Skip to content
Opens in a new window
Listen to this chapter • 4:06

[1] യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തത്:

[2] “യഹോവ കല്പിച്ച ന്യായപ്രമാണം ഇതാണ്: കളങ്കവും ഊനവും ഇല്ലാത്തതും നുകം വെക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ യിസ്രായേൽ മക്കളോട് പറയുക.

[3] നിങ്ങൾ അതിനെ പുരോഹിതനായ എലെയാസാരിന്റെ പക്കൽ ഏല്പിക്കണം; അവൻ അതിനെ പാളയത്തിന് പുറത്തുകൊണ്ടുപോകുകയും ഒരുവൻ അതിനെ അവന്റെ മുമ്പിൽവച്ച് അറുക്കുകയും വേണം.

[4] പുരോഹിതനായ എലെയാസാർ വിരൽകൊണ്ട് അതിന്റെ രക്തം കുറെ എടുത്ത് സമാഗമനകൂടാരത്തിന്റെ മുൻഭാഗത്തിന് നേരെ ഏഴു പ്രാവശ്യം തളിക്കണം.

[5] അതിന്‍റെശേഷം പശുക്കിടാവിനെ അവന്റെ മുമ്പിൽവച്ച് ചുട്ട് ഭസ്മീകരിക്കണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടി ചുടണം.

[6] പിന്നെ പുരോഹിതൻ ദേവദാരു, ഈസോപ്പ്, ചുവപ്പുനൂൽ എന്നിവ എടുത്ത് പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവിൽ ഇടണം.

[7] അനന്തരം പുരോഹിതൻ വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകിയശേഷം പാളയത്തിലേക്ക് വരുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.

[8] അതിനെ ചുട്ടവനും വസ്ത്രം അലക്കി ദേഹം വെള്ളത്തിൽ കഴുകുകയും സന്ധ്യവരെ അശുദ്ധനായിരിക്കുകയും വേണം.

[9] പിന്നെ ശുദ്ധിയുള്ള ഒരുവൻ പശുക്കിടാവിന്റെ ഭസ്മം വാരി പാളയത്തിനു പുറത്ത് വെടിപ്പുള്ള ഒരു സ്ഥലത്ത് വെക്കണം; അത് യിസ്രായേൽ മക്കളുടെ സഭയ്ക്കുവേണ്ടി ശുദ്ധീകരണജലത്തിനായി സൂക്ഷിച്ചുവയ്ക്കണം; അത് ഒരു പാപയാഗം.

[10] പശുക്കിടാവിന്റെ ഭസ്മം വാരിയവനും വസ്ത്രം അലക്കി സന്ധ്യവരെ അശുദ്ധനായിരിക്കണം; യിസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശിക്കും ഇത് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.

[11] ഏതൊരു മനുഷ്യന്റെയും ശവം തൊടുന്നവൻ ഏഴ് ദിവസം അശുദ്ധൻ ആയിരിക്കണം.

[12] അവൻ മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ട് സ്വയം ശുദ്ധീകരിക്കണം; അങ്ങനെ അവൻ ശുദ്ധിയുള്ളവനാകും; എന്നാൽ മൂന്നാംദിവസം അവൻ സ്വയം ശുദ്ധീകരിക്കാഞ്ഞാൽ ഏഴാം ദിവസം അവൻ ശുദ്ധിയുള്ളവനാകുകയില്ല.

[13] മരിച്ചുപോയ ഒരു മനുഷ്യന്റെ ശവം ആരെങ്കിലും തൊട്ടിട്ട് സ്വയം ശുദ്ധീകരിക്കാഞ്ഞാൽ അവൻ യഹോവയുടെ തിരുനിവാസത്തെ അശുദ്ധമാക്കുന്നു; അവനെ യിസ്രായേലിൽനിന്ന് ഛേദിച്ചുകളയണം; എന്തെന്നാൽ ശുദ്ധീകരണജലം അവന്റെമേൽ തളിച്ചില്ല; അവൻ അശുദ്ധൻ. അവന്റെ അശുദ്ധി അവന്റെമേൽ നില്ക്കുന്നു.

[14] കൂടാരത്തിൽവച്ച് ഒരുത്തൻ മരിച്ചാലുള്ള ന്യായപ്രമാണം ഇതാണ്: ആ കൂടാരത്തിൽ കടക്കുന്നവനും കൂടാരത്തിൽ ഇരിക്കുന്നവനും ഏഴ് ദിവസം അശുദ്ധൻ ആയിരിക്കണം.

[15] മൂടിക്കെട്ടാതെ തുറന്നിരിക്കുന്ന പാത്രമെല്ലാം അശുദ്ധമാകും.

[16] വെളിയിൽവച്ച് വാളാൽ കൊല്ലപ്പെട്ടവനെയോ, മരിച്ചുപോയവനെയോ, മനുഷ്യന്റെ അസ്ഥിയോ, ഒരു ശവക്കുഴിയോ തൊടുന്നവൻ എല്ലാം ഏഴ് ദിവസം അശുദ്ധനായിരിക്കണം.

[17] അശുദ്ധനായിത്തീരുന്നവനുവേണ്ടി പാപയാഗം ചുട്ട ഭസ്മം എടുത്ത് ഒരു പാത്രത്തിൽ ഇട്ട് അതിൽ ഉറവ വെള്ളം ഒഴിക്കണം.

[18] പിന്നെ ശുദ്ധിയുള്ള ഒരുവൻ ഈസോപ്പ് എടുത്ത് വെള്ളത്തിൽ മുക്കി കൂടാരത്തെയും അതിലെ സകലപാത്രങ്ങളെയും അവിടെ ഉണ്ടായിരുന്ന ആളുകളെയും, അസ്ഥിയാലോ ഒരു ശവക്കുഴിയാലോ കൊല്ലപ്പെട്ടവനാലോ മരിച്ചുപോയവനാലോ അശുദ്ധനായവനെയും തളിക്കണം.

[19] ശുദ്ധിയുള്ളവൻ അശുദ്ധനായിത്തീർന്നവനെ മൂന്നാം ദിവസവും ഏഴാം ദിവസവും തളിക്കണം; ഏഴാം ദിവസം അവൻ സ്വയം ശുദ്ധീകരിച്ച് വസ്ത്രം അലക്കി വെള്ളത്തിൽ സ്വയം കഴുകണം; സന്ധ്യയ്ക്ക് അവൻ ശുദ്ധിയുള്ളവനാകും.

[20] എന്നാൽ ആരെങ്കിലും അശുദ്ധനായിത്തീർന്നിട്ട് സ്വയം ശുദ്ധീകരിക്കാഞ്ഞാൽ അവനെ സഭയിൽനിന്ന് ഛേദിച്ചുകളയണം; എന്തെന്നാൽ അവൻ യഹോവയുടെ വിശുദ്ധമന്ദിരം അശുദ്ധമാക്കി; ശുദ്ധീകരണജലംകൊണ്ട് അവനെ തളിക്കാതിരുന്നതിനാൽ അവൻ അശുദ്ധൻ.

[21] ഇത് അവർക്ക് എന്നേക്കുമുള്ള ചട്ടം ആയിരിക്കണം; ശുദ്ധീകരണജലം തളിക്കുന്നവൻ വസ്ത്രം അലക്കണം; ശുദ്ധീകരണജലം തൊടുന്നവനും സന്ധ്യവരെ അശുദ്ധൻ ആയിരിക്കണം.

[22] അശുദ്ധൻ തൊടുന്നത് എല്ലാം അശുദ്ധമാകും; അത് തൊടുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കണം.

സംഖ്യാപുസ്തകം — Chapters