Skip to content
Opens in a new window
Listen to this chapter • 4:38

[1] യഹോവ മോശെയോട് അരുളിച്ചെയ്തത്:

[2] “യിസ്രായേൽ മക്കൾക്ക് ഞാൻ കൊടുക്കുവാനിരിക്കുന്ന കനാൻദേശം ഒറ്റുനോക്കേണ്ടതിന്, ഓരോ ഗോത്രത്തിൽനിന്ന് പ്രഭുക്കന്മാരായ ഓരോ ആളിനെ വീതം അയയ്ക്കണം”.

[3] അങ്ങനെ മോശെ യഹോവ കല്പിച്ചപ്രകാരം പാരാൻമരുഭൂമിയിൽനിന്ന് അവരെ അയച്ചു; ആ പുരുഷന്മാർ യിസ്രായേൽ മക്കളിൽ തലവന്മാർ ആയിരുന്നു.

[4] അവരുടെ പേരുകൾ ഇവയാണ്: രൂബേൻ ഗോത്രത്തിൽ സക്കൂറിന്റെ മകൻ ശമ്മൂവ.

[5] ശിമെയോൻ ഗോത്രത്തിൽ ഹോരിയുടെ മകൻ ശാഫാത്ത്.

[6] യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്.

[7] യിസ്സാഖാർ ഗോത്രത്തിൽ യോസേഫിന്റെ മകൻ ഈഗാൽ.

[8] എഫ്രയീംഗോത്രത്തിൽ നൂന്റെ മകൻ ഹോശേയ.

[9] ബെന്യാമീൻ ഗോത്രത്തിൽ രാഫൂവിന്റെ മകൻ പൽതി.

[10] സെബൂലൂൻഗോത്രത്തിൽ സോദിയുടെ മകൻ ഗദ്ദീയേൽ

[11] യോസേഫിന്റെ ഗോത്രമായ മനശ്ശെഗോത്രത്തിൽ സൂസിയുടെ മകൻ ഗദ്ദി.

[12] ദാൻഗോത്രത്തിൽ ഗെമല്ലിയുടെ മകൻ അമ്മീയേൽ.

[13] ആശേർ ഗോത്രത്തിൽ മിഖായേലിന്റെ മകൻ സെഥൂർ.

[14] നഫ്താലിഗോത്രത്തിൽ വൊപ്സിയുടെ മകൻ നഹ്ബി.

[15] ഗാദ്ഗോത്രത്തിൽ മാഖിയുടെ മകൻ ഗയൂവേൽ.

[16] ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ച പുരുഷന്മാരുടെ പേരുകൾ ഇവ ആകുന്നു. എന്നാൽ മോശെ നൂന്റെ മകനായ ഹോശേയെക്ക് യോശുവ എന്ന് പേരിട്ടു.

[17] കനാൻദേശം ഒറ്റുനോക്കുവാൻ അയച്ചപ്പോൾ മോശെ അവരോട്: “നിങ്ങൾ ഈ വഴി തെക്കെ ദേശത്ത് ചെന്ന് മലയിൽ കയറുക;

[18] ദേശം ഏതുവിധമുള്ളത് എന്നും, അതിൽ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ;

[19] അവർ പാർക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവർ വസിക്കുന്ന പട്ടണങ്ങൾ പാളയങ്ങളോ കോട്ടകളോ,

[20] പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ; അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കി അറിയുവിൻ; നിങ്ങൾ ധൈര്യപ്പെട്ട് ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിൻ” എന്ന് പറഞ്ഞു. അത് മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു.

[21] അങ്ങനെ അവർ കയറിപ്പോയി, സീൻമരുഭൂമിമുതൽ ഹമാത്തിനുപോകുന്ന വഴിയായി രഹോബ് വരെ ദേശത്തെ ഒറ്റുനോക്കി.

[22] അവർ തെക്കെദേശത്തുകൂടി ചെന്ന് ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ ഈജിപ്റ്റിലെ സോവാരിന് ഏഴ് സംവത്സരം മുമ്പ് പണിതതായിരുന്നു.

[23] അവർ എസ്കോൽതാഴ്വരയോളം ചെന്ന് അവിടെനിന്ന് ഒരു മുന്തിരിവള്ളി കുലയോടുകൂടി പറിച്ചെടുത്ത് ഒരു തണ്ടിന്മേൽ കെട്ടി രണ്ടുപേർകൂടി ചുമന്നു; അവർ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു.

[24] യിസ്രായേൽ മക്കൾ അവിടെനിന്ന് മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന് എസ്കോൽതാഴ്വര എന്ന് പേരായി.

[25] അവർ നാല്പത് ദിവസംകൊണ്ട് ദേശം ഒറ്റുനോക്കിക്കഴിഞ്ഞ് മടങ്ങിവന്നു.

[26] അവർ യാത്രചെയ്ത് പാരാൻ മരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്റെയും യിസ്രായേൽ മക്കളുടെ സർവ്വസഭയുടെയും അടുക്കൽവന്ന് അവരോടും സർവ്വസഭയോടും വർത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു.

[27] അവർ അവനോട് വിവരിച്ചു പറഞ്ഞതെന്തെന്നാൽ: “നീ ഞങ്ങളെ അയച്ച ദേശത്തേക്ക് ഞങ്ങൾ പോയി; അത് പാലും തേനും ഒഴുകുന്ന ദേശം തന്നെ; ഇതാ അതിലെ ഫലങ്ങൾ.

[28] എങ്കിലും ദേശത്ത് പാർക്കുന്ന ജനങ്ങൾ ബലവാന്മാരും പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലുപ്പവും ഉള്ളവയും ആകുന്നു. ഞങ്ങൾ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു.

[29] അമാലേക്യർ തെക്കെ ദേശത്ത് വസിക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും പർവ്വതങ്ങളിൽ താമസിക്കുന്നു; കനാന്യർ കടൽക്കരയിലും യോർദ്ദാൻനദീതീരത്തും പാർക്കുന്നു”.

[30] എന്നാൽ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ നിശ്ശബ്ദരാക്കി: “നാം ചെന്ന് അത് കൈവശമാക്കുക; അത് ജയിക്കുവാൻ നമുക്കു കഴിയും” എന്ന് പറഞ്ഞു.

[31] എങ്കിലും അവനോടുകൂടി പോയ പുരുഷന്മാർ: “ആ ജനത്തിന്റെ നേരെ ചെല്ലുവാൻ നമുക്ക് കഴിയുകയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു” എന്ന് പറഞ്ഞു.

[32] അവർ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ച് അവർ യിസ്രായേൽ മക്കൾക്ക് തെറ്റായ വിവരണം നൽകി: “ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട സകലജനവും അതികായന്മാർ;

[33] അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്ക് തന്നെ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചയ്ക്കും ഞങ്ങൾ അങ്ങനെ തന്നെ ആയിരുന്നു.

സംഖ്യാപുസ്തകം — Chapters