത്രന്മാർ ഉണ്ടായിരുന്നില്ല; സെലോഫഹാദിന്റെ പുത്രിമാർ മഹ്ലാ, നോവാ, ഹോഗ്ല, മിൽക്കാ, തിർസാ എന്നിവരായിരുന്നു.

[34] അവരിൽ എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവർ അമ്പത്തി രണ്ടായിരത്തി എഴുനൂറ് പേർ.

[35] എഫ്രയീമിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശൂഥേലഹിൽനിന്ന് ശൂഥേലഹ്യകുടുംബം; ബേഖെരിൽനിന്ന് ബേഖെര്യകുടുംബം; തഹനിൽനിന്ന് തഹന്യകുടുംബം,

[36] ശൂഥേലഹിന്റെ പുത്രന്മാർ ഇവരാണ്: ഏരാനിൽനിന്ന് ഏരാന്യകടുംബം.

[37] അവരിൽ എണ്ണപ്പെട്ടവരായി എഫ്രയീമ്യകുടുംബങ്ങളായ ഇവർ മുപ്പത്തിരണ്ടായിരത്തി അഞ്ഞൂറ് പേർ. ഇവർ കുടുംബംകുടുംബമായി യോസേഫിന്റെ പുത്രന്മാർ.

[38] ബെന്യാമീന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ബേലയിൽനിന്ന് ബേലാവ്യകുടുംബം; അശ്ബേലിൽനിന്ന് അസ്ബേല്യകുടുംബം; അഹീരാമിൽനിന്ന് അഹീരാമ്യകുടുംബം;

[39] ശെഫൂമിൽനിന്ന് ശെഫൂമ്യകുടുംബം; ഹൂഫാമിൽനിന്ന് ഹൂഫാമ്യകുടുംബം.

[40] ബേലിയുടെ പുത്രന്മാർ അർദ്ദും നാമാനും ആയിരുന്നു; അർദ്ദിൽനിന്ന് അർദ്ദ്യകുടുംബം; നാമാനിൽനിന്ന് നാമാന്യകുടുംബം.

[41] ഇവർ കുടുംബംകുടുംബമായി ബെന്യാമീന്റെ പുത്രന്മാർ; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തി അയ്യായിരത്തി അറുനൂറ് പേർ.

[42] ദാന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: ശൂഹാമിൽനിന്ന് ശൂഹാമ്യ കുടുംബം; ഇവർ കുടുംബംകുടുംബമായി ദാന്യകുടുംബങ്ങൾ ആകുന്നു.

[43] ശൂഹാമ്യകുടുംബങ്ങളിൽ എണ്ണപ്പെട്ടവർ എല്ലാംകൂടി അറുപത്തിനാലായിരത്തിനാനൂറ് പേർ.

[44] ആശേരിന്റെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: യിമ്നയിൽനിന്ന് യിമ്നീയകുടുംബം; യിശ്വയിൽനിന്ന് യിശ്വീയ കുടുംബം; ബെരീയാവിൽനിന്ന് ബെരീയാവ്യകുടുംബം.

[45] ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബംങ്ങൾ ആരെന്നാൽ: ഹേബെരിൽനിന്ന് ഹേബെര്യകുടുംബം; മല്ക്കീയേലിൽനിന്ന് മൽക്കീയേല്യകുടുംബം.

[46] ആശേരിന്റെ പുത്രിക്ക് സാറാ എന്ന് പേർ.

[47] ഇവർ ആശേർപുത്രന്മാരുടെ കുടുംബങ്ങൾ. അവരിൽ എണ്ണപ്പെട്ടവർ അമ്പത്തിമൂവായിരത്തിനാനൂറ് പേർ.

[48] നഫ്താലിയുടെ പുത്രന്മാർ കുടുംബംകുടുംബമായി ഇവരാണ്: യഹ്സേലിൽനിന്ന് യഹ്സേല്യകുടുംബം; ഗൂനിയിൽനിന്ന് ഗൂന്യകുടുംബം;

[49] യേസെരിൽനിന്ന് യേസെര്യകുടുംബം. ശില്ലേമിൽനിന്ന് ശില്ലോമ്യകുടുംബം.

[50] ഇവർ കുടുംബംകുടുംബമായി നഫ്താലികുടുംബങ്ങൾ ആകുന്നു; അവരിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തിനാനൂറ് പേർ.

[51] യിസ്രായേൽ മക്കളിൽ എണ്ണപ്പെട്ട ഇവർ ആറുലക്ഷത്തി ഓരായിരത്തി എഴുനൂറ്റിമുപ്പത് പേർ.

[52] പിന്നെ യഹോവ മോശെയോട് അരുളിച്ചെയ്തത്:

[53] ഇവർക്ക് അംഗസംഖ്യ അനുസരിച്ച് ദേശത്തെ അവകാശമായി വിഭാഗിച്ച് കൊടുക്കണം.

[54] അംഗങ്ങൾ ഏറെയുള്ളവർക്ക് അവകാശം ഏറെയും കുറവുള്ളവർക്ക് അവകാശം കുറച്ചും കൊടുക്കണം; ഓരോരുത്തന് അവനവന്റെ അംഗസംഖ്യ അനുസരിച്ച് അവകാശം കൊടുക്കണം.

[55] ദേശത്തെ ചീട്ടിട്ട് വിഭാഗിക്കണം; അതത് പിതൃഗോത്രത്തിന്റെ പേരിനൊത്തവണ്ണം അവർക്ക് അവകാശം ലഭിക്കണം.

[56] അംഗങ്ങൾ ഏറെയുള്ളവർക്കും കുറവുള്ളവർക്കും അവകാശം ചീട്ടിട്ട് വിഭാഗിക്കണം.

[57] ലേവ്യരിൽ എണ്ണപ്പെട്ടവർ കുടുംബംകുടുംബമായി ഇവരാണ്: ഗേർശോനിൽനിന്ന് ഗേർശോന്യകുടുംബം; കെഹാത്തിൽനിന്ന് കെഹാത്യകുടുംബം; മെരാരിയിൽനിന്ന് മെരാര്യകുടുംബം.

[58] ലേവ്യകുടുംബങ്ങൾ ഇതാണ്: ലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ലിയകുടുംബം; മൂശ്യകുടുംബം; കോരഹ്യകുടുംബം. കെഹാത്തിന്റെ പുത്രൻ അമ്രാം.

[59] അമ്രാമിന്റെ ഭാര്യയ്ക്ക് യോഖേബെദ് എന്ന് പേർ; അവൾ ഈജിപ്റ്റിൽവെച്ച് ലേവിക്ക് ജനിച്ച മകൾ; അവൾ അമ്രാമിന് അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യാമിനെയും പ്രസവിച്ചു.

[60] അഹരോന് നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ ജനിച്ചു.

[61] എന്നാൽ നാദാബും അബീഹൂവും യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചതിനാൽ മരിച്ചുപോയി.

[62] ഒരു മാസം പ്രായംമുതൽ മുകളിലേക്ക് അവരിൽ എണ്ണപ്പെട്ട പുരുഷന്മാർ ആകെ ഇരുപത്തിമൂവായിരംപേർ; യിസ്രായേൽ മക്കളുടെ ഇടയിൽ അവർക്ക് അവകാശം കൊടുക്കായ്കകൊണ്ട് അവരെ യിസ്രായേൽ മക്കളുടെ കൂട്ടത്തിൽ എണ്ണിയില്ല.

[63] യെരിഹോവിന്റെ സമീപത്ത് യോർദ്ദാനരികെ മോവാബ് സമഭൂമിയിൽവച്ച് യിസ്രായേൽ മക്കളെ എണ്ണിയപ്പോൾ മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവർ ഇവർ തന്നെ.

[64] എന്നാൽ മോശെയും അഹരോൻ പുരോഹിതനും സീനായിമരുഭൂമിയിൽവച്ച് യിസ്രായേൽ മക്കളെ എണ്ണിയപ്പോൾ എണ്ണത്തിൽ ഉൾപ്പെട്ട ആരും ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.

[65] ‘അവർ മരുഭൂമിയിൽവച്ച് മരിച്ചുപോകും’ എന്ന് യഹോവ അവരെക്കുറിച്ച് അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരുത്തനും ശേഷിച്ചില്ല.

സംഖ്യാപുസ്തകം — Chapters