Skip to content
Opens in a new window
Listen to this chapter • 8:46

[1] അതിനുശേഷം യേശു ഗലീല ദേശമാകെ സഞ്ചരിച്ചു. യെഹൂദ്യയിലെ യെഹൂദര്‍ അവനെ കൊല്ലാനുള്ള തക്കം നോക്കിയിരുന്നതിനാല്‍ ആ ദേശത്തുകൂടി സഞ്ചരിക്കുവാന്‍ അവനിഷ്ടപ്പെട്ടില്ല.

[2] യെഹൂദരുടെ കൂടാരത്തിരുന്നാള്‍ അടുത്തിരുന്നു.

[3] അതിനാല്‍ യേശുവിന്‍റെ സഹോദരന്മാര്‍ അവനോടു പറഞ്ഞു, “നീ ഇവിടം വിട്ട് യെഹൂദ്യയിലെ ഉത്സവത്തിനു പോകുക. അപ്പോള്‍ അവിടെ നിന്‍റെ ശിഷ്യന്മാര്‍ക്ക് നീ കാണിക്കുന്ന അത്ഭുത പ്രവൃത്തികള്‍ കാണാന്‍ കഴിയും.

[4] ആളുകള്‍ തന്നെ അറിയണമെന്ന് ഒരുവനാഗ്രഹമുണ്ടെങ്കില്‍ അവന്‍ തന്‍റെ പ്രവൃത്തികളെ മറച്ചുവെച്ചിട്ടു കാര്യമില്ല. നിന്നെ ലോകത്തിനു കാട്ടിക്കൊടുക്കുക. നിന്‍റെ പ്രവൃത്തികള്‍ അവരറിയട്ടെ.”

[5] യേശുവിന്‍റെ സഹോദരന്മാര്‍പോലും അവനില്‍ വിശ്വസിച്ചിരുന്നില്ല.

[6] യേശു തന്‍റെ സഹോദരന്മാരോടു പറഞ്ഞു, “എന്‍റെ ശരിയായ സമയം ഇനിയുമായിട്ടില്ല. എന്നാല്‍ നിങ്ങള്‍ക്കെപ്പോഴും ശരിയായ സമയമാണല്ലോ.

[7] ലോകത്തിനു നിങ്ങളെ വെറുക്കാനാവില്ല. പക്ഷേ ലോകം എന്നെ വെറുക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഞാന്‍ ലോകരോട് പറയുന്നു അവരുടെ പ്രവൃത്തികള്‍ ദുഷ്ടതയുള്ളതാണെന്ന്.

[8] അതിനാല്‍ നിങ്ങള്‍ പെരുന്നാളിനു പോകുക. എന്‍റെ ശരിയായ സമയം ആഗതമായിട്ടില്ലാത്തിനാല്‍ ഞാനിപ്പോള്‍ ഈ ഉത്സവത്തിനു പോകുന്നില്ല. എന്‍റെ ശരിയായ സമയം ഇനിയും എത്തിയിട്ടില്ല.”

[9] യേശു ഇതു പറഞ്ഞതിനു ശേഷം ഗലീലയില്‍ത്തന്നെ തങ്ങി.

[10] അതിനാല്‍ യേശുവിന്‍റെ സഹോദരന്മാര്‍ പെരുന്നാളില്‍ പങ്കെടുക്കാന്‍ പോയി. അവര്‍ പോയിക്കഴിഞ്ഞപ്പോള്‍ യേശു പരസ്യമായി അവിടെ പോയില്ല. പകരം അവന്‍ രഹസ്യമായി അവിടെപ്പോയി. പക്ഷേ ആളുകള്‍ തന്നെക്കാണാന്‍ യേശു അനുവദിച്ചില്ല.

[11] പെരുന്നാള്‍ സ്ഥലത്ത് യെഹൂദര്‍ യേശുവിനെ അന്വേഷിക്കുന്നുണ്ടായിരുന്നു. അവര്‍ ചോദിച്ചു, “എവിടെ അയാള്‍?”

[12] അവിടെ ഒരു വലിയ സംഘം ആളുകളുണ്ടായിരുന്നു. അവരില്‍ പലരും രഹസ്യമായി യേശുവിനെപ്പറ്റി പറയുന്നുണ്ടായിരുന്നു. ചിലര്‍ പറഞ്ഞു, “അയാളൊരു നല്ല മനുഷ്യനാണ്.” പക്ഷേ മറ്റുചിലര്‍ പറഞ്ഞു, “അല്ല, അവന്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.”

[13] പക്ഷേ ആര്‍ക്കും യേശുവിനെപ്പറ്റി പരസ്യമായി എന്തെങ്കിലും പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. അവര്‍ക്ക് യെഹൂദ നേതാക്കളെ ഭയമായിരുന്നു.

[14] ഉത്സവം ഏതാണ്ടു പകുതി കഴിഞ്ഞു. അപ്പോള്‍ യേശു ദൈവാലയത്തിലെത്തി ഉപദേശിക്കാന്‍ തുടങ്ങി.

[15] യെഹൂദര്‍ അത്ഭുതപ്പെട്ടു. അവര്‍ പറഞ്ഞു, “ഇയാളൊരിക്കലും വിദ്യാലയത്തില്‍ പോയി പഠിച്ചിട്ടില്ല. പിന്നെങ്ങനെ ഇയാളിത്രയും പഠിച്ചു?”

[16] യേശു മറുപടി പറഞ്ഞു, “ഞാന്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ എന്‍റെ സ്വന്തമല്ല. എന്‍റെ ഉപദേശങ്ങള്‍ എന്നെ അയച്ചവന്‍റെ വചനങ്ങളാണ്.

[17] ദൈവം ആഗ്രഹിക്കുന്നതുപോലെ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുന്നവന്‍ എന്‍റെ ഉപദേശം ദൈവത്തില്‍ നിന്നു വന്നതാണെന്നറിയും. ഈ ഉപദേശം എന്‍റെ സ്വന്തമല്ലെന്നും അയാളറിയും.

[18] സ്വന്തം ആശയങ്ങള്‍ പഠിപ്പിക്കുന്നവന്‍ സ്വയം ആദരവും പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നവനാണ്. എന്നാല്‍ അവനെ അയച്ചവനു ആദരവു നേടിക്കൊടുക്കാന്‍ ശ്രമിക്കുന്നവന്‍ വിശ്വാസയോഗ്യനാണ്. അവനില്‍ തെറ്റൊന്നുമില്ല.

[19] മോശെ നിങ്ങള്‍ക്കു ന്യായപ്രമാണം തന്നില്ലേ? പക്ഷേ നിങ്ങളിലാരും അതു പാലിക്കുന്നില്ല. നിങ്ങളെന്തിനാണ് എന്നെ വധിക്കാന്‍ ശ്രമിക്കുന്നത്?”

[20] ആളുകള്‍ മറുപടി പറഞ്ഞു, “നിന്‍റെ ഉള്ളില്‍ ഭൂതം കുടിയിരിക്കുന്നു. ഞങ്ങള്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുന്നില്ല.”

[21] യേശു അവരോടു പറഞ്ഞു, “ഞാനൊരത്ഭുതം പ്രവര്‍ത്തിച്ചു. അതുകൊണ്ട് നിങ്ങളെല്ലാവരും അത്ഭുതപ്പെട്ടു.

[22] മോശെയുടെ ന്യായപ്രമാണത്തില്‍ പരിച്ഛേദനയെപ്പറ്റി പറയുന്നുണ്ട്. (പക്ഷേ യഥാര്‍ത്ഥത്തില്‍ മോശെയല്ല അതിന്‍റെ ഉപജ്ഞാതാവ്. മോശെയ്ക്കും മുമ്പു ജീവിച്ചിരുന്ന നമ്മുടെ ആളുകളില്‍ നിന്നാണ് പരിച്ഛേദനം തന്നെ വന്നത്.) അതിനാല്‍ ചിലപ്പോഴൊക്കെ ശബ്ബത്തു ദിവസം കുട്ടികളുടെ പരിച്ഛേദനം നിങ്ങള്‍ നടത്തുന്നു.

[23] മോശെയുടെ ന്യായപ്രമാണം അനുസരിച്ചാണ് ശബ്ബത്തു ദിവസം പരിച്ഛേദനം നടത്തിയതെന്ന് ഇതു കാണിക്കുന്നു. പിന്നെന്തിനാണ് ശബ്ബത്തു ദിവസം ഒരാളുടെ മുഴുവന്‍ ശരീരത്തെയും സുഖപ്പെടുത്തിയതിന് നിങ്ങളെന്നോട് ദേഷ്യപ്പെടുന്നത്.

[24] ഒന്നും കാണുന്നതുപോലെ വിധിക്കരുത്. നീതിയോടെ ശരിയായതിനെ വിധിക്കുക.”

[25] അപ്പോള്‍ ചില യെരൂശലേംനിവാസികള്‍ പറഞ്ഞു, “ഇയാളെയാണ് അവര്‍ കൊല്ലാന്‍ ശ്രമിക്കുന്നത്.

[26] പക്ഷേ എല്ലാവര്‍ക്കും കാണുവാനും കേള്‍ക്കുവാനും കഴിയുന്ന സ്ഥലങ്ങളില്‍ വച്ചാണ് അവന്‍ ഉപദേശിക്കുന്നത്. ആരും അവനെ അതില്‍ നിന്നു തടയുന്നുമില്ല. അവന്‍ ക്രിസ്തുവാണെന്ന് നേതാക്കന്മാര്‍ യഥാര്‍ത്ഥമായി ഉറപ്പിച്ചിട്ടുണ്ടാവാം.

[27] പക്ഷേ ഇയാള്‍ എവിടെനിന്നാണ് വരുന്നതെന്ന് നമുക്കറിയാം. യഥാര്‍ത്ഥ ക്രിസ്തു വരുമ്പോള്‍ അവന്‍ എവിടെ നിന്നാണ് വന്നതെന്നു ആരും അറിയില്ല.”

[28] യേശു അപ്പോഴും ദൈവാലയത്തില്‍ ഉപദേശിക്കുകയായിരുന്നു. യേശു പറഞ്ഞു, “അതെ, ഞാനാരെന്നും എവിടെനിന്നു വരുന്നുവെന്നും നിങ്ങള്‍ക്കറിയാം. പക്ഷേ ഞാന്‍ എന്‍റെ സ്വന്തം അധികാരത്തിലല്ല വന്നിരിക്കുന്നത്. സത്യമായവന്‍ എന്നെ അയച്ചതാണ്. നിങ്ങള്‍ക്കവനെ അറികയില്ല.

[29] പക്ഷേ ഞാന്‍ അവനെ അറിയും ഞാന്‍ അവനില്‍ നിന്നുമാണ്. അവന്‍ എന്നെ അയച്ചു.”

[30] യേശു ഇതു പറഞ്ഞപ്പോള്‍ ആളുകള്‍ അവനെ പിടിക്കാന്‍ ശ്രമിച്ചു. പക്ഷേ ആര്‍ക്കും അവനെ തൊടാനായില്ല. കാരണം യേശു കൊല്ലപ്പെടാനുള്ള സമയമായിരുന്നില്ല.

[31] പക്ഷേ ആളുകളിലധികംപേരും അവനില്‍ വിശ്വസിച്ചു. ആളുകള്‍ പറഞ്ഞു, “ഞങ്ങള്‍ ക്രിസ്തുവിന്‍റെ വരവു കാത്തിരിക്കുകയാണ്. ക്രിസ്തു വരുമ്പോള്‍ അവന്‍ ഇയാള്‍ ചെയ്തതിനെക്കാള്‍ അധികം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമോ? ഇല്ല. അതുകൊണ്ട് ഇവന്‍ തന്നെയായിരിക്കണം ക്രിസ്തു.”

[32] യേശുവിനെപ്പറ്റി ജനങ്ങള്‍ ഇപ്രകാരം അടക്കം പറയുന്നത് പരീശന്മാര്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അതിനാല്‍ മഹാപുരോഹിതരും പരീശന്മാരും ദൈവാലയം സൂക്ഷിക്കുന്ന ഏതാനും നിയമപാലകരെ യേശുവിനെ പിടിക്കാന്‍ അയച്ചു.

[33] അപ്പോള്‍ യേശു പറഞ്ഞു, “ഞാനിനി നിങ്ങളോടൊത്തു കുറച്ചു സമയം കൂടിയേ ഉണ്ടായിരിക്കൂ. പിന്നീട് ഞാന്‍ എന്നെ അയച്ചവനിലേക്കു മടങ്ങും.

[34] നിങ്ങളെന്നെ തിരയുമെങ്കിലും കണ്ടെത്തില്ല. ഞാന്‍ ഉള്ള സ്ഥലത്ത് നിങ്ങള്‍ക്ക് എത്താനുമാവില്ല.”

[35] യെഹൂദന്മാര്‍ പരസ്പരം ചോദിച്ചു, “നമ്മള്‍ക്കു കണ്ടുപിടിക്കാനാവാത്ത എവിടേക്കാണിവന്‍ പോവുക. അവന്‍ യവനക്കാരുടെ ഇടയില്‍ ചിതറിക്കിടക്കുന്ന നമ്മുടെ ആളുകളുടെയടുത്തു പോകുമോ? അവനവിടെ യവനക്കാരെ ഉപദേശിക്കുമോ?

[36] നിങ്ങളെന്നെ തിരക്കിയാലും കണ്ടെത്തില്ല. എന്നും, ‘ഞാനുള്ള സ്ഥലത്തേക്കു നിങ്ങള്‍ക്കു വരാനുമാവില്ല’ എന്നും ഇയാള്‍ പറയുന്നു. എന്താണിതിന്‍റെയൊക്കെ അര്‍ത്ഥം?”

[37] പെരുനാളിന്‍റെ അവസാനദിനമെത്തി. അതായിരുന്നു ഏറ്റവും പ്രധാനദിനവും. അന്ന് യേശു നിന്നുകൊണ്ടു വളരെ ഉച്ചത്തില്‍ പറഞ്ഞു, “ദാഹിക്കുന്നവര്‍ക്ക് എന്‍റെയടുത്തു വന്നു കുടിക്കാം.

[38] എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍ നിന്ന് ജീവജലത്തിന്‍റെ നദിപ്രവാഹം ഉണ്ടാകും. തിരുവെഴുത്തില്‍ അതാണു പറയുന്നത്.”

[39] യേശു പരിശുദ്ധാത്മാവിനെപ്പറ്റിയായിരുന്നു പറഞ്ഞു വന്നത്. ആത്മാവ് ഇതുവരെ ജനങ്ങള്‍ക്ക് നല്‍കപ്പെട്ടിരുന്നില്ല. കാരണം യേശു ഇതുവരെ മരിക്കുകയോ മഹത്വത്തിലേക്കു ഉയിര്‍ത്തെഴുന്നേല്‍ക്കുകയോ ഉണ്ടായിട്ടില്ല. എന്നാല്‍ പിന്നീട് യേശുവില്‍ വിശ്വസിച്ചവര്‍ക്ക് ആത്മാവ് ലഭിക്കും.

[40] യേശുവിന്‍റെ ഈ വാക്കുകള്‍ ആളുകള്‍ കേട്ടു. അവരില്‍ ചിലര്‍ പറഞ്ഞു, “ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകനാണ്.”

[41] മറ്റുള്ളവര്‍ പറഞ്ഞു, “അവന്‍ ക്രിസ്തുവാണ്.” വേറെ ചിലര്‍ പറഞ്ഞു, “ക്രിസ്തു ഗലീലയില്‍ നിന്നും വരില്ല.

[42] ദാവീദിന്‍റെ കുടുംബത്തില്‍ നിന്നാവും ക്രിസ്തു വരികയെന്നു തിരുവെഴുത്ത് പറയുന്നുണ്ട്. ദാവീദു ജീവിച്ചിരുന്ന ബേത്ത്ലേഹെമില്‍നിന്നും വരുമെന്ന് തിരുവെഴുത്ത് പറയുന്നു.”

[43] അതിനാല്‍ യേശുവിന്‍റെ കാര്യത്തില്‍ ഒരേ അഭിപ്രായത്തിലെത്താന്‍ അവര്‍ക്കായില്ല.

[44] യേശുവിനെ പിടിക്കാന്‍ ചിലര്‍ ആവശ്യപ്പെട്ടു. പക്ഷേ ആരും അതിനു തുനിഞ്ഞില്ല.

[45] ദൈവാലയത്തിലെ നിയമ പാലകര്‍ മഹാ പുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുത്തു മടങ്ങിയെത്തി. പുരോഹിതന്മാരും പരീശന്മാരും ചോദിച്ചു, “എന്താ അവനെ കൊണ്ടുവരാത്തത്?”

[46] നിയമ പാലകര്‍ മറുപടി പറഞ്ഞു, “അവന്‍റെ വാക്കുകള്‍ ആരുടെ വാക്കുകളെക്കാളും മഹത്താണ്.”

[47] പരീശന്മാര്‍ മറുപടി പറഞ്ഞു, “യേശു നിങ്ങളെയും മണ്ടന്മാരാക്കിയിരിക്കുന്നു!

[48] നേതാക്കന്മാരില്‍ ആരെങ്കിലും യേശുവില്‍ വിശ്വസിച്ചോ? ഇല്ല. ഞങ്ങള്‍ പരീശന്മാരിലാരെങ്കിലും വിശ്വസിച്ചോ? ഇല്ല.

[49] ന്യായ പ്രമാണമറിയാതെ അവിടെ തടിച്ചുകൂടിയ ജനക്കൂട്ടം മാത്രമേ അവനില്‍ വിശ്വസിക്കുന്നുള്ളൂ. അവര്‍ ദൈവത്തിന്‍റെ ശാപത്തിലാണ്.”

[50] എന്നാല്‍ നിക്കൊദേമൊസ് അവരുടെയിടയില്‍ ഉണ്ടായിരുന്നു. അയാള്‍ മാത്രമാണ് മുമ്പ് യേശുവിനെ സന്ദര്‍ശിക്കാന്‍ പോയിട്ടുള്ളത്. നിക്കൊദേമൊസ് പറഞ്ഞു,

[51] “ഒരുവനെ വിചാരണ കൂടാതെ വിധിക്കാന്‍ നമ്മുടെ ന്യായപ്രമാണം അനുവദിക്കുന്നില്ല. അവനെന്തു ചെയ്തുവെന്നറിയാതെ നമുക്കവനെ വിധിക്കാനാവില്ല.”

[52] യെഹൂദ പ്രമാണിമാര്‍ മറുപടി പറഞ്ഞു, “നീയും ഗലീലയില്‍ നിന്നും വന്നവനാണോ? തിരുവെഴുത്തുകള്‍ പഠിക്കുക. ഗലീലയില്‍ നിന്നും ഒരു പ്രവാചകനും വരുന്നില്ലെന്നു നിനക്കു മനസ്സിലാക്കാം.”

[53] യെഹൂദ നേതാക്കളെല്ലാവരും വീടുകളിലേക്കു പോയി.

യോഹന്നാന്‍ — Chapters